പ്ലേറ്റോയുടെ വളരെ പ്രസിദ്ധമായ ഉപമയാണ് റിപ്പബ്ലിക്ക് എന്ന പുസ്തകത്തിൽ പറയുന്ന ഗുഹാവാസികളുടെ കഥ. മനുഷ്യൻ ഗുഹയിൽ വസിക്കുകയും ഗുഹയ്ക്കു പുറത്തു കടക്കാതെ ഗുഹയിൽ കഴിഞ്ഞു കൂടുകയും ചെയ്യുമ്പോൾ ആ മനുഷ്യൻ തീയുടെ പിന്നിലെ മതിലിൽ പതിക്കുന്ന നിഴലുകളാണ് കാണുന്നത്. ആ നിഴലുകളുടെ പിന്നിലെ യഥാർത്ഥ്യം അവർ കാണുന്നില്ല. ഗുഹവിട്ട് പുറത്തുകടന്ന് സൂര്യവെളിച്ച ത്തിൽ യാഥാർത്ഥ്യങ്ങൾ കാണുന്നവരാണ് സത്യം കാണുന്നത്. ഗുഹയിൽ സംഭവി ക്കുന്നതു യാഥാർത്ഥ്യം തീർക്കുന്ന നിഴലുകൾ യാഥാർത്ഥ്യമായി കാണുകയാണ്. അതു മിഥ്യയെ യാഥാർത്ഥ്യമായി ധരിക്കുന്നതാണ്. സൂര്യനെക്കണ്ടു ഗുഹയിലേക്ക് തിരിച്ചുവരുന്നവരെ പീഡിപ്പിക്കുന്നവരാകും ഗുഹാവാസികൾ.
ഈ ഉപമയ്ക്കു പല വ്യാഖ്യാനങ്ങൾ കാലാകാലങ്ങളിൽ നല്കപ്പെട്ടിട്ടുണ്ട്. ആധുനിക കാലത്ത് ഈ കഥ വ്യാഖ്യാനിച്ച വ്യക്തിയാണ് ഫ്രഞ്ച് ചിന്തക സിമോൺ വൈൽ (1909-1943). അവർ പറയുന്നതു മനുഷ്യൻ ആദ്യം ചെന്നു പറ്റുന്നതു അഹംബോധ ത്തിന്റെ ഗുഹയിലാണ് എന്നാണ്. സ്വാർത്ഥൻ ഒരു ഗുഹാജീവിയാണ്. അയാൾ സ്വാർ ത്ഥതയുടെ ഇടുങ്ങിയ ലോകത്തിൽ ജീവിക്കുന്നു. സ്വന്തം അഹത്തിന്റെ താത്പര്യ പ്രകാരം എല്ലാം നോക്കിക്കണ്ട് ഉപയോഗിക്കുന്നു. കാഴ്ചപ്പാട് സ്വാർത്ഥത്തിന്റേയാണ്. കാഴ്ചപ്പാട് എന്നത് ഒരുവൻ കാണുന്ന വിധമാണ്. നാം എന്തു കാണുന്നു എന്നതു എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കാഴ്ചയിൽ കാഴ്ചക്കാരന്റെ താത്പര്യ മുണ്ട്. ഈ താത്പര്യം കാണുന്നതിനെ മാറ്റുന്നു. അല്ലെങ്കിൽ കാണുന്നവൻ നോക്കുക യാണ്. ആ നോട്ടത്തിന്റെ താത്പര്യം നോട്ടത്തിൽ ഉണ്ട്. അതു കാണുന്ന തിനു നിറം കൊടുക്കുന്നു. സ്വാർത്ഥ താത്പര്യനോട്ടമാണ്. നോട്ടത്തിന്റെ താത്പര്യം കാണുന്ന തിന് പുതിയ അർത്ഥം കൊടുക്കും. എന്റെ നോട്ടം എനിക്കുവേണ്ടിയുള്ള നോട്ടമാണ്. എനിക്കുവേണ്ടി എന്നതു കാഴ്ചയുടെ ഭാഗമാണ്. നോട്ടം കാമത്തിന്റെ നോട്ടമാണ്. ഈ കാഴ്ചക്കാരന്റെ നോട്ടം കാണുന്നതിനെ വക്രീകരിക്കുന്നു. കോപത്തിലും ക്രൗര്യ ത്തിലും നോക്കുന്നവൻ യാഥാർത്ഥ്യം അതായിരിക്കുന്ന വിധം കാണുന്നില്ല. കാഴ്ച ആധിപത്യത്തിന്റെയും സ്വന്തമാക്കലിന്റെയും നോട്ടമാണ്.
എന്നെ കണ്ടെത്തൽ എന്നിലെ നിന്നെ കണ്ടെത്തലാണ്. എന്നെ പ്രകാശിപ്പിക്കുന്നത്, എന്റെ പ്രകാശമല്ല. എനിക്കു ലഭിച്ച പ്രകാശമാണ്.
