Novel

ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.06

നോവലിസ്റ്റ് : ബേബി ടി. കുര്യന്‍

Sathyadeepam

''എടാ ഇത് നമ്മള് കരുതണ പോലെ അത്ര എളുപ്പം നടക്കണ ഒരു കാര്യോല്ല.''

ഗ്രേസിയുടെ വിവാഹാലോചനാന്വേഷണങ്ങളുടെ വിശേഷം പങ്കുവയ്ക്കുവാനായി കുഞ്ഞപ്പന്റ കടയിലെത്തിയ വറീച്ചന് ഗൗരവമുള്ള ഒരു വിഷയമാണ് അന്നറിയിക്കാനുണ്ടായിരുന്നത്.

കാര്യം എന്തെന്ന് കുഞ്ഞപ്പന് മനസ്സിലായില്ല.

''കൊള്ളാവുന്ന പല കേസുകളുമുണ്ട്. പെണ്ണ് കാണാന്‍ മിടുക്കിയല്ലേ? പലര്‍ക്കും വളരെ താത്പര്യമാണ്. പക്ഷെ...''

''എന്ത് പക്ഷെ?'' കുഞ്ഞപ്പന് ഉത്കണ്ഠയായി.

ഇരുന്ന സ്റ്റൂള് വറീച്ചന്‍ അല്പംകൂടി അടുപ്പിച്ചിട്ട് കുഞ്ഞപ്പന്റെ ചെവിയ്ക്കരുകിലേയ്ക്ക് മുഖമടുപ്പിച്ചു.

''മിക്കവര്‍ക്കും പ്രധാനായിട്ടും അറിയേണ്ടത് ഒരു കാര്യാ. മൊത്തം മൊതലീന്ന് അവള്‍ക്കൊള്ളത് എന്താണ്?''

വിഷയമെന്തെന്ന് കുഞ്ഞപ്പന് മനസ്സിലായി ത്തുടങ്ങി.

''അതിപ്പോ... എന്താണ് വച്ചാ...''

''എന്താണ് വച്ചാ നിന്റെ പേരിലൊള്ള ഒന്നരയേക്കറൊഴിച്ച് ഈ കടമുറീം അതിരിക്കണ നാലു സെന്റിന്റേം വീടും സ്ഥലോം ഉള്‍പ്പെടെ പകുതി അവള്‍ക്കവകാശപ്പെട്ടതാ. ആ കാര്യത്തിലെന്താ തീരുമാനോന്നാ ചോദ്യം.''

എന്താണുത്തരം പറയുക. കുഞ്ഞപ്പന്റെ തല പുകയാന്‍ തുടങ്ങി.

''അത്... അവള്‍ക്കൊള്ളത് കൊടുക്കണതിന് എനിക്കൊരു വിരോധോം ഇല്ല.''

''വിരോധോണ്ടെന്ന് പറഞ്ഞാലും നടക്കിയേല. അവള്‍ക്കൊള്ളത് എത്രേന്ന് നിശ്ചയിച്ച് എഴുതിക്കൊടുക്കണം. മിക്ക കക്ഷികള്‍ക്കും താല്‍പര്യം അതിന്റെ വെല നിശ്ചയിച്ച് കാശായിട്ട് കിട്ടണോന്നാ. അങ്ങനെ ഒരു വെലയിട്ടാ രൂപാ എത്ര വരൂന്നാ നീ വിചാരിക്കണത്. ചെറിയതൊകയൊന്നുമല്ല.''

അളിയന്‍ പറയുന്നത് വെറും വാക്കുകളല്ല. തിളച്ച വെള്ളമാണ്. ഉള്‍ത്തടമാകെ പൊള്ളിച്ചുകൊണ്ട് അത് ഒഴുകിയിറങ്ങുകയാണ്.

കുഞ്ഞപ്പന്‍ വിയര്‍ക്കാന്‍ തുടങ്ങി.

''അത്... ഇപ്പ പെട്ടെന്ന് വേണോന്നൊക്കെപ്പറഞ്ഞാ... ഭാവീലത് ചെയ്‌തോളാം. അത് സമ്മതിക്കണ... അധികം കാശിനാര്‍ത്തിയില്ലാത്ത ആരെങ്കിലും...''

''ഭാവീ ചെയ്യൂന്നൊക്കെ പ്പറഞ്ഞാ...''

വറീച്ചന്‍ ആലോചനയിലാണ്ടു.

''എന്നായാലും അത് വേണ്ടി വരും. അത് നീ മനസ്സില്‍ കരുതിയ്‌ക്കോ. ഉം... എന്നാ ഒരു പോം വഴീന്ന് ഞാന്‍ ആലോചിക്കട്ടെ.''

വിവരങ്ങള്‍ പറഞ്ഞു കേട്ടപ്പോള്‍ എല്‍സമ്മയ്ക്കും ഉള്ളില്‍ നടുക്കം.

