ടോം കെ. ജോസ്
അധ്യായം - പതിനാറ്
“എന്താ മത്തായിച്ചേട്ടാ?”
“അച്ചൻ അന്വോഷിച്ചൂന്ന് പറഞ്ഞു...”
“വന്നിട്ട് കുറേ നേരമായോ.”
“അച്ചൻ പൊഴയ്ക്ക് പോയെന്നു പറഞ്ഞാരുന്നു. കണ്ടേച്ചു പോകാൻ നിന്നതാ.”
“നാളെ എവിടെയാ പണി?”
“തോട്ടം ചേച്ചിടെ മതിലിന്റെ കെട്ടാ...”
“ഒരു ദിവസം ലീവാക്കാമോ?”
“അച്ചൻ പറഞ്ഞാൽ...” മത്തായി തല ചൊറിഞ്ഞു. പിന്നെ നിഷ്കളങ്കമായി ചിരിച്ചു.
“ചേച്ചിയെ ഞാൻ വിളിച്ചു പറഞ്ഞോളാം. മത്തായിച്ചൻ രാവിലെ ഇങ്ങുപോരെ.”
“പണി എവിടെയാന്നു പറഞ്ഞാ...”
“അതു പറഞ്ഞില്ലല്ലോ. ഭാസ്കരേട്ടന്റെ വീട്ടിലാ പണി.”
മണിയാണികളുടെ പേര് കേട്ടതും മത്തായിച്ചന്റെ മുഖം മങ്ങി.
“മത്തായിച്ചൻ തന്നെ പോണ്ട. ഞാനും വരാം. കല്ലുമുറിക്കാൻ എനിക്കും പഠിക്കാലോ.”
“കൊച്ചൂഞ്ഞിനെ കൊണ്ടുപൊക്കോളാം.”
“അതെന്താ ഞാൻ വന്നാൽ. മത്തായിച്ചേട്ടന് ബുദ്ധിമുട്ടാകുമോ.”
“അച്ചനെകൊണ്ട് പണിയെടുപ്പിക്ക്യാന്നു പറഞ്ഞാ...”
“അത് ആരോടും പറയണ്ട. പിന്നെ ചെയ്യേണ്ട പണിയെന്താന്നു പറഞ്ഞില്ലല്ലോ.”
മത്തായി ചോദ്യഭാവത്തിൽ നോക്കി.
“അമ്പിളിക്കുട്ടന് വണ്ടി മേടിച്ചു... ഷാപ്പീന്ന് എല്ലാരും പറേന്ന കേട്ടാരുന്ന്.”
“ഷാപ്പിൽ പോക്ക് നിർത്തിന്ന് പറഞ്ഞിട്ട്.”
ഭവന സന്ദർശനവും ഭക്ഷണം കഴിക്കലും കഴിഞ്ഞതോടെ മത്തായി ആകെ മാറിയിരുന്നു. പണികഴിഞ്ഞ് നേരെ വീട്ടിൽ വരാനും ഞായറാഴ്ച പള്ളിയിൽ വരാനും തുടങ്ങിയിരുന്നു. പൂരപ്പാട്ടും കൂവലുമൊക്കെ നാട്ടുകാർ മറന്നു തുടങ്ങിയിരുന്നു.
“നിർത്തിയാർന്നു...” മത്തായി തലകുനിച്ചു. മേലുനൊമ്പരം മാറ്റാമ്പേണ്ടി കൊറച്ചേ കുടിക്കുന്നുള്ളൂ.
“കൊറച്ചു കൊറച്ചു കൂട്ടാതിരുന്നാ മതി.”
“അത് വാക്കാ. ഇനി പഴേപോലെ നടക്കത്തില്ല. അച്ചൻ വീട്ടിന്നുണ്ട കാര്യം മേരിപ്പെണ്ണ് എപ്പോം പറേം.”
“മത്തായിച്ചൻ മിടുക്കനായിട്ട് നടന്നാ ഇനി എന്നും ഊണ് അവിടുന്നാക്കിയേക്കാം. എന്താ മത്തായിച്ചാ.”
മത്തായിച്ചന്റെ മുഖം വിടർന്നു.
“നേരത്തേ പറഞ്ഞാ നല്ല കല്ലേമുട്ടി പിടിച്ച് വറക്കാം.”
“കല്ലേമുട്ടിയൊക്കെ പുഴയിൽ കിടക്കട്ടെ. പിന്നെ നാളത്തെ പണിയുടെ കാര്യം. അമ്പിളിക്കുട്ടന്റെ വണ്ടി... അത് പുറത്തിറക്കാനും അകത്തുകയറ്റാനും ഒരു ചെറിയ റാമ്പ് പണിതുകൊടുക്കണം.”
