Novel

ന്യായാധിപന്‍ – 13

Sathyadeepam

ജോര്‍ജ് പുളിങ്കാട്

ലോഡ്ജിലെ തന്‍റെ മുറിയില്‍ രാവിലെ എട്ടു മണിക്കും ശരത് നല്ല ഉറക്കത്തിലായിരുന്നു. തലേന്ന് വളരെ വൈകിയാണു കിടന്നത്. പ്രളയാനന്തര കേരളത്തെപ്പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. മൂന്നാമതു തവണ ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ അവന്‍ ആലസ്യത്തോടെ കൈ നീട്ടി അതെടുത്തു.

"ഹലോ"-എതിര്‍വശത്തു നിന്നും ഒരു പെണ്ണിന്‍റെ ശബ്ദം!

"ആരാ… അഖിലയാണോ?"

"അല്ല, എന്‍റെ ശബ്ദം കേട്ടിട്ടു നിനക്ക് ഒട്ടും പിടികിട്ടുന്നില്ലേ?"

"ഇല്ല; ആരാണെന്നു പറയ്?"

"ഞാന്‍ ലാവണ്യയാ; ഹാപ്പി ബര്‍ത്ത് ഡേ ശരത്."

"ഹോ! നീയായിരുന്നോ? താങ്ക്സ്."

"എഴുന്നേറ്റില്ലേ ഇതുവരെ?"

"ഇല്ല."

"നേരം എട്ടു മണി കഴിഞ്ഞു."

"അതിനെനിക്കെന്താ? എട്ടോ പത്തോ പതിനൊന്നോ പന്ത്രണ്ടോ ആകട്ടെ; എന്നോടാരും ചോദിക്കാനില്ല."

"ഏതോ പത്രത്തില്‍ കയറിയെന്ന് കേട്ടു, പോകണ്ടേ?"

"പോകും. കുറച്ചു താമസിച്ചെന്നു കരുതി പിരിച്ചുവിടത്തൊന്നുമില്ല. നിന്‍റെ കെട്ടിയവനില്ലേ അവിടെ?"

"ഉണ്ടല്ലോ. എന്‍റെ തൊട്ടടുത്തു ചെയറിലിരുന്ന് ചായ കുടിക്കുകയും പത്രം വായിക്കുകയും ചെയ്യുന്നു."

"മക്കള്?"

"അതു നിന്‍റെ കൂട്ടാ; ഇതുവരെ എഴുന്നേറ്റിട്ടില്ല."

"ബെര്‍ത്ത് ഡേയ്ക്കെങ്കിലും ഒന്നു വിളിച്ചതില്‍ സന്തോഷം."

"ആരാ ഈ അഖില?"

"അതീവസുന്ദരിയായ ഒരു പെണ്‍കുട്ടി."

"ഇപ്പം കൂട്ടവളോടാണോ?"

"ഒരു പെണ്ണിനോടും എനിക്കു കൂട്ടില്ല. അഖില ഓഫീസിലുള്ള ഒരു സബ് എഡിറ്ററാ. ഞങ്ങള്‍ ഒന്നിച്ചു ചില വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്."

"ഈയിടെ ഒരു റിട്ടേയര്‍ഡ് ജസ്റ്റിസിന്‍റെ ചിതയ്ക്കു മകന്‍റെ സ്ഥാനത്തുനിന്നു നീ, തീ കൊളുത്തിയെന്നു കേട്ടല്ലോ?"

"അതെങ്ങനെയറിഞ്ഞു? അതീവരഹസ്യമായിട്ടു ചെയ്തതാണല്ലോ. മീഡിയാസിലൊന്നും വന്നുമില്ല; പിന്നെ?"

"ഒക്കെ ഞാനറിഞ്ഞു."

"ഇനിയെന്തിനാ എന്‍റെ കാര്യങ്ങളൊക്കെ നീയന്വേഷിക്കുന്നേ?"

"നീയൊരു പാവമായതുകൊണ്ട്, നല്ലവനായതുകൊണ്ട്."

"കെട്ടിയവന്‍റെയടുത്തുവച്ചാണോടി ഇതൊക്കെ പറയുന്നേ? നുണയാ നീ പറഞ്ഞത്. അങ്ങേര് ചായ കുടിക്കുന്നുമില്ല, പത്രം വായിക്കുന്നുമില്ല, നിന്‍റടുത്തുമില്ല."

