പതിനാലു കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലെ ഇടത്തരം കുടുംബത്തിലേക്കാണ് ജിജിയെ വിവാഹം ചെയ്തയച്ചത്. പഞ്ചായത്താഫാ സില്‍ ക്ലര്‍ക്കായ ജോസ് എന്ന സല്‍സ്വഭാവിയായ യുവാവ് അവള്‍ക്ക് ഭര്‍ത്താവായെത്തി.
സ്ത്രീധനമായി വാഗ്ദാനം ചെയ്ത മൂന്നു ലക്ഷം രൂപയും ഇരുപത്തഞ്ചു പവന്‍ സ്വര്‍ണ്ണവും സംഘടിപ്പിക്കാന്‍ ചില കണക്കുക്കൂട്ടലുകള്‍ കുഞ്ഞപ്പനുണ്ടായിരുന്നു. നാട്ടിലെ ഒരു ചിട്ടിക്കമ്പനിയില്‍ മൂന്ന് നമ്പര്‍ ചിട്ടി ചേര്‍ന്നത് പിടിക്കുക. സ്വന്തം പേരിലുള്ള ഭൂമി പണയപ്പെടുത്തി സഹകരണസംഘത്തില്‍ നിന്നും ഒരു വായ്പയെടുക്കുക.
വരന്റെ വീട്ടുകാരുടെ സൗകര്യാര്‍ത്ഥം കുഞ്ഞപ്പന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഏതാനും നാള്‍ മുന്നേ കല്ല്യാണത്തീയതി തീരുമാനിക്കേണ്ടി വന്നു. വായ്പ ലഭിക്കുന്നതിനായി സഹകരണ സംഘത്തില്‍ സമര്‍പ്പിക്കേണ്ട മുന്നാധാരവും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും സൈറ്റ് പ്ലാനും മറ്റ് അത്യാവശ്യ രേഖകളുമെല്ലാം സംഘടിപ്പിക്കുവാന്‍ സമയം ഏറ്റെടുത്തു.
അത്യാവശ്യക്കാരുടെ തള്ളല്‍ നിമിത്തം മൂന്ന് നമ്പര്‍ ചിട്ടികളില്‍ ഒരു നമ്പര്‍ മാത്രമേ ലേലം കൊള്ളുവാനായുള്ളൂ.
മനസ്സമ്മതദിവസം വരന്റെ വീട്ടുകാര്‍ക്ക് വാക്ക് പറഞ്ഞ തുക കൈമാറണം!
സഹകരണസംഘത്തില്‍ കുഞ്ഞപ്പന്‍ പല തവണ കയറിയിറങ്ങി. ഓരോ സാങ്കേതികത്വം പറഞ്ഞ് വായ്പ അനുവദി ക്കല്‍ നീണ്ടു. സമര്‍പ്പിച്ചരേഖകളില്‍ ചില അവ്യക്തതകളും സംശയങ്ങളും ഉണ്ടത്രേ! കല്ല്യാണത്തിനു മുമ്പ് ഏതായാലും വായ്പ പ്രതീക്ഷിക്കണ്ട.
എന്തു ചെയ്യണമെന്നറിയാതെ ആധിപിടിച്ച മനസ്സുമായി കുഞ്ഞപ്പന്‍!
''തല്‍ക്കാലം എവിടുന്നെങ്കിലും കൊറേരൂപാ സംഘടിപ്പിച്ചുതരണം.''
സഹായാഭ്യര്‍ത്ഥനുമായുമായി അളിയന്‍ വറീച്ചനെ സമീപിച്ചു.
''ഉം... നോക്കട്ടെ.''
വറീച്ചന്റെ മറുപടിയില്‍ ഒരു ഉദാസീനതപോലെ.
മനസ്സമ്മതത്തിന്റെ തലേദിവസം വീട്ടിലേക്കു വരുന്ന അളിയനെ കണ്ടേപ്പാള്‍ കുഞ്ഞപ്പന് ആശ്വാസം. പക്ഷേ, അത് ഏതാനും നിമിഷത്തേക്കു മാത്രം.
''എടാവ്വേ കാര്യം നടന്നില്ല. രണ്ടു പേര് പറഞ്ഞാര്ന്ന്. ആര്‌ടേം കൈയ്യീ ഇപ്പം ഇല്ല.''
കുഞ്ഞപ്പന്‍ നിന്ന നില്പില്‍ ഉരുകാന്‍ തുടങ്ങി.
''പിന്നെ... ഇനീപ്പോ എന്തു ചെയ്യും അളിയാ... നാളെ അവരോടെന്ത് പറയും...''
''ഒറ്റക്കാര്യേ ചെയ്യാന്നൊള്ള്. നാളെ പള്ളീലെ ചടങ്ങൊക്കെ കഴിയുമ്പോ നീ പയ്യന്റെ അപ്പനെ പതുക്കെ വിളിച്ച് മാറ്റിനിറുത്തി കാര്യം തൊറന്ന് പറ. ഇതിപ്പോ നീ മനപ്പൂര്‍വ്വം കൊടുക്കാത്തതൊന്നുമല്ലല്ലോ. ഇനി അയാള് സമ്മതിച്ചില്ലേ അത് എന്നോട് പറ. ഞാന്‍ സംസാരിച്ചോളാം.''
''ഏതായാലും വല്യാങ്ങള പറയൂമ്പോലെ ചെയ്യ്. അല്ലാതിപ്പോ വേറെന്നാ മാര്‍ഗ്ഗം.''
എല്‍സമ്മയും ആങ്ങളയെ പിന്‍തുണച്ചു.
അടുത്ത ദിവസം.
പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞു. എല്ലാവരും സല്‍ക്കാരത്തിനായി വധൂഗൃഹത്തിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണ്. കുഞ്ഞപ്പന്‍ ജോസിന്റപ്പനെ വിളിച്ച് അല്പം മാറ്റിനിറുത്തി. വളരെ വിഷമിച്ച് മുക്കിയും മൂളിയും കാര്യം പറഞ്ഞു.
പറഞ്ഞതെല്ലാം ഒരിഷ്ടക്കേടും പ്രകടിപ്പിക്കാതെ അയാള്‍ കേട്ടുനിന്നു.
''കുഞ്ഞപ്പന്‍ വിഷമിക്കണ്ട. ഈ കാര്യത്തിന് ഞങ്ങള്‍ക്കൊരു തിടുക്കോം ഇല്ല. പിന്നെ ഒരു രണ്ടു മൂന്നു കൊല്ലത്തിനകം ജോസിന്റെ എളേ പെണ്ണിന്റെ കല്ല്യാണം നടത്തണോന്നൊണ്ട്. അതിനകം കിട്ട്യാ ഉപകാരായ്‌ര്ന്ന്.''
മറുപടി എന്തായിരിക്കുമെന്നോര്‍ത്ത് ആകെ പുകഞ്ഞു നില്‍ക്കുകയായിരുന്നു കുഞ്ഞപ്പന്‍.
ഹോ എന്തൊരാശ്വാസം!
നീറിനില്‍ക്കുന്ന ഹൃദയത്തിലേക്ക് ഒരു തണുത്ത കാറ്റ് വീശിയതുപോലെ.
''ഏയ്... ഇതിപ്പോ കൂടിപ്പോയാ ഒരു രണ്ട് അല്ലേ മൂന്നുമാസം. അതിനകം അത് തരണകാര്യം ഞാനേറ്റു.''
കാര്യങ്ങളറിഞ്ഞപ്പോള്‍ എല്‍സമ്മയ്ക്കും സമാധാനം.
''ഏതായാലും കാശിനോട് ഒരാര്‍ത്തീം ഇല്ലാത്ത നല്ലൊരു വീട്ടുകാരാ. നമ്മുടെ ഭാഗ്യം.''
പക്ഷേ, സമാധാനിക്കാന്‍ സമയമായിട്ടില്ല. കല്ല്യാണമെന്ന ചടങ്ങ് വരുന്നു. ആഭരണങ്ങള്‍ വാങ്ങണം. പിന്നെയും പല വകുപ്പുകളിലായി ചെലവുകള്‍ പലതും കിടക്കുന്നു.
മനസമ്മതച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മാത്തനേയും ഗ്രേസിയേയും സ്വന്തം വിഷമതകള്‍ അറിയിക്കാതിരിക്കാന്‍ കുഞ്ഞപ്പനിലെ ദുരഭിമാനി പ്രത്യേകം ശ്രദ്ധിച്ചു. ജിജിക്കുള്ള കല്ല്യാണവസ്ത്രങ്ങളുള്‍പ്പെടെ വീട്ടുകാര്‍ക്കുവേണ്ട മുഴുവന്‍ വസ്ത്രങ്ങളും കൂടാതെ ആറ് പവന്‍ ആഭരണങ്ങളും അവര്‍ സമ്മാനമായി നല്കി.
''ഛെ, എന്തിനാ ഇതൊക്കെ. ഒന്നും വേണ്ടായിരുന്ന്...''
അവരില്‍നിന്നും ഉപഹാരങ്ങള്‍ സ്വീകരിക്കേണ്ടി വന്നതില്‍ കുഞ്ഞപ്പന് ജാള്യം. അവരുടെ മുന്നില്‍ താന്‍ ചെറുതായിപ്പോയോ എന്നൊരു തോന്നല്‍.
എങ്കിലും പണത്തിന് ഞെരുക്കമനുഭവിച്ചു കൊണ്ടിരുന്ന ആ സമയത്ത് അത് ഏറെ ഉപകാരപ്പെട്ടു.
ഇനി പോരാത്ത ആഭരണങ്ങള്‍ വാങ്ങണം. ചെലവുകള്‍ പിന്നേയും കിടക്കുന്നു.
സഹായാഭ്യര്‍ത്ഥനയുമായി കുഞ്ഞപ്പന്‍ വീണ്ടും വറീച്ചനെ സമീപിച്ചു.
''മനസമ്മതത്തിന്റേത് പോലാകരുത്. എങ്ങനെ യെങ്കിലും കൊറച്ച് രൂപാ തന്നേ പറ്റൂ. ലോണ്‍ അനുവദിച്ച് കിട്ടാത്തതാ പ്രശ്‌നം. അത് കിട്ട്യാ അപ്പത്തന്നെ തിരിച്ച് തന്നേക്കാം.''
അതുകേട്ട് ഒരു പ്രത്യേക ഭാവത്തോടെ വറീച്ചന്റെ നോട്ടം.
''അല്ല നീയെന്തിനാടാ ഇങ്ങനെ കെടന്ന് വെഷമിക്കണേ? ആ മാത്തനോട് ചോദിച്ചാപ്പോരേ? അവന്റെ കയ്യിലിപ്പം കാശിന്റെ പെരുന്നാളാന്നാ കേട്ടേ. നീ ചെന്ന് ആവശ്യോള്ളതെത്രാന്ന് വച്ചാ അതങ്ങ് മേടീര്.''
ഇഷ്ടക്കേടിനൊപ്പം കോപവും കുഞ്ഞപ്പന്റെ മുഖത്ത് ഇരച്ചുകയറി.
''ഞാനത്രയ്ക്ക് നാണം കെടണോ? അളിയന് സഹായിക്കാമ്പറ്റൂങ്കി ചെയ്യ്. അല്ലേ ഞാമ്പോയേക്കാം.''