മത്തായിച്ചേട്ടൻ സമ്മതഭാവത്തിൽ തലയാട്ടി. പിന്നെ നടന്നകന്നു.
മത്തായിച്ചൻ പോയ ഉടനേ തോട്ടം ചേച്ചിയെ വിളിച്ചു.
ഇടവകയിലെ ഏറ്റവും വലിയ ഭൂവുടമയാണ് ചേച്ചി. നാട്ടുകാർ ബഹുമാനത്താടെ ഇട്ട പേരാണ് തോട്ടം ചേച്ചിയെന്നത്. ഡൽഹിയിൽ ഗവൺമെന്റ് നഴ്‌സായി ജോലി ചെയ്ത് വിരമിച്ചപ്പോൾ ഭർത്താവിനൊപ്പം നാട്ടിലെത്തിയതാണ്. നാട്ടിൽ വീട് പണിത് താമസമുറപ്പിച്ചതേ ഭർത്താവ് സ്വർഗത്തിലേക്ക് യാത്രയായി.
“ഡാഡിക്ക് ഈ പട്ടിക്കാടൊന്നും പറ്റില്ലാരുന്നു. ജനിച്ചേം വളർന്നേം ഡെല്ലിലല്ലാരുന്നോ. എന്റെ നിർബന്ധം കൊണ്ടുമാത്രം വന്നതാ. പാവം കുറേ കഷ്ടപ്പെട്ടു...”
ആരെങ്കിലും ഭർത്താവിനെക്കുറിച്ച് ചോദിച്ചാൽ ചേച്ചി പറയും...
മക്കൾ വിദേശരാജ്യങ്ങളിലേക്കും ചേക്കേറിയപ്പോൾ ചേച്ചി തനിച്ചായി. മക്കളുടെ കൂടെ പൊയ്ക്കൂടേന്ന് ചോദിച്ചാൽ ചേച്ചിക്ക് ദേഷ്യം വരും. എന്റെ പട്ടിപോകും. വേണേൽ ഇവിടെ വരട്ടെ. മക്കൾ പതിവുതെറ്റിക്കാതെ വരും. കൊച്ചുമക്കളെകൂട്ടി തോട്ടം ചേച്ചി നടക്കാനിറങ്ങുന്നത് ഒരു കാഴ്ചയാണ്. ആജ്ഞാപിച്ചും ഗുണദോഷിച്ചും തിരുത്തിയും വിശദീകരിച്ചും ചേച്ചി കുട്ടിപ്പട്ടാളത്തെ നയിക്കും.
ഫ്രോക്ക് ധരിച്ച് തലയിൽ നെറ്റിട്ട് കുർബാനപുസ്തകവുമായി എല്ലാ ഞായറാഴ്ചയും പള്ളിയിൽ വരും. കൂടെ ആസാമിൽ നിന്നും കൊണ്ടുവന്ന നാലഞ്ച് ചെറുപ്പക്കാരും. തോട്ടം ചേച്ചിയുടെ സൈന്യം. നാട്ടുകാർ അങ്ങനെയാണ് അവരെക്കുറിച്ച് പറയാറ്.
ചേച്ചിയുടെ നിഴൽ പോലെ എപ്പോഴും അവരുണ്ടാകും കൂടെ.
“അസാമികളാണേലും നമ്മടെ കൂട്ടരാ. ഹിന്ദീ പ്രാർഥിക്കുന്നത് കേൾക്കണം. കേട്ടിരുന്നു പോകും...”
തന്റെ പണിക്കാരെ ക്കുറിച്ച് ചേച്ചി അഭിമാനത്തോടെ പറയും.
ജോലിക്കാരോടെല്ലാം ചേച്ചി ഹിന്ദിയേ പറയൂ... മലയാളം പഠിക്കാൻ അനുവദിക്കുകയുമില്ല. മലയാളം പഠിച്ചാൽ നാട്ടുകാരുടെ കൂടെ കൂടി പിഴച്ചുപോകുമെന്നാണ് ചേച്ചിയുടെ ശാസ്ത്രം.
ഭാഷാപരമായ ഒരു വിട്ടുവീഴ്ചയുമില്ലാത്തതു കൊണ്ട് ചേച്ചിയുടെ അടുക്കളയിൽ നിൽക്കുന്ന കുഞ്ഞമ്മയും റബ്ബർടാപ്പു ചെയ്യുന്ന വർക്കിച്ചനും കുറച്ചു നാട്ടുകാരും നല്ലതുപോലെ ഹിന്ദി പഠിച്ചു..
