ടോം കെ. ജോസ്
അധ്യായം : ഇരുപത്തിയഞ്ച്
“അച്ചാ... കുരിശു മേടിച്ചാ മതിയോ. കുരിശിന് കാല് വേണ്ടേ...”
വെള്ളിക്കുരിശും സ്വർണ്ണകുരിശും വാങ്ങാൻ ഷാജിയുടെ വാഹനത്തിലാണ് പോയത്. രണ്ട് കുരിശിനും അടിയിൽ അലങ്കാരമായി കെട്ടാനുള്ള മൊന്ത വാങ്ങിയിരുന്നു. പക്ഷേ കടക്കാർ കാണിച്ച ഫൈബറിന്റെ കാലുകൾ ഷാജിക്കും സണ്ണിക്കും ഇഷ്ടപ്പെട്ടില്ല.
പുതിയ കുരിശുകൾ കാണാനാണ് കുറേക്കാലം കൂടി വിത്സൺ പ്രത്യക്ഷപ്പെട്ടത്.
മുഖത്ത് ചെറിയ സങ്കോചമുണ്ടായിരുന്നു.
ഫോൺ മാറ്റി. “നമ്മക്കിതേ പറഞ്ഞിട്ടുള്ളൂ...”
അയാൾ നോക്കുന്നതുകണ്ട് വിത്സൺ കീശയിൽ നിന്ന് ഞെക്കുഫോൺ എടുത്തുകാട്ടി.
“അപ്പോൾ പഴയ ഫോൺ...?”
“അത് ഷൈനിക്ക് കൊടുത്തു. പിള്ളേർക്ക് പഠിക്കാനൊള്ളതൊക്കെ ഇപ്പം ഫോണിലാ വരവ്.”
സംസാരം കുറേക്കഴിഞ്ഞാണ് കുരിശിന്റെ കാലുകളിലേക്കെത്തിയത്.
“അതൊക്കെ എവിടുന്നെങ്കിലും സംഘടിപ്പിക്കാമല്ലോ.” അയാളുടെ വാക്കുകളിൽ തെല്ലൊരു നിസ്സംഗതയുണ്ടായിരുന്നു.
“അങ്ങനെ ചുമ്മാ എവിടുന്നെങ്കിലും സംഘടിപ്പിച്ചാൽ പോരാ. നമ്മുടെ ഇടവക പള്ളിയിലേക്ക് ആദ്യം മേടിക്കുന്ന സ്വർണ്ണ കുരിശും വെള്ളി കുരിശും അല്ലേ? അത് ഏതേലും തടിയേ ചുമ്മാ ഉറപ്പിക്കാനാണോ അച്ചന്റെ പ്ലാൻ?...”
“പിന്നെ...”
“ഞാനൊരു വഴി പറയട്ടെ...” അവൻ അയാളുടെ അരികിലേക്ക് അടുത്തു. വിത്സന്റെ ശബ്ദം താഴ്ന്നു. “അതിന് നമുക്ക് ഏറ്റവും പറ്റിയ സാധനം തന്നെ വേണം. കാട്ടില് പൊഴംപള്ളത്ത് ഒരു സൊയമ്പൻ ചൂണ്ടപ്പന ആര് മുറ്റി നിപ്പൊണ്ട്. വയസ്സായതുകൊണ്ട് കൊലയെല്ലാം കരിഞ്ഞു. പട്ടയെല്ലാം പഴുത്തു നിക്കുവാ.”
“കാട്ടിൽ കേറി ഒന്നും വെട്ടണ്ട. നിയമം ലംഘിച്ച് ഒന്നും നമുക്ക് വേണ്ട വിത്സാ.”
“എന്റെ അച്ചാ... അതിന്റെ മണ്ട കുശുത്തു നിക്കുവാ. പെയ്ത്തുവെള്ളമിറങ്ങി മണ്ട ചീയാൻ തൊടങ്ങി. ഒണങ്ങിയാ അടീന്ന് വൻ ചെതലും കേറും. അത് ചുമ്മാ ചെതലിന് തിന്നാൻ കൊടുക്കണോ...”
“അങ്ങനെ എന്തെല്ലാം മണ്ണോട് ചേരുന്നു വിത്സാ.”
“ഈ അച്ചന്റെ ഒരു കാര്യം.” വിത്സന് ശുണ്ഠി കയറി.
“അങ്ങനെ എല്ലാ നെയമോം നോക്കി നിന്നാ ജീവിക്കാൻ പറ്റത്തില്ല അച്ചോ.”