"അതെ. നിനക്കായിരുന്നു സ്നേഹമുള്ളത്. മനുഷ്യത്വമുള്ളത്. ഞാന്‍ അക്കരപ്പച്ച തേടിപ്പോയി. ഒരു ഫ്രോഡിന്‍റെ ഭാര്യയായി. നിന്നെ വിട്ടുപോരണ്ടായിരുന്നു."

"പിരിഞ്ഞു മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടു മക്കളുമായപ്പോള്‍ നീയെനിക്കു സര്‍ട്ടിഫിക്കറ്റ് തരുന്നു! പിരിഞ്ഞപ്പോള്‍ എന്തെല്ലാം കുറ്റങ്ങളായിരുന്നെനിക്ക്. ഓരോന്നും നീയെണ്ണിയണ്ണി പറഞ്ഞപ്പോള്‍ ഞാന്‍ നിശ്ശബ്ദനായി കേട്ടു. എന്നെപ്പോലെ നികൃഷ്ടനായ ഭര്‍ത്താവ് ഈ ലോകത്തില്‍ മറ്റാരുമില്ലെന്നു വിചാരിച്ചു. മറ്റെരാള്‍ക്കൊപ്പമെങ്കിലും നിനക്കൊരു സന്തോഷകരമായ ജീവിതം കിട്ടട്ടേയെന്ന് ആഗ്രഹിച്ചു… ലാവണ്യാ."

"ങും."

"പ്രതീക്ഷിക്കുന്നതുപോലെ, സങ്കല്പിക്കുന്നതുപോലെ ഒരു ഭര്‍ത്താവിനെ ആര്‍ക്കും കിട്ടില്ല; ഭാര്യയെയും കിട്ടില്ല. ഭൂമിയില്‍ ഒരു മനുഷ്യനും പൂര്‍ണനല്ല. അതുകൊണ്ടാ. ഇപ്പഴും നീ എന്നോടൊപ്പമായിരുന്നെങ്കില്‍ എന്‍റെ കുറ്റങ്ങളും കുറവുകളും വര്‍ദ്ധിക്കകയേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ വയ്ക്കുകയാ. കുറച്ചുകൂടെ ഉറങ്ങണം" – ശരത് ഫോണ്‍ കട്ടാക്കി.

പെണ്ണിന്‍റെ മനസ്സ് ഒരിക്കലും പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാത്ത ഒരു 'പ്രതിഭാസ'മാണെന്നു ശരത്തി നു തോന്നി. കുറേക്കൂടി ഉറങ്ങണമെന്നു കരുതി കിടന്നെങ്കിലും ഉറക്കം വന്നില്ല. അവന്‍ എഴുന്നേറ്റ് ഓഫീസില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.

അന്ന് ഉച്ചയ്ക്കുള്ള ലഞ്ച് ബ്രേക്ക് ടൈമിലാണ് ശരത്തിന് അഖിലയോടു സംസാരിക്കാന്‍ കഴിഞ്ഞത്. അവള്‍ അവന്‍റെയടുത്തെത്തുകയായിരുന്നു.

"ശരത് ഇന്നലെയെന്താ കണ്ടമാനം കുടിച്ചോ? മുഖം വിങ്ങിവീര്‍ത്തിരിക്കുന്നേ?"

"തുള്ളി കുടിച്ചില്ല, അഖിലാ അതു കംപ്ലീറ്റ് നിര്‍ത്തി. ഇന്നലെ ഒരു മണി വരെയിരുന്നെഴുത്തായിരുന്നു. പ്രളയാനന്തരകേരളം നേരിടുന്ന വെല്ലുവിളികള്‍ തീര്‍ത്തു."

"കുടി നിര്‍ത്തിയെങ്കില്‍ സന്തോഷം. ലേഖനം സണ്‍ഡേയ്ക്കു വേണ്ടിയായിരിക്കുമല്ലോ?"

"അതെ. അടുത്ത ഞായറാഴ്ച അടിച്ചുവരും."

"കഴിഞ്ഞ വര്‍ഷം കൊടുംപ്രളയം. ഇപ്പോള്‍ വരള്‍ച്ച. എന്തേ, ഈ പ്രകൃതിയിങ്ങനെ?" – അഖില ചോദിച്ചു.