ചേച്ചിയുടെ ഏദൻ തോട്ടത്തിൽ മാത്രം മലയാളം വിലക്കപ്പെട്ട കനി പോലെ നിന്നു.
സന്ധ്യമയങ്ങിയാൽ ചേച്ചി സിറ്റൗട്ടിൽ ഇരിപ്പുറപ്പിക്കും. കസേരയ്ക്കുചുറ്റും ഹിന്ദിക്കാരും ചേച്ചിയുടെ പേർഷ്യൻ പൂച്ച കുക്കിയും. ഹിന്ദിപ്പാട്ടുകളും പ്രാർഥനകളും ഒരു മണിക്കൂറോളം നീളും. അത്താഴം കഴിഞ്ഞാൽ പിന്നെ ഹിന്ദി സിനിമയാണ്. അമിതാഭ് ബച്ചന്റെ ഷോലൈ ആണ് മിക്ക ദിവസങ്ങളിലും. ഒരനുഷ്ഠാനം പോലെ എന്നും ആസാമികൾ സിനിമ കണ്ടിരിക്കും.
ബെല്ലടിച്ചതേ ചേച്ചി ഫോണെടുത്തു. അച്ചടിവടിവിൽ സ്തുതി ചൊല്ലി.
അത് ചേച്ചിക്ക് നിർബന്ധമാണ്. ഹിന്ദിക്കാരെയും സ്തുതി ചൊല്ലാൻ പരിശീലിപ്പിച്ചിട്ടുണ്ട്.
അയാളെ കാണുമ്പോഴേ അവർ മുദ്രാവാക്യം പോലെ ആവർത്തിക്കും. ജയ് യേശു.
പുഞ്ചിരിയോടെ അയാൾ സ്തുതി മടക്കും.
“എന്താ അച്ചാ വിളിച്ചേ?”
അങ്ങോട്ട് വിളി പതിവില്ലാത്തതാണ്. അതിന്റെ ആകാംഷ ചേച്ചിയുടെ സ്വരത്തിലുണ്ട്.
എല്ലായ്പോഴും ചേച്ചിയാണ് വിളിക്കാറ്. മിക്കവാറും എല്ലാ ഞായറാഴ്ചയും വൈകിട്ടാണ് വിളി.
രാവിലത്തെ പ്രസംഗത്തേക്കുറിച്ച് സംസാരിക്കാനാണ്.
ഇടവകയിൽ ആദ്യ പ്രസംഗം പറഞ്ഞ അന്നു വൈകിട്ട് പരിചയമില്ലാത്ത ഒരു കോൾ വന്നു.
ആഴങ്ങളുള്ള ഒരു സ്തുതി. പുറകേ പരിചയപ്പെടുത്തൽ.
“ഞാനീ ഇടവകയിലെ ഒരംഗമാ. റോസ. നാട്ടുകാര് തോട്ടം ചേച്ചീന്ന് വിളിക്കും.”
“ഞാനും ചേച്ചീന്ന് വിളിച്ചോളാം.”
“അതേ. അച്ചന്റെ പ്രസംഗം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. പ്രസംഗിക്കുവാണേ ഇങ്ങനെ പ്രസംഗിക്കണം. ആദ്യം നേരിട്ടു പറയണമെന്നാ വിചാരിച്ചേ. നേരിട്ടുകാണൽ പിന്നെയാകട്ടെ എന്നു വച്ചു. ഇനി ഭവനസന്ദർശനത്തിനു വരുമല്ലോ... പിന്നേ സമയം ഒട്ടും കുറയ്ക്കണ്ട കേട്ടോ.”
“അത് ഒരുമാസം കഴിയുമ്പോഴും പറയണേ.” ചേച്ചി ചിരിയോടെ ഫോൺ വെച്ചു.
ഒരു ഞായറാഴ്ച്ച ഉച്ചയ്ക്ക് ചേച്ചിയുടെ ഫോൺ.
സ്തുതിക്ക് പതിവില്ലാത്ത ഒരു മുറുക്കം.
“അച്ചനിന്ന് എന്നാ പണിയാ കാണിച്ചേ...”
അയാൾ ഒരു നിമിഷം ഒന്നും പിടി കിട്ടാതെ നിന്നു.
ചേച്ചി തന്നെ ഓർമ്മിപ്പിച്ചു. “പ്രസംഗം ഒരുങ്ങിയിട്ടില്ലേ പറയാൻ നിക്കരുത്. ഇന്നെന്തൊക്കെയാ പറഞ്ഞേ. എനിക്കെന്ത് സങ്കടമായെന്നറിയാവോ.”
