
എഫേസൂസില്‍ (ടര്‍ക്കി) 449-ല്‍ നടന്ന റോബര്‍ സിനഡില്‍ സംബന്ധിക്കാനായി തിരഞ്ഞെടുത്ത പേപ്പല്‍ പ്രതിനിധികളില്‍ ഒരാളായിരുന്നു വി. ഹിലാരിയൂസ്. കോണ്‍സ്റ്റാന്റിനോപ്പിളിലെ വി. ഫ്‌ളാവിയനെതിരായുള്ള കുറ്റാരോപണങ്ങളെ എതിര്‍ക്കുക എന്ന ദൗത്യവുമായിട്ടായിരുന്നു വി. ഹിലാരിയൂസ് പോയത്. പോപ്പിന്റെ അധികാരത്തിന് അംഗീകാരം നേടിയെടുക്കുകയും വേണമായിരുന്നു. പക്ഷേ, അലക്‌സാണ്ഡ്രിയായുടെ പേട്രിയാര്‍ക്ക് ഡയോസ്‌കേറസ് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി സിനഡിന്റെ നിയന്ത്രണം കൈക്കലാക്കി. അതോടെ, ഹിലാരിയൂസിന് ഓടി രക്ഷപ്പെടുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ.
മഹാനായ വി. ലെയോ 461 നവംബര്‍ 19 ന് മരണമടഞ്ഞു. അതോടെ വി. ഹിലാരിയൂസ് പോപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഫ്രാന്‍സിലും സ്‌പെയിനിലും സഭയുടെ ഭരണവും അച്ചടക്കവും ശക്തിപ്പെടുത്തുന്നതില്‍ പോപ്പ് ഹിലാരിയൂസ് വിജയം കണ്ടു. കൂടാതെ, പോപ്പ് ചില നിബന്ധനകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതായത്, മെത്രാപ്പോലീത്തായുടെ അനുമതി വാങ്ങാതെ ഒരു ബിഷപ്പും സ്വന്തം രൂപതയില്‍ നിന്നും പുറത്തുപോകാന്‍ പാടില്ല; ഒരു ബിഷപ്പും പിന്‍ഗാമിയെ സ്വയം നിയമിക്കാന്‍ പാടില്ല; ഒരു രൂപതയില്‍നിന്ന് ഒരു ബിഷപ്പിനെ മറ്റൊരു രൂപതയിലേക്ക് അനുമതി വാങ്ങാതെ മാറ്റാനും പാടില്ല.
465 ലെ റോമന്‍ സിനഡിന്റെ തീരുമാനങ്ങളാണ് ഇന്നും പ്രാബല്യ ത്തിലുള്ളത്.
വി. ഹിലാരിയൂസിന്റെ ജനനത്തെ സംബന്ധിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. 468 ഫെബ്രുവരി 29 നാണ് പോപ്പ് ഹിലാരിയൂസ് ചരമമടഞ്ഞതെന്നു കരുതപ്പെടുന്നു.