കഥാവശേഷരുടെ ചരിത്രനിയോഗങ്ങള്‍

കഥാവശേഷരുടെ ചരിത്രനിയോഗങ്ങള്‍
Published on

1927-ല്‍ ആരംഭിച്ച സത്യദീപം അതിന്റെ ശതാബ്ദിക്കൊരുങ്ങുമ്പോൾ അതില്‍ ആലേഖിതമായ അതതുകാലത്തിന്റെ കഥകള്‍ ഇനി ഇലക്ട്രോണിക് വെള്ളിത്തിരയില്‍ വായിക്കത്തക്കവിധം ചരിത്രരേഖകളാക്കുന്നതില്‍ അതീവ സന്തോഷമുണ്ട്. മണ്‍മറഞ്ഞ എഡിറ്റര്‍മാരും എഴുത്തുകാരും അവരുടെ കാലം കടഞ്ഞ പ്രതിധ്വനികളും പ്രതികരണങ്ങളും വീണ്ടും വായിക്കപ്പെടും, ഭാവിയുടെ സൃഷ്ടിയില്‍. കാലം എല്ലാം കൊണ്ടുവരുന്നു, എല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു. കാലത്തില്‍ വിളിച്ചുണര്‍ത്തപ്പെടുന്നവന്‍ ചരിത്രം സൃഷ്ടിക്കാന്‍ നിയോഗിതരാവുകയാണ്. ശ്വാസം വലിക്കുന്നതുപോലെ എല്ലാം വിലയിരുത്തുന്നതില്‍ നിന്നും തന്റെ മൂല്യങ്ങള്‍ക്കുവേണ്ടി പടവെട്ടുന്നതില്‍ നിന്നും ആരേയും തടയാനാവില്ല. ചരിത്രത്തില്‍ വെറുതെ ഒഴുകി ജീവിതം പാഴാക്കാതെ ബോധപൂര്‍വം ജീവിക്കുന്നവര്‍ നിലപാടുകള്‍ എടുക്കുന്നു. ആ നിലപാടുകളാണ് ചരിത്രം സൃഷ്ടിക്കുന്നത്. ഓര്‍മ്മിച്ചും, സങ്കല്പിച്ചും, ചിന്തിച്ചും മനുഷ്യന്‍ ഇടപെടുമ്പോഴാണ് ചരിത്രം കഥയാകുന്നത്. കാരണം ഞാന്‍ എന്റെ കാലത്തില്‍ നിന്നുകൊണ്ട് എടുക്കുന്ന നിശ്ചയമാണ് കാലത്തിനു അര്‍ഥമുണ്ടാക്കുന്നത്.

അതുകൊണ്ട് ഓരോ ജന്മവും പുതുമയുടെ പിറവിയാണ്. മനുഷ്യനു മാത്രമേ ചരിത്രത്തെ ഉയര്‍ത്താനും താഴ്ത്താനും കഴിയൂ. കൊലയുടെ യുദ്ധചരിത്രത്തില്‍ ഹോമറിന്റെ ഇലിയഡിൽ പ്രിയാം തന്റെ മകന്റെ ഘാതകന്റെ കൈ ചുംബിച്ച് മനുഷ്യത്വത്തിന്റെ പുതുമയുടെ ചരിത്രം സൃഷ്ടിച്ചു. കൂട്ടക്കൊലയുടെ കഥ കോപമില്ലാതെ എഴുതുന്നവന്‍ അതംഗീകരിക്കുന്നതും വാഗ്ദാനമില്ലാത്തതുമായ കാലം സൃഷ്ടിക്കുന്നു. ചരിത്രത്തെ അപ്രതീക്ഷിതമായ ഉയരത്തിലേക്കും ദുരന്തനരകത്തിലേക്കും നയിക്കാന്‍ മനുഷ്യനു കഴിയും. മനുഷ്യന്‍ കഥകള്‍ ഉണ്ടാക്കുന്നു. ഈ കഥകളില്‍ നാം ജീവിക്കുന്നു. ഈ കഥകള്‍ നാം വായിക്കുന്നു, വ്യാഖ്യാനിക്കുന്നു, പൊളിച്ചെഴുതുന്നു. മനുഷ്യന്‍ സ്വയം മനസ്സിലാക്കുകയാണ്. ഇതു ദാനമായി വരുന്നു. എന്നെ ചിന്തിപ്പിക്കുന്നു, വ്യാഖ്യാനിപ്പിക്കുന്നു, എഴുതുന്നു. ആര്‍ക്കുവേണ്ടി? വിശ്വസിക്കുന്നവന്‍ ഒരു വിളി ശ്രദ്ധിക്കുകയാണ്. വിളി ശ്രദ്ധിക്കുന്നവന്‍ ഒരു സന്ദേശം വ്യാഖ്യാനിക്കുകയാണ്. എന്റെ വിളി എനിക്കതീതമായി നിലകൊള്ളും.

കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾ ആർട്ടിസ്റ്റ് വാസുവിനെ കുറിച്ച് ഒരു ലേഖനം എഴുതി കൊടുക്കണം എന്നാവശ്യപ്പെട്ടു. ഇന്നു നമ്മൾ കാണുന്ന നിരവധി വിശുദ്ധരുടെ ചിത്രങ്ങൾ വരച്ച കലാകാരനാണ് അദ്ദേഹം. പക്ഷേ, വാസുവിനെക്കുറിച്ച് എഴുതാൻ തുടങ്ങുമ്പോഴാണ് മനസ്സിലായത്, അദ്ദേഹത്തെക്കുറിച്ച് ഒരു ചിത്രവുമില്ല, രേഖയുമില്ല, എഴുത്തുമില്ല. ഇത് കേരള ക്രൈസ്തവസഭയുടെയും കേരള ജനതയുടെയും ഇന്ത്യൻ ജനതയുടെയും ശാപമാണ്. കാര്യങ്ങൾ എല്ലാം ചെയ്യും, പക്ഷേ ഒരു രേഖയും അവശേഷിപ്പിക്കില്ല. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഒരു പ്രത്യേകതയായി തോന്നിയിട്ടുണ്ട്. ഓർമ്മയില്ലാത്ത ജനങ്ങൾക്ക് ഭാവി ഉണ്ടാകില്ല. പഴയ കാലത്ത് ജീവിച്ച മനുഷ്യരെയും അന്നത്തെ ചിന്താഗതികളെയും നിലപാടുകളെയും മനസ്സിലാക്കാതെ ഒരു സമൂഹത്തിന് മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുണ്ടാകും. അത് ഈ കാലഘട്ടത്തിൽ സഭയുടെയും വലിയ പ്രതിസന്ധിയാണ്.

പ്രവാചകന്മാർ ഉണ്ടാകുന്നത് നാളെയെക്കുറിച്ച് കഥപറയുന്നവർ ഉണ്ടാകുമ്പോഴാണ്. നാളെയെക്കുറിച്ച് ആശങ്കകളും സ്വപ്നങ്ങളും ഉണ്ടാക്കാൻ കഴിയണമെങ്കിൽ ഈ ചിന്തയുടെ ഭക്തി ഗൗരവമായി എടുക്കണം. ഗ്രന്ഥപ്പുരയുടെ പരിശ്രമം അതിനു സഹായിക്കും. ഗ്രന്ഥപ്പുരയിൽ പഴയ ലക്കങ്ങൾ വായിക്കാനും പഴമയെക്കുറിച്ച് ചിന്തിക്കാനും പഴമയിൽ നിന്ന് പുതുമ സംഘടിപ്പിച്ചു ണ്ടാക്കാനും കഴിയട്ടെ.

രേഖകളും ചരിത്രത്തിന്റെ ലിഖിതരൂപങ്ങളും ഒന്നുമില്ലാത്തതുകൊണ്ട് വെറും സങ്കൽപത്തിന്റെ കെട്ടുകഥകൾ പറയാൻ മാത്രമേ നിങ്ങൾക്ക് കഴിയുള്ളൂ. കേരളത്തിലെ സുറിയാനി പള്ളികളിലേക്ക് പോവുക. ആ പള്ളി എന്നു സ്ഥാപിച്ചു എന്നു ചോദിച്ചാൽ നിരവധി കഥകൾ പറയാനുണ്ടാകും. പക്ഷേ ഒന്നിനും രേഖകളുണ്ടാകില്ല. ഈ രീതി തിരുത്തപ്പെടേണ്ടതാണ്.

സംഭവങ്ങളും നിലപാടുകളും എല്ലാം അക്ഷരങ്ങളായി മാറ്റുന്ന കർമ്മമാണ് സാക്ഷരത. ആ സാക്ഷരത നമുക്കുണ്ടാകണം. ചരിത്രത്തെക്കുറിച്ചുള്ള ഗൗരവമായ ബോധം വേണം. യാതൊരു ചരിത്രബോധവും ഇല്ലാത്ത ഒരു ജനതയായി നമ്മൾ ജീവിക്കരുത്.

