ടോം കെ. ജോസ്
അധ്യായം : പന്ത്രണ്ട്
വെഞ്ചിരിപ്പിനുള്ള സാധനങ്ങളുമായി അയാൾ മുറി പൂട്ടി ഇറങ്ങി. വിൽസൺ തിടുക്കപ്പെട്ട് ഫോൺ ഓഫാക്കുന്നത് കാണാത്തതുപോലെ അയാൾ ജീപ്പിലേക്ക് കയറി.
“ടയറിന്റെ പൈസ കൊടുത്തില്ല... അതു കിട്ടുന്നോടം വരെ അവമ്മാര് നിലത്തുനിർത്തുവേല.” വിൽസന്റെ സ്വരത്തിൽ എന്തോ ഒരു മാറ്റം. താനൊന്നും ചോദിച്ചില്ലല്ലോയെന്ന് അയാൾ വെറുതെ ഓർത്തു. ജീപ്പ് അമ്പിളിക്കുട്ടന്റെ വീട്ടിലേക്ക് ഇഴഞ്ഞും കിതച്ചും നീങ്ങി. ഇടയ്ക്കിടയ്ക്ക് വിൽസൺ പാളിനോക്കുന്നതുപോലെ.
“എന്താ വിത്സാ...”
“അതേ അവരുടെ വീടാണോ വെഞ്ചരിക്കുന്നേ?...”
“അതെ.”
“നമ്മൾ ഹിന്ദുക്കളുടെ വീട് വെഞ്ചിരിക്കേലല്ലോ...”
“നമ്മൾ വെഞ്ചിരിക്കില്ല. പക്ഷേ ഞാൻ വെഞ്ചിരിക്കും.”
“അതിന് കൊഴപ്പമില്ലേ.”
“എന്റെ വിൽസാ, ഏതു വീടാ വെഞ്ചരിക്കാൻ പാടില്ലാത്തത്... എല്ലാം ദൈവത്തിന്റെയല്ലേ...”
“അവൻമാർക്ക് മനസ്സിലാകട്ടെ. നമ്മുടെ കർത്താവിന്റെ പവറ്.”
“നമുക്കാ വിൽസാ മനസ്സിലാകാത്തത്. അവർക്ക് ഏതു ദൈവത്തെയും സ്വീകരിക്കാൻ മടിയില്ലല്ലോ. നമ്മുടെ തിരുനാളിൽ ഏറ്റവും കൂടുതൽ കഴുന്നെടുക്കുന്നത് അവരല്ലേ. ഒറ്റ ദൈവമേയുള്ളൂ വിൽസാ. നമ്മൾ പല പേരിൽ വിളിക്കുന്നതുകൊണ്ട് ദൈവം പലതാകില്ല. ഒത്തിരി പേരുകളുള്ള ഒരേയൊരു ദൈവം...”
“അച്ചൻ തൊടങ്ങി. എന്നാലും കൂടോത്രക്കാരുടെ വീട് അച്ചൻ ചെന്ന് വെഞ്ചരിച്ചെന്നു കേട്ടാ... കണ്ടോ... നാട്ടുകാര് എന്തൊക്കെ പറയുംന്ന്...”
“കൂടോത്രക്കേസ് ഇത്ര പറഞ്ഞിട്ടും വിട്ടില്ല അല്ലേ.”
“അതിന് ഞാൻ അച്ചനല്ലല്ലോ...”
“നാട്ടുകാരുടെ കാര്യം ഞാനേറ്റു.”
അമ്പിളിക്കുട്ടന്റെ വീട്ടുമുറ്റത്ത് ജീപ്പ് കിതച്ചു നിന്നു.
പരിസരമെല്ലാം വൃത്തിയായപ്പോൾ തന്നെ വീടിന് ആശീർവദിക്കപ്പെട്ട ഒരു പരിവേഷം.
തുണി അലക്കുകയായിരുന്ന വേഷത്തിൽ നനഞ്ഞ് കുതിർന്ന് രാധ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു.
അയാളെ കണ്ടതും ശാന്തമ്മ വിളിച്ചു കൂവി. “അമ്പിളിയേയ് ന്റെ അച്ചൻ.”
ഒരാഹ്ലാദസ്വരം അകത്തുനിന്നുയർന്നു.
അയാളെ കണ്ടതും അമ്പിളിയുടെ കണ്ണുകൾ വികസിച്ചു.
“ഞാനൊരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്.”
അമ്പിളി അയാളുടെ കൈകളിലേക്ക് ആകാംക്ഷ യോടെ നോക്കി.
“ഇതേയ് വല്ല്യ സമ്മാനമാ... അതല്ലേ ജീപ്പ്കൂട്ടി കൊണ്ടുവന്നേ.”
അമ്പിളിയുടെ കണ്ണുകൾ അവരെ മറികടന്ന് വാതിൽക്കലേക്ക് നീങ്ങി.
“അമ്പിളി കണ്ണടച്ചിരുന്നോ. സമ്മാനം കൊണ്ടുവന്നിട്ടേ തുറക്കാവു.”
