Novel

നിറഭേദങ്ങള്‍ [2]

Sathyadeepam
  • നോവലിസ്റ്റ്:

  • ബേബി ടി കുര്യന്‍

  • മണല്‍കൂനകളില്‍ നിലാവൊഴുകുമ്പോള്‍....

ഗ്രാമ ഹൃദയമെന്നു വിശേഷിപ്പിക്കാവുന്ന ചെറുപട്ടണത്തില്‍ നിന്നും രണ്ടു മൈല്‍ ദൂരത്തായി ഒരു ശുദ്ധ നാട്ടുപ്രദേശം. ചുരുക്കം വരുന്ന ഭൂവുടമ കളുടെ കൃഷിയിടങ്ങളിലെ കൂലിപ്പണിക്കാരാണ് ജനങ്ങളില്‍ നല്ലൊരു പങ്ക്.

എങ്കിലും, എല്ലാ അസമത്വങ്ങള്‍ക്കും മേലെ തെളിനീര് പോലെ ഒഴുകി പരക്കുന്നു പരസ്പര സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വ്യക്തിബന്ധങ്ങളിലെ ഇഴയടുപ്പത്തിന്റെയും ശീതളപ്രവാഹം.

''റോസമ്മച്ച്യേയ്...''

പുലരിവെട്ടം മുറ്റത്ത് വീണു തുടങ്ങുന്നതേയു ണ്ടാവൂ... കുഞ്ഞവദ ചേട്ടന്റെ ഉച്ചത്തിലുള്ള വിളിയാണ് പ്രഭാതത്തിലെ സുഷുപ്തിയുടെ സുഖാലിംഗനം വിടുവിക്കുന്നത്.

''മാത്തൂട്ടിച്ചോ പിള്ളേരോന്നും എണീറ്റില്ലയോ?''

ഉമ്മറത്തെ ഇളംതിണ്ണ യില്‍ കസേരയിലിരുന്ന് അരമതിലില്‍ കാലുകള്‍ രണ്ടും കയറ്റിവച്ച് പത്രവായന ആരംഭിക്കുന്ന അപ്പച്ചനോട് കുശലം പറഞ്ഞുകൊണ്ട് കുഞ്ഞവദ ചേട്ടന്‍ മുറ്റം വഴി വടക്കുവശത്തുള്ള അടുക്കള ഭാഗത്തേക്ക് നീങ്ങും.

''ഉം...''

ആ പോക്കു നോക്കി അമര്‍ത്തിയ ചിരിയോടെ അപ്പച്ചന്‍ മൂളും.

എന്നും രാവിലെ അമ്മച്ചിയുടെ അടുത്തെത്തി ഒരു ഗ്ലാസ് കട്ടന്‍ ചായ കുടിക്കുക എന്നത് കുഞ്ഞവദ ചേട്ടന്റെ സ്ഥിരം ഏര്‍പ്പാടാണ്.

''എനിക്കെന്റെ റോസമ്മച്ചീടെ കൈയ്യീന്ന് രാവിലെ ഇത്തിരി ചായവെള്ളം കുടിച്ചാലേ ഒരു തൃപ്തിയൊള്ള്.''

അതൊരു സ്ഥിരം സാക്ഷ്യപ്പെടുത്തലാണ്. മറുപടി അമ്മച്ചി ഒരു ചെറുചിരിയിലൊതുക്കും.

തുടര്‍ന്ന് അപ്പച്ചനു മായി കുഞ്ഞവദ ചേട്ടന്റെ വിശേഷം പറച്ചില്‍ ആരംഭിക്കും. അപ്പച്ചന്റെ പത്രവായനയ്ക്ക് ചെറിയൊരിടവേള. നാട്ടില്‍ ആ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളും വിശേഷങ്ങളും സ്വന്തം വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും ചേര്‍ത്ത് കുഞ്ഞവദ ചേട്ടന്‍ അപ്പച്ചനുമായി പങ്കുവയ്ക്കും.