ഇവിടെയാണ് ഗ്രന്ഥപ്പുരയുടെ സ്ഥാപകനായ ഷിജു അലക്സും കൂട്ടുകാരും കൂടി നടത്തുന്ന ഈ ശ്രമം വളരെ ശ്രദ്ധേയമാകുന്നത്. നൂറു വർഷമാകുന്നു സത്യദീപം തുടങ്ങിയിട്ട്. ഞാൻ ഇവിടെ എഡിറ്ററായിരുന്ന കാലത്ത് പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോൾ ഒരു പ്രതിസന്ധി ഉണ്ടായി. വാരികയുടെ ആദ്യ കോപ്പികൾ ഒന്നും ഈ ഓഫീസിൽ ഉണ്ടായിരുന്നില്ല. 1927-ൽ ആദ്യമായി അച്ചടിച്ച സത്യദീപത്തിന്റെ കോപ്പികൾ ഓഫീസിൽ സൂക്ഷിച്ചു വച്ചിട്ടില്ല. പിന്നീട്, നിരവധി അന്വേഷണങ്ങൾക്കൊടുവിൽ കാഞ്ഞിരപ്പള്ളിയിലെ ഒരു വീട്ടിൽ നിന്നാണ് പ്രഥമ ലക്കങ്ങൾ ലഭിച്ചത്.

ഇതെല്ലാം കാത്തു സൂക്ഷിക്കുക എന്നതു വിലപ്പെട്ട കാര്യമാണ്. ചാരത്തിൽ ഉറങ്ങി കിടക്കുന്ന അഗ്നി ഊതി കത്തിക്കാൻ കഴിയണമെങ്കിൽ അഗ്നി ഇവിടെ ഉണ്ടാകണം. പാരമ്പര്യം എന്ന് പറയുന്നത് നമ്മുടെ പുറകിലുള്ള തഴമ്പൊന്നുമല്ല. നമ്മുടെ പുറകിലുള്ള തീയാണ്. ആ തീ കണ്ടെത്തുന്നില്ലെങ്കിൽ, ആ തീ കണ്ടെത്താനുള്ള അന്വേഷണം നടത്താൻ കഴിയുന്നില്ലെങ്കിൽ, നമുക്ക് നാളെ തീ പിടിപ്പിക്കാൻ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കാൻ ‘ഗ്രന്ഥപ്പുര’ ശ്രമിക്കുന്നു എന്നതിൽ വലിയ സന്തോഷമുണ്ട്.

ഇന്നലെയുടെ കഥ പറയുന്നവനാണ് ചരിത്രകാരൻ; നാളെയുടെ കഥ പറയുന്നവനാണ് പ്രവാചകൻ. നാളെ ജീവിക്കണമെങ്കിൽ ഇന്നലെ വായിക്കാനും ചരിത്രത്തിൽ നിന്ന് നാളെ സങ്കൽപ്പിക്കാനും കഴിയണം. ഈ സങ്കൽപത്തിലൂടെ മാത്രമേ നാളെ ഉണ്ടാവുകയുള്ളൂ. സഭയും സമൂഹവും നിലനിൽക്കണമെങ്കിൽ ചിന്തയുടെ ഭക്തി ധാരാളം ഉണ്ടാകണം. ചിന്തയുടെ ഭക്തി വിമർശനമാണ്. അതിനു സത്യദീപം പോലെ ചിന്തയുടെ, അഭിപ്രായത്തിന്റെ, വിമർശനത്തിന്റെ, വിലയിരുത്തലിന്റെ പാഠങ്ങൾ നൽകുന്ന പ്രസിദ്ധീകരണങ്ങൾ ഉണ്ടാകണം. എങ്കിൽ മാത്രമേ നമുക്കൊരു ഭാവി ഉണ്ടാവുകയുള്ളൂ. പ്രവാചകന്മാർ ഉണ്ടാകുന്നത് നാളെയെക്കുറിച്ച് കഥപറയുന്നവർ ഉണ്ടാകുമ്പോഴാണ്. നാളെയെക്കുറിച്ച് ആശങ്കകളും സ്വപ്നങ്ങളും ഉണ്ടാക്കാൻ കഴിയണമെങ്കിൽ ഈ ചിന്തയുടെ ഭക്തി ഗൗരവമായി എടുക്കണം. ഗ്രന്ഥപ്പുരയുടെ പരിശ്രമം അതിനു സഹായിക്കും. ഗ്രന്ഥപ്പുരയിൽ പഴയ ലക്കങ്ങൾ വായിക്കാനും പഴമയെക്കുറിച്ച് ചിന്തിക്കാനും പഴമയിൽ നിന്ന് പുതുമ സംഘടിപ്പിച്ചുണ്ടാക്കാനും കഴിയട്ടെ.

  • (സത്യദീപം വാരികയുടെ ഡിജിറ്റൈസേഷന്റെയും ഗ്രന്ഥപ്പുര എറണാകുളം സെന്ററിന്റെയും ഉദ്ഘാടനചടങ്ങിൽ നടത്തിയ പ്രഭാഷണം)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org