''അപ്പോ.. അവള്‌ടെ കാര്യങ്ങളൊക്കെ നോക്കി ഇത്രേം വളര്‍ത്തിയത്...?''

''അതുകൊണ്ട്? സ്വത്തിലുള്ള അവളുടെ അവകാശം ഇല്ലാണ്ടാകുവോ?''

പുതിയൊരു പ്രതിസന്ധികൂടി രൂപം കൊള്ളുകയണ്.

പ്രതീക്ഷിക്കാതെ ഒരു ദിവസം ഉച്ചയോടടുക്കുന്ന നേരത്ത് വറീച്ചന്‍ കുഞ്ഞപ്പന്റെ വീട്ടിലെത്തി. പച്ചക്കറിത്തോട്ടത്തില്‍ ചുറുചുറുക്കോടെ ജോലികളിലേര്‍പ്പെട്ടിരുന്ന ഗ്രേസിയേയും മാത്തനേയും നിശബ്ദനായി അല്പനേരം നോക്കി നിന്നു.

''ഇതെന്നാ വല്ല്യാങ്ങള പതിവില്ലാതെ ഈ നേരത്ത്...?''

എല്‍സമ്മയുടെ ഉപചാരവാക്കുകള്‍ ശ്രദ്ധിക്കാതെ വറീച്ചന്‍ ഉമ്മറത്തേയ്ക്കു കയറി.

''കുഞ്ഞപ്പനൊണ്ടോ?''

''സിറ്റീലോട്ട് കൊറേ സാധനങ്ങള് കേറ്റി വിടാനുണ്ടെന്ന് പറഞ്ഞ് രാവിലെ പോയതാ. ഉച്ചയ്ക്കു മുമ്പായി വരും.''

''നീയിങ്ങ് വന്നേ ഒരു കാര്യം പറയട്ടെ...''

എല്‍സമ്മയുമായി ഒരു മുറിക്കുള്ളില്‍ കയറി അയാള്‍ വാതിലടച്ചു.

ഒരു മണിക്കൂര്‍ ശേഷമാണ് കുഞ്ഞപ്പന്‍ മടങ്ങി യെത്തിയത്. അകത്തേയ്ക്കു കയറിയ അയാള്‍ ജിജിയെയാണ് കണ്ടത്.

''അമ്മയെന്തിയേടീ.''

''അച്ചാച്ചന്‍ വന്നിട്ടൊണ്ട്. രണ്ടു പേരും ദേ മുറീ കേറീരുന്ന് എന്തോ ഭയങ്കര വര്‍ത്താനാ.''

കുഞ്ഞപ്പന്‍ മുറി വാതില്‍ തള്ളിത്തുറന്നു. എല്‍സമ്മയുടേയും വറീച്ചന്റേയും സംസാരം പൊടുന്നനെ നിലച്ചു.

എന്തോ ഒരു വിഷയം നിര്‍ബന്ധപൂര്‍വ്വം പറഞ്ഞ് സമ്മതിപ്പിക്കുവാന്‍ ശ്രമിക്കുന്ന അളിയനേയും അത് ഉള്‍ക്കൊള്ളാനാവാതെ വിഷണ്ണയായിരിക്കുന്ന ഭാര്യയേയും അയാള്‍ അമ്പരപ്പോടെ നോക്കി.

''ആ നീ വന്നോ. വാ ഇവിടിരുന്നേ, വാതിലടച്ചേര്.''

വറീച്ചന്‍ കുഞ്ഞപ്പനേയും വിളിച്ച് അടുത്തിരുത്തി. മൂവരുടേയും സംഭാഷണു പിന്നെയും നീണ്ടു.

സംസാരമവസാനിപ്പിച്ച് വാതില്‍തുറന്ന് പുറത്തേയ്ക്കിറങ്ങിയ വറീച്ചന്‍ ആകെ ദേഷ്യത്തില്‍ ഒന്നു രണ്ട് ചുവട് മുന്നോട്ടുവച്ചിട്ട് വീണ്ടും മുറിയിലേക്ക്.

കട്ടിലില്‍ ചിന്തയിലാണ്ട് മ്ലാനവദനരായിരിക്കുന്നു കുഞ്ഞപ്പനും എല്‍സമ്മയും.

''നിങ്ങളിങ്ങനെ കിറീം വളിപ്പിച്ചോണ്ടിരിക്കാതെ കാര്യത്തിന്റെ കെടപ്പുവശം മനസ്സിലാക്ക്. ഒരു പ്രശ്‌നം വന്നാ എന്താ അതനൊരു പോം വഴീന്ന് ചിന്തിക്കണം. അല്ലാതെ ആധികേറി വെഷമിച്ചു നടന്നിട്ടെന്നാ കാര്യം? തല്‍ക്കാലം ഇതല്ലാതൊരു പരിഹാരോമില്ല.''

ഇരുവരുടേയും മുഖഭാവങ്ങള്‍ മാറുന്നില്ല.

''അത്... അവര് സമ്മതക്കുമോ?''