മാത്തനോട് സഹായം ചോദിക്കുന്നില്‍ എന്താണ് കുഴപ്പം? ഇവനെന്തിനാണിത്ര വാശിപിടിക്കണത്?
വറീച്ചന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
അയാളുടെ ഭാര്യ പെണ്ണമ്മ കുഞ്ഞപ്പന് പിന്തുണയുമായെത്തി.
''അത് കുഞ്ഞപ്പന്‍ പറേണതില്‍ ഇച്ചിരി കാര്യോണ്ട്. അവര്‌ടെ പറമ്പീ പണിതും തിണ്ണേലിരുന്ന് തിന്നും കഴിഞ്ഞ ഒരുത്തന്റെ മുമ്പീച്ചെന്ന് മകളെ കെട്ടിക്കാന്‍ സഹായിക്കണോന്ന് പറഞ്ഞ് കൈനീട്ടുകാന്ന് പറഞ്ഞാ കൊറച്ചില് തന്നാ. അത് അവനിപ്പം എത്ര വല്യ മൊതലാളിയായെങ്കിലും.''
വായ്പ അനുവദിച്ചുകിട്ടിയാലുടന്‍ തിരിച്ചു നല്കാമെന്ന ഉറപ്പിന്മേല്‍ വറീച്ചന്‍ പണം നല്കി.
കല്ല്യാണം നടന്നു.
വറീച്ചനില്‍ നിന്നും ലഭിച്ചത് ആഭരണങ്ങള്‍ വാങ്ങിക്കഴിഞ്ഞ് വിവാഹത്തോടനുബന്ധിച്ചുള്ള മറ്റു ചിലവുകള്‍ക്ക് തികഞ്ഞില്ല. ആ ഇനിത്തില്‍ ചില കടങ്ങള്‍ അവശേഷിച്ചു.
വായ്പ അനുവദിച്ചു കിട്ടിയ ഉടന്‍ തന്നോട് വാങ്ങിയതുക വറീച്ചന്‍ കൈയ്യോടെ വാങ്ങിച്ചെടുത്തു. വിവാഹച്ചിലവുകളിലെ കടം വീട്ടി. കുറേ പണം ജോബിയുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കും ചിലവായി.
ഒന്നര വര്‍ഷത്തിനു ശേഷം ജിജിയുടെ പ്രസവം, കുഞ്ഞിന്റെ മാമ്മോദീസാ...
എല്ലാം കഴിഞ്ഞപ്പോള്‍ വായ്പത്തുക മുഴുവന്‍ തീര്‍ന്ന് വീണ്ടും പലര്‍ക്കും ചെറിയ രീതിയില്‍ കുഞ്ഞപ്പന്‍ കടക്കാരനായി.
ആറുമാസം കൂടി പിന്നിട്ടു. ജോസിന്റെ അനിയത്തിയുടെ വിവാഹം ഉറപ്പിച്ചു.
ജിജിയുടെ മനസ്സമ്മത ദിവസം ജോസിന്റെപ്പന് കൊടുത്ത വാക്ക്?
അടുത്ത പ്രതിസന്ധി രൂപം കൊള്ളുകയാണ്.
കുഞ്ഞപ്പനേയും കുടുംബത്തേയും വിവാഹം ക്ഷണിക്കാന്‍ ജോസിന്റപ്പന്‍ നേരിട്ടെത്തി. വിശേഷങ്ങളൊക്കെ വിശദമായി പറഞ്ഞ് ക്ഷണവും നടത്തി മടങ്ങാന്‍ നേരം കുഞ്ഞപ്പന്റെ സമീപത്തുവന്ന് ഒരു സ്വകാര്യം പറച്ചില്‍.
''പിന്നെ... അന്ന് പറഞ്ഞത് കിട്ടീരുന്നെങ്കില് കൊള്ളാര്ന്ന്.''
ആ വാക്കുകള്‍ക്ക് മറുപടിയുണ്ടായില്ല.
മനസമ്മതം കൂടാന്‍ വന്ന ചാച്ചനോടും അമ്മയോടും ജിജി തട്ടിക്കയറി.
''നിങ്ങളെന്ത് പണിയാ ഈ കാട്ടണേ? ഇവിടുള്ളോര് കാശിന് എന്തുമാത്രം വെഷമിക്കണൊണ്ടെന്നറിയാമോ? വാക്ക് പറഞ്ഞാ അതുപോലെ ചെയ്യണ്ടേ?''
''എടീ കൊച്ചേ അത് മനപ്പൂര്‍വ്വം തരാത്ത താണോ. ചാച്ചന്റെ അവസ്ഥ നിനക്കും അറിയാവുന്നതല്ലേ?''
എല്‍സമ്മയുടെ മറുപടി അവളുടെ വീറ് കൂട്ടി ശബ്ദമുയര്‍ന്നു.
''അവസ്ഥ മോശാണേ പ്പിന്നെന്തിനാ എന്നെ കെട്ടിക്കാന്‍ പോയേ? ഞാമ്പറഞ്ഞോ ഇപ്പത്തന്നെ എന്നെ കെട്ടിക്കണോന്ന്? ഇവിടെ കാശില്ലാഞ്ഞ് ഒണ്ടാര്ന്ന എന്റെ സ്വര്‍ണ്ണം കൂടിയെടുത്താ കാര്യങ്ങള് നടത്തണേ. ഇപ്പോ ഇടാന്‍ നല്ലൊരു മാലപോലും എനിക്കില്ല. ആള്‍ക്കാര്‌ടെ മുന്നീ ചെല്ലുമ്പം തൊലിയുരിഞ്ഞ് പോവ്വാ. എനിക്ക് മേലാ ഇങ്ങനെ നാണം കെടാന്‍.''
