

ശാസ്ത്രസാങ്കേതികവിദ്യയുടെ ആധിപത്യത്തിൽ കല മരിക്കുന്നു. സർവ്വകലാശാലകളിലും കലകൾ അപ്രസക്തമാകുകയാണ്.
ഹേഗലിന്റെ സൗന്ദര്യത്തെക്കുറിച്ച് 1200 പേജുകളുള്ള പഠ നത്തിൽ പറയുന്നു: “പഴയ കാലഘട്ടങ്ങളിലും ദേശങ്ങളിലും അന്വേ ഷിച്ചു കണ്ടെത്തിയ ആത്മീയാവശ്യങ്ങളുടെ സംതൃപ്തി കലയ്ക്കു തുടർന്നു നല്കാൻ കഴിയുന്നില്ല. കലയുടെ ഏറ്റവും ഉന്നതമായ വിളി പഴയകാലങ്ങളിൽ മാത്രം കണ്ടെത്തിയിരുന്നു.” കലയുടെ മരണ മാണ് അദ്ദേഹം വിളംബരം ചെയ്യുന്നത്. മനുഷ്യന്റെ പൂർണ്ണതയിലേ ക്കുള്ള നിരന്തരമായ ഉയർച്ചയാണ് കലയുടെ വിളിയും ദൗത്യവു മായി അദ്ദേഹം കരുതുന്നത്. കലയുടെ ധർമ്മം അതിന്റെ ശോഭി ക്കൽ (Schein) ആണ്. ഗ്രീക്കു പുരാണത്തിൽ ആയിരം കണ്ണുള്ള ആർഗൂസിനെപ്പോലെ നിത്യമായ ജാഗ്രതയാണ് കലയുടെ തനിമ. അപ്പോളോ ദേവന്റെ തലയില്ലാത്ത ശരീരത്തെക്കുറിച്ചു റിൽക്കെ യുടെ കവിത പറയുന്നു: “നിന്നെ കാണാത്ത ഒരിടവുമില്ല. നീ നിന്റെ ജീവിതം മാറ്റണം.” ദൃശ്യമായ ചിത്രത്തെ ഭാഷയിലേക്ക് മാറ്റുന്ന കാവ്യരൂപാന്തരത്തെക്കുറിച്ചാണ് കവി ഇവിടെ പ്രതിപാദിക്കുന്നത്. ചിത്രങ്ങൾ അക്ഷരങ്ങളായി മാറ്റണം എന്നർത്ഥം. അങ്ങനെ കല യുടെ ലക്ഷ്യം ആത്മാവിന്റെ കേവലമായ പ്രകാശനമാണ്. കല മനുഷ്യന്റെ സ്വയം കണ്ടെത്തലിന്റെ സാംസ്കാരികരൂപമാണ്. ഗ്രീക്കു കല മനുഷ്യകേന്ദ്രീകൃതമായിരുന്നു. എന്നാൽ അത് ഉന്നതമായ മതത്തിൽ എത്തിയില്ല എന്നു ഹേഗൽ പറയുന്നു. മനുഷ്യഹൃദയത്തിൽ ഉണ്ടാകുന്ന ഒന്നും ആത്മാവിനു അന്യമല്ല. മനുഷ്യനാണ് കലയുടെ വിശുദ്ധ ഇടം.
സോക്രട്ടീസിനു കാര്യകാരണബന്ധത്തിന്റെ യുക്തിയുടെ വഴിയിൽ അസ്തിത്വത്തിന്റെ ആഴങ്ങൾ അറിയാനും മറ്റുള്ളവരെ തിരു ത്താനും കഴിയും എന്നു പ്രതീക്ഷിച്ചു. പക്ഷെ, അതു കഴിയാതെ പോയി. അസ്തിത്വം ശാസ്ത്രത്തിനു മനസ്സിലാകാത്ത സമസ്യയായി. ശാസ്ത്രത്തിന്റെ അറിവ് ആധിപത്യമായിരുന്നു. യാഥാർത്ഥ്യത്തെ കീഴടക്കി മനസ്സിലാക്കാനാണ് ശാസ്ത്രങ്ങൾ പരിശ്രമിക്കുന്നത്. ശാസ്ത്ര ത്തിന്റെ വസ്തുനിഷ്ഠതയിൽ മനുഷ്യന്റെ ആന്തരികത മരിക്കുന്നു. മനുഷ്യന് മനുഷ്യനായി ജീവിക്കാനും ഭൂമിക്കു ഭൂമിയായി തുടരാനും ശാസ്ത്രത്തിലോ സാങ്കേതിക വിദ്യയിലോ സാധിക്കില്ല. അതു സാധി ക്കുന്നതു കലയിൽ മാത്രമാണ്. എന്നാൽ ശാസ്ത്രസാങ്കേതികവിദ്യ യുടെ ആധിപത്യത്തിൽ കല മരിക്കുന്നു. സർവ്വകലാശാലകളിലും കലകൾ അപ്രസക്തമാകുകയാണ്. ആ വിഷയങ്ങൾ പഠിക്കാൻ വിദ്യാർത്ഥികളില്ല, അതിൽ വലിയ ജോലി സാധ്യതകളില്ല. കഴിവു ള്ള വിദ്യാർത്ഥികൾ സാങ്കേതിക ലോകത്തിലാണ്.
കലയ്ക്കു മാത്രമല്ല കഷ്ടകാലമുണ്ടാകുന്നത്, മതവും മരണത്തെ നേരിടുന്ന പ്രതിസന്ധിയുണ്ട്. ഇവിടെ മനുഷ്യഭാഷയിലേക്കു തിരി യണം എന്നാണ് ചിന്തകരും കവികളും സൂചിപ്പിക്കുന്നത്. അസ്തി ത്വം മനുഷ്യനിൽ സംസാരിക്കുന്നു. അസ്തിത്വത്തിന്റെ കാവ്യഭാഷ മനുഷ്യനിലാണ് ആരംഭിക്കുന്നത്. ലോകത്തിലെ ഏതു കാര്യവു മായി വ്യത്യസ്തമായി ബന്ധപ്പെടാനാണ് മഹത്തായ കാവ്യം കാരണ മാകുന്നത്. അതു നാം ലോകത്തിലായിരിക്കുന്ന വിധം ഉണ്ടാക്കു ന്നു. എല്ലാം പുതുതായി കാണുന്ന പുതിയ ലോകമുണ്ടാക്കുന്നു. ഒരു കാര്യം മൂല്യവത്തും അർത്ഥവത്തുമായി പറയുന്നതു കാവ്യ മാണ്. എന്നാൽ ശാസ്ത്രസാങ്കേതികവിദ്യകൾ എല്ലാം വസ്തുക്കളാ ക്കുന്നു. അത് എല്ലാം കണക്കാക്കുന്ന കാഴ്ചപ്പാടിലാണ് കാവ്യം മരി ക്കുന്നത്. എല്ലാം വസ്തുക്കളാക്കപ്പെടുന്ന കാഴ്ചപ്പാടിന്റെ ലോകത്തിൽ കാവ്യം മരിക്കും.
ശരിയായി ഭൂമിയിൽ വസിക്കാൻ കഴിയുന്നതു കാവ്യത്തിലാണ്. അതാണ് മനുഷ്യനെ സാമൂഹികജീവിയാക്കുന്നത്. വസ്തുനിഷ്ഠമായ ശാസ്ത്രത്തിന്റെ കാഴ്ചപ്പാട് യാഥാർത്ഥ്യത്തിന്റെയും ജീവിതത്തിന്റെയും തലങ്ങളിലെ അർത്ഥപ്രസക്തികളും മൂല്യങ്ങളും ഹരിച്ചു കളയുന്നു. എല്ലാം വസ്തുനിഷ്ഠമാക്കുന്നു. വസ്തുവൽക്കരണം എന്ന വീക്ഷണം ഭരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം.
എന്നാൽ ആധുനിക ശാസ്ത്രം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഫിസിക്സാണ്. പക്ഷെ, അത് അരിസ്റ്റോട്ടൽ പറയുന്ന ഫിസിക്സ് അല്ല - ന്യൂട്ടനും ഗലീലിയോയും അർത്ഥമാക്കുന്ന ഫിസിക്സ് ആണ്. ഇവിടെ ഫിസിക്സ് എന്ന ശാസ്ത്രത്തിന്റെ അടിസ്ഥാനം ഗണിതശാസ്ത്ര മാണ്. ശാസ്ത്രഭാഷ ഗണിതമാണ്. ഈ ഭൗതികശാസ്ത്രത്തിൽ “സാധനം” ചിന്തയിൽ നിന്ന് ചാടിപോകുന്നു. ഗണിതമാക്കുന്നത് അമൂർ ത്തമായി പരിഗണിച്ച് സംഖ്യയാക്കലാണ്. യാഥാർത്ഥ്യം വെറും ആശയമായി, അക്കമായി.
ഈ ഗണിതശാസ്ത്രത്തിന്റെ ആവിർഭാവം യൂറോപ്പിലാണ് ഉണ്ടായത്. യൂറോപ്പിൽ തൽഫലമായി കലകളും മതവും മരണപ്പെടുന്നു. അവയുടെ പ്രേതങ്ങൾ മാത്രം അവിടെ അവശേഷിക്കുന്നു. കണ ക്കിന്റെ ലോകം മൂല്യങ്ങളുടെ ലോകമല്ല. ഈ പ്രതിസന്ധി തിരിച്ചറി യുന്നത് ആരാണ്? ഭാരതത്തിലും വിദ്യാഭ്യാസസംസ്കാരം യൂറോ പ്യൻ ഫിസിക്സിന്റെ തന്നെയാണ്. കുറെ ആളുകൾ ചിന്തിക്കുന്നില്ല എന്നതല്ല പ്രശ്നം. ചിന്താശൂന്യത ഒരു സാംസ്കാരിക സ്വഭാവമായി മാറുന്നു. കണക്കുകൂട്ടുന്ന ചിന്ത നമ്മെ നയിക്കുന്നത് ആധിപത്യ ത്തിന്റെ ചിന്തയിലേക്കാണ്. എന്റെ ലാഭത്തിന് എല്ലാം വിധേയപ്പെടുത്തുന്ന ഫാസിസം ഈ സംസ്കാരത്തിൽ എളുപ്പം വളരുന്നു.