“പാലിക്കാനല്ലെങ്കിൽ പിന്നെ നിയമം എന്തിനാ വിത്സാ...” അയാൾക്ക് വിട്ടു കൊടുക്കാൻ തോന്നിയില്ല.
“അതേ. അതിന് ഒരു വഴിയുണ്ട്...” വിത്സൻ ഒരു കള്ളപ്പുഞ്ചിരിയോടെ പറഞ്ഞു.
“പൊഴേക്കോടെ ഒഴുകിവരുന്ന തടി ആർക്കും പിടിക്കാം. വില്ക്കാൻ പാടില്ലെന്നേയുള്ളൂ.”
“അതിന് പന പുഴയിൽ കൂടി തന്നെ ഒഴുകി വരുമോ വിത്സാ...”
“അതൊക്കെ അച്ചൻ കണ്ടോ. വാച്ചർ വാവച്ചൻ ചേട്ടൻ കൂടെയുണ്ടേ പനയല്ല ഈ കാടുമൊത്തം പൊഴേക്കൂടെ ഒഴുകും.”
അയാൾ ചോദ്യഭാവത്തിൽ നോക്കി.
“ഇതേ എന്റെ എന്റേമാത്രം ഐഡിയയല്ല. വാവച്ചൻചേട്ടനും സണ്ണീം ഷാജീം ഒക്കെ പുറകിലുണ്ട്.” വിത്സന് തികഞ്ഞ ആത്മവിശ്വാസം.
“എന്നാലും കള്ളത്തടി കൊണ്ടുതന്നെ വേണോ പൊന്നിൻകുരിശിന് കാല്.”
“ഈ പ്രപഞ്ചത്തിലെ എല്ലാം ദൈവത്തിന്റെയല്ലേ അച്ചോ... അച്ചനോട് ഞാനൊന്നും പറഞ്ഞിട്ടുമില്ല. അച്ചനൊന്നും കേട്ടിട്ടുമില്ല.” വിത്സൻ നടന്നകന്നു.
മൂന്നു ദിവസങ്ങൾ വേഗത്തിൽ ഒന്നും പറയാതെ കടന്നുപോയി.
ഇരുട്ട് കനത്തപ്പോഴാണ് വിത്സനും ജോയിയും മറ്റൊരാളും കൂടി നനഞ്ഞൊലിച്ച് കയറി വന്നത്.
“ഇതാരാ?” അയാൾ അപരിചിതനെ നോക്കി.
“ഇതുവരെ പിടിതരാതെ നടന്നോനാ. മലാൻ ബെന്നി.”
വിത്സന്റെ പരിചയപ്പെടുത്തൽ കഴിഞ്ഞപ്പോൾ മലാൻ വെളിച്ചത്തിലേക്ക് നീങ്ങി നിന്നു. മലാന്റെ ശരീരമാസകലം നീര്. ചുണ്ടുകളും കൺപോളകളും ചെവിയും ചുവന്ന് തടിച്ചിരിക്കുന്നു. കണ്ണുകൾ മുക്കാലും അടഞ്ഞ മട്ടാണ്.
“ചേര് ചൊരുക്കി.” അയാൾ സൂക്ഷിച്ചുനോക്കുന്നത് കണ്ട് ജോയി പറഞ്ഞു.
“ചേരോ?” അയാൾക്ക് ഒന്നും മനസ്സിലായില്ല.
“വല്ല്യ കഥയാ . പറയാം...” വിത്സൻ വിവരിക്കാൻ തയ്യാറെടുത്തു.
“അതേ പൊഴക്കരയിൽ കാണുന്ന ഒരു മരമാ ചേര്. അതിന്റെ ഇല മുട്ടിയാലും പാല് പറ്റിയാലും മേല് നീര് വന്ന് വീർക്കും.”
“അതിന് താന്നിക്ക് വലം വെച്ചാ മതി.” ജോയി പറഞ്ഞു.
അയാൾ ഒന്നും പിടികിട്ടാതെ നിന്നു.
“അതൊണ്ടല്ലോ പന വീഴിച്ചുകഴിഞ്ഞ് ചോട്ടു മുറിയും നടുമുറിയും കൂട്ടിക്കെട്ടി ചങ്ങാടമാക്കി. ഇവനാ ചങ്ങാടം തുഴഞ്ഞു വന്നേ...” വിത്സൻ മലാന് നേർക്ക് കൈചൂണ്ടി.
ഞങ്ങൾ കോടാലിയും വാക്കത്തീം കൊണ്ട് കരേക്കൂടെ പോന്നു.
“ചെള്ളൻ പാപ്പന്റെ കടവ് കഴിഞ്ഞാ കുത്തൊഴുക്കാ. പണ്ടാരം കെട്ടുപൊട്ടി രണ്ടു വഴിക്കായി. ഞാൻ ചോട്ടു മുറിയിൽ അള്ളിപ്പിടിച്ചിരുന്നു. ഇരുട്ടായോണ്ട് എതിലെയൊക്കെയോ പോയി. അപ്ലാ ചേരേൽ മുട്ടിയേ...” മലാൻ ആദ്യമായി വായ് തുറന്നു.
“മറ്റേക്കഷണം ജോയി തപ്പിപ്പിടിച്ചു.” വിത്സൺ വിജയഭാവത്തിൽപറഞ്ഞു.
“ഇതൊന്നും വേണ്ടാന്ന് ഞാൻ പറഞ്ഞിട്ട്...” അയാളുടെ സ്വരമുയർന്നു.
“അച്ചൻ ഒന്നും പേടിക്കേണ്ട. മലാൻ നമ്മടെ സൊന്തം ആളാ. പീലിച്ചേട്ടന്റെ മൂത്തതാ.”
“മലാനോ.”
“അത് നാട്ടുകാരിട്ട പേരാ. പണ്ട് കാട്ടുനായ്ക്കൾ ഒരു മലാനെ ഓടിച്ച് പൊഴേ ചാടിച്ചു. മലാൻ നീന്തി പൊഴേടെ നടുക്ക് പതച്ചുനിന്നു. പട്ടികള് നീന്തി മടുത്തപ്പം കരയ്ക്ക് കയറി കാവലായി. അപ്പോ ഇവൻ കത്തി കടിച്ചു പിടിച്ച് മുങ്ങാം കുഴിയിട്ട് ചെന്ന് അതിന്റെ കഴുത്തിന് കുത്തി കയറേക്കെട്ടി കരയെത്തിച്ചു. അന്നു വീണ പേരാ മലാനെന്ന്.”
അയാളുടെ കൺമുമ്പിൽ അസ്വസ്ഥമായ ജലപ്പരപ്പ് തെളിഞ്ഞു. ഒരു സാധുമൃഗം പ്രാണനുവേണ്ടി പൊരുതുന്നു. വലയം ചെയ്ത് നാവ് നുണഞ്ഞ് ശത്രുക്കളാണ് ചുറ്റും.. ജലഗർഭത്തിൽ നിന്നും ഒരു തിളക്കം അടുത്തുവരുന്നു. ആ മൃഗത്തിന് ആരുടെ മുഖമാണ്? തന്റെ... സിനിയുടെ... സ്റ്റെഫിയുടെ... ഷൈനിയുടെ... ജലരാശിപോലെ മനസ്സ് അസ്വസ്ഥമായി. ചിന്തകളെ കുടഞ്ഞു കളയാനെന്നോണം അയാൾ തലകുടഞ്ഞു.
അയാളുടെ ഭാവമാറ്റം കണ്ട് മലാനും കൂട്ടരും ഇരുളിൽ മറഞ്ഞു.
പിന്നീടുള്ള പണികൾ ഏറ്റെടുത്തത് വിത്സന്റെ പിതാവായ കറിയാച്ചനായിരുന്നു. നാട്ടിലെ പെരുന്തച്ചനാണ് കറിയാച്ചൻ. അറിയാത്ത സൂത്രപ്പണികളില്ല. രൂപക്കൂടു മുതൽ ശവപ്പെട്ടി അലങ്കാരം വരെ തന്മയത്തോടെ ചെയ്യും. അലക് ചീകിയതുപോലെ ഉറച്ച ശരീരം. നെഞ്ചിൽ ഞാന്നു കിടക്കുന്ന വെന്തിങ്ങ. മുറുക്കാൻ ചവച്ചുകൊണ്ട് കറിയാച്ചൻ പനം മുറിയെ ഒന്നുവലംവെച്ചു. പനംമുറികളെ ആസക്തിയോടെ നോക്കി.
“ഇതു മുഴുവനും വേണോ?” അയാൾ ചോദിച്ചു.
“ബാക്കിക്ക് കൊറച്ച് തൂമ്പാക്കൈ. പൊറത്തുപോകാതെ നോക്കിക്കോളാം.” വിത്സൺ ചാടിപ്പറഞ്ഞു.