ശരിയാണ്. അയാൾ ഓർത്തു. ഒരുങ്ങിയിട്ട് തന്നെയാണ് പോയത്. അതിരാവിലെ കുമ്പസാര ക്കൂട്ടിലിരുന്നാണ് ഒരുക്കം. പാപ്പൻ പള്ളി തുറക്കുമ്പോഴേയ്ക്കും അയാളും കുമ്പസാരക്കൂട്ടിലെത്തും. ഒന്നു കണ്ണടച്ചാൽ മതി. പറയാനുള്ളത് തിരശീലയിലെന്ന പോലെ വരും.
അന്നെന്തോ ചിന്തകൾക്ക് പ്രതീക്ഷിച്ച ഒഴുക്കുണ്ടായില്ല. സംസാരിക്കുമ്പോഴും മനസ്സ് വേറെ എവിടെയോ ആയിരുന്നു. ചില കല്ലുകടികൾ. ഒന്ന് പൊളിഞ്ഞെന്നു തോന്നിയത് പരിഹരിക്കാൻ അടുത്ത ചിന്ത എടുത്തിട്ടു. അതു കൈവിട്ടപ്പോൾ അടുത്ത ചിന്ത. നിയന്ത്രണമില്ലാതെ ചിന്തകളും വാക്കുകളും ഇടയനില്ലാതെ അലഞ്ഞു. എപ്പോഴാണ് നിർത്തിയതെന്നുപോലും ഓർമ്മയില്ല.
പ്രസംഗത്തേക്കുറിച്ച് ആരും പ്രതികരിക്കാത്തതിൽ അയാൾക്ക് അദ്ഭുതമൊന്നും തോന്നിയില്ല. നിസ്സംഗതയാണ് ഇന്നു വരെ കണ്ടിട്ടുള്ളത്. നല്ലതായതുകൊണ്ടല്ലേ കേട്ടോണ്ടിരിക്കുന്നേ. അഭിപ്രായം ചോദിച്ചപ്പോൾ കിട്ടിയ പ്രതികരണം ധാരാളമായിരുന്നു. പിന്നെ ആരോടും ചോദിക്കാൻ മനസ്സ് വന്നിട്ടില്ല.
അമ്പിളിക്കുട്ടന്റെ വീട്ടിലെ പണിക്കാര്യം പറഞ്ഞപ്പോൾ ചേച്ചി ചിരിച്ചു.
“അച്ചൻ മത്തായിയെ അടിയേ പൊക്കീന്ന് കേട്ടല്ലോ.”
“നമ്മുടെ പണി അതായിപ്പോയില്ലേ.” അയാൾ ചിരിച്ചു.
“അതേ മനുഷ്യരെ പിടുത്തം.” ചേച്ചി പൂരിപ്പിച്ചു.
അമ്പിളിക്കുട്ടന്റെ റാമ്പിന്റെ പണിതീർന്നപ്പോൾ സന്ധ്യ മയങ്ങിയിരുന്നു.
മത്തായിച്ചൻ വെറും കൈ കൊണ്ട് പരുക്കൻ ചേർത്ത് കെട്ടിന്റെ വിടവുകളടച്ചു. അല്പം മാറി നിന്ന് തന്റെ കലാസൃഷ്ടിയെ നോക്കിയിട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസം കൊണ്ട് സെറ്റായിക്കോളും.
“അപ്പോ അമ്പിളിക്കുട്ടാ. റാമ്പിന്റെ ഉദ്ഘാടനം രണ്ട് ദിവസം കഴിഞ്ഞ്.”
അവർ യാത്ര പറഞ്ഞിറങ്ങി.
ഒരു പുണ്യം ചെയ്ത ദിവസമല്ലേ. നേരെ വീട്ടിലേക്ക് വിട്ടോ. മത്തായിച്ചന്റെ പകുതി കീറിയ പോക്കറ്റിലേക്ക് കൂലി നിർബന്ധിച്ച് തിരുകിവച്ചുകൊണ്ട് അയാൾ പറഞ്ഞു.
അനുസരണയുള്ള കുട്ടിയേപ്പോലെ മത്തായി വീട്ടിലേക്ക് നടന്നു.
അയാൾ പള്ളിമേടയിലെത്തിയതും വിൽസന്റെ ജീപ്പ് അലറിക്കുതിച്ച് വന്നു.
ഡ്രൈവിംഗ് സീറ്റിൽ വിയർത്ത് കുളിച്ച് വിൽസൻ. സ്റ്റിയറിംഗിൽ പിടിച്ച കൈകൾ പതിവില്ലാതെ വിറയ്ക്കുന്നു.
“അച്ചാ. ഉച്ചതൊട്ട് ഷൈനിയെ കാണാനില്ല.” ഒരു നിലവിളിപോലെ വിത്സൺ പറഞ്ഞു.
(തുടരും)