Novel

നിലാവിന്റെ വീട് - 29

Sathyadeepam
  • ടോം കെ. ജോസ്

  • അധ്യായം: ഇരുപത്തിയൊമ്പത്

തിരുനാളിനൊരുക്കമായി ഇടവകയിൽ വാർഷികധ്യാനം നടക്കുകയാണ്.

രൂപതയിലെ പ്രശസ്തനായ യുവവൈദികനാണ് ധ്യാനം നയിക്കുന്നത്. അച്ചൻ ഇപ്പോൾ സെമിനാരിയിൽ അധ്യാപകനായി സേവനം ചെയ്യുകയാണ്. ദൈവശാസ്ത്രത്തെ വളരെ ലളിതമായി വ്യാഖ്യാനിക്കാനും അനുദിനജീവിതത്തോട് അതിനെ ചേർത്ത് അവതരിപ്പിക്കാനും അച്ചന് അസാധാരണമായ കഴിവുണ്ടായിരുന്നു. അവധിസമയമായതു കൊണ്ട് അച്ചൻ ഉത്സാഹപൂർവ്വം അയാളുടെ ക്ഷണം സ്വീകരിച്ചു.

ധ്യാനത്തിന് സ്തോത്രക്കാഴ്ചയും ഉപവാസവും വേണ്ട. ആളുകൾക്ക് പ്രോത്സാഹനം നല്കുന്ന ശാന്തമായ വചനവിചിന്തനം മതി. പഴയനിയമത്തിലെ ചില പ്രത്യേക വചനങ്ങൾ എടുത്തു പ്രയോഗിച്ച് അനാവശ്യമായ കുറ്റബോധം ഉളവാക്കുന്നതിനേക്കാൾ നല്ലത് അല്പം ആശ്വാസം കൊടുക്കുന്നതാണ്. ജീവിതപ്രശ്നങ്ങളുടെ മധ്യേ അല്പം ആശ്വാസം തേടിയാണ് ആളുകൾ ദൈവാലയത്തിൽ വരുന്നത്. അയാൾ ധ്യാനത്തിന്റെ തീയതി ഉറപ്പിച്ചപ്പോളേ ധ്യാനഗുരുവിനോട് പറഞ്ഞു.

അയാളുടെ രീതികൾ സുപരിചിതമായതിനാലും പരസ്പരം സൗഹൃദം സൂക്ഷിച്ചിരുന്നതിനാലും ധ്യാനഗുരു പുഞ്ചിരിയോടെ തലയാട്ടിയതേയുള്ളൂ...

“ഏത് ധ്യാനകേന്ദ്രത്തീന്നാ അച്ചൻ വരണേ...” പാപ്പന് ജിജ്ഞാസ.

“ധ്യാനകേന്ദ്രത്തിൽ നിന്നല്ല. സെമിനാരിയിൽ പഠിപ്പിക്കുന്ന അച്ചനാണ്.” അയാൾ വിശദീകരിച്ചു.

“അപ്പോ സങ്കതി ശോകമാരിക്കും... ധ്യാനത്തിന് ഒരു പവറ് വരണേ കൈകൊട്ടും സ്തുതിപ്പും വേണം...” പാപ്പൻ നിരീക്ഷിച്ചു.

അയാൾ അതിന് മറുപടിയൊന്നും പറഞ്ഞില്ല. പാപ്പൻ എന്തോ പിറുപിറുത്തുകൊണ്ട് സ്ഥലംവിട്ടു..

കഴിഞ്ഞവർഷത്തെ ധ്യാനത്തിന് ആളുകൾ കുറവായിരുന്നു. അതിന്റെ കാരണമായി അയാൾ കണ്ടെത്തിയത് കുഞ്ഞുങ്ങൾ ഉള്ളതുകൊണ്ടും കിടപ്പിലായ പ്രായമായ മാതാപിതാക്കൾ ഉള്ളതുകൊണ്ടുമാണ് പലരും വരാതിരുന്നത് എന്നാണ്. അതിന് പരിഹാരവും അയാൾ മുൻകൂട്ടി കണ്ടിരുന്നു.

