ബാലനോവല്‍

യുദ്ധവും വിശ്വാസവും [06]

രക്തസാക്ഷിയായ വി. ജോസ് സാഞ്ചെസിന്റെ കഥ

Sathyadeepam

ബാല നോവല്‍ 06 | നെവിന്‍ കളത്തിവീട്ടില്‍

കാടും മേടും എല്ലാം കടന്നാണ് യാത്ര, പ്രസിഡണ്ടിന്റെ ഫെഡറല്‍ ആര്‍മിയുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ അതേ ഉണ്ടായിരുന്നുള്ളൂ ഒരു മാര്‍ഗം. ഒടുവില്‍ അവര്‍ ലക്ഷ്യസ്ഥാനമായ കോര്‍ത്തിജയിലെത്തി, ഇനി ക്രിസ്റ്ററോസ് ആര്‍മിയുടെ ഒളിതാവളം കണ്ടെത്തണം. കാടുകളായ കാടുകളും കുന്നുകളായ കുന്നുകളും കയറിയിറങ്ങി അവര്‍ തളര്‍ന്നു.

ഒടുവില്‍ പ്രതീക്ഷിക്കാത്ത നേരം ദൈവിക ഇടപെടല്‍ എന്ന രീതിയില്‍ ജോസിന്റെയും ട്രിനോടായുടെയും മുമ്പിലേക്ക് രണ്ടു ആയുധധാരികളായ ക്രിസ്റ്ററോസ് ചാടിവീണു. പേടിപ്പെടുത്തുന്ന മുഖഭാവത്തോടെ അവര്‍ തിരക്കി, 'എന്തു കാര്യത്തിനാണ് നിങ്ങള്‍ ഈ കാട്ടിലൂടെ സഞ്ചരിക്കുന്നത്?' മറുപടിയും ഉടനെയായിരുന്നു 'ഞങ്ങള്‍ ക്രിസ്റ്ററോസ് ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിച്ചു വന്നതാണ്.' സൈനികരുടെ ചിരികണ്ട് ഗൗരവത്തില്‍ ജോസ് പറഞ്ഞു:

'ഞങ്ങള്‍ക്ക് ജനറലിനെ കാണണം, അദ്ദേഹം ഞങ്ങളെ എടുത്തില്ലെങ്കില്‍ അടുത്ത ക്രിസ്റ്ററോസ് ക്യാമ്പിലേക്ക് പോകാനുള്ളതാണ്.' ജോസിന്റെ മറുപടി കേട്ടതും സൈനികരില്‍ ഒരാള്‍ പറഞ്ഞു; 'എന്റെ പിന്നാലെ വാ...' പോകുന്ന വഴിയില്‍ സൈനികന്‍ തന്നെ പരിചയപ്പെടുത്തി, 'ഞാന്‍ പ്രൈവറ്റ് മിജാരേസ്.'

തുടര്‍ന്ന് ക്രിസ്റ്ററോസ് ആര്‍മിയില്‍ താന്‍ ഏറ്റുമുട്ടിയ യുദ്ധങ്ങളെക്കുറിച്ചും നഷ്ടമായ ജീവനുകളെക്കുറിച്ചും ദുരനുഭവങ്ങളെക്കുറിച്ചുമുള്ള ഭയാനകമായ കഥകള്‍ അയാള്‍ പങ്കുവച്ചു. എങ്കിലും പിന്മാറാനുള്ള ഉദ്ദേശം അവര്‍ക്കുണ്ടായിരുന്നില്ല. ഒടുവില്‍ വനത്തിലൂടെ ഒത്തിരി നടന്ന് അവര്‍ ജനറലിന്റെ അടുത്തെത്തി. ജോസിനെയും ട്രിനോടായെയും കണ്ട് മറ്റു സൈനികരും ചുറ്റും കൂടി, ഇവരെ കടത്തിക്കൊണ്ടു വന്നതിനു ചില സൈനികര്‍ മിജാരേസിനേയും ചേര്‍ത്ത് ശകാരിച്ചു.

ഒടുവില്‍ അവര്‍ എത്തിയത് ജനറല്‍ മെന്‍ഡോസയുടെയും ജനറല്‍ മോര്‍ഫിന്റെയും മുന്നിലായിരുന്നു. അവരെ കണ്ടതും ജോസ് കാര്യങ്ങള്‍ അവതരിപ്പിച്ചു. മെന്‍ഡോസ ഉടനെ ഇവരെ പറഞ്ഞുവിടാന്‍ ആഗ്രഹിച്ചെങ്കിലും ജനറല്‍ മോര്‍ഫിന്‍ തന്റെ ക്യാമ്പില്‍ ഇവരെ എടുക്കാമെന്ന് തീരുമാനിച്ചു. എന്നാല്‍ പോരാട്ടത്തിനിറങ്ങാനോ തോക്കു കൈകാര്യം ചെയ്യാനോ അനുവാദമില്ലെന്ന് ആദ്യമേതന്നെ അദ്ദേഹം അവരോടു വ്യക്തമായി പറഞ്ഞു.

അങ്ങനെ ക്രിസ്റ്ററോസ് ക്യാമ്പില്‍ അവരുടെ ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ ആരംഭിച്ചു. ആദ്യത്തെ ഉത്തരവാദിത്തം പടയാളികളുടെ ബൂട്ടുകള്‍ പോളിഷ് ചെയുക എന്നതായിരുന്നു. നാലു മണിക്കൂര്‍ തുടര്‍ച്ചയായി പോളിഷ് ചെയ്തപ്പോള്‍ അവര്‍ക്ക് അവരുടെ കൈകള്‍ തളര്‍ന്നു പോയതു പോലെ അനുഭവപ്പെട്ടു.

ഒന്നിനു പിറകെ ഓരോന്നായി പണികള്‍ വന്നുകൊണ്ടിരുന്നു. പാത്രങ്ങള്‍ കഴുകുക, തോക്കുകള്‍ എണ്ണയിട്ടു തുടക്കുക, പാചകപ്പുരയില്‍ സഹായിക്കുക, കുടിവെള്ളം എത്തിക്കുക, കുതിരകളെ പരിപാലിക്കുക, തീ കായാനുള്ള വിറകു കൊണ്ടുവരിക തുടങ്ങിയവയായിരുന്നു മറ്റു പ്രധാന ജോലികള്‍. എന്നാല്‍ എത്ര ബുദ്ധിമുട്ടേറിയ പണികളും സന്തോഷത്തോടെ ചെയ്യാന്‍ അവര്‍ എന്നും ശ്രമിച്ചു.

(തുടരും)

ഫെയ്ത്ത് ഹാർവെസ്റ്റ് 2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 52]

യുവജന ശക്തി: പാപ്പ ലിയോയുടെ മെസ്സേജ് പൊളിയാണ്!

സ്വാതന്ത്ര്യ ദിനത്തിൽ അമർ ജവാൻ 2025 നടത്തി കത്തോലിക്ക കോൺഗ്രസ്

കര്‍ഷക ദിനാചരണവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു