നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി
ചിത്രീകരണം: എന്‍ എസ് ബൈജു
[നോവല്‍ അവസാനിക്കുന്നു]
അത്താഴത്തിനുമുമ്പ് മേരിക്കുട്ടിയും പ്രീതിയും ജപമാല ചൊല്ലിക്കൊണ്ടി രുന്നപ്പോഴാണ് ടോര്‍ച്ചു മായി ഒരു പുരുഷനും സ്ത്രീയും മുറ്റത്തേക്കു കയറുന്നത് കണ്ടത്.
അതു മനോജും ഭാര്യ ഡെയ്‌സിയുമാണെന്നു കണ്ട് അവര്‍ പ്രാര്‍ത്ഥന നിറുത്തി പെട്ടെന്ന് എഴുന്നേറ്റു.
അവരെ കണ്ട് മേരിക്കുട്ടി ഭയാശങ്കകളോടെ നോക്കി. മനോജിന്റെയും ഡെയ്‌സിയുടെയും മുഖം സംഘര്‍ഷപൂര്‍ണ്ണമായിരുന്നു.
നല്ല വേഗതയില്‍ നടന്നു വന്നതുകൊണ്ട് അവര്‍ കിതയ്ക്കുന്നു ണ്ടായിരുന്നു. അവരുടെ കിതപ്പ് മേരിക്കുട്ടിയെ ഭയപ്പെടുത്തി.
''എന്താ സാര്‍ ഈ രാത്രിയില്.'' അവള്‍ എങ്ങനെയോ ചോദിച്ചു.
''പിള്ളേര്‍ക്ക്... ചെറിയൊരു ആക്‌സിഡന്റ് പറ്റി പേടിക്കാനൊന്നുമില്ല.''
''ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ നിങ്ങള്‍ പേടിച്ചെങ്കിലോ എന്ന് കരുതി ജോര്‍ജ് ചേട്ടന്‍ എന്നെ ഇങ്ങോട്ടു പറഞ്ഞയച്ചതാ.''
പ്രീതി മമ്മിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. മേരിക്കുട്ടി മകളെ ചേര്‍ത്തുപിടിച്ച് കരയാന്‍ പോലുമാകാതെ നിന്നു.
ഹോസ്പിറ്റലിലേക്കുള്ള യാത്രയില്‍ ആരും ഒന്നും സംസാരിച്ചില്ല. ഇടയ്ക്കിടെ പ്രീതിയുടെയും മേരിക്കുട്ടിയുടെയും തേങ്ങലുകള്‍ ഉയര്‍ന്നു വന്നു.
ഹോസ്പിറ്റലിലെ തീയേറ്റര്‍ കോംപ്ലക്‌സിനു മുന്നിലെ കസേരകളില്‍ പലരും ഇരിക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തില്‍ മേരിക്കുട്ടിയും പ്രീതിയും ഇരുന്നു.
''എങ്ങനെയാ സംഭവമെന്നു വല്ലതും അറിഞ്ഞോ?''
''ഇവിടെ ഇപ്പോ ഭയങ്കര ലഹരി കടത്തൊക്കെ അല്ലേ. ലഹരി കടത്തുകാരുടെ കാറിനെ പിന്തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്ലിന്റെ ഒരു ജീപ്പും ഒരു ജീപ്പ് പൊലീസു മുണ്ടായിരുന്നു.
ലഹരി കടത്തുകാരുടെ കാര്‍ ബൈക്കിലിടിച്ചു. അജയ് ഓടയിലേക്ക് വീണതുകൊണ്ട് അവന്റെ പരിക്ക് ഗുരുതരമല്ല. സൗമ്യ കെ എസ് ആര്‍ ടി സി യുടെ അടിയിലേക്കാ പോയി വീണത്. ഒരു കാല് ചതഞ്ഞരഞ്ഞു. ''ബാക് വീല്‍ കയറി.''
''എന്റെ കര്‍ത്താവേ.'' മനോജ് വിളിച്ചു പോയി.
ജോര്‍ജിന്റെയും കണ്ണുകള്‍ നിറഞ്ഞു.
''അവള്‍ക്കിനിയും ബോധം വീണിട്ടില്ല. അളിയന്റെ മകന്‍ ടോണിയാ ഇടയ്ക്കിടെ വിവരം തരുന്നത്.''
''ചേട്ടനെ ആരാ അറിയിച്ചത് വിവരം.'' മനോജ് ചോദിച്ചു.
അജയ്‌യുടെ മൊബൈല്‍ ഇടിയില്‍ തെറിച്ചു പോയിരുന്നു. അവന്റെ പ്രൊഫൈലില്‍ എന്റെ പടം ഉണ്ടായിരുന്നു. എസ് ഐ എന്നെ അറിയുന്ന ആളാ. അപ്പോള്‍ തന്നെ വിവരം അറിയിച്ചു. പൊലീസ് ജീപ്പ് പിന്നാലെ ഉണ്ടായിരുന്നത് ഗുണം കൂടി അപ്പോള്‍ ത്തന്നെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ പറ്റി.
''അജയ്ക്കു ബോധം വീണപ്പോള്‍ അവന്‍ ഭയങ്കര ബഹളമായി. സൗമ്യയെ കാണണമെന്നും പറഞ്ഞു. പിന്നെ അവനെ സ്ട്രച്ചറില്‍ തിയേറ്ററിലെ ചില്ലു ഗ്ലാസിലൂടെ അവള്‍ കിടക്കുന്നതു കാണിച്ചു കൊടുത്തു.''
സൗമ്യക്ക് അമ്പ്യുട്ടേഷന്‍ വേണ്ടി വന്നേക്കുമെന്നു ഡോക്ടര്‍ പറഞ്ഞു. അവരെന്തോ അര്‍ത്ഥ മാക്കിയത്.'' ജോര്‍ജുകുട്ടി മനോജിനോട് ചോദിച്ചു.
''കാലു മുറിക്കുന്നതിനു പറയുന്നതാ.'' മനോജിന്റെ ശബ്ദം കരച്ചിലിന്റെ വക്കോളമെത്തി.
ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിനടുത്തുള്ള റൂമിലേക്ക് മേരിക്കുട്ടിയെ ഡോക്ടര്‍ വിളിപ്പിച്ചു.
''മോളെ നാളെ കാണിക്കാം. ജീവന്‍ തിരിച്ചുകിട്ടിയത് ദൈവകൃപയാണെന്നു കരുതുക. അവള്‍ക്കുവേണ്ടി നന്നായി പ്രാര്‍ത്ഥിക്കുക.''
അജയ് കിടക്കുന്ന മുറിയിലേക്ക് മിനി പ്രീതിയെയും മേരിക്കുട്ടിയെയും കൂട്ടിക്കൊണ്ടുപോയി.
* * * * *
സൗമ്യ കണ്ണുകള്‍ തുറന്നു.
താന്‍ ഹോസ്പിറ്റല്‍ ഐ സി യുവിലാണെന്ന് അവള്‍ക്കു മനസ്സിലായി.
കഴിഞ്ഞ സംഭവങ്ങളിലേക്ക് അവള്‍ ഓര്‍മ്മകളെ തിരിച്ചുവിടാന്‍ ശ്രമിച്ചു.
തെറിച്ചു വീഴുന്നതു വരെ ഓര്‍മ്മയുണ്ട്. പിന്നെ ഒന്നും ഓര്‍മ്മയില്ല.
അവള്‍ വീണ്ടും കണ്ണുകളടച്ചു തുറന്നു.
ചുറ്റും നില്‍ക്കുന്ന ഡോക്‌ടേഴ്‌സിനെ അവള്‍ കണ്ടു. കാലിന്റെ മുട്ടിനു താഴെ ഭാരമില്ലായ്മ അവള്‍ അറിഞ്ഞു.
''സൗമ്യ നല്ല കുട്ടിയാ. നേഴ്‌സല്ലേ. നല്ല ധൈര്യവതിയാ. ഏതു പ്രതിസന്ധിയെയും ധൈര്യപൂര്‍വം നേരിടുന്നവളാ. ദൈവാനുഗ്രഹം കൊണ്ടാ സൗമ്യ ജീവിതത്തിലേക്കു തിരിച്ചു വന്നിരിക്കുന്നത്. ചില നഷ്ടങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ഉണ്ടായിട്ടുണ്ട്.''
