വിശുദ്ധ ആന്‍ഡ്രൂ ഡങ്‌ലാക്കും സഹപ്രവര്‍ത്തകരും (1862) : നവംബര്‍ 24

1820-നും 1862-നുമിടയില്‍ രക്തസാക്ഷികളായവരാണ്‌ ആന്‍ഡ്രൂ ഡങ്‌ലാക്കും മറ്റ് 116 പേരും
വിശുദ്ധ ആന്‍ഡ്രൂ ഡങ്‌ലാക്കും സഹപ്രവര്‍ത്തകരും (1862) : നവംബര്‍ 24
വിയറ്റ്‌നാം അന്ന് മൂന്ന് രാജ്യങ്ങളാണ്. അവിടെ ആദ്യമായി ക്രിസ്തീയ വിശ്വാസം എത്തിക്കുകയും ജനങ്ങളെ സ്‌നാനപ്പെടുത്തുകയും ചെയ്തത് പോര്‍ട്ടുഗീസുകാരാണ്. 1615-ല്‍ ജസ്യൂട്ട് മിഷണറിമാരാണ് ആദ്യമായി ദാനാങ്ങില്‍ മിഷന്‍പ്രവര്‍ത്തനകേന്ദ്രം തുറന്നത്. അവര്‍ ജപ്പാനില്‍ നിന്ന് അവിടെ എത്തിയതായിരുന്നു. ഫ്രഞ്ചുകാരും സ്‌പെയിന്‍ കാരും അവര്‍ക്കു പിന്നാലെ വിയറ്റ്‌നാമിലെത്തി.

എന്നാല്‍, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചതോടൊപ്പം ക്രൂരമായ മതപീഡനങ്ങളും ആരംഭിച്ചു. എല്ലാ മിഷന്‍ പ്രവര്‍ത്തനങ്ങളും നിരോധിക്കപ്പെട്ടു. ക്രിസ്തീയ വിശ്വാസം തുടച്ചു നീക്കാനായി വിശ്വാസികളെയെല്ലാം ക്രൂരമായി പീഡിപ്പിക്കാനും വധിക്കാനും ആരംഭിച്ചു. അങ്ങനെ ഒരു ലക്ഷത്തിനും മൂന്നുലക്ഷത്തിനുമിടയില്‍ വിശ്വാസികള്‍ വിവിധതരം പീഡനങ്ങള്‍ക്കും കഷ്ടതകള്‍ക്കും വിധേയരാക്കപ്പെട്ടു. അവസാനം രക്തസാക്ഷികളാക്കപ്പെട്ടത് 17 അല്‍മായരാണ്. അവരില്‍ ഒമ്പതു വയസ്സു മാത്രം പ്രായമുള്ള ഒരു ബാലനും ഉണ്ടായിരുന്നു. അതേവര്‍ഷം തന്നെ, അതായത് 1862-ല്‍ ഫ്രാന്‍സുമായുണ്ടാക്കിയ ഒരു ഉടമ്പടിപ്രകാരം കത്തോലിക്കര്‍ക്ക് വിശ്വാസസ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എങ്കിലും മതപീഡനം പൂര്‍ണ്ണമായി അവസാനിച്ചിരുന്നില്ല.

1820-നും 1862-നുമിടയില്‍ രക്തസാക്ഷികളായവരില്‍ ആന്‍ഡ്രൂ ഡങ്‌ലാക്കും മറ്റ് 116 പേരും ഉള്‍പ്പെടുന്നു. ഈ ഗ്രൂപ്പിലെ അംഗങ്ങളെല്ലാവരെയും ബാച്ചുകളായി 1900-1951 കാലഘട്ടത്തില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ പെടുത്തുകയുണ്ടായി. 1988 ജൂണ്‍ 18-ന് പോപ്പ് ജോണ്‍ പോള്‍ II അവരെല്ലാവരെയും വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു.

കുരിശെന്ന വാതിലിലൂടെയാണ് ദൈവം നമ്മുടെ ജീവിതത്തില്‍ പ്രവേശിക്കുന്നത്.
വാഴ്ത്തപ്പെട്ട ജയിംസ് അല്‍ബേരിയോണെ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org