ജിജിയുടെ വാക്കുകള്‍ ഒരു ലാവാ പ്രവാഹം പോലെ അടിവയറ്റില്‍ നിന്നും മേലോട്ടുയര്‍ന്ന് നെഞ്ചില്‍ തളംകെട്ടി. അതൊരു കരച്ചിലായി തികട്ടി വന്നു. വളരെ വിഷമിച്ച് കരയാതെ പിടിച്ചുനിന്നു.
ആകെ മനസ്സു തളര്‍ന്നാണ് കുഞ്ഞപ്പനും എല്‍സമ്മയും മടങ്ങിയത്.
''ആലോചിച്ചു നോക്കിയാ അവളെ കുറ്റം പറയാനൊക്കത്തില്ല.''
മനോവേദനയോടെ നിശബ്ദനായിരിക്കുന്ന ഭര്‍ത്താവിനെ നോക്കി എല്‍സമ്മ പറഞ്ഞു.
''നമ്മള് പറഞ്ഞത് പ്രതീക്ഷിച്ച് അവര് കാര്യങ്ങള് പ്ലാന്‍ ചെയ്തു കാണും. അപ്പോ അത് കിട്ടാതെ വരുമ്പോ...''
ഒന്നും മിണ്ടാതെ ഇരിക്കുകയാണ് കുഞ്ഞപ്പന്‍.
'അവിടുള്ളവര്‌ടെ മുമ്പീ വെഷമിക്കണത് അവളല്ലേ? അവള്‌ടെ അപ്പന്‍ വാക് പാലിച്ചില്ലെന്നല്ലേ വര്‍ത്താനം വരണത്? അതിന്റെയൊരു പ്രയാസം അവള് കാണിക്കിയേലേ. അതിപ്പോ നമ്മളോടല്ലാതാരോടാ.''
''പ്രയാസം നമുക്കൂല്ലേ? ഞാന്‍ കാശും കൈയ്യീപ്പിടിച്ചോണ്ട് കൊടുക്കാതിരിക്കുവല്ലല്ലോ?''
ദുര്‍ബലമായ സ്വരത്തില്‍ കുഞ്ഞപ്പന്റെ മറുപടി.
എല്‍സമ്മ സാവധാനം ചെന്ന് ഒപ്പമിരുന്നു. ഒരിക്കല്‍ സൂചിപ്പിച്ച കാര്യം ഒന്നുകൂടി പറഞ്ഞുനോക്കാം.
''നമുക്ക് മാത്തനോടും ഗ്രേസിയോടും ഒന്നു ചോദിച്ചാലോ?''
കുഞ്ഞപ്പന്‍ ചെറുതായൊന്ന് ഞെട്ടിയതുപോലെ. പിന്നെ മുഖമുയര്‍ത്തി അല്പനേരം എല്‍സമ്മയെ നോക്കിയിരുന്നു.
''എന്താ നീയീ പറയണേ? ഇപ്പോ അവന്‍ കാശുകാരനായിരിക്കും എന്നുവച്ച് നമ്മടെ പറമ്പിലും അടുക്കളവാതിക്കലും ചെറിഞ്ഞോണ്ട് നടന്ന അവന്റെ മുമ്പീ സഹായം ചോദിച്ച് നിക്കാനോ? അത്രയ്ക്ക് നാണം കെടണോ ഞാന്‍? അതില്‍ ഭേദം ചാകുവല്ലേ?''
എല്‍സമ്മ നിശബ്ദയായി.
മാത്തനും ഗ്രേസിയും ഇന്ന് നല്ല നിലയിലാണെന്നറിയാം. ടൗണിലേക്ക് അവര്‍ താമസം മാറ്റിയതോടെ സമ്പര്‍ക്കങ്ങള്‍ കാര്യമായില്ല. എങ്കിലും ആവശ്യപ്പെട്ടാല്‍ സഹായിക്കുവാന്‍ അവര്‍ മടികാണിക്കില്ല. ഉറപ്പ്.
പക്ഷേ, മരിച്ചാലും അവരോട് സഹായം ചോദിക്കില്ലെന്ന് വാശിപിടിച്ചാല്‍?
എല്‍സമ്മ വിഷാദം നിറഞ്ഞ മൗനത്തിലാണ്ടു.
(നോവല്‍ തുടരുന്നു...)
ജോസിന്റെ രണ്ടാമത്തെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചു.
മൂത്തവളുടെ വിവാഹത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് ഇപ്പോഴും കരകയറിയിട്ടില്ല. പക്ഷേ, അപ്രതീക്ഷിതമായി വളരെ നല്ലൊരാലോചന വന്നു. എങ്ങനെ ഒഴിവാക്കും?
വിവാഹാവശ്യത്തിനുള്ള പണം സ്വരൂപിക്കുക എന്നത് ഒരു കനത്ത വെല്ലുവിളിയായി. അത് മറികടക്കാന്‍ പല പോംവഴികളുമാലോചിച്ച് കുടുംബാംഗങ്ങള്‍ തല പുകച്ചു.
ജിജിയുടെ കാര്യത്തില്‍ കുഞ്ഞപ്പന്‍ നല്കിയ വാഗ്ദാനത്തില്‍ ഒരു തീരുമാനം ഉണ്ടായേ പറ്റൂ. കുഞ്ഞപ്പനെ കാണുക. സാഹചര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കുക. ഇനിയതു വച്ചു താമസിപ്പിക്കരുതെന്നാവശ്യപ്പെടുക. ഇപ്പോള്‍ ലഭിച്ചില്ലെങ്കില്‍ പിന്നെ എപ്പോള്‍?