സ്വാർത്ഥത്തിന്റെ നോട്ടം മറ്റുള്ളവർ കാണും. സ്വാർത്ഥതയുടെ നോട്ടമായി തിരി ച്ചറിയും. മറ്റുള്ളവർ സ്വാർത്ഥനെ സ്വാർത്ഥനായി കാണും. അവൻ അവനിൽ ഒറ്റ പ്പെടാം. അതുകൊണ്ട് സ്വാർത്ഥൻ സാമൂഹികമായി വില കുറഞ്ഞവനാകാം. മറ്റുള്ള വരുടെ നിരാകരണം ഉണ്ടാകും. എന്നാൽ സ്വാർത്ഥത സംഘാതമായി മാറാം. ജാതി, ഗോത്രം, ദേശം എന്നിങ്ങനെ സംഘാത സ്വാർത്ഥത്തിന്റെ നോട്ടവും കാഴ്ചയും ഉണ്ടാ കും. ഭാരതത്തിൽ വളരെ സാധാരണമായ ജാതിവ്യത്യാസങ്ങൾ വിവിധതരം നോട്ട ങ്ങളുടെ കഥയാണ്, സംഘം ചേർന്ന കാഴ്ചപ്പാടുകൾ. ബ്രാഹ്മണൻ മറ്റുള്ളവരെ താഴ്ന്നവരായി കാണുന്നു. മറ്റുള്ളവരെ കൊച്ചാക്കുന്ന നോട്ടമാണ് അത്. ഇതാണ് ജാതിവ്യവസ്ഥയിൽ പ്രകടമാകുന്നത്.
ഇവിടെ സ്വാർത്ഥത ജാതീയമാകാം, ദേശീയമാകാം. ഒരു ദേശത്തുള്ളവർ ദേശ ക്കാരല്ലാത്തവരെ ഹീനരായി കാണുന്നു, പെരുമാറുന്നു. ഇവിടെയാണ് മൗലികവാദ ങ്ങൾ ആരംഭിക്കുന്നത്. സ്വന്തക്കാരല്ലാത്തവരെ പ്രത്യേക വിധത്തിൽ കാണുന്നവർ, അവരും സ്വാർത്ഥതയുടെ ഗുഹയിലാണ്. ഈ വിധമുള്ള സമുദായ ചിന്തയുടെ സങ്കു ചിതമായ നോട്ടചരിത്രങ്ങളുണ്ട്. ഇന്ത്യയിലെ ജാതിവ്യവസ്ഥപോലെ തന്നെ തങ്ങൾ ഉയർന്നവരാണ് എന്ന ചിന്ത വച്ചു പുലർത്തുന്ന സമൂഹങ്ങൾ ഉണ്ടാകാം. വെളുത്തവർ ഉയർന്നവരാണ് എന്ന വിധത്തിലുള്ള സ്വാർത്ഥചിന്ത. അതിൽതന്നെ തങ്ങൾ ആര്യന്മാരാണ് എന്നു ചിന്തിക്കുന്നവർ തങ്ങളിലേക്ക് തിരിയേണ്ടവരാണ് എന്ന ചിന്തി ച്ചതിന്റെ ഫലമാണ് ജർമ്മനിയിലെ നാസ്സിസം. വെളുത്തവർ കറുത്തവരേക്കാൾ തങ്ങൾ ഉയർന്നവരാണ് എന്നു കരുതിയവർ കറുത്തവരെ അടിമകളാക്കിയ വർണ്ണ വിവേചനമുണ്ടായി. ആണുങ്ങൾ പെണ്ണുങ്ങളേക്കാൾ ശ്രേഷ്ഠരാണ് എന്നു കരുതിയ കാലങ്ങളുണ്ടായിരുന്നു. പുരുഷന്മാർക്കേ ആത്മാവുള്ളൂ എന്നു ചിന്തിച്ച കാലങ്ങൾ ഉണ്ടായി. ആധിപത്യവും അധികാരവും സ്ഥാപിച്ച് സ്വയം വലിയവരും ശ്രേഷ്ഠരുമാകാൻ ശ്രമിച്ച കഥകളാണ് - എല്ലാവരും സ്വാർത്ഥതയുടെ വിവിധ ഗുഹാമനുഷ്യർ; വെളിച്ചം കാണാത്ത മനുഷ്യർ. അതുകൊണ്ട് നവോത്ഥാനകാലം എന്നത് മനുഷ്യൻ സ്വയം കണ്ടെത്തിയ കാലമാണ് എന്നവകാശപ്പെട്ടു. മനുഷ്യന്റെ വെളിച്ചം എവിടെയാണ്? പ്ലേറ്റോ അതു പുറത്തു സൂര്യനാണ് എന്നു പറഞ്ഞു. സൂര്യൻ ദൈവമായി, സൂര്യനെ ആരാധിച്ചു.