പ്രായം കൂടിയ ഡോക്ടര്‍ അവളോട് പറഞ്ഞു.
''അമ്പ്യൂട്ടേഷന്‍ അല്ലാതെ നമ്മുടെ മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ലായിരുന്നു. കാലക്രമത്തില്‍ പ്രൊസ്‌തെറ്റിക് ആശ്വാസം നല്‍കും.''
ഡോക്ടറുടെ വാക്കുകള്‍ കേട്ട് അവള്‍ക്കു കണ്ണീര്‍ വന്നില്ല.
''അല്പം കൂടി മാറിയിരുന്നെങ്കില്‍ രണ്ടു കാലിനും സംഭവിച്ചേനെ. അതാണ് ദൈവാനുഗ്രഹം എന്നു പറയുന്നത്.'' ഡോക്ടര്‍ അവളെ ആശ്വസിപ്പിച്ചു.
* * * * *
മേരിക്കുട്ടി മുറിയിലേക്കു കയറി വന്ന പ്പോള്‍ സൗമ്യ അമ്മയെ നോക്കി പുഞ്ചിരിച്ചു.
മകളുടെ മുന്നില്‍ ദുഃഖത്തിന്റെ മലവെള്ളപ്പാച്ചില്‍ അവര്‍ തടഞ്ഞു നിര്‍ത്തി.
മകളുടെ നഷ്ടപ്പെട്ട ഇടതുകാലിലേക്ക് അവര്‍ ഒന്നേ നോക്കിയുള്ളൂ.
മകള്‍ക്കൊരു മുത്തം നല്‍കി അവര്‍ മുറിവിട്ടു പോന്നു. പിന്നെ അവര്‍ പൊട്ടിക്കരഞ്ഞു.
പ്രീതി മുറിയുടെ വാതില്‍ക്കല്‍ വരെ വന്നു. സങ്കടം സഹിക്ക വയ്യാതെ അവള്‍ പിന്തിരിഞ്ഞു.
നിറകണ്ണുകളോടെയാണ് അജയ് സൗമ്യയെ കാണാന്‍ വന്നത്. അവളുടെ കൈ എടുത്തവന്‍ ഒരു ചുംബനം നല്‍കി. അവളൊന്നു പുഞ്ചിരിച്ചു.
''കളറുമില്ല, സ്വപ്നങ്ങളുമില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റുമില്ല. വെറും നിഴലുകള്‍ മാത്രം. കഴിഞ്ഞതെല്ലാം വെറും സ്വപ്നങ്ങളായി കരുതുക. അടുത്ത സ്വപ്നവും കളറുമൊക്കെ തേടി യാത്ര തുടരുക. പ്രിയ സുഹൃത്തേ, ഇത് ഇവിടെ പര്യവസാനിക്കുന്നു. ഇനി എന്നെ കാണാന്‍ വരരുത്. എനിക്കത് ഇഷ്ടമല്ല.''
അവള്‍ ദൃഢശബ്ദത്തില്‍ പറഞ്ഞു.
''നമ്മള്‍ തമ്മില്‍ ചേരാന്‍ ദൈവം തിരുമനസ്സായിട്ടില്ല. അതുകൊണ്ടാ ഇങ്ങനെയൊക്കെ സംഭവിച്ചത്. നിങ്ങള്‍ക്കു നിങ്ങളുടെ വഴി. എനിക്കെന്റെ വഴി. നമുക്കില്ലൊരു വഴി.'' അവള്‍ പറഞ്ഞു.
''നീയെന്താ ഇങ്ങനെയൊക്കെ പറയണത്. ഞാന്‍ നിന്നെ ഒരിക്കലും വിട്ടുപോകില്ല. നിന്നില്‍ ജീവന്റെ ഒരംശം ബാക്കിയുണ്ടെങ്കില്‍.''
ഇത്രയും നേരം പിടിച്ചുനിന്ന അവള്‍ അവന്റെ സ്‌നേഹാധിക്യത്തില്‍ സങ്കടം സഹിക്കാതെ ബെഡ്ഷീറ്റു കൊണ്ട് മുഖംമൂടി തേങ്ങിക്കരഞ്ഞു.
