ചിന്താജാലകം

മനസ്സാക്ഷി സ്വാതന്ത്ര്യം പ്രതിസന്ധിയില്‍

പോള്‍ തേലക്കാട്ട്‌

മനുഷ്യവര്‍ഗത്തെ മുഴുവന്‍ കൊന്നവന്റെ പാപവും ഒരു മനുഷ്യനെ കൊല്ലാന്‍ നിശ്ചയിച്ചവന്റെ പാപവും തമ്മില്‍ വലിയ അന്തരമില്ല എന്നു പ്രസിദ്ധ ജര്‍മ്മന്‍ ക്രൈസ്തവ മിസ്റ്റിക്കായ മയിസ്റ്റര്‍ എക്കാര്‍ട്ട് എഴുതിയിട്ടുണ്ട്. ഇവിടെ ഏറെ ശ്രദ്ധേയമായി മാറുന്നതു ക്രൈസ്തവ വിശ്വാസത്തിന്റെ തനിമയാണ്. ക്രിസ്തു പഠിപ്പിച്ച സുവിശേഷത്തിന്റെ ജീവിതം പഴയനിയമ ധാര്‍മ്മികതയല്ല എന്നതു വളരെ പ്രധാനമാണ്. പഴയനിയമ ധാര്‍മ്മികത മോസ്സസിന്റെ പത്തു കല്‍പനകളെ ആസ്പദമാക്കിയാണ്. അത് പ്രതിഭാസികമായ പുറംലോകത്തിന്റെ വ്യാപരത്തെക്കുറിച്ചാണ്. കര്‍മ്മങ്ങളാണ് വിലക്കുന്നത്. കര്‍മ്മങ്ങളില്‍ വേരുറച്ച വിശ്വാസമല്ല ക്രൈസ്തവികത. അതിന്റെ വേദി പുറംലോകമല്ല; മനുഷ്യന്റെ മനസ്സിന്റെ അകത്തെ മണ്ഡലമാണ്. അതു മനുഷ്യന്റെ മനസ്സിന്റെ ലോകമാണ്.

ക്രിസ്തുവിന്റെ ആത്മീയതയും ധാര്‍മ്മികതയും ആന്തരികമാണ്. ആന്തരികാഭിമുഖ്യങ്ങളുടെ നിശ്ചയങ്ങളിലാണ് ഒരുവന്‍ ധാര്‍മ്മികനാകുന്നത്, വിശ്വാസിയാകുന്നത്. ഇത് വ്യക്തിയുടെ ഉള്ളില്‍ നടക്കുന്ന ആന്തരിക സംഭാഷണത്തിലാണ്. ഞാന്‍ ലോകവുമായി വിഘടിക്കാം, ഞാന്‍ സകല മനുഷ്യരുമായി വിഘടിക്കാം. പക്ഷെ, ഞാന്‍ എന്നോട് വിഘടിച്ചു ജീവിക്കുമ്പോള്‍ ഞാന്‍ കാപട്യത്തിലാകുകയാണ്. യേശു ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ഫരിസേയരെയാണ്. അവരെയാണ് വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്നു വിളിച്ചത്. അകവും പുറവും രണ്ടാകുന്ന തട്ടിപ്പിന്റെ മനുഷ്യര്‍. മനസ്സ് പറയുന്നതല്ല ചെയ്യുന്നത്. ഇതാണ് ആത്മവഞ്ചന, അതാണ് കാപട്യം.