കുഞ്ഞപ്പനെ കണ്ടു സംസാരിക്കുന്ന വിഷയം പറഞ്ഞപ്പോള്‍ ജോസിന്റപ്പന് വിമുഖത.
''ഞാനതൊക്കെ പുള്ളിയോട് പണ്ടേ പറഞ്ഞിട്ടുള്ളതാ. ഇനീം അതും പറഞ്ഞോണ്ട് ചെല്ലുകാന്നു വച്ചാ...''
പിന്നെ ആര്? എല്ലാവരിലും ആ ചോദ്യമുയര്‍ന്നു.
''ഇവന്‍ ചെല്ലട്ടെ. ജോസ്.''
ജോസ് ഒരിക്കലും പ്രതീക്ഷിക്കാതിരുന്നൊരു കാര്യമാണ് അപ്പന്‍ പറഞ്ഞത്. അമ്മയും അതിനെ പിന്‍താങ്ങി. സമ്മതിക്കാതെ തരമില്ല.
സ്ത്രീധനകാര്യം സംസാരിക്കുവാനായി ഭാര്യാവീട്ടില്‍ പോകുക? ഓര്‍മ്മിക്കുമ്പോള്‍ തന്നെ ഉള്ളില്‍ സ്വയം പരിഹാസമുയരുന്നു. ചാച്ചന്‍ വാക്കുപറഞ്ഞിരുന്നതാണ്. അത് ചോദിക്കുന്നതില്‍ തെറ്റില്ല.
എങ്കിലും...?
ജോസ് വിഷമവൃത്തത്തിലായി.
സ്ത്രീധനമെന്ന ദുഷിച്ച വ്യവസ്ഥിതിക്കെതിരേയും അതിനായി വാശിപിടിക്കുന്ന പലരുടേയും മനഃസ്ഥിതിക്കെതിരേയും ധീരമായ നിലപാടുകളെടുത്തിരുന്ന ആദര്‍ശവാദികളുടെ പ്രതിനിധി! പക്ഷേ...
ഇത് സ്വന്തം കുടുംബത്തിന്റെ പ്രശ്‌നമാണ്. അനിയത്തിയുടെ ജീവിതമാണ്.
ആദര്‍ശമൊക്കെ തല്‍ക്കാലം മടക്കി പോക്കറ്റിലിടുക.
ജിജിയോടും മകനോടുമൊപ്പം ജോസ് ഭാര്യാവീട്ടിലേക്ക് ഒരു 'സന്ദര്‍ശന'ത്തിനെത്തി. ആ ഗൃഹാന്തരീക്ഷവും ചാച്ചന്റെയും അമ്മയുടെയും ശരീരഭാഷയും എന്തിനേറെ, വിളമ്പിയ ഭക്ഷണത്തിലെ വിഭവങ്ങളുടെ ശുഷ്‌ക്കതയും ഒരു കാര്യം വ്യക്തമാക്കുന്നുണ്ടായിരുന്നു. ആ കുടുംബത്തിന്റെ ധനസ്ഥിതി ഒട്ടും മെച്ചമല്ല.
ഇതറിഞ്ഞുകൊണ്ട് എങ്ങനെ ഒരു സാമ്പത്തിക പ്രശ്‌നം അവതരിപ്പിക്കും?
പക്ഷേ, വിഷയം പറഞ്ഞേ തീരൂ. ഈ വരവിന്റെ ഉദ്ദേശ്യം തന്നെ അതാണ്.
ചാച്ചനുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ജോസ് സ്വാഭാവികമെന്നോണം അനിയത്തിയുടെ വിവാഹക്കാര്യം എടുത്തിട്ടു.
കുഞ്ഞപ്പന്റെയുള്ളില്‍ ആപത്‌സൂചന മിന്നി.
വരന്റെ ജോലി, വീട്ടുകാരുടെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം വിവരിച്ച് മെല്ലെ വിഷയത്തിലേക്ക് കടന്നു.
''ഇപ്പോഴത്തെ അവസ്ഥയോര്‍ക്കുമ്പോ ഒരു കല്യാണം നടത്തുന്ന കാര്യം ചിന്തിക്കാന്‍ തന്നെ ബുദ്ധിമുട്ടാ. പക്ഷേ, എന്തുകൊണ്ടും യോജിച്ച ഇങ്ങനൊരു കേസ് ഒത്തു വന്നപ്പോ... എങ്ങനെ വേണ്ടെന്ന് വയ്ക്കും...''
ജോസ് ഒന്നു നിറുത്തി. കുഞ്ഞപ്പന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു.
''അതുകൊണ്ട് ചാച്ചന്‍ അന്ന് ജിജിക്ക് പറഞ്ഞിരുന്ന ആ രൂപ തരണം. അത്രയ്ക്ക് ബുദ്ധിമുട്ടുള്ളതുകൊണ്ടാ ഞാന്‍ വിഷമിപ്പിക്കാന്‍ പറഞ്ഞതാണെന്ന് കരുതരുത്.''
മരുമകന്റെ വാക്കുകള്‍ക്കു മുന്നില്‍ ഇതികര്‍ത്തവ്യ മൂഢനായിരിക്കാനേ കുഞ്ഞപ്പനായുള്ളൂ.
ജോസിനെ ഒരു തരത്തിലും കുറ്റപ്പെടുത്താനാവില്ല. കൊടുക്കാമെന്ന് പറഞ്ഞിരുന്ന തുകയാണ്. ചോദിക്കുന്നത്. എന്നേ അത് നല്‌കേണ്ടതായിരുന്നു. സാധിച്ചില്ല. പക്ഷേ, ഇപ്പോള്‍...