''കുറച്ചുനാള്‍ കഴിയുമ്പോള്‍ നിന്റെ മാനസ്സിക നില ശരിയാകും. അന്നു നമുക്ക് ഇതേക്കുറിച്ചു സംസാരിക്കാം.''
''ഇനി ഒന്നും സംസാരിക്കാനില്ല. ഞാന്‍ തീരുമാനിച്ചതു തന്നെ.'' അവള്‍ മൂടിയ മുഖത്തോടെ പറഞ്ഞു.
അന്ന് മേരിക്കുട്ടി കാണാന്‍ ചെന്നപ്പോള്‍ സൗമ്യ പറഞ്ഞു, ''അജയ്‌നോട് എന്നെ കാണാന്‍ വരരുതെന്ന് അമ്മ പറയണം. എനിക്കത് ഇഷ്ടമല്ല.''
''ഞാന്‍ പറയാം.'' കണ്ണീരോടെ മേരിക്കുട്ടി പറഞ്ഞു. അമ്മ മുറിവിട്ടു പോയപ്പോള്‍ സൗമ്യ തേങ്ങിത്തേങ്ങി കരഞ്ഞു.
മേരിക്കുട്ടി അജയ്‌ന്റെ അടുത്തു ചെന്നു.
''മോനെ അവള്‍ പറയുന്നതു കാര്യമല്ലേ. അവള്‍ക്കിനിയൊരു കുടുംബജീവിതം പറ്റുമോ? ജോലി ചെയ്യാന്‍ പറ്റുമോ? എന്റെ മോള്‍ എന്റെ കൂടെ കഴിഞ്ഞോട്ടെ. മോന്‍ വേറൊരു കല്യാണത്തെക്കുറിച്ച് ആലോചിക്ക്.'' മേരിക്കുട്ടി പറഞ്ഞതും കരഞ്ഞുപോയി.
''ഞാന്‍ അമ്മയോടു പറഞ്ഞിരിക്കുന്നത് എന്റെ മരണംവരെ ഞാന്‍ അമ്മയുടെ മകനായിരിക്കുമെന്നാ. പറഞ്ഞതിനൊരു മാറ്റവുമില്ല. ഞാന്‍ സൗമ്യയുടെ ശരീരത്തെയല്ല സ്‌നേഹിച്ചത്, അവളുടെ മനസ്സ്, അവളുടെ ഹൃദയം അതിന് വൈകല്യം സംഭവിച്ചിട്ടില്ല. ഞാനിപ്പം പോകാം. നമുക്കു പിന്നെ കാണാം.'' അവന്‍ പറഞ്ഞു.
ജോര്‍ജുകുട്ടിയും ഭാര്യയും മനോജും ഭാര്യയും മഠത്തിലെ സിസ്റ്റേഴ്‌സും വികാരിയച്ചനുമെല്ലാം അവളെ സന്ദര്‍ശിച്ചു. അമ്മച്ചിയെ അപകട വിവരം അറിയിച്ചില്ല.
* * * * *
മൂന്നുമാസങ്ങള്‍ക്കുശേഷം അജയ്‌ന്റെ വിവാഹ ദിനം.
ദേവാലയങ്കണവും ആഡിറ്റോറിയവുമെല്ലാം കമനീയമായി അലങ്കരിച്ചിട്ടുണ്ട്.
അജയ്‌ന്റെ പ്രവര്‍ത്തനമണ്ഡലമായ യുവദീപ്തിയില്‍ നിന്നും ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവജനങ്ങള്‍ മുഴുവന്‍ അവന്റെ വിവാഹം ഗംഭീരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എളിയ രീതിയിലുള്ള വിവാഹ ചടങ്ങുകള്‍ക്കായിരുന്നു അജയ്‌നു താല്‍പര്യം. പക്ഷേ കൂട്ടുകാരുണ്ടോ സമ്മതിക്കുന്നു.
ദേവാലയത്തിന്റെ പാര്‍ക്കിംഗ് ഏരിയ നിറഞ്ഞു കവിഞ്ഞ് ആളുകള്‍ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടം തേടി പോയി.
