

വിജയത്തിനുവേണ്ടി കുറുക്കുവഴികൾ തേടുന്നത് പാപമാണെന്ന് കരുതുന്നുണ്ടോ?
സഭയുടെ കാഴ്ചപ്പാടിൽ ‘വിജയം’ എന്നാൽ എന്താണെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്?
വിജയവും കുറുക്കുവഴികളും
വിജയത്തിനുവേണ്ടി തെറ്റായ കുറുക്കുവഴികൾ തിരഞ്ഞെടുക്കുന്നത് ഉചിതമായ മാർഗമല്ല.
കുറുക്കുവഴികളിലൂടെ നേടുന്ന വിജയം പുറമെ സന്തോഷം നൽകുമെങ്കിലും, മനസ്സിനുള്ളിൽ അത് വലിയ കുറ്റബോധം ഉണ്ടാക്കുന്നു. കാരണം അത് സ്വന്തം കഴിവുകൊണ്ട് നേടിയതല്ല എന്ന ബോധ്യം നമുക്കുണ്ടാകും.
ഉദാഹരണത്തിന്, പരീക്ഷകളിൽ കോപ്പിയടിച്ച് മാർക്ക് നേടുന്നത് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുന്നിൽ അഭിമാനം നൽകുമെങ്കിലും, സ്വന്തം കഴിവിനെക്കുറിച്ചുള്ള സംശയവും കുറ്റബോധവും നമ്മിൽ അവശേഷിപ്പിക്കുന്നു.
നല്ല കുറുക്കുവഴികൾ
എല്ലാ കുറുക്കുവഴികളും തെറ്റാണെന്ന് പറയാനാവില്ല. മറ്റുള്ളവർക്ക് ദോഷകരമാകാത്തതും എന്നാൽ സ്വന്തം ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നതുമായ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ തെറ്റില്ല.
സ്വർഗത്തിലേക്ക് എത്താനായി ജപമാല ചൊല്ലുക, സുകൃതജപങ്ങൾ ചൊല്ലുക തുടങ്ങിയ ലളിതമായ കുറുക്കുവഴികൾ വിശുദ്ധർ സ്വീകരിച്ചിട്ടുണ്ട്.
ഉദാ: വി. കൊച്ചുത്രേസ്യാ
ഒരാളെയും ദോഷകരമായി ബാധിക്കാത്ത രീതിയിലുള്ള കുറുക്കുവഴികൾ വിജയത്തിനായി ഉപയോഗിക്കാം.
വിജയത്തെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാട്
സഭയുടെ കാഴ്ചപ്പാടിൽ വിജയം എന്നത് ലൗകികമായ സമ്പത്തോ പ്രശസ്തിയോ ഒന്നുമല്ല. മറിച്ച്, സത്യസന്ധത, നീതിബോധം, മറ്റുള്ളവരെ സ്നേഹിക്കാനുള്ള കഴിവ് എന്നിവയുള്ള ഒരു മനുഷ്യനായി ജീവിക്കുക എന്നതാണ് വിജയം കൊണ്ട് സഭ അർത്ഥമാക്കുന്നത്.
കുറുക്കുവഴികളിലൂടെ നേടിയെടുക്കുന്ന സമ്പത്തും പ്രശസ്തിയും മനസ്സിന് സമാധാനമോ യഥാർഥ സന്തോഷമോ നൽകില്ല.
സ്വന്തം അധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും നേടിയെടുക്കുന്ന വിജയം എപ്പോഴും സന്തോഷവും സമാധാനവും നൽകുന്നു.
ചുരുക്കത്തിൽ, വിശ്വാസത്തിലും സത്യസന്ധതയിലും ഉറച്ചുനിന്ന് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയുന്ന നല്ലൊരു മനുഷ്യനായി മാറുക എന്നതാണ് യഥാർഥ വിജയം എന്ന് സഭ നമ്മെ പഠിപ്പിക്കുന്നു.
തയ്യാറാക്കിയത് : ഫാ. ജെൻസ് പാലച്ചുവട്ടിൽ