ധ്യാനദിവസങ്ങളിൽ കുഞ്ഞുങ്ങൾക്ക് പള്ളിമുറി വീടായി... കുറേ കളിപ്പാട്ടങ്ങളും മധുര പലഹാരങ്ങളും അയാൾ അവർക്കായി ക്രമീകരിച്ചിരുന്നു. കുഞ്ഞുങ്ങളെ പരിചരിക്കാൻ സിസ്റ്റേഴ്സ് ഉണ്ടായിരുന്നതിനാൽ അമ്മമാർ സ്വസ്ഥമായി ധ്യാനത്തിൽ പങ്കെടുത്തു.

ധ്യാനത്തിന്റെ രണ്ടാം ദിവസം ആളുകളുടെ എണ്ണം കൂടിയതു കണ്ടപ്പോൾ അയാൾക്ക് സമാധാനമായി. ശാന്തമായ ധ്യാനം ആളുകൾക്കിഷ്ടപ്പെട്ടെന്ന് സാരം.

മൂന്നാം ദിനമായിരുന്നു കുമ്പസാരദിനം. എല്ലാവർക്കും സ്വസ്ഥമായി കുമ്പസാരിക്കാനുള്ള അവസരം ക്രമീകരിച്ചിരുന്നു. അതയാൾക്ക് ഏറ്റവും നിർബന്ധമുള്ള കാര്യങ്ങളിലൊന്നാ യിരുന്നു.

സമീപ ഇടവകകളിൽ നിന്ന് കുമ്പസാരം കേൾക്കാൻ വൈദികരെ ക്ഷണിച്ചിരുന്നു. എല്ലാവരും സമയത്തുതന്നെ എത്തി. ചെറിയ കാപ്പി കുടിച്ചതിനുശേഷം അച്ചൻമാർ കുമ്പസാര വേദികളിലേക്ക് നടന്നു. പാപ്പനും മാമച്ചൻ ചേട്ടനും ഉത്സാഹപൂർവ്വം വൈദികരെ സ്വസ്ഥാനങ്ങളിലേക്ക് നയിച്ചു.

അല്പസമയം കഴിഞ്ഞപ്പോൾ മുറിയുടെ വാതില്ക്കൽ മാമച്ചൻ ചേട്ടൻ പ്രത്യക്ഷപ്പെട്ടു.

“അച്ചാ വണ്ടിക്കൂലി...”

കുമ്പസാരിപ്പിക്കാൻ വന്നവർക്ക് വണ്ടിക്കൂലി കൊടുക്കുന്ന പതിവുണ്ട്. നടത്തു കൈക്കാരന്റെ ഉത്തരവാദിത്തമാണ് മർദ്ദനമൊഴികെ ഏതുമാർഗ്ഗവുമുപയോഗിച്ച് അച്ചന്മാരെ വണ്ടിക്കൂലിയടങ്ങിയ കവർ പിടിപ്പിക്കുക എന്നത്.

അയാൾ നേരത്തേ തയ്യാറാക്കി വച്ചിരുന്ന കവറുകൾ മാമച്ചൻ ചേട്ടനു കൈമാറി.

കവർ തുറന്നു നോക്കിയ മാമച്ചൻ ചേട്ടന്റെ മുഖമിരുണ്ടു.

“ഇതു പോര... നമ്മടെ എടവകേടെ മാനം കളയാമ്പാടില്ല... മിനിമം ഒരു രണ്ടായിരം രൂപയേലും വെക്കണം...”

“എല്ലാം മാമച്ചൻ ചേട്ടന്റെ ഇഷ്ടം പോലെ.” അയാൾ മേശവലിപ്പിൽ നിന്ന് പണം എടുത്ത് നീട്ടിക്കൊണ്ടു പുഞ്ചിരിയോടെ പറഞ്ഞു.

മാമച്ചൻ ചേട്ടന്റെ മുഖം പ്രസന്നമായി.