ഇതുപോലൊരു അത്യാവശ്യ സമയത്ത് അത് കൊടുക്കാനാവുന്നില്ലെങ്കില്‍?
''നോക്കട്ടെ ജോസേ.''
തല്‍ക്കാലം അങ്ങനൊരു മറുപടി കൊടുത്തു. അല്ലാതെന്തു ചെയ്യാന്‍?
പക്ഷേ, എങ്ങനെ?
''ആ കാശ് കൊടുക്കണ്ടേ?''
എല്‍സമ്മയ്ക്കും വേവലാതി.
''ആരോടെങ്കിലും എവടെന്നെങ്കിലും കടമായിട്ടോ മറ്റോ കിട്ടുവോന്ന് നോക്ക്. വല്യാങ്ങളേം ഇല്ലാതെ പോയല്ലോ?''
വറീച്ചന്റെ രണ്ടു പെണ്‍മക്കളില്‍ മൂത്തവള്‍ വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഗള്‍ഫിലാണ്. വടക്കേ മലബാറിലുള്ള രണ്ടനിയന്മാര്‍ മുഖാന്തരം ആ പ്രദേശത്തുനിന്ന് ഇളയവള്‍ക്ക് ഒരു വിവാഹാലോചന വന്നു. താമസം വിനാ അതു നടക്കുകയും ചെയ്തു.
''ചേട്ടനും ചേച്ചീം ഒറ്റയ്‌ക്കെന്തിനാ ഇവിടെ കെടക്കണേ. നേരത്തേയാണേ പിന്നെ അമ്മയൊണ്ടാരുന്നെന്നു കരുതാം. ഇവടൊള്ളത് വിറ്റ് ഇങ്ങോട്ട് പോര്.''
സഹോദരന്മാരുടെ വാക്കനുസരിച്ച് വീടും സ്ഥലവും വിറ്റ് വറീച്ചന്‍ വടക്കേ മലബാറിലേക്ക് താമസം മാറ്റി.
സന്നിഗ്ദ്ധഘട്ടങ്ങളിലെ ഒരു ഉപദേശകനും സഹായിയുമായിരുന്ന ഒരാളുടെ സാന്നിദ്ധ്യം കുഞ്ഞപ്പന് നഷ്ടമായി. അല്പം മുന്‍കോപവും കുരുട്ടു ബുദ്ധിയുമുണ്ടെങ്കിലും അളിയനുണ്ടായിരുന്നത് കുഞ്ഞപ്പന് ഒരു ബലമായിരുന്നു.
പ്രതീക്ഷയില്ലാതിരുന്നിട്ടും ഭാര്യയുടെ വാക്കു കേട്ട് പല സുഹൃത്തുക്കളേയും കടത്തിനായി കഞ്ഞപ്പന്‍ സമീപിച്ചു. നിരാശ മാത്രമായിരുന്നു ഫലം.
''നമ്മളിപ്പം കൊറച്ച് ബുദ്ധിമിട്ടിലാണെന്ന് എല്ലാവര്‍ക്കുമറിയാം. അപ്പോ പിന്നെ ആരാ കടം തരണേ.''
''ഇനിയിപ്പോ... എന്താ വേണ്ടേ?''
കുഞ്ഞപ്പന്‍ എല്‍സമ്മയുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.
''അപ്പറത്തെ ആ പറമ്പങ്ങ് വിറ്റാലോ?''
''അത്... സംഘത്തീ പണയം വച്ചേക്കുവല്ലേ?''
അതിനെന്താ? ആദ്യം കൊറച്ച് അഡ്വാന്‍സു വാങ്ങി സംഘത്തിലെ കടമങ്ങ് തീര്‍ക്കണം. ജിജീടെ വീട്ടുകാര്‍ക്കുള്ള കാശും കൊടുക്കണം. അങ്ങനെ പറ്റില്ലേ?''
സ്വന്തം പേരില്‍ മാത്രമായിട്ട് ആകെയുള്ള സ്വത്താണ്. എന്താണെങ്കിലും വേണ്ടീല്ല, ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കണം.
സ്ഥലം വില്പനയ്ക്കുള്ള ശ്രമങ്ങളാംരംഭിച്ചു. പല ബ്രോക്കര്‍മാരേയും ഏര്‍പ്പാടാക്കി.
ദിവസങ്ങള്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നു.
മനസ്സമ്മതവും കല്ല്യാണവും ക്ഷണിക്കാന്‍ ജോസിന്റപ്പന്‍ വന്നപ്പോള്‍ കുഞ്ഞപ്പന്‍ വീട്ടിലില്ലായിരുന്നു. ക്ഷണത്തിനിടയില്‍ പണത്തിന്റെ കാര്യം പറഞ്ഞേക്കുമെന്ന് എല്‍സമ്മ ഭയന്നു. പക്ഷേ, ആ വിഷയം പരാമര്‍ശിച്ചില്ല. കുഞ്ഞപ്പന്‍ സ്ഥലത്തില്ലാത്തതുകൊണ്ടാവാം.
എങ്കിലും യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ശബ്ദം കുറച്ച് സ്വകാര്യം പോലെ പറഞ്ഞു.
''പിന്നെ... ഞാന്‍ പ്രത്യേകം തിരക്കിയതായി കുഞ്ഞപ്പനോട് പറയണം.
ആ വാക്കുകളിലെ സൂചന എല്‍സമ്മയ്ക്ക് മനസ്സിലാകാതിരുന്നില്ല.