വിശുദ്ധ പൗലോസിനെ ചിലര്‍ ക്രിസ്തുമതത്തിന്റെ സ്ഥാപകനായി വിശേഷിപ്പിക്കാറുണ്ട്. അതിനു കാരണം യേശു പഠിപ്പിച്ച ഈ ആന്തരികത ഏറ്റവും നന്നായി വ്യാഖ്യാനിച്ച യഹൂദ പണ്ഡിതനായി പൗലോസ് മാറി എന്നതാണ്. പൗലോസ് റോമാക്കാര്‍ക്ക് എഴുതിയതു സ്വന്തം ആത്മവേദനയെക്കുറിച്ചാണ്. ചെയ്യാന്‍ ആഗ്രഹിക്കുന്നത് ചെയ്യാതിരിക്കുകയും ചെയ്യാന്‍ ആഗ്രഹിക്കാത്തത് ചെയ്യുകയും ചെയ്യുന്ന ''ദുര്‍ഭഗനായ മനുഷ്യന്‍'' (റോമാ 7:24). മനുഷ്യന്റെ പാപം ആത്മാര്‍ഥതയുടെ അഭാവമാണ്. അത് ആന്തരിക ജീവിതത്തില്‍ നിന്നു തെന്നിമാറുന്നതാണ്. എന്റെ ജീവിതം എന്റെ ആന്തരികതയോടുള്ള അനുസരണമാണ്.

പഴയനിയമം പറഞ്ഞത് ചെയ്യാനാണ്; പുതിയ നിയമം പറയുന്നത് നിശ്ചയിക്കാനാണ്. അകത്തെ കല്‍പനയാണ് അനുസരിക്കേണ്ടത്; അതാണ് മനസ്സാക്ഷിയുടെ സ്വരം. പ്രത്യക്ഷങ്ങളുടെ തലത്തിലല്ല മനുഷ്യന്റെ നന്മയും തിന്മയും നിശ്ചയിക്കുന്നത്. മറിച്ച് ആന്തരികതയുടെ നിശ്ചയങ്ങളും മനോഭാവങ്ങളുമാണ്. വ്യഭിചാരത്തിന് മറ്റൊരു വ്യക്തിയുമായി ഒന്നും ചെയ്യണമെന്നില്ല. കാമാതുരമായി നിശ്ചിതമാക്കുന്ന മനസ്സിലാണ് വ്യഭിചാരവും കൊലപാതകവും നടക്കുന്നത്. ഈ ആന്തരികമാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സഭാപിതാവാണ് വി. അഗസ്റ്റിന്‍. ''ഞാന്‍ എനിക്കൊരു ഭീകരചോദ്യമായി'' എന്നുപറയുമ്പോള്‍ എന്റെ അകമാണ് പ്രധാനമാകുന്നത്.

ഇതാണ് കാര്‍ഡനല്‍ പരോളിന്‍ എന്ന വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി എറണാകുളം-അങ്കമാലി അതിരൂപതയുടെ കൂരിയ എന്ന അധികാരസംഘത്തോട് ചോദിച്ചത്, ''നിങ്ങള്‍ സിനഡിന്റെ തീരുമാനത്തെ നിഷേധിക്കുന്നത് എന്തുകൊണ്ട്?'' അവര്‍ കൃത്യമായി ഉത്തരം പറഞ്ഞു, ''അതു മനഃസാക്ഷി പ്രശ്‌നമാണ്.'' കള്ളം പറഞ്ഞ് ഉണ്ടാക്കിയ പ്രശ്‌നം. അമ്പതു കൊല്ലത്തില്‍ അധികമായി ആചരിക്കുന്ന കാര്യം - മറിച്ചു ചെയ്യാന്‍ മനഃസാക്ഷി അനുവദിക്കുന്നില്ല.

കര്‍മ്മങ്ങളില്‍ വേരുറച്ച വിശ്വാസമല്ല ക്രൈസ്തവികത. അതിന്റെ വേദി പുറംലോകമല്ല; മനുഷ്യന്റെ മനസ്സിന്റെ അകത്തെ മണ്ഡലമാണ്. അതു മനുഷ്യന്റെ മനസ്സിന്റെ ലോകമാണ്.

