ചിന്താജാലകം

നമ്മുടെ പ്രാര്‍ഥനകള്‍ക്ക് ഇടമില്ലാത്ത നാഗരികത

പോള്‍ തേലക്കാട്ട്‌

ഇന്ത്യയിലെ ഹിന്ദുത്വ പാര്‍ട്ടി 2023-ല്‍ ആരംഭിച്ച 'സ്‌നേഹയാത്ര' എന്ന പരിപാടി 2025 ല്‍ തുടരേണ്ടതില്ല എന്നു തീരുമാനിച്ചിരിക്കുന്നു. ക്രൈസ്തവരിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ പ്രയാസങ്ങള്‍ കേള്‍ക്കാനും തയ്യാറായി ആരംഭിച്ച പരിപാടിയാണ് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നത്. ഇവര്‍ കേരളത്തിലും ഗോവയിലും ഈ പരിപാടി തുടങ്ങിയെങ്കിലും അതൊന്നും ക്രൈസ്തവര്‍ പീഡിതരാകുന്ന വടക്കെ ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ഇടയില്‍ അവര്‍ നടത്തിയില്ല. മറിച്ച് അവരുടെ സംഘങ്ങളാണ് പൊലീസിന്റെ സാന്നിധ്യത്തില്‍പോലും ക്രൈസ്തവരെ പീഡിപ്പിക്കുന്നത്. ക്രമസമാധാന നിയമങ്ങളോ സംവിധാനങ്ങളോ ഒരു ക്രിസ്ത്യാനിയേയും ഉത്തരേന്ത്യയിലെ ഹിന്ദുത്വ ജനക്കൂട്ടങ്ങളില്‍ നിന്നു സംരക്ഷിക്കാനില്ല.

ഇതൊക്കെ ചെയ്യുന്നതു ഹിന്ദു അഖിലലോക കോണ്‍ഗ്രസ് പ്രഖ്യാപിച്ച C M എന്ന ''പകയുടെ സംഘങ്ങളെ'' വേട്ടയാടുന്ന അവരുടെ പ്രത്യയശാസ്ത്ര പരിപാടിയുടെ ഭാഗം തന്നെയായിട്ടാണ്. പിന്നെ അവര്‍ ''സ്‌നേഹയാത്ര'' തുടങ്ങിയത് എന്തിന്? കേരളത്തില്‍ അധികാരത്തില്‍ വരാന്‍ മുസ്‌ലീം ശത്രുക്കളെ തോല്‍പിക്കാന്‍ കേരളത്തിന്റെ രണ്ടാമത്തെ ന്യൂനപക്ഷമായ ക്രൈസ്തവരുടെയും വോട്ട് വേണ്ടി വരുന്നു. അതിന് അവര്‍ക്ക് ഉന്നതവര്‍ഗത്തിന്റെ അംഗീകാരം നല്‍കി പാര്‍ട്ടിക്കാരുടെ തന്ത്രത്തിന്റെ ഭാഗമാണ് ''സ്‌നേഹയാത്ര''. കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അരമനകളില്‍ മെത്രാന്മാരെ കാണാന്‍ പോകുന്നതിനെ ''ന്യൂനപക്ഷ പ്രീണനം'' എന്നു ശക്തമായി ആക്ഷേപിച്ച് വിമര്‍ശിച്ചവര്‍ തന്നെയാണ് ''സ്‌നേഹയാത്ര'' ആരംഭിച്ചതും.

തൃശൂര്‍ നിയോജകമണ്ഡലത്തില്‍ ക്രൈസ്തവരുടെയും വോട്ട് നേടിയാണ് അവിടെ ചരിത്രത്തില്‍ ആദ്യമായി ഒരു പാര്‍ലമെന്റ് അംഗം ഈ പാര്‍ട്ടിക്ക് ഉണ്ടായത്. അദ്ദേഹം ലൂര്‍ദ് മാതാവിന്റെ തൃശൂര്‍ നഗരത്തിലെ പള്ളിയില്‍ പോയി മാതാവിന്റെ തലയില്‍ കിരീടമണിയിച്ചു. അതു ന്യൂനപക്ഷ പ്രീണനമായിരുന്നോ? അല്ല. വെറും ഭക്തി! കഴിഞ്ഞ ദിവസങ്ങളില്‍ തൃശ്ശൂര്‍ക്കാരനായ ഫാ. ഡേവീസ് ജോര്‍ജിനെ മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു സംഘം ഹിന്ദുത്വവിഭാഗം ആള്‍ക്കൂട്ടം പൊലീസ് നോക്കിനില്‍ക്കെ കൈയേറ്റം ചെയ്തു. അദ്ദേഹം അവിടെ പള്ളിയില്‍ ഒരു കൂട്ടം ആദിവാസി ക്രൈസ്തവരുടെ ഇടയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. ഈ പ്രശ്‌നം സ്ഥലത്തെ പാര്‍ലമെന്റ് അംഗത്തോടു ചോദിച്ചപ്പോള്‍ മറുപടി ''ഞാന്‍ ആരാണ്, എന്നെ അറിയുമോ?'' എന്നായിരുന്നു മറുചോദ്യം.