“കുരിശിന്റെ ചെലവിൽ തന്നെ വേണം. തൂമ്പാക്കൈ.” അയാൾ നീരസഭാവത്തിൽ പറഞ്ഞു.
കറിയാച്ചൻ ഇതൊന്നും കേൾക്കാതെ കണക്കുകൂട്ടലിലായിരുന്നു.
കടുക്കാമഷി നിറച്ച ചിരട്ടയിൽ നൂല് മുക്കി തടിയിൽ അടയാളമിട്ടു. കുഞ്ഞുളികൾ ഇടവിട്ട് അടിച്ചുകയറ്റി പനം തടി പിളർത്തി. ആരിന്റെ ഇഴയടുപ്പം തടിയിൽ തെളിഞ്ഞു.
“ആരിന്റെ അടുപ്പം കണ്ടോ. സാധാരണ ഉളി കേറൂല.” കറിയാച്ചൻ അഭിപ്രായപ്പെട്ടു.
അടുത്തത് പനത്തടിയുടെ കീറിയ കഷണങ്ങളുടെ വളവ് നിവർത്തുന്ന പണിയായിരുന്നു. മുറ്റത്ത് കരിയിലയും ചെറിയ ചുള്ളിക്കമ്പുകളും ഇട്ടുകൂട്ടി അതിന് നടുവിൽ പനം കഷണങ്ങൾ നിരത്തി കറിയാച്ചൻ തീ കൊളുത്തി. ചൂടേറ്റ് വഴക്കം വന്ന കഷണങ്ങളെ ഒരേ അളവിൽ കുറ്റിയടിച്ച് കെട്ടി.
“ഇപ്പം നിവർന്നു കിട്ടിയാപ്പിന്നെ ജമ്മത്ത് വളയൂല.” കറിയാച്ചൻ ആത്മഗതം ചെയ്തു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് കറിയാച്ചൻ വീണ്ടുമെത്തി. ഇത്തവണ പൊട്ടിയ ഗ്ലാസ് കഷണങ്ങളായിരുന്നു ആയുധം. കരി തുടച്ച് ഓരോ കാലും കുപ്പിച്ചില്ലുകൊണ്ട് ഉരച്ച് മിനുസപ്പെടുത്തി. കാലുകളുടെ പ്രതലം സ്ഥടികം പോലെ വിളങ്ങി. കറിയാച്ചൻ കണിശതയോടെ ഓരോ കാലും തുല്യനീളത്തിൽ മുറിച്ചെടുത്തു. മുകളറ്റത്ത് കുടുമ്മിയും കൊതയുമിട്ടു. അടിഭാഗം നന്നായി ഉരുട്ടി. ഏറ്റവുമവസാനം കുഞ്ഞുങ്ങളെ കുളിപ്പിക്കാനൊരുക്കുന്നതു പോലെ ഓരോ കാലും മടിയിൽ വച്ച് നല്ലെണ്ണ തേച്ചു.
“ഈ തെളക്കം പോണേ എന്നോട് ചോദിക്കണം.”
കാലുകളേക്കാൾ തിളക്കം നിറഞ്ഞ മുഖത്തോടെ കൂലി മേടിക്കാതെ കറിയാച്ചൻ മടങ്ങി.
അന്നു വൈകിട്ട് വിത്സന്റെ ജീപ്പ് പൊടി പറത്തിവന്നു.
“വിത്സാ കാല് കാണണ്ടേ.” അയാൾ ഇറങ്ങിച്ചെന്നു.
“ഞാൻ അച്ചനെയൊന്നു കാണാൻ.”
വിത്സൺ മടിച്ചുമടിച്ച് അടുത്തുവന്നു.
“എന്താ വിത്സാ.” പതിവില്ലാത്ത ഒരു പരുങ്ങൽ.
“അച്ചനോട് ഒരു കാര്യം ചോദിച്ചാ എന്നോട് സത്യം പറയുവോ...”
“വിത്സനോട് ഞാനെന്തിന് നുണ പറയണം?”
“അച്ചന് എന്നെ കാണുമ്പോ അറപ്പ് തോന്നില്ലേ.” വിത്സന്റെ നോട്ടം നിലത്താണ്.
“ചെളിപറ്റിയ കുഞ്ഞുങ്ങളെ അമ്മമാർ കുളിപ്പിക്കാറല്ലെ പതിവ്. ഉപേക്ഷിക്കുകയല്ലല്ലോ.”
ഉദയസൂര്യന്റെ പോലെ വിത്സന്റെ മുഖം തിളങ്ങി.
(തുടരും)