എന്നാൽ ഉല്പത്തിപ്പുസ്തകത്തിൽ സൂര്യനെയും ചന്ദ്രനെയും ദൈവം സൃഷ്ടിക്കുന്ന തിനു മുമ്പ് സൃഷ്ടിക്കുന്നതു വെളിച്ചമാണ്. ആ വെളിച്ചം എന്താണ്? വി. ബേസിൽ (370-379) ആ വെളിച്ചം ബോധത്തിന്റെ വെളിച്ചമാണ് എന്ന് എഴുതി. ബോധത്തിന്റെ ആ വെളിച്ചത്തിൽ ജീവിക്കുന്നവരെയാണ് പ്രബുദ്ധർ എന്നു വിളിക്കുന്നത്. അവനാണ് ബുദ്ധൻ. ബോധത്തിൽ ജീവിക്കുന്നവൻ - ആ ബോധം സ്വാർത്ഥമോഹത്തിന്റെയല്ല. സംഘാതസ്വാർത്ഥതയുടേയുമല്ല. ആ വെളിച്ചമാണ് പ്രധാനം.
പ്രപഞ്ചമെന്ന അദ്ഭുതമാണ് നമ്മുടെ മുമ്പിൽ വിലസിതമായിരിക്കുന്നത്. അതു കാണുന്നതു ഗുഹയിലെ നിഴൽപോലെയാണ്. അവിടെ നടക്കുന്നത് വിലാസ വിസ്മയ മാണ്. അതു നാടകം കാണുന്നതുപോലെയാണ്. നാട്യത്തിന്റെ ഉലകം, ഉലകമേ നാടകം. പക്ഷേ, നാടകം കാണുന്നവർ, നാടകം കാണിക്കുന്നവർ പിന്നണിയിൽ ഉണ്ട്, എന്നറിഞ്ഞില്ലെങ്കിൽ കളികണ്ട് കളിയാണ് കാര്യം എന്നു കരുതാം. വിസ്മയ നാടകം ഉണ്ടാക്കുന്ന സത്യം നാടകത്തിനു പുറത്താണ്. പി. കുഞ്ഞിരാമൻ നായർ എഴുതിയ കളിയച്ഛൻ എന്ന കവിതയിൽ കളി കാണുന്നവരും കളിക്കുന്നവരും തിരിച്ച റിയുന്നത് പിന്നിലെ കളിയുണ്ടാക്കുന്ന കളിയച്ഛനെയാണ്. കളി കളിയച്ഛന്റെ കളി യാണ്. കളിയച്ഛൻ കളിയിൽ കാണാമറയത്താണ്. ആ കളിയച്ഛനെ കണ്ട് കളി കാണു മ്പോഴാണ് കളിയുടെ സത്യം അറിയുന്നത്. അതാണ് സ്വയം അറിയുന്നതും. അതു ണ്ടാക്കുന്നതു സ്വാർത്ഥതയുടെ നോട്ടമല്ല. കാമരഹിതമായ നോട്ടം. പണ്ടു വി. ബെർ ണാർഡ് എഴുതിയതുപോലെ. “തന്നെ ത്തന്നെ പൂർണ്ണമായി നഷ്ടപ്പെടുത്തി... തന്നിൽ നിന്ന് ഉരുകിമാറി.” മയിസ്റ്റർ എക്കാർട്ട് എഴുതി “നീ നിന്നെത്തന്നെ ശൂന്യമാക്കുമ്പോൾ, നീ നിന്റെ ഗുരുവാകുന്നു. നീ നിന്റെ ഗുരുവാകുമ്പോൾ... ദൈവം നിന്നെ സ്വന്തമാക്കും.” വി. അഗസ്റ്റിൻ എഴുതി, “ദൈ വമേ, നീ എന്നിലായിരുന്നു. ഞാൻ നിന്നിലായിരുന്നില്ല.” എന്നിലെ പ്രകാശം ഞാൻ കണ്ടെത്തുന്നു. അതു ഞാൻ എന്നെ കണ്ടെത്തുന്നതാണ്. എന്നെ കണ്ടെത്തൽ എന്നിലെ നിന്നെ കണ്ടെത്തലാണ്. എന്നെ പ്രകാശിപ്പിക്കുന്നത്, എന്റെ പ്രകാശമല്ല. എനിക്കു ലഭിച്ച പ്രകാശമാണ്. അതു നിന്റെ വെളിച്ചമാണ്. എന്റെ രക്ഷകൻ എന്നിലാണ്. അതു ഞാൻ എന്ന അഹമല്ല. അത് എന്നിലെ നീയാണ്. ഞാൻ വിളക്കാണ്. നീ കൊളുത്തിയ വിളക്ക്. നിന്റെ പ്രകാശം. അതിൽ ലോകം കാണുമ്പോൾ നിന്റെ കേളിയാണ് ഞാൻ കാണുന്നത്. എന്റെ ഹൃദയത്തിലെ ഗുഹ യിൽ ഒളിഞ്ഞിരിക്കുന്ന കേളീനാഥനെ കണ്ടെത്തുന്നതാണ് ജീവിതം.