"ചെയ്ഞ്ച്! മനുഷ്യന്‍ എപ്പോഴും ചെയ്ഞ്ചിഷ്ടപ്പെടുകയല്ലേ? മനുഷ്യനെപ്പോലെ ഒരു ചെയ്ഞ്ചൊക്കെ പ്രകൃതിക്കും ഇഷ്ടപ്പെട്ടുകൂടേ?"

"വ്യത്യാസങ്ങളും മാറ്റങ്ങളും ഉണ്ടായേ പറ്റൂ. ഇന്നലെത്തെ കാര്യങ്ങള്‍ ഇന്നും ആവര്‍ത്തിച്ചാല്‍ നമ്മള്‍ പത്രക്കാരെന്തു ചെയ്യും? വാര്‍ത്ത വേണ്ടേ?"

"ശരത്തേ, തത്കാലം ഫിലോസഫി വിടാം. എനിക്കു ഗൗരവമായിട്ടു ചിലതു സംസാരിക്കാനുണ്ട്. എപ്പോള്‍… എവിടെവച്ചാ വേണ്ടത്?"

"വൈകുന്നേരം 'താജ്' റെസ്റ്റോറന്‍റില്‍ വച്ചാകാം."

"മതി. ഡസ്കിലെ വര്‍ക്ക് തീര്‍ത്ത് കൃത്യം അഞ്ചിനിറങ്ങാം. എനിക്ക് ഒരു പതിനഞ്ചു മിനിറ്റു പറയാനേയുള്ളൂ. എന്നും ഇരുട്ടി വീട്ടില്‍ ചെല്ലുന്നതു ശരിയല്ലല്ലോ!"

"ശരത്, എനിക്ക് ആക്രമണത്തെയും മരണത്തെയും ഒട്ടും ഭയമില്ല. പക്ഷേ, ചെയ്തുകൊണ്ടിരിക്കുന്ന ഈ വര്‍ക്ക് പൂര്‍ത്തിയാക്കണം. അതിനു ഫലമുണ്ടാകണം. അങ്ങനെയൊരാഗ്രഹമേയുള്ളൂ."

"അഖിലാ, വെറും ഇരുപത്തിനാലു വയസ്സല്ലേയുള്ളൂ നിനക്ക്? അങ്ങനെ പെട്ടെന്നു തീര്‍ന്നുപോകാനുള്ളതല്ല, നിന്‍റെ ജീവിതം. പല വലിയ പ്രതിഭകള്‍ക്കുമുള്ളതുപോലെ മരണാഭിമുഖ്യം വേണ്ട."

"എനിക്കു മരണാഭിമുഖ്യമൊന്നുമില്ല. അതുപോലെ ജീവിതാഭിമുഖ്യവുമില്ലന്നേയുള്ളൂ. ചെല്ലട്ടെ. വൈകുന്നേരം കാണാം" – അഖില നടന്നകന്നു.

പറഞ്ഞതുപോലെ രണ്ടാള്‍ക്കും അഞ്ച് മണിക്ക് ഓഫീസ് വിടാന്‍ കഴിഞ്ഞില്ല. അഞ്ചു നാല്പത്തഞ്ചിനാണ് താജ് റെസ്റ്റോറന്‍റില്‍ അവര്‍ ഒരുമിച്ചത്. ലൈം ജ്യൂസ് ഓര്‍ഡര്‍ ചെയ്തു ശരത്തും അഖിലയും ടേബിളിന്‍റെ ഇരുവശത്തും കിടന്ന ചെയറുകളിലിരുന്നു.

"ശരത്തേ, നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ചില വീഴ്ചകളും വിഡ്ഢിത്തങ്ങളും സംഭവിക്കുന്നുണ്ട്. റിട്ടയേര്‍ഡ് ജസ്റ്റിസ് ഭാസരുചന്ദ്രവര്‍മയുടേതു ശരിക്കും ഒരു കൊലപാതകമായിരുന്നു. ബോഡി പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നെങ്കില്‍ അതു തെളിയുമായിരുന്നു. മൃതദേഹം ദഹിപ്പിച്ചതോടെ എല്ലാം നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണത്തിലൂടെ പ്രതിയെ പിടിക്കുകയും ചോദ്യം ചെയ്യുകയുമൊക്കെ ചെയ്താല്‍ അവനെങ്ങനെ വന്നെന്നും ആരുടെയൊക്കെ പ്രേരണകള്‍ അതിനു പിന്നിലുണ്ടെന്നും വ്യക്തമാകുമായിരുന്നു. അതിന്‍റെ അങ്ങേയറ്റത്ത് സുരക്ഷിതമായ ഇടത്തു സ്ഥിതിചെയ്യുന്ന 'മഹാനി'ലേക്കുവരെ അതു ചെന്നെത്തുമായിരുന്നില്ലേ?"