കുനിഞ്ഞ ശിരസ്സോടെ, കുറ്റബോധം നിറഞ്ഞ മുഖങ്ങളോടെ, മനസ്സു നീറി കുഞ്ഞപ്പനും എല്‍സമ്മയും മനസ്സമ്മതം കൂടാനെത്തി. ജോസിന്റെ വീട്ടുകാരുടെ മുഖങ്ങളില്‍ ഇഷ്ടക്കേട് വ്യക്തം. അടുത്തുവന്ന് വിശേഷങ്ങള്‍ പങ്കിടുവാനും കുശലം പറയുവാനും ആര്‍ക്കും താല്‍പര്യമില്ല. ജോസിനു പോലും.
ഇടയ്ക്കിടെ കോപം കത്തുന്ന കണ്ണുകളോടെയുള്ള ജിജിയുടെ നോട്ടം.
പരോക്ഷമായെങ്കിലും ഒറ്റപ്പെട്ട്, അപമാനിതരായി ചടങ്ങുകളില്‍ പങ്കെടുത്ത് അവര്‍ മടങ്ങി.
ഏഴ് ദിവസങ്ങള്‍ക്കു ശേഷം വിവാഹം.
''ഞാനില്ല കല്യാണത്തിന് എനിക്കു വയ്യ. ഇനീം അവിടെചെന്ന് നാണംകെട്ട് നിക്കാന്‍.''
എല്‍സമ്മ തീര്‍ത്തു പറഞ്ഞു. ഇങ്ങനൊരു തീരുമാനമെടുക്കാന്‍ ഭാര്യയെ പ്രേരിപ്പിച്ച മാനസികാവസ്ഥ കുഞ്ഞപ്പന്‍ തിരിച്ചറിയാതിരുന്നില്ല. എങ്കിലും അടത്ത ബന്ധുക്കളെന്ന നിലയില്‍ വിവാഹം പോലുള്ളൊരു ചടങ്ങില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നത് ശരിയാണോ? ആളുകള്‍ എന്തു കരുതും. പിന്നെ ജിജി? അവള്‍ക്കല്ലേ അതിന്റെ നാണക്കേട്?
''ഇല്ല. ഞാനില്ല. എന്തെങ്കിലും മേലായ്കയാണെന്ന് ചോദിച്ചാ പറയാം.''
എല്‍സമ്മയുടെ നിലപാടില്‍ മാറ്റമില്ല.
ഒടുവില്‍ ആ തീരുമാനം തന്നെ കുഞ്ഞപ്പനും എടുത്തു. ഒരു വിധത്തില്‍ ചിന്തിച്ചാല്‍ പോകാതിരിക്കുന്നതാണ് നല്ലത്. ജിജിയുടേയും വീട്ടുകാരുടേയും മുന്നില്‍ പ്രത്യക്ഷപ്പെടുക എന്ന ജാള്യതയില്‍ നിന്നും ഒരു തല്‍ക്കാല രക്ഷ!
ആ വിവാഹശേഷം മൂന്നാഴ്ച കഴിഞ്ഞൊരു സായാഹ്നം.
തോളില്‍ ഒരു വലിയ ബാഗും തൂക്കി മകന്റെ കൈപിടിച്ച് ജിജി വീട്ടില്‍ വന്നു കയറി. മകള്‍ മോനോടൊപ്പം വരുന്നതു കണ്ട് ഉമ്മറത്തേക്കിറങ്ങി ച്ചെന്ന എല്‍സമ്മയെ അവള്‍ ദഹിപ്പിക്കുന്ന മട്ടില്‍ നോക്കി. പിന്നെ ചെറുതായി വിങ്ങിക്കരയാന്‍ തുടങ്ങി.
എല്‍സമ്മയുടെ ഹൃദയത്തിലൂടെ ഒരു മിന്നല്‍ പാഞ്ഞു. എന്തോ ഒരാപത് സൂചന ഉയരുന്നു.
ചോദ്യങ്ങള്‍ക്കൊന്നും ഒരു മറുപടിയും പറയാതെ സങ്കടവും കോപവും നിറഞ്ഞ മുഖത്തോടെ ജിജി ഒരേയിരുപ്പ്. ഇടയ്ക്കിടെ കരച്ചിലും.
''ഹോ നീയിങ്ങനെ മനുഷ്യേനെ തീ തീറ്റിക്കാതെ എന്താ കാര്യോന്ന് വച്ചാ പറ കൊച്ചേ.''
ജിജിയുടെ പെരുമാറ്റം കണ്ട് എല്‍സമ്മയ്ക്ക് ക്ഷമ നശിച്ചു.
''എനിക്കിനി വയ്യ അവടെ നിക്കാന്‍.''
ഉച്ചത്തില്‍ എടുത്തടിച്ചതുപോലൊരു മറുപടി ജിജിയുടെ അധരംവിട്ട് പുറത്തുചാടി.
എല്‍സമ്മയുടെ ഉള്ള് നടുങ്ങി. അത് കഴിവതും പ്രകടിപ്പിക്കാതെ ശബ്ദം താഴ്ത്തി ചോദിച്ചു.
''നിന്നോടവര് ...പൊയ്‌ക്കോളാന്‍ പറഞ്ഞോ?''
ജിജിയുടെ നോട്ടം വര്‍ദ്ധിത ക്രൗര്യത്തോടെ ''അത്ര അന്തസ്സില്ലാത്തവരൊന്നുമല്ല അവര്.''
എല്‍സമ്മയുടെ മനസ്സ് ആകെ കലങ്ങി മറിഞ്ഞു. എന്തൊരു പരീക്ഷണമാണിത് ദൈവമേ?
''പിന്നെ?''
മുഖഭാവത്തിന് ഒരു മാറ്റവുമില്ലാതെ അമ്മയെ അവള്‍ അല്പനേരം നോക്കി നിന്നു.