ഇങ്ങനെയൊരു മനഃസാക്ഷി പ്രശ്‌നത്തില്‍ ബലം പ്രയോഗിക്കാന്‍ ധര്‍മ്മം അനുവദിക്കുന്നില്ല. സോഫോക്ലീസിന്റെ 'ആന്റിഗണി' നാടകം അവതരിപ്പിക്കുന്നത് ഇതേ പ്രശ്‌നമാണ്. തന്റെ മരിച്ച സഹോദരന്റെ ശവം കാട്ടിലേക്ക് വലിച്ചെറിഞ്ഞതില്‍ പ്രതിഷേധിച്ച് ആ ശവം താന്‍ അടക്കും എന്നു പറയുന്ന ആന്റിഗണി. അടക്കിയാല്‍ രാജദ്രോഹ കുറ്റത്തില്‍ കൊല്ലുമെന്നു പറയുന്ന രാജാവ്. രാജാവിന്റെ മുകളിലെ ദൈവനിയമം താന്‍ അനുസരിക്കുമെന്നു പറയുന്ന സഹോദരി ആന്റിഗണി. ഇവിടെ നിയമം ലംഘിക്കുന്നതു മറ്റൊരു ഉപരിനിയമത്തിന്റെ അനുസരണത്തിലാണ്.

ഇത്തരം പ്രതിസന്ധികള്‍ ഏതു രാജ്യത്തും ഉണ്ടാകാം. അമേരിക്കന്‍ ഐക്യനാടുകളില്‍ ഉണ്ടായ ഒരു പ്രശ്‌നം ഇവിടെ ശ്രദ്ധേയമാണ്. വിയെറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കന്‍ ജനങ്ങള്‍ തങ്ങളുടെ സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ നടത്തി. അമേരിക്കന്‍ സര്‍ക്കാര്‍ ജനങ്ങളെ നുണപറഞ്ഞു കബളിപ്പിച്ചു എന്നു തെളിഞ്ഞു. അമേരിക്കന്‍ സുപ്രീം കോടതി സര്‍ക്കാരിന്റെ യുദ്ധനയം അനുധാവനം ചെയ്യാന്‍ വിസമ്മതിച്ചു. അതിനു കോടതി പറഞ്ഞ കാരണം യുദ്ധത്തിനു പിന്നിലെ രാഷ്ട്രീയ തത്വമായിരുന്നു. അതു കോടതി സ്വീകരിച്ചില്ല. ഉന്നതമായ നിയമമനുസരിച്ച് താഴെയുള്ള നിയമം അനുസരിക്കാതിരിക്കാം. ഒരു രാഷ്ട്രത്തിന്റെ സുരക്ഷിതത്വവും മനുഷ്യവംശത്തിന്റെ സുരക്ഷിതത്വവും തമ്മില്‍ വിരുദ്ധമായാല്‍ മനുഷ്യവംശത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി രാജ്യസുരക്ഷിതത്വം ലംഘിക്കാം. ഒരു ദേശവും അതിലെ ജനങ്ങളുടെ അവകാശവും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ജനത്തിനാണ് പ്രാമുഖ്യം. ഈ തലമുറയുടെ അവകാശം വരുംതലമുറയുടെ അവകാശത്തിനുവേണ്ടി ബലികഴിക്കാം.

ഇങ്ങനെ ഒരു സംഘട്ടനമാണ് എറണാകുളം-അങ്കമാലി അതിരൂപതയും സീറോ മലബാര്‍ സിനഡും തമ്മിലുമുള്ളത്. ഇവിടെ ഒന്നോ രണ്ടോ ആളുകളല്ല മനഃസാക്ഷി പ്രശ്‌നം ഉന്നയിക്കുന്നത്. അഞ്ചു ലക്ഷം കത്തോലിക്കരും 400-ല്‍ അധികം വൈദികരുമാണ്. അത് ഒരു സമൂഹമനഃസാക്ഷി പ്രശ്‌നമാണ്. അവരുടെ മനഃസാക്ഷിയില്‍ അക്രമം നടത്താന്‍ സിനഡിന് അധികാരമുണ്ടോ എന്നതുതന്നെയാണ് പ്രശ്‌നം.

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task