അമ്പിളി കൺപോളകൾ വലിച്ചടച്ചു.
അയാളും വിൽസനും കൂടി വീൽച്ചെയർ മുറിയിലെത്തിച്ചു...
“ഞാൻ പറയാതെ കണ്ണുതുറക്കല്ലേ...”
അമ്പിളി കണ്ണുകൾ ഒന്നുകൂടി ഇറുക്കിയടച്ചു. ആ കുഞ്ഞിക്കവിളുകൾ അസാധാരണമായി തിളങ്ങി.
അയാളും വിൽസനും കൂടി അമ്പിളിയെ താങ്ങി വീൽച്ചെയറിലിരുത്തി.
രാധയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു... ശാന്തമ്മ കൈകൾ കൂപ്പി നിൽക്കുകയാണ്...
“ഇത് കാണാൻ ഓറില്ലാണ്ട് പോയല്ലോ മുത്തപ്പാ...”
അയാൾ പതിയെ വീൽച്ചെയർ പുറത്തേക്കുരുട്ടി. ശാന്തമ്മയും രാധയും സ്വപ്നത്തിലെന്ന പോലെ പുറകേ വന്നു.
“ഇനി അമ്പിളി കണ്ണു തുറന്നേ.”
അമ്പിളി ആകാംക്ഷയോടെ കണ്ണുകൾ തുറന്നു. ഒരു ചിത്രശലഭത്തേപ്പോലെ ആ കണ്ണുകൾ എല്ലായിടത്തും പാറിനടന്നു... ഒടുവിൽ അയാളുടെ മുഖത്ത് വന്നിരുന്നു.
“അമ്പിളി മാനം കണ്ടോ...”
അവൻ തലയാട്ടി.
“പുതിയ വണ്ടി ഇഷ്ടായോ...”
അവൻ വീണ്ടും തലയാട്ടി.. ആ കൈകൾ വീൽച്ചെയറിന്റെ എല്ലായിടങ്ങളിലും പരതി നടന്നു...
“വിൽസാ ഞങ്ങളുടെ ഒരു ഫോട്ടോ എടുത്തേ.” അയാൾ തന്റെ മൊബൈൽ വിൽസന് നീട്ടി.
“ഇത്തേ എടുത്തോളാം. ഇതിന്റെ ക്യാമറ സൂപ്പറാ.” വിൽസൺ സ്വന്തം ഫോൺ ഉയർത്തിക്കാണിച്ചു.
“നമുക്ക് പ്രാർഥിച്ചാലോ...”
ഫോട്ടോ കഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു.
മറുപടിക്ക് കാത്തുനിൽക്കാതെ അയാൾ ജീപ്പിനകത്തുനിന്ന് വെഞ്ചരിപ്പിന്റെ ബാഗെടുത്തു.
ശാന്തമ്മ കത്തിച്ച നിലവിളക്കുമായി വന്നപ്പോൾ വിൽസന്റെ മുഖമിരുണ്ടു.
“തിരിയില്ലേ രാധമ്മേ...”
“വിളക്കുള്ളപ്പോൾ എന്തിനാ വിൽസാ തിരി?”
വിൽസൺ പിന്നെ ഒന്നും മിണ്ടിയില്ല.
അയാൾ വീടിനകവും പരിസരങ്ങളും വിശുദ്ധജലം തളിച്ച് പ്രാർഥിച്ചു. പ്രദക്ഷിണം പോലെ രാധയും ശാന്തമ്മയും അയാളെ അനുഗമിച്ചു.
“അച്ചാ വണ്ടി...” വിൽസൺ വീൽച്ചെയറിന് നേർക്ക് കൈച്ചൂണ്ടി.
“അത് അമ്പിളി ഇരുന്നപ്പോൾ ശുദ്ധമായി.”
അയാൾ പുഞ്ചിരിയോടെ വീൽച്ചെയറിലും വിശുദ്ധജലം തളിച്ചു.
പ്രാർഥന കഴിഞ്ഞ് അയാൾ വീൽച്ചെയറിന്റെ പ്രവർത്തനങ്ങളൊക്കെ രാധയ്ക്ക് കാണിച്ചു കൊടുത്തു. അമ്പിളിയുടെ ഉമ്മ കവിളിൽ പതിച്ചപ്പോൾ നനവ് പടർന്നപോലെ. അയാൾ മുറ്റത്തിറങ്ങി. വിൽസൺ ദൂരെ മാറിനിന്ന് ഫോൺ ചെയ്യുകയാണ്...
അയാളിറങ്ങി വരുന്നത് കണ്ടതും ഫോൺ തിടുക്കത്തിൽ ഓഫാക്കി അടുത്തുവന്നു...
അയാൾ ചുറ്റും നോക്കുന്നത് കണ്ട് വിൽസൺ ചോദിച്ചു.
“വീൽച്ചെയർ മുറ്റത്തിറക്കണമെങ്കിൽ ചെറിയ ഒരു റാമ്പ് വേണം.