തന്നേക്കാള്‍ പ്രായത്തില്‍ ഇളയവരാ ണെങ്കിലും അപ്പച്ചനും അമ്മച്ചിയും കുഞ്ഞവദ ചേട്ടന് 'മാത്തൂട്ടിച്ചനും റോസമ്മച്ചി'യുമാണ്.

അവരുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒന്നുമറിയാത്ത ഒരു കുട്ടിയെപ്പോലെയാണ് പലപ്പോഴും കുഞ്ഞവദ ചേട്ടന്‍. ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി ഗുരുസമക്ഷം നില്‍ക്കുന്ന ശിഷ്യനെപ്പോലെ.

ജീവിതത്തിലെ ഏതു പ്രശ്‌നത്തിനും മാര്‍ഗ നിര്‍ദേശം തേടി കുഞ്ഞവദ ചേട്ടന്‍ എത്തുക 'മാത്തൂട്ടിച്ച'ന്റെയും 'റോസമ്മച്ചി'യുടെയും മുന്നിലാണ്.

മാത്തൂട്ടിച്ചനെന്നും റോസമ്മച്ചിയെന്നുമുള്ള വിളി കുഞ്ഞവദ ചേട്ടന്റെ മക്കളായ കത്രിചേച്ചിയും ചാക്കോച്ചനും ക്രമേണ ഏറ്റെടുത്തു.

''ജോണൂട്ട്യേ എണീറ്റോടാ?''

കുഞ്ഞവദ ചേട്ടന്‍ പിന്‍വാങ്ങിയാലുടന്‍ അപ്പച്ചന്റെ ശബ്ദമുയരും. അതിനുമുമ്പേ ഞാന്‍ എഴുന്നേറ്റു പല്ലു തേപ്പാരംഭിച്ചിരിക്കും. നാന്‍സിയും ജാന്‍സിയും മടിപിടിച്ച് അല്പനേരം കൂടി കിടക്കും.

''മതിയൊറങ്ങീത് എണീക്ക് രണ്ടും.''

അധികം വൈകാതെ അവര്‍ക്കായി അനുവദിച്ച 'ഗ്രേസ് ടൈം' അവസാനിപ്പിച്ച് അമ്മച്ചിയുടെ ഇടപെടല്‍.

പിന്നെ കുറെ സമയം പഠനം. തുടര്‍ന്ന് സ്‌കൂളില്‍ പോകാനുള്ള തയ്യാറെടുപ്പ്. സ്‌കൂളിലെ തന്നെ അധ്യാപകനായ അപ്പച്ചനൊപ്പമാണ് ഞങ്ങളും ഇറങ്ങുക. പക്ഷേ അല്പ വഴി ദൂരം പിന്നിടുന്നതിനകം അപ്പച്ചന്‍ ഞങ്ങളില്‍ നിന്നും വേര്‍പെടും. പോകുന്ന വഴിക്ക് എന്തെങ്കിലും പൊതുകാര്യവുമായി ആരെങ്കിലുമൊക്കെ അപ്പച്ചനെ പിടികൂടും.

''നിങ്ങള്‍ നടന്നോ...''

അപ്പച്ചന്റെ അനുമതിക്കു മുന്നേ തന്നെ പതിവ് ശീലമായി ഞങ്ങള്‍ നടപ്പു തുടരുകയായി രിക്കും, രണ്ടു മൈല്‍ അകലെയുള്ള സ്‌കൂളിലേക്ക്.

നാട്ടിലെ സര്‍വസമ്മ തനായ പൊതുകാര്യ പ്രവര്‍ത്തകനാണ് നാട്ടു കാര്‍ക്കെല്ലാം പ്രിയപ്പെട്ട 'മാത്തുക്കുട്ടി മാഷ്.'

ഞങ്ങള്‍ സ്‌കൂളിലേ ക്കിറങ്ങുന്നതിനു മുന്നേ തന്നെ മറ്റൊരാള്‍ വീട്ടിലെ ത്തിയിട്ടുണ്ടായിരിക്കും. കുഞ്ഞവദ ചേട്ടന്റെ മകന്‍ ചാക്കോച്ചന്‍. മിക്കവാറും ദിവസങ്ങളില്‍ എന്തെ ങ്കിലും ചില്ലറ ജോലികളും മറ്റും അപ്പച്ചന്‍ പറഞ്ഞേല്‍പ്പിച്ചിട്ടു ണ്ടായിരിക്കും.