ശരത് വിരസമായി പുഞ്ചിരിച്ചു.

"അഖിലാ, അഖില പറഞ്ഞ കാര്യങ്ങളൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു. ഒടുവില്‍ ഒന്നും വേണ്ടെന്നുവച്ചതിനു വ്യക്തമായ കാരണങ്ങളുണ്ട്. വളരെ ദയനീയമായ സാഹചര്യത്തില്‍ മണമടഞ്ഞ ആ വലിയ മനുഷ്യനെ ഇനിയും ഒരു വിവാദത്തിലേക്കു തള്ളിയിടണ്ട എന്നു കരുതി. പിന്നെ ഏതന്വേഷണം നടത്തിയാലും ഉന്നതനിലോളം എത്തുകയില്ല. ഇടയ്ക്കുവച്ചു കണ്ണി മുറിയും. അദ്ദേഹം നേരിട്ടൊരു കാര്യവും നടപ്പാക്കുന്നില്ല. വിശ്വസിക്കാവുന്ന ഒരു മാനേജര്‍ കൃത്യമായി വര്‍ക്ക് ചെയ്യുകയാണ്. നിയമത്തിന്‍റെ സിംഹാസനവും ഭരണത്തിന്‍റെ സിംഹാസനവും എന്നും പരസ്പരം പൊരുത്തപ്പെട്ടുപോകുന്നതാണ്. ഭരണക്കാര്‍ക്കു സംഭവിക്കുന്ന തട്ടുകേടുകള്‍ നിയമജ്ഞര്‍ പരിഹരിക്കുന്നു. നിയമജ്ഞരുടെ പ്രശ്നങ്ങള്‍ കൃത്യമായി തീര്‍ത്തുകൊടുക്കാന്‍ ഭരണക്കാരും ആവേശത്തോടെ പ്രവര്‍ത്തിക്കും"- ശരത് വിശദീകരിച്ചു.

അതുകേട്ട് അഖില പകച്ചിരുന്നു.

"അപ്പോള്‍… നമ്മുടെയീ യാത്രകളും അന്വേഷണങ്ങളും വിലയിരുത്തലുകളുമൊക്കെ?"

"ഒന്നും പാഴാവുകയില്ല. മഹാമനുഷ്യന്‍ നമ്മളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹം ഏറ്റവും ഭയപ്പെടുന്നതും നമ്മളെയാണ്. അഖിലയും സുധീഷും തമ്മിലുള്ള വ്യക്തിബന്ധവും മഹാനെ വിഷമിപ്പിക്കുന്നുണ്ട്. അത്യുന്നതങ്ങളിലെത്തിയപ്പോള്‍ മുതല്‍ അദ്ദേഹം അസ്വസ്ഥനുമായി."

"ആ മനുഷ്യന്‍ കൊലപാതകപരമ്പരകള്‍ തന്നെ നടത്തിയും അധികാരസിംഹാസനങ്ങള്‍ അയാള്‍ക്കു കുഴലൂതും. ഇരുപക്ഷവും ചേര്‍ന്നു മനുഷ്യക്കുരുതികള്‍ നടത്തും, ഒതുക്കും. അതു തടയേണ്ട ബാദ്ധ്യത നമുക്കില്ലേ ശരത്?"

"അഖിലയുടെ അച്ഛന്‍ വീല്‍ച്ചെയറിലായതും പണിനിര്‍ത്തിയതും ഇതേ വിഷയത്തിലല്ലേ? അന്നു വണ്ടിയിടിപ്പിച്ചവരെ പിടികൂടിയോ? അതിന്‍റെ പിന്നിലെ ചരടുകളെന്തൊക്കെയാണെന്നു കണ്ടുപിടിച്ചോ? ആരെയെങ്കിലും ശിക്ഷിച്ചോ?"