അമ്പിളിയുടെ ഭാരവും വണ്ടിയും ഉയർത്താൻ രാധയ്ക്കും ശാന്തമ്മയ്‌ക്കുമാവില്ല.”
“മത്തായിയോട് പറഞ്ഞാ മതി. അച്ചൻ പറഞ്ഞാ മത്തായി ചെയ്തോളും...” വിൽസൺ പരിഹാരം നിർദേശിച്ചു.
അവർ യാത്ര പറഞ്ഞിറങ്ങി.
“ഓറോട് അച്ചനെ കാണാൻ പറയാ.” ശാന്തമ്മ പുറകിൽ നിന്നു പറഞ്ഞു.
“വേണ്ട... ഞാൻ നാളെത്തന്നെ വന്നോളാം.”
മടക്കയാത്രയിൽ വിൽസൺ അധികം സംസാരിച്ചില്ല.
ഫോൺ റിംഗ് ചെയ്യുന്ന ഗബ്‌ദം കേട്ടപ്പോൾ അയാൾ വിൽസനെ നോക്കി.
“എന്റെ അല്ല. അച്ചന്റെയാരിക്കും.”
ശരിയാണ്. തന്റെ ഫോണാണ്. അയാൾ ഫോൺ പോക്കറ്റിൽ നിന്നെടുത്തു. കോൾ കട്ടായി.
ഫാ. ഫിലിപ്പ് രാജസ്ഥാൻ.
സ്കീനിൽ വിളിച്ചയാളുടെ പേര് തെളിഞ്ഞു.
“ആരാ അച്ചോ...”
“ഒരു കൂട്ടുകാരനാ”
“അച്ചന് കൂട്ടുകാരൊക്കെ ഉണ്ടോ?” വിൽസന്റെ ചോദ്യത്തിൽ ഒരു ചെറുപുച്ഛം.
അയാൾ മറുപടി പറഞ്ഞില്ല.
എല്ലാവരും കൂട്ടുകാരാണ്. എന്നാൽ ആരാണ് കൂട്ടെന്ന് ചോദിച്ചാൽ. സെമിനാരിക്കാലം മുതൽ ഷെറിനുണ്ട്, ഒരു നിഴൽ പോലെ. ഇരട്ടകളെന്നാണ് കൂട്ടുകാർ വിളിച്ചിരുന്നത്. ഏത് ബഹളത്തിലും കൃത്യമായി വേർതിരിച്ചറിയാൻ കഴിയുന്നത് ആ വിളി മാത്രമാണ്. ജോണീ എന്ന വിളി. സ്കൂളിൽ കൂടെ പഠിച്ചവരുടെ പേരുകൾ വരെ മറന്നു തുടങ്ങി. സഞ്ചാരശേഷിയുള്ള ഒരു വൃക്ഷമാണ് താനെന്ന് അയാൾ കൂടെക്കൂടെ ചിന്തിക്കാറുണ്ട്. എവിടെയൊക്കെ വേരുകളാഴ്ത്തിയെന്ന് കൃത്യമായി ഓർത്തു വയ്ക്കാൻ ആഗ്രഹിക്കാത്ത വൃക്ഷം. ഓർമ്മകൾ തനിയെ ഇറങ്ങിപ്പോകുന്നതാണോ; അതോ താൻ ഓർത്തു വയ്ക്കാത്തതാണോ. എത്ര പക്ഷികൾ ചില്ലകളിൽ വന്നിരുന്നു... കൂടുകൂട്ടി എന്ന് ഓർമ്മയില്ലാത്ത വൃക്ഷം... എത്ര കിളികൾ ആ വൃക്ഷത്തെ... വൃക്ഷശിഖരങ്ങളെ ഓർമ്മിക്കുന്നുണ്ടാകും... ഉത്തരം പറയാതിരിക്കുന്നതാണ് നല്ലത്.
അയാളെ പള്ളിമുറിയിലിറക്കി വിൽസൺ തിടുക്കത്തിൽ യാത്രയായി...
“ഒരർജന്റ് ഓട്ടമുണ്ട്... വാടക അച്ചനോട് മേടിക്കണ്ടാന്ന് സാറ് പറഞ്ഞാരുന്നു...”
അയാൾ തിടുക്കത്തിൽ ഫോൺ കയ്യിലെടുത്തു.
ഫിലിപ്പിന്റെ മെസേജ് എത്തിക്കഴിഞ്ഞു. ഫിലിപ്പിന്റെ പണ്ടു മുതലേയുള്ള ശൈലിയാണ്. രണ്ട് റിംഗിനുള്ളിൽ എടുത്തിലെങ്കിൽ പിന്നെ കോൾ പ്രതീക്ഷിക്കേണ്ട.പുറകേ മെസേജെത്തും. പതിവുപോലെ ചുരുങ്ങിയ വാക്കുകൾ...
John get ready.
അയാൾ ആകാംക്ഷയോടെ സ്‌ക്രോൾ ചെയ്തു.
ഇല്ല... കൂടുതലൊന്നുമില്ല...
I’m ready...
മനസ്സും പിറുപിറുത്തു.
(തുടരും)