കുമ്പസാരവേദികൾ അധികവും ക്രമീകരിച്ചത് പള്ളിക്ക് പുറത്തായിട്ടാണ്. മാവിൻ ചോട്ടിലും തണൽ മരച്ചുവടുകളിലും അനുതാപിയും ദൈവകാരുണ്യവും കണ്ടുമുട്ടി പരസ്പരം സങ്കടങ്ങളും പരാജയങ്ങളും ഏറ്റു പറഞ്ഞു... ദൈവകരും ഒരു കുളിർകാറ്റായ് എല്ലാ ധൂർത്തമക്കളേയും വാത്സല്യപൂർവ്വം തഴുകുന്നുണ്ടായിരുന്നു.

മത്തായിയും വിത്സനും കുമ്പസാരിക്കുന്നവരുടെ നിരയിൽ പിന്നിലായി നില്ക്കുന്നതുകണ്ടു. അയാൾ കണ്ടെന്നുറപ്പായപ്പോൾ മത്തായി ഹൃദ്യമായി പുഞ്ചിരിച്ചു. കുമ്പസാരത്തിന്റെ നൈർമ്മല്യം മുൻകൂറായി സ്വീകരിച്ചതുപോലെ നിർമ്മലമായ ഒരു പുഞ്ചിരി. ചില സമയങ്ങളിലെ പുഞ്ചിരികൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. അയാളും തിരിച്ച് നനുത്ത ഒരു പുഞ്ചിരി മടക്കി.

കുമ്പസാരക്കാരുടെ അടുത്തുകൂടെ ഒരു ചാൽ നടന്നതിനുശേഷം അയാൾ നേരെ പള്ളിമുറിയിലേക്ക് നടന്നു. എല്ലായിടത്തും ആളുകൾ ക്ഷമയോടെ കാത്തു നില്പാണ്. ചില സ്ത്രീകൾ അയാളെ കണ്ട് നാണത്തോടെ മുഖം കുനിച്ചു... കുട്ടികൾ കൈവീശി...

അയാൾ ഓഫീസിൽ കയറി വാതിൽ ചാരി. ശരീരം കസേരയിലമർന്നു.

എന്നായിരുന്നു അവസാന കുമ്പസാരം. അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

കഴിഞ്ഞ മാസധ്യാനം എന്നായിരുന്നു. എവിടെ വെച്ചായിരുന്നു. ഓർമ്മകൾ പിടിതരാതെ ഓടിക്കളിക്കുകയാണ്. പെട്ടെന്ന് വാതിലിൽ ഒരു മുട്ട്.

“കയറി വരൂ...” അയാൾ വിളിച്ചുപറഞ്ഞു.

മാമച്ചൻ ചേട്ടനാണ് കയറി വന്നത്...

“എന്താ മാമച്ചൻ ചേട്ടാ... കുമ്പസാരം തീരാറായോ...” അയാൾ ചോദിച്ചു.

“എനിക്കൊന്ന് തുറന്ന് കുമ്പസാരിക്കണം...” മാമച്ചൻ ചേട്ടൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അതിനല്ലേ വലിയ പരിചയമില്ലാത്ത അച്ചൻമാരെ കുമ്പസാരത്തിനു കൊണ്ടു വന്നിരിക്കുന്നത്. ഒഴിവ് നോക്കി തുറന്ന് കുമ്പസാരിക്കാമല്ലോ...” അയാൾ അലസഭാവത്തിൽ പറഞ്ഞു.

“എനിക്ക് നല്ല പരിചയമുള്ള അച്ചന്റെ അടുത്ത് കുമ്പസാരിച്ചാ മതി...” മാമച്ചൻ ചേട്ടൻ ഗൗരവഭാവത്തിൽ പറഞ്ഞു.

“മാമച്ചൻ ചേട്ടന് ആ കൂട്ടത്തിൽ ആരെയാ ഏറ്റവും പരിചയം.” അയാൾ കളിയായി ചോദിച്ചു.

മാമച്ചൻ ചേട്ടൻ അയാൾക്ക് നേരെ കൈചൂണ്ടി.

“ഈ അച്ചനെയാ എനിക്കേറ്റോം പരിചയം...”

മാമച്ചൻ ചേട്ടൻ കൈയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഊറാറ നീട്ടി.