"ഇല്ല.. ഇല്ല… ഇല്ല… എന്‍റച്ഛനു യാതൊരു നീതിയും കിട്ടിയില്ല." അഖിലയുടെ നെഞ്ചില്‍ പ്രതികാരചിന്തയുണരുകയായിരുന്നു. അച്ഛന്‍റെ മനസ്സില്‍ അണയാക്കനലുകളുണ്ടെന്ന് അവള്‍ മനസ്സിലാക്കിയിട്ടുണ്ട്. അമ്മ തന്‍റെ പ്രവര്‍ത്തനങ്ങളെ അവഗണിക്കുമ്പോഴും നിരുത്സാഹപ്പെടുത്തുമ്പോഴും അച്ഛന്‍ തനിക്കു കരുത്തു പകര്‍ന്നുതരുന്നു, പ്രോത്സാഹിപ്പിക്കുന്നു, തന്നെ ഇഷ്ടപ്പെടുന്നു.

"അഖിലാ, ഒരു പരമ്പര ചെയ്യാന്‍ മാത്രവും അതിലധികവും വിവരങ്ങള്‍ ഇതിനകം നമ്മള്‍ ശേഖരിച്ചിട്ടുണ്ട്. ഇതു പ്രസിദ്ധീകരിക്കപ്പെട്ടാല്‍ സമൂഹത്തില്‍ നിശ്ചയമായും അതു കോളിളക്കങ്ങളുണ്ടാക്കും. നമ്മുടെ പത്രമായ മലയാളദേശം അതു ചെയ്യുമെന്ന് അഖില കരുതുന്നുണ്ടോ?"

"അതിനല്ലേ ചീഫ് എഡിറ്റര്‍ നമ്മളെ ഈ ഡ്യൂട്ടി ഏല്പിച്ചത്?"

"അതെ. നമ്മള്‍ ശേഖരിച്ച വസ്തുതകള്‍ എഴുതേണ്ട ഘട്ടത്തില്‍ വിലക്കു വരുന്നു. ഭാസുരചന്ദ്രവര്‍മ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഈ വിഷയം ഹൈലൈറ്റ് ചെയ്തിരുന്നെങ്കില്‍ നല്ലൊരു ലോഞ്ചിംഗ് ആകുമായിരുന്നു; സമ്മതിച്ചില്ലല്ലോ."

"യാതൊരു പഴുതുമില്ലാതെ എല്ലാ വസ്തുതകളും ശേഖരിച്ചിട്ടു മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂവെന്നാണ് എന്നോടു ജയപ്രകാശ്സാറ് പറഞ്ഞത്."

"അതു മതി. പക്ഷേ, അപ്പോഴും ഇതു മാറ്റിവയ്പിക്കുകമോ എന്നു ഞാന്‍ സംശയിക്കുന്നു. എനിക്കു പത്രക്കാരെയും വിശ്വാസമില്ല. പലരുടെയും യഥാര്‍ത്ഥ ചരിത്രം അറിയാവുന്നതുകൊണ്ടാണ്. രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള എല്ലാ ഡീറ്റയില്‍സും ശേഖരിച്ചുവയ്ക്കും. അവരെ വരുതിക്കു നിര്‍ത്താനുള്ള വക അതിലുണ്ടാകും. പിന്നെ ഫോണ്‍ വിളിക്കും. വല്ലാത്ത ഒരു വിവരം കിട്ടിയിട്ടുണ്ട്; കൊടുക്കണോ വേണ്ടയോ? നേതാവ് അതു കേട്ടു ചുരുളും, വിളരും. ചിലര്‍ പറയുന്ന പണമെത്തിക്കും. മറ്റുചിലര്‍ പത്രക്കാരന്‍ പറയുന്ന സംഗതി നടത്തികൊടുക്കും."

"നേരും നെറിയും എവിടെയാണുള്ളത്?"

"കണ്ടുകിട്ടാന്‍ വിഷമമാണ്."

"അപ്പോള്‍ നമ്മളാ സാന്ദ്രവധക്കേസിന്‍റെ കാണാപ്പുറം തേടിയുള്ള ഈ യാത്ര അവസാനിപ്പിക്കുന്നതാണു നല്ലതെന്നാണോ ശരത് പറയുന്നത്?"

