

കൊച്ചി • കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ക്രൈസ്തവർക്കെതിരെ ആക്രമണങ്ങളുണ്ടായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നേരിട്ടു വിളിച്ചു ക്രിസ്മസ് ആഘോഷങ്ങൾക്കു പൂർണസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊച്ചിയിൽ ചാവറ കൾചറൽ സെന്ററും കെസിബിസി മീഡിയ കമ്മീഷനും ചേർന്നു സംഘടിപ്പിച്ച ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‌ലെസ്’ സിനിമയുടെ ആഗോള വിജയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“പുല്ലുവഴിയിൽനിന്നു പുണ്യപദവിയിലേക്ക് ഉയർത്തപ്പെട്ട വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ മധ്യപ്രദേശിലെ സാധാരണ ഗ്രാമീണരിൽ സാമൂഹികസേവനം നടത്തിയതിന്റെ പേരിൽ ഒട്ടേറെ പീഡാനുഭവങ്ങളാണു നേരിട്ടത്. അവരുടെ ഓർമയ്ക്കായി ഒരുക്കിയ ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‌ലെസ്’ ചലച്ചിത്രം സാംസ്കാരിക രംഗത്തെ വലിയ പ്രതിരോധമാണ്. ക്രൈസ്തവർ മതപരിവർത്തനം നടത്തുന്നുവെന്ന പ്രചാരണം തന്നെ തെറ്റാണ്. ക്രൈസ്തവരുടെ എണ്ണം കുറഞ്ഞതായാണു സെൻസസ് കണക്കുകൾ വ്യക്തമാക്കുന്നത്”, അദ്ദേഹം പറഞ്ഞു.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‌ലെസ്’ സംവിധായകൻ ഷെയ്സൺ പി. ഔസേഫ്, നിർമാതാവ് സാന്ദ്ര ഡിസൂസ എന്നിവരെ പ്രതിപക്ഷ നേതാവ് ആദരിച്ചു. മന്ത്രി റോജി എം. ജോൺ, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, കുപാസ്നം ഡയറക്ടർ ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ, ഫാ. വി.സി. ജോർജ് പനയ്ക്കൽ, കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൻ, ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.