“അപ്പോൾ കരുതിക്കൂട്ടിയാണ് വരവ്...” മനസ്സ് പിറുപിറുത്തു

കസേരയിലിരി ക്കാനുള്ള ക്ഷണം നിരസിച്ച് ആ വൃദ്ധൻ നിലത്ത് മുട്ടുകൾ കുത്തി. ഒരു നിമിഷം മുഖം മുകളിലേക്കുയർത്തി നിന്നു. പിന്നെ സാവകാശം പറഞ്ഞു തുടങ്ങി.

“പിതാവേ പാപിയായ എന്നിൽ കനിയണമേ...”

അയാളുടെ മനസ്സ് ആർദ്രമായി... അന്ത്യഅത്താഴവേളയിൽ ശിഷ്യൻമാരുടെ പാദങ്ങൾ കഴുകിയ ക്രിസ്തുവിന്റെ ഹൃദയം അയാളിൽ തുടിച്ചു. ക്രിസ്തു അയാളിലൂടെ ആ വൃദ്ധന്റെ സങ്കടങ്ങൾക്കു നേർക്കു ജിജ്ഞാസുവായി... കൊച്ചുകൊച്ചു സങ്കടങ്ങൾക്കിടയിൽ നിന്നും ആ വൃദ്ധശരീരത്തെ ഉലച്ചുകൊണ്ട് അപാരമായ പൊള്ളലോടെ ഏതാനും വാക്കുകൾ പുറത്തേക്ക് വന്നു.

“ഞാൻ ഒരച്ചനെ വേദനിപ്പിച്ചു...”

ചാട്ടവാറടിയേറ്റപോലെ അയാളൊന്നു പുളഞ്ഞു... മാമച്ചൻ ചേട്ടനോട് കയർത്ത ആ സായാഹ്‌നം മനസ്സിൽ ഒരു വെള്ളിടിപോലെ തെളിഞ്ഞു... കണ്ണുകൾ ജലം തിങ്ങി കാണാതായി... കാതുകളിൽ ആ വാക്കുകൾ കിടന്നുപൊള്ളുന്നു...

“ഞാൻ ഒരച്ചനെ വേദനിപ്പിച്ചു...”

ദൈവമേ അനുരഞ്ജനപ്പെടാതെ ഞാനിന്നോളമർപ്പിച്ച ദിവ്യബലികൾ... ഒരു നിലവിളി ഉള്ളിൽ നിന്നുയർന്നു...

ഒരുൾപ്രേരണയിൽ അയാൾ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു... മാമച്ചൻ ചേട്ടനെ ഇരുകൈകളിലും പിടിച്ചുയർത്തി... പിന്നെ പകച്ചുനിൽക്കുന്ന ആ വൃദ്ധനുമുമ്പിൽ മുട്ടുകുത്തി...

“ക്ഷമിക്ക്... എന്നോട് ക്ഷമിക്ക്...” പൊള്ളുന്ന തൊണ്ടയിൽ നിന്ന് ഏതാനും വാക്കുകൾ പുറത്തു ചാടി...

തന്റെ ചുമലിലമർന്ന മാമച്ചൻ ചേട്ടന്റെ കൈകൾ വിറയ്ക്കുന്നതും തലയിലേക്ക് കണ്ണീർത്തുള്ളികൾ ഇറ്റുവീണതും അത് തന്റെ പാപക്കറകളെ കഴുകി ശുദ്ധീകരിക്കുന്നതും മാത്രം അയാളറിഞ്ഞു.

അപ്പോൾ അവരെ തഴുകി കടന്നുപോയ കാറ്റിന് കുന്തിരിക്കത്തിന്റെ സുഗന്ധമുണ്ടായിരുന്നു...

  • (തുടരും)

കലയുടെ മരണം

ലോകം കാണുന്നുണ്ട് കേരളയുവത ശ്രദ്ധിക്കണം...

ആഫ്രിക്കയിലെ കത്തോലിക്കാ ജനസംഖ്യ യൂറോപ്പിനെ മറികടന്നു

നോ

കൈയെഴുത്തുപ്രതികളുടെ ശേഖരം വീണ്ടും സഭയിലേക്ക്