"അല്ല; യാത്ര തുടരണം. ഇനിയും പലരെയും കണ്ടുമുട്ടാനുണ്ട്. വിവരങ്ങള്‍ ശേഖരിക്കാനുണ്ട്. സാന്ദ്രയുടെ അമ്മ നമ്മുടെ നാട്ടില്‍ രാജകീയമായി ജീവിക്കുന്നുണ്ട്. അവരെ കാണണം. അടുക്കളപ്പണിക്കാരത്തി എങ്ങനെയാണ് ഇരുനില ബംഗ്ലാവും കാറും സമ്പാദിച്ചു സൊസൈറ്റി ലേഡിയായുര്‍ന്നതെന്നു ചോദിക്കരുത്. ഇപ്പോഴവളുടെ മനോഭാവമെന്താണെന്നറിഞ്ഞാല്‍ മതി."

"താമസം ഭരണിക്കാവിലാണെന്നു കേട്ടിട്ടുണ്ട്."

"അതെ. അവിടെച്ചെന്നു കാണണം."

"സുധീഷിന്‍റെ ഭാര്യയെയും തേടിപ്പിടിക്കണം. കഴിയുമെങ്കില്‍ അവരെ ഒന്നനിപ്പിക്കണം" – അഖില പറഞ്ഞു.

"അഖിലയാണല്ലോ സുധീഷിന്‍റെ ഫ്രണ്ട്. ഞാനയാളെ കണ്ടിട്ടില്ല."

"മറ്റൊരാള്‍ കൂടിയുണ്ട്. ഡോക്ടര്‍ ആന്‍മരിയ. മഹാനായവന്‍റെ ഭാര്യ! അവര്‍ക്കും പറയാനുണ്ടാകും പലതും. സമൂഹത്തിന്‍റെ മുമ്പില്‍ ഭാഗ്യം ചെയ്തവള്‍! യഥാര്‍ത്ഥ ജീവിതത്തില്‍ ഏറ്റവും വലിയ സങ്കടവും അപമാനവും അവഗണനയും സഹിക്കുന്നവള്‍" – അഖില പറഞ്ഞു.

"അഖിലാ നമ്മള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ രണ്ടു തരത്തില്‍ എഴുതി തയ്യാറാക്കണം. അതിന്‍റെ ചുമതല അഖിലയ്ക്കാണ്. തന്‍റെ ശൈലി വളരെ നല്ലതാണ്. കൊച്ചുകൊച്ചു വാക്യങ്ങള്‍, നല്ല ഒഴുക്ക്; വായിക്കുന്നവര്‍ ഇട്ടേച്ച് പോകില്ല."

"പുകഴ്ത്തിയതിനു നന്ദി. ആരും ഇതുവരെ തന്‍റെ എഴുത്തിനെ വിലയിരുത്തി കേട്ടിട്ടില്ല."

"ഞാന്‍ പുകഴ്ത്തിയതല്ല; സത്യം പറഞ്ഞെന്നേയുളളൂ. അഖിലയുടെ എഴുത്തിന് ഒരു പ്രത്യേക സൗന്ദര്യമുണ്ട്."

"രണ്ടുതരത്തില്‍ തയ്യാറാക്കണമെന്നു പറഞ്ഞതു മനസ്സിലായില്ല?"

"ഒന്ന് സാധാരണ പത്രറിപ്പോര്‍ട്ടുപോലെ. രണ്ടാമത്തേത്, ഒരു നോവല്‍. സത്യസന്ധമായ രചന. വാക്കില്‍ ചോര പൊടിയുന്ന ഒന്ന്. റിപ്പോര്‍ട്ട് പത്രാധിപരെ ഏല്പിക്കുക. നോവല്‍ നമുക്കു പെട്ടെന്ന് തന്നെ പ്രസിദ്ധീകരിക്കണം. എന്‍റെ കയ്യില്‍ അതിനുള്ള ആളുകളുണ്ട്."

"ശ്ശൊ! ഞാന്‍ നോവലൊന്നും മുമ്പെഴുതിയിട്ടില്ല."

"കുഴപ്പമില്ല; ഇത് ആദ്യത്തേത്. ആരെയും അമ്പരപ്പിക്കുന്നത്. സമൂഹത്തെ ചിന്തിപ്പിക്കുന്നത്. മനുഷ്യനെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്.'

അഖില വെറുതെ മന്ദഹസിച്ചു.

(തുടരും)

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി