"…സാഹിത്യത്തിനു നൊബേല്‍സമ്മാനം നേടിയ കൊളംബിയന്‍ സാഹിത്യകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മര്‍ക്കേസ് എഴുതിയ ഒരു കഥയുടെ പേരാണ് – "ഞാന്‍ എന്‍റെ സ്വപ്നങ്ങള്‍ വില്ക്കുന്നു." സാഹിത്യകാരന്‍ സ്വപ്നാടകനാണ്, രാവും പകലും സ്വപ്നം കാണുന്നവന്‍. മര്‍ക്കേസ് തന്‍റെ രണ്ടു ശവസംസ്കാരത്തില്‍ പങ്കെടുക്കുന്നതായി സ്വപ്നം കണ്ടു. "എന്‍റെ തന്നെ സത്വത്തിന്‍റെ ആത്മശോധനയുടെ ഉദാഹരണമായി ഞാന്‍ ഇതിനെ വ്യാഖ്യാനിച്ചു. യൂറോപ്പിലെ ലത്തീന്‍ അമേരിക്കക്കാര്‍ക്കു സംഭവിക്കുന്ന വളരെ വിചിത്രമായ കാര്യങ്ങള്‍ എഴുതാനുള്ള ഒരു നല്ല ആരംഭബിന്ദുവാക്കി ഈ സ്വപ്നത്തെ ഞാന്‍ കണ്ടു."
ജീവിതവഴി പലപ്പോഴും നയിക്കുന്നതു സ്വപ്നങ്ങളാണ്. ഉറക്കത്തിലോ ഉണര്‍വിലോ സങ്കല്പിച്ചുണ്ടാക്കിയ കാര്യങ്ങളും വാഗ്ദാനനാടുകളും എന്‍റെ പറുദീസകളും സ്വപ്നങ്ങളുമാണ്. നൊബേല്‍ സമ്മാനം സ്വീകരിച്ചപ്പോള്‍ നടത്തിയ പ്രസംഗം മര്‍ക്കേസ് അവസാനിപ്പിച്ചതിങ്ങനെയാണ്: "എങ്ങനെ മരിക്കണമെന്നു മറ്റുള്ളവര്‍ ആരും നിശ്ചയിക്കാത്തതും സ്നേഹം സത്യമാണെന്നു തെളിയിക്കുന്നതും സന്തോഷം സാദ്ധ്യമാണെന്നു വരുന്നതും നൂറു കൊല്ലത്തെ ഏകാന്തതയ്ക്കു വിധിക്കപ്പെട്ട വര്‍ഗങ്ങള്‍ക്ക് അവസാനമായി ഈ ഭൂമിയില്‍ ഒരു രണ്ടാം അവസരം കിട്ടുന്നതുമായ ഒരിടം" അദ്ദേഹം സ്വപ്നം കാണുന്നു.
അടിമത്തത്തില്‍നിന്നു രക്ഷപ്പെട്ട് "തേനും പാലുമൊഴുകുന്ന നാട്" സ്വപ്നം കണ്ടു യാത്ര ചെയ്തവരാണു യഹൂദര്‍. "വാളുകള്‍ കൊഴുക്കളായി അടിച്ചുരൂപപ്പെടുത്തുന്നത്" എശയ്യ പ്രവാചകന്‍ സ്വപ്നം കണ്ടു. വിശ്വാസജീവിതം സ്വപ്നം കരുപ്പിടിപ്പിക്കുന്ന രൂപങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കുന്നതാണ്. സങ്കല്പം എപ്പോഴും യാഥാര്‍ത്ഥ്യത്തിന്‍റെ മേല്‍ ആധിപത്യമുറപ്പിക്കുന്നു.
സങ്കല്പത്തിനു ശ്വാസം മുട്ടിയാല്‍ പ്രതീക്ഷകള്‍ തകരും. അച്ചടക്കം നടപ്പിലാക്കുന്നതു സങ്കല്പത്തിന്‍റെ വരത്തിലാണ്. സങ്കല്പം പുതുജീവിതത്തിന്‍റെ കണ്ടുപിടിത്തമാണ്. സങ്കല്പത്തിന്‍റെ സേവനം മനുഷ്യര്‍ക്കു നല്കിയവരാണു പ്രവാചകന്മാര്‍. ഭാവിയുടെ സാദ്ധ്യതകള്‍ക്ക് അവര്‍ മൂര്‍ത്ത രൂപങ്ങള്‍ നല്കി. ദൈവത്തിന്‍റെ മനുഷ്യരെക്കുറിച്ചുള്ള സ്വപ്നമാണു "ദൈവരാജ്യ"മായി യേശു പഠിപ്പിച്ചത്. മനുഷ്യജീവിതത്തിന്‍റെ സ്വാതന്ത്ര്യത്തിനു സങ്കല്പം അനിവാര്യമാണ്.