എല്‍സമ്മയുടെ പതിഞ്ഞ സ്വരത്തിലുള്ള ചോദ്യം.

''അതൊക്കെ സമ്മതിക്കൂന്നേ. രണ്ടിന്റേം നിപ്പും മട്ടും കാണമ്പോ അറിയാന്മേലേ?''

''ഏയ് അതളിയന് ചുമ്മാ തോന്നണതാ.''

''ഇനി അല്ലെങ്കില്‍ നിങ്ങള് സമ്മതിപ്പിക്കണം. അല്ല പിന്നേ.''

ഭാരം തൂങ്ങിയ ഹൃദയങ്ങളുമായി കുഞ്ഞപ്പനും എല്‍സമ്മയും മെല്ലെ എഴുന്നേറ്റു.

ഗ്രേസിയും ജിജിയും ഒരുമിച്ചാണ് രാത്രിയുറക്കം. കുട്ടികളായിരിക്കുമ്പോള്‍ മുതലുള്ള ശീലം. തന്റേടിയും അല്പം തന്നിഷ്ടക്കാരിയുമാണങ്കിലും 'ഗ്രേസേച്ചി' ജിജിക്ക് ഏറെ പ്രിയപ്പെട്ടവളാണ്. സ്വന്തം ദുശ്ശാഠ്യങ്ങളും കുറുമ്പും വാത്സല്യത്തോടെ ക്ഷമിച്ച് എപ്പോഴും പിന്‍തുണയ്ക്കുന്ന ഉറ്റകൂട്ടുകാരിയെപ്പോലെ.

രാവേറെ ചെന്നിട്ടും അന്ന് ചാച്ചനും അമ്മയും കിടക്കുന്ന അടുത്തമുറിയില്‍ നിന്നും അവ്യക്തമായി മുറിഞ്ഞുവീഴുന്ന ശബ്ദശകലങ്ങള്‍ ശ്രദ്ധിച്ചാണ് ജിജിയുടെ കിടപ്പ്.

''ഇന്ന് പതിവില്ലാതെ രണ്ടുപേരും ഭയങ്കര വര്‍ത്തമാനമാണല്ലോ.''

അടുത്തു കിടക്കുന്ന ഗ്രേസിയോട് അവള്‍ മന്ത്രിച്ചു.

ജിജിയുടെ തോളത്ത് ഗ്രേസി മൃദുവായി നുള്ളി.

''നെനക്കന്താ പെണ്ണേ? അവര്‍ക്ക് വര്‍ത്തമാനം പറയാന്‍ പാടില്ലേ?''

''അതല്ല ഗ്രേസേച്ചി.''

ജിജി ഗ്രേസിയുടെ അടുത്തേയ്ക്ക് ചരിഞ്ഞു കിടന്നു.

''ഇന്ന് അച്ചാച്ചന്‍ വന്നിട്ടുണ്ടായിരുന്നു.''

''ഉം ഞാന്‍ കണ്ടു. കൊറച്ച് നേരം പറമ്പിലെ പണീം നോക്കി മിറ്റത്ത് നില്‍പ്പുണ്ടായിരുന്നു.''

''എന്തോ വിഷയോണ്ട്. മൂന്നു പേരും മുറീക്കേറി വാതിലടച്ച് കൊണ്ടുപിടിച്ച വര്‍ത്തമാനമായിരുന്നു. അതിപ്പിന്നെ അമ്മേടേം ചാച്ചന്റേം മൊഖത്തിന് ഒരു തെളിച്ചോമില്ല.''

''നിനക്ക് വല്ല കല്ല്യാണാലോചനേം വന്നായിരിക്കും.''

''ഓ പിന്നേ. അതൊക്കെ ആദ്യം വേണ്ടത് ഈ പഞ്ചപാവം സുന്ദരിപ്പെണ്ണിന്.''

ജിജിയുടെ കൈ സ്‌നേഹപൂര്‍വ്വം ഗ്രേസിയെ വലയം ചെയ്തു. അവളുടെ വാക്കുകള്‍ കേട്ട് ആ ഇരുട്ടില്‍ ഗ്രേസി അറിയാതെ മന്ദഹസിച്ചുപോയി.

താമസിയാതെ വിഷയം മെല്ലെ വെളിപ്പെട്ടു വന്നു.

ജിജി ദേഷ്യംകൊണ്ട് വിറച്ചു.

''കൂലിപണീയായിട്ട് തെണ്ടി നടക്കണ അവനെ ക്കൊണ്ട് ഗ്രേസേച്ചിയെ കെട്ടിക്കാനോ? എന്തൊരു കണ്ണീച്ചോരയില്ലാത്ത മനുഷേരാ ഇവര്. ആര്‌ടേങ്കിലും തലേവച്ച് ഒഴിവാക്കാന്‍ ഗ്രേസേച്ചിയെന്താ വല്ല മാടോ മറ്റോ ആണോ?''

ഗ്രേസി അവളെ ബലമായി പിടിച്ചുനിറുത്തി സമാധാനിപ