ദേവാലയമുറ്റം ആളുകളെക്കൊണ്ടു നിറഞ്ഞു. പുരോഹിതനും ഉന്നത വ്യക്തികളും അവന്റെ അടുത്തെത്തി ഹസ്തദാനം നല്‍കി ആശംസകളറിയിച്ചു. അവന്‍ പുഞ്ചിരിയോടെ എല്ലാവരോടും കുശലം ചോദിച്ചു.
അജയ്‌ന്റെ സാമൂഹ്യരംഗത്തുള്ള പ്രതിബദ്ധതയും ഭക്തസംഘടനകളിലെ ഭാരവാഹിത്വവും അവനെ ഏവരുടെയും പ്രിയങ്കരനാക്കിയിരുന്നു.
അജയ്‌ന്റെ വിവാഹം ആശീര്‍വദിക്കാന്‍ ബിഷപ്പെത്തി. ജോര്‍ജ് കുട്ടിയും മനോജും അജയ്‌യും പിതാവിനു സ്തുതി ചൊല്ലി കൈമുത്തി. പിതാവു മൂവരോടും സന്തോഷം പ്രകടിപ്പിച്ചു.
ഫോട്ടോക്കാരും വീഡിയോക്കാരും ഓടിപ്പാഞ്ഞു നടന്നു. ചടങ്ങുകള്‍ ആരംഭിക്കാറായപ്പോള്‍ വധുവിന്റെ അലങ്കരിച്ച കാര്‍ ദേവാലയത്തിന്റെ മുഖ്യ കവാടത്തിന്റെ മുന്നിലെത്തി.
ഫോട്ടോക്കാരെയും വീഡിയോക്കാരെയും വകഞ്ഞു മാറ്റി അജയ് കാറിനടുത്തെത്തി.
കാറിന്റെ ഫ്രണ്ട് ഡോര്‍ തുറന്ന് അജയ് വധുവിനെ വാരിക്കൂട്ടിയെടുത്തു നെഞ്ചോടു ചേര്‍ത്ത് ദേവാലയത്തിന്റെ മുഖ്യ കവാടം കടന്നു.
എന്താണു സംഭവിക്കുന്നതെന്ന് പെട്ടെന്ന് സൗമ്യയ്ക്ക് മനസ്സിലായില്ല. മനസ്സിലായപ്പോള്‍ സന്തോഷം കൊണ്ട് അവളുടെ കണ്ണുനിറഞ്ഞു.
അവള്‍ ചുറ്റും നോക്കിയപ്പോള്‍ എല്ലാ മുഖങ്ങളിലും ചിരി കണ്ടു.
അവള്‍ ഇരുകൈകള്‍ കൊണ്ടും ഒന്നു കൂടി അവന്റെ കഴുത്തില്‍ വട്ടമിട്ടു പിടിച്ചു.
അള്‍ത്താരയുടെ അടുത്തേക്ക് നടക്കുന്നതിനിടയില്‍ അവന്‍ അവളെ നോക്കി ചിരിച്ചു.
അവളും അവനെ നോക്കി ചിരിച്ചു.
വെഡിംഗ് ഗൗണില്‍ സൗമ്യ ഒരു മാലാഖയെ പ്പോലെ ശോഭിച്ചു. അവള്‍ക്ക് ഒരു കാലേ ഉള്ളൂ എന്ന് ആര്‍ക്കും മനസ്സിലാകില്ലായിരുന്നു അജയ്‌ന്റെ നെഞ്ചോടു ചേര്‍ന്നുള്ള അവളുടെ യാത്രയില്‍.
അജയ്‌ന്റെ പിന്നാലെ എത്താന്‍ മേരിക്കുട്ടിയും പ്രീതിയും ബദ്ധപ്പെട്ടു. അവരുടെ മുഖങ്ങളിലും നിറഞ്ഞ ചിരിയായിരുന്നു.
അള്‍ത്താരയുടെ മുന്നില്‍ ഇട്ടിരുന്ന കസേരകളിലൊന്നില്‍ അവന്‍ സൗമ്യയെ ഇരുത്തി. അതു വധുവിനുള്ള കസേരയായിരുന്നു. വരന്റെ കസേരയില്‍ അവനും ഇരുന്നു.
(ശുഭം)