മുനമ്പത്തെ ക്രൈസ്തവര്‍ക്ക് അവര്‍ താമസിക്കുന്ന ഭൂമി അവര്‍ക്കു കിട്ടാന്‍ വേണ്ടതു ചെയ്യണമെന്നല്ല മെത്രാന്മാര്‍ കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് എം പി മാരോട് ആവശ്യപ്പെട്ടത്. വഖഫ് ബില്ല് പാസ്സാക്കിക്കൊടുക്കണമെന്നായിരുന്നു. ബില്‍ പാസ്സായി മുനമ്പത്തെ 50 ക്രൈസ്തവര്‍ ബി ജെ പിയില്‍ ചേര്‍ന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. മുനമ്പത്തെ പ്രശ്‌നം പരിഹൃതമായിക്കഴിഞ്ഞു കാണും! ശരിയല്ലേ? ആരൊക്കെയോ കൈമലര്‍ത്തുന്നു. ആര് ആരെയാണ് വഞ്ചിക്കുന്നത്? ശത്രുക്കളുടെ പേരെടുത്തു പറഞ്ഞു നടത്തുന്ന പ്രത്യയശാസ്ത്രത്തിന്റെ ആധിപത്യയുദ്ധത്തില്‍ നയപരമായി ക്രൈസ്തവര്‍ എവിടെയാണ് ഇന്ത്യയില്‍? അവരുടെ വെറുപ്പിന്റെ പ്രചാരണത്തിന് ഈ സ്‌നേഹയാത്രയിലൂടെ മാറ്റം സംഭവിച്ചോ? ഉത്തര്‍പ്രദേശില്‍ സുപ്രീംകോടതി ക്രമസമാധാനം തകര്‍ന്നിരിക്കുന്നു എന്ന് ഒരു വിധിയില്‍ പറയുന്നത് എന്തുകൊണ്ട്? അവിടെ ആരുടെ വീടും ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കാം സംഘപരിവാര്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക്. ഒരു നിയമവും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കില്ല. ഭൂരിപക്ഷാധിപത്യത്തിന്റെ രാഷ്ട്രീയമാണ് നടമാടുന്നത്. ഇതു ജനാധിപത്യമാണോ? ജനാധിപത്യം ഭൂരിപക്ഷാധിപത്യമാണോ? അതു ഭൂരിപക്ഷത്തിന്റെ മതാധിപത്യമാണോ?

ഈ സാഹചര്യത്തിലാണ് രാഷ്ട്രീയം ഗൗരവമായ താത്വികചിന്തയ്ക്കു വിധേയമാക്കിയ അരിസ്‌ട്ടോട്ടലിന്റെ ഒരു പ്രയോഗം ശ്രദ്ധിക്കേണ്ടത്. 'പോളിസ്' എന്ന വാക്കിന് നഗരമെന്നാണ് ഗ്രീക്കുഭാഷയില്‍ അര്‍ഥം. നഗരവ്യവസ്ഥിതിയാണ് പൊളിറ്റിക്‌സ്. അരിസ്‌ട്ടോട്ടലിന്റെ പൊളിറ്റിക്‌സ് പുസ്തകത്തിലെ 7, 8 പുസ്തകങ്ങള്‍ വിശദീകരിക്കുന്ന ഒരു പ്രമേയമുണ്ട്. ''ഒരു നഗരം നമ്മുടെ പ്രാര്‍ഥന''യുടെ ഇടമാണ്. പ്രാര്‍ഥന എന്ന പ്രയോഗം പ്രത്യക്ഷത്തില്‍ ആത്മീയതയാണ്. എന്നാല്‍ നമ്മുടെ കോടതികളില്‍ സര്‍വസാധാരണമായി വക്കീലന്മാരോട് വിധിയാളന്‍ ചോദിക്കുന്ന ഒരു സാധാരണ ചോദ്യമുണ്ട്, ''നിങ്ങളുടെ പ്രാര്‍ഥന എന്താണ്?'' അതിനര്‍ഥം നിങ്ങള്‍ വ്യവഹാരത്തില്‍ ഉന്നയിക്കുന്ന ആവലാതി എന്താണ് എന്നാണ്. ആവലാതി അഭ്യര്‍ഥനയാണ്, അപേക്ഷയാണ്. നഗരം പലരുടെ ഇടമാണ്. പലര്‍ക്കു പല ശബ്ദമുണ്ട്, പല ആവലാതികളുണ്ട്. ഈ പല ആവലാതികളുടെ വേദിയില്‍ അവ കേള്‍ക്കപ്പെടുന്നതും പരിഹാരങ്ങള്‍ കണ്ടെത്തുന്നതും ഈ ആവലാതികള്‍ ചില മതക്കാര്‍ക്കും ജാതിക്കാര്‍ക്കും മാത്രം പറയാന്‍ അവകാശമുള്ളൂ എന്നു വന്നാല്‍ നഗരം എല്ലാവരുടെയുമാകില്ല. 'നമ്മള്‍' എന്നതു

ഒരു മതവും ഒരു ഗോത്രവുമാകും. പലമയുടെ ഭാഷണവേദിയാണ് അസംബ്ലി അഥവാ പാര്‍ലമെന്റ്. ഈ വേദി ഏതെങ്കിലും ജാതി മതത്തിന്റെ മാത്രമായി മാറ്റുന്നതാണ് മതാധിപത്യവും ജാതിയുടെ സമഗ്രാധിപത്യവും. ജര്‍മ്മനിയില്‍ ജനാധിപത്യം ആര്യ വര്‍ഗാധിപത്യമായി മാറി. അവര്‍ ശത്രുവിനെ പ്രഖ്യാപിച്ചു, യഹൂദര്‍ അവരെ കൊല്ലാനും പീഡിപ്പിക്കാനും തുടങ്ങി. ആവലാതി പറയാനോ കേള്‍ക്കാനോ മനസ്സില്ലാത്തവര്‍ ഭരിക്കുന്ന നാടിന്റെ ഭാഷ ആപല്‍ക്കരമാകുന്നതു തിരിച്ചറിയാന്‍ ജനങ്ങള്‍ക്കു കഴിയുന്നുണ്ടോ?

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17