''കല്യാണം കൂടാന്‍ വരാതെ ഇവിടെ ഒളിച്ചിരുന്നപ്പം നിങ്ങടെ പ്രശ്‌നം കഴിഞ്ഞ്. ഞാന്‍ എവടെപ്പോയി ഒളിക്കും? അപ്പനുമമ്മേം എന്താ വരാത്തേന്ന് ചോദിക്കണവരോട് എന്നാ സമാധാനം പറയും? അവടൊള്ളവര്‌ടേം ആള്‍ക്കാരുടേം മൊഖത്ത് നോക്കാന്മാലാണ്ടായി.''
ജിജിയുടെ വാക്കുകള്‍ ഇടയ്ക്കിടെ ഗദ്ഗദത്താല്‍ ഇടറി. അവള്‍ ചെറുതായി അണച്ചു. വീണ്ടും കരഞ്ഞു തുടങ്ങി.
''എടീ മോളേ അത് ഞങ്ങള്‍ക്ക് നല്ല സുഖമില്ലാ...
''പിന്നേ സുഖമില്ലാഞ്ഞ് ...നിങ്ങടെ സൂക്കേട് എന്താന്ന് എനിക്കറിയാം. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.''
വേണ്ട ഇപ്പോളൊന്നും ചോദിക്കണ്ട. ന്യായീകരണങ്ങളൊന്നും ഇവളുടെ മുന്നില്‍ വിലപ്പോവില്ല. എല്‍സമ്മ അടങ്ങി. പക്ഷേ, ജിജി വിടാന്‍ ഭാവമില്ല.
''എന്താ മിണ്ടാട്ടം നിന്നോ? അതോ അടുത്ത നൊണ ആലോചിച്ചെടുക്കുവാണോ?''
''അത്... തരാനൊള്ള കാശ് ചാച്ചന്റെ കയ്യീ ഒത്തുവന്നില്ല. അതില്ലാതെ അവടെ വന്നെങ്ങനാ ഇനീം...''
''പറഞ്ഞത് കൊടുക്കാന്‍ മേലേ അതങ്ങ് തൊറന്ന് പറയരുതോ? അത് മിണ്ടിയേല. എന്നാലൊട്ട് കൊടുക്കേമില്ല. ഞാനല്ലേ എടേക്കെടന്ന് തീ തിന്നണേ? ഹോ എന്തൊരു നാണക്കേടാ.''
അവളുടെ കരച്ചലിന് ശക്തികൂടി.
''ഇനി അത് കൊടുത്തിട്ടേ ഞാനങ്ങോട്ട് പോണൊള്ള്.''
കച്ചവട സംബന്ധിയായ ചില കാര്യങ്ങള്‍ക്കായി പുറത്തുപോയിരുന്ന കുഞ്ഞപ്പന്‍ മടങ്ങി വന്നപ്പോള്‍ അഭിമുഖീകരിക്കേണ്ടി വന്നത് കുടുംബത്തില്‍ സംജാതമായ പുതിയ പ്രതിസന്ധി!
എന്തു പറഞ്ഞാണ് അവളെയൊന്ന് ആശ്വസിപ്പിച്ചു തിരിച്ചയയ്‌ക്കേണ്ടത്?
''മോളേ ആ കാശൊണ്ടാക്കാന്‍ ചാച്ചന്‍ പല വഴീം നോക്കി. നടന്നില്ല. ഇപ്പോഴും ഞാനതിന് ശ്രമിച്ചോണ്ടിരിക്കുവാ. ദേ നമ്മടെ സ്ഥലം വില്ക്കാനൊള്ള കാര്യങ്ങളൊക്കെ ഓരോരുത്തരുമായിട്ട് ആലോചിച്ചോണ്ടിരിക്കുവാ. ഒന്നും ഒരു നടപടീലോട്ട് ആയില്ല. അല്ലാതെ മനപ്പൂര്‍വ്വം തരാത്തതല്ല. അങ്ങനെ ചാച്ചന്‍ ചെയ്യൂന്ന് നിനക്ക് തോന്നണൊണ്ടോ?''
കുഞ്ഞപ്പന്‍ എത്ര അനുനയിപ്പിച്ചിട്ടും അവള്‍ വഴങ്ങുന്നില്ല. ഒരേ ഭാവം തന്നെ.
''അത്‌കൊണ്ട് ഒരു ഒന്നു രണ്ട് ദെവസം കഴിയുമ്പം മോള് തിരിച്ചുചെല്ല്. വേണേ ഞാനും കൂടെ വരാം. അവടെവന്ന് ആര്‌ടെ വേണേലും കാലേപ്പിടിച്ച് ക്ഷമ പറയാം. മോളിവിടി ങ്ങനെ നിന്നാ മോശാല്ലേ? കാശൊത്തുവന്നാ അപ്പത്തന്നെ ചാച്ചനതവടെ എത്തിക്കാം.''
''എങ്കീ എന്നിട്ടേ ഞാന്‍ പൊണൊള്ള്.''
കുഞ്ഞപ്പനും എല്‍സമ്മയും നിസ്സഹായരായി പരസ്പരം നോക്കി.
''ഇനി ആ കാശ് കൊടുക്കാതെ ഞാനങ്ങോട്ടില്ല. നിങ്ങള്‍ക്ക് മാനക്കേടാണെങ്കി ഞാനും ഈ കൊച്ചും കൂടി എവടേങ്കിലും പോയി ചത്തോളാം. ഇങ്ങനെ ജീവിക്കണേതിലും ഭേദം അതാ.''
പണ്ടേ സ്വസ്ഥത നഷ്ടപ്പെട്ട കുഞ്ഞപ്പന്റെ ജീവിതവിഹായസ്സില്‍ അശാന്തിയുടെ മറ്റൊരു കനത്തകാര്‍മേഘം കൂടി രൂപപ്പെട്ടു.
(തുടരും)