നോ

NO
Published on: 
  • ജോസ് മഴുവഞ്ചേരി

ലണ്ടനില്‍ തിരക്കേറും മേഫ്‌ളവര്‍ മാളിന്‍ മുന്നില്‍

കണ്ടല്ലോ സുമുഖനാം വിദ്യാര്‍ത്ഥി യൂണിഫോമില്‍

പാവമാം സതീര്‍ഥ്യന് വീടൊന്ന് നിര്‍മ്മിച്ചീടാന്‍

ഏവരും പലഹാരം വില്‍ക്കുന്നൂ മാറിമാറി

പലരും കടന്നുപോയ് നോ എന്ന് ചൊല്ലിക്കൊണ്ട്

ചിലരോ ശല്യത്തോടെ പത്ത് പൗണ്ടെന്താ വില!

അപ്പോഴും ചിരിയാലെ താങ്ക്‌സ് എന്ന് ചൊല്ലീടുന്നു

അല്‍പവും ദേഷ്യമില്ലാ, മ്ലാനത മുഖത്തില്ല

ഇതെല്ലാം കണ്ടെന്‍ മകള്‍ പായ്ക്കറ്റ് വാങ്ങീടുന്നു

പതിയെ ചോദിക്കുന്നു എത്രയാ നിന്റെ ടാര്‍ഗറ്റ്

നൂറ് പേര്‍ നോ ചൊല്ലുമ്പോള്‍ എന്നുടെ ജോലിതീരും

വേറൊരാള്‍ വന്ന് നില്‍ക്കും സ്‌കൂളിന്‍ പ്രൊജക്ടിത്.

അടുത്തു നിന്നീടുന്ന ടീച്ചറോ മൊഴിയുന്നു

തുടക്കം മുതല്‍ തന്നേ കുട്ടികള്‍ നോ കേള്‍ക്കണം

എങ്കിലേ വളരുമ്പോള്‍ ജീവിത പ്രതിസന്ധി

ശങ്കകള്‍ കൂടാതവര്‍ പക്വമായ് നോക്കിക്കാണൂ

ബര്‍ത്ത്‌ഡേ ഗിഫ്റ്റായി മകന്‍ ചോദിപ്പൂ മിനികൂപ്പര്‍

വര്‍ത്തായി മാതാവപ്പോള്‍ ചൊല്ലണം ‘ഇല്ല’ എന്ന്

ഔട്ടിംഗ് നടത്തുവാന്‍ ആവശ്യം ബെന്‍സിന്‍ താക്കോല്‍

ഔട്ട്‌റെറ്റായി വിധി ‘ഇല്ല’ പ്രായമെത്തുമ്പോള്‍ തരാം.