വീടിനു മുന്നില്‍ പറമ്പിന് അതിരിലുള്ള വേലിക്കപ്പുറം നാട്ടിലെ പ്രമുഖ ജന്മിയുടെ വക വിശാലമായ ഒരു തെങ്ങും തോപ്പാണ്. നടുവിലൂടെ ടൗണിലേക്കുള്ള നടപ്പാത. തെക്കുവശം ചേര്‍ന്ന് ഏകദേശം 15 അടി വീതി യില്‍ ഒഴുകുന്ന നാട്ടുതോട് വീടിന് പടിഞ്ഞാറതിര് ചേര്‍ന്നൊഴുകുന്ന പുഴ യില്‍ നിന്ന് ആരംഭിച്ച് കിഴക്ക് നെല്‍പ്പാടങ്ങളി ലൂടെ ഒഴുകി കുറെ അകലെ തെക്കു കിഴ ക്കായി വീണ്ടും പുഴയില്‍ തന്നെ ചെന്നുചേരുന്നു. നടപ്പാതയുടെ കിഴക്ക് പറമ്പിന് അതിരിടുന്ന ഒരു ചെറു കൈത്തോട്.

അതിനപ്പുറത്താണ് കുഞ്ഞവദ ചേട്ടന്റെ ചെറിയൊരു വീട്.

ഭാര്യ നേരത്തെ മരിച്ചു പോയി. രണ്ടു മക്കളില്‍ മൂത്തയാള്‍ കത്രിചേച്ചി എന്ന് ഞങ്ങള്‍ വിളിക്കുന്ന കത്രീന. എനിക്ക് ഓര്‍മ്മ വയ്ക്കുന്നതിനു മുന്നേ കത്രിചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നു. എങ്കിലും മിക്കവാറും ദിവസങ്ങളില്‍ കത്രിചേച്ചി അപ്പനോടും ആങ്ങളയോടും ഒപ്പം സ്വന്തം വീട്ടില്‍ തന്നെ കാണും. എന്നെക്കാള്‍ ഒമ്പതോ പത്തോ വയസ്സിനു മുതിര്‍ന്ന യാളാണ് ചാക്കോച്ചന്‍. എങ്കിലും എനിക്കും സമപ്രായക്കാരായ കൂട്ടുകാര്‍ക്കും ഒരു കളിക്കൂട്ടുകാരനാണ് കക്ഷി.

വര്‍ഷകാലമാകുമ്പോള്‍ പുഴയും തോടും ഇടത്തോടുകളുമെല്ലാം നിറഞ്ഞൊഴുകും. ചിലയിടങ്ങളില്‍ പുരയിട ങ്ങളെയും പറമ്പുകളെയും വെള്ളം മൂടും. നിറഞ്ഞൊഴുകുന്ന തോട്ടിലൂടെ വാഴപ്പിണ്ടി കള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ചങ്ങാടത്തിലേറി കിഴക്ക് ജലം മൂടി കായലു പോലെ കിടക്കുന്ന നെല്‍പ്പാടങ്ങളി ലൂടെ ഒരു സാഹസിക യാത്ര!

മഴക്കാലത്തെ ഏറ്റവും ആവേശകരമായ വിനോദ ങ്ങളില്‍ ഒന്നാണത്.

വാഴപ്പിണ്ടികള്‍ ശേഖരിച്ച് ചങ്ങാടം ഉണ്ടാ ക്കുവാന്‍ ചാക്കോച്ചന്‍ മുന്നിലുണ്ടാകും.

വേനല്‍ക്കാലം ആരംഭിക്കുന്നതോടെ തോടരുകില്‍ നാട്ടുകാര്‍ പലരും പല ആവശ്യങ്ങള്‍ ക്കായി പുഴയില്‍ നിന്നും വാരിയ മണല്‍ ഇറക്കിയിട്ടു ണ്ടായിരിക്കും. ചുമന്നു മാറ്റപ്പെടുന്നതുവരെ അത് വിവിധ കൂനകളായി തോട്ടിറമ്പുകളിലുണ്ടാവും. വൈകുന്നേരം കളികള്‍ക്കു ശേഷം ഞങ്ങള്‍ കൂട്ടുകാര്‍ ആ മണല്‍ കൂനകളില്‍ സ്ഥാനം പിടിക്കും. വിയര്‍പ്പാറുന്നതിനൊപ്പം കളി തമാശകളുടെ വെടിവട്ടം.

കൂട്ടുകാര്‍ പിരിഞ്ഞാലും ഞാനും ചാക്കോച്ചനും പിന്നെയും പലതും സംസാരിച്ചി രിക്കും. സന്ധ്യയായി ഇരുട്ടു പരക്കുവാന്‍ തുടങ്ങിയാലും ഞങ്ങളുടെ സ്വറ പറച്ചില്‍ നീളം. പിന്നെ കിഴക്കുനിന്നും കുഞ്ഞവദ ചേട്ടന്റെയോ കത്രിചേച്ചിയുടെയോ 'എടാ ചാക്കോ' എന്ന വിളികള്‍ ഉയര്‍ന്നു തുടങ്ങും. തുടര്‍ന്ന് പടിഞ്ഞാറു നിന്നും 'ജോണൂട്ട്യേ' വിളിയും.

സഭ പിരിയാന്‍ നേരമായെന്ന അറിയിപ്പ്.

നാട്ടുകാര്‍ക്ക് പൊതുവേ ഒരു കോമാളി കഥാപാത്രമാണ് ചാക്കോച്ചന്‍. ലേശം ബുദ്ധിമാന്ദ്യം ഉണ്ടോ യെന്ന് ആരും സംശയിച്ചു പോകും വിധമാണ് പല ചെയ്തികളും. പലപ്പോഴായി പലേടത്തും പല അബദ്ധങ്ങളും മണ്ടത്തരങ്ങളും ഒപ്പിക്കും. ആ സംഭവങ്ങളാണ് മിക്കപ്പോഴും മണല്‍കൂന കളിലിരുന്നുള്ള വെടിവട്ട ത്തിലെ വിഷയങ്ങള്‍. എല്ലാം ഒരു മടിയും കൂടാതെ സരസമായി ചാക്കോച്ചന്‍ വിസ്തരിക്കും.

ടൗണിലാണ് സഹദേവന്റെ വാടക സൈക്കിള്‍ ഷോപ്പ്. മറ്റു കുട്ടികള്‍ക്കൊപ്പം ചാക്കോച്ചനും സൈക്കിള്‍ വാടകയ്ക്ക് എടുത്ത് ചവിട്ടുവാന്‍ പഠിച്ചു. 'ഒരുവിധം ബാലന്‍സാ യാല്‍' അടുത്തഘട്ടം വാഹനങ്ങള്‍ സഞ്ചരി ക്കുന്ന ടൗണിലെ റോഡിലൂടെ സൈക്കിള്‍ ചവിട്ടുക എന്നതാണ്. ഉള്ളില്‍ ഭയം ഉണ്ടെങ്കിലും രണ്ടും കല്‍പ്പിച്ച് ഒരു ദിനം സൈക്കിളുമായി ചാക്കോ ച്ചന്‍ റോഡിലിറങ്ങി. ഉച്ചസമയമാണ് വാഹനങ്ങള്‍ വളരെ കുറവ്. ഇടയ്ക്ക് ചാക്കോച്ചനെ ഭയപ്പെടു ത്തിക്കൊണ്ട് ഒന്നു രണ്ടു വാഹനങ്ങള്‍ കടന്നു പോയി. ടൗണിന് കിഴക്കു ഭാഗത്തായി പുഴയ്ക്കു മീതെയുള്ള പാലത്തിലെ ത്തിയപ്പോഴാണ് ആ ഭീകര സംഭവം ഉണ്ടായത്! എതിരെ വരുന്നു ഒരു ബസ്. അപ്പോള്‍ അതാ പിന്നില്‍ നിന്നും ഒരു ലോറിയും ചാക്കോച്ചന്‍ സൈക്കിളില്‍ പാല ത്തിലും! പാവം ഭയത്താല്‍ വിറച്ചു. സൈക്കിളിനെ ഒഴിവാക്കി ഇരുവാഹനങ്ങള്‍ക്കും കടന്നുപോകുവാനുള്ള വീതി പാലത്തിനുണ്ടോ? ചിന്തിച്ച് സമയം നഷ്ടപ്പെടുത്തി ജീവന്‍ അപകടത്തിലാക്കരുത്. എങ്ങനെയും രക്ഷപ്പെടുക. സൈക്കിളില്‍ നിന്നും ചാടിയിറങ്ങി പാലത്തിന്റെ കൈവരിക്കു മുകളിലൂടെ പുഴയിലേക്ക് ചാടി ഒരു 'വന്‍ അപകട'ത്തില്‍ നിന്നും ചാക്കോച്ചന്‍ രക്ഷപ്പെട്ടു.

ചാക്കോച്ചനില്‍ നിന്നും മോചനം കിട്ടിയ സൈക്കിള്‍ ഏതാനും അടി ദൂരം കൂടി മുന്നോട്ടു പോയി പാലത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി വീണു കിടന്നു. പിന്നില്‍ നിന്നു വന്ന ലോറി ആ സൈക്കിളിനെ നിഷ്‌കരു ണം ഞെരിച്ചുടച്ച് കടന്നുപോയി...!

സൈക്കിളിന്റെ വിലയാവശ്യപ്പെട്ട് സഹദേവന്‍ വീട്ടില്‍ വന്നപ്പോളാണ് കുഞ്ഞവദ ചേട്ടന്‍ സംഭവം അറിയുന്നത്.

''കൊല്ലും നിന്നെ ഞാന്‍. നില്ലെടാ അവടെ.''

ഒരു ചെറു മടല്‍ത്തണ്ടു മായി കുഞ്ഞവദ ചേട്ടന്‍ ചാക്കോച്ചനു നേരെ ചീറിയടുത്തു. ഒന്ന് രണ്ട് അടി കിട്ടിയെങ്കിലും സര്‍വശക്തിയും സംഭരിച്ച് ഓടി ചാക്കോച്ചന്‍ കൂടുതല്‍ ദണ്ഢനങ്ങളില്‍ നിന്നും രക്ഷപ്പെട്ടു.

''മേലാലീ വീട്ടിക്കയറിപ്പോകര്ത്. ഇങ്ങോട്ട് വന്നാ കാല് ഞാന്‍ തല്ലിയൊടിക്കും.''

ഓടിമറയുന്ന ചാക്കോച്ചനെ നോക്കി കോപാക്രാന്തനായി കുഞ്ഞവദ ചേട്ടന്‍ അലറി.

ഒടുവില്‍ ചാക്കോച്ചന് വീട്ടില്‍ 'പുനഃപ്രവേശനം' കിട്ടാന്‍ അപ്പച്ചന്‍ ഇടപെടേണ്ടി വന്നു.

മേലെ മാനത്ത് തെളിഞ്ഞു നില്‍ക്കുന്ന ചന്ദ്രബിംബം. പറമ്പും തെങ്ങുകളും വൃക്ഷലതാദി കളുമെല്ലാം പൂനിലാവില്‍ കുളിച്ചു നില്‍ക്കും. മണ്‍കൂനകള്‍ നിലാവില്‍ സ്വര്‍ണ്ണനിറത്തില്‍ തിളങ്ങും. തോട്ടിലെ തെളിനീരിനും നിലാവെളിച്ചത്തിന്റെ നിറം.

ആ മണല്‍കൂനകളില്‍ ഒന്നില്‍ ഞാനും ചാക്കോച്ചനും.

മങ്ങാതെ നില്‍ക്കുന്ന ബാല്യസ്മരണകളുടെ വര്‍ണ്ണ ചിത്രങ്ങള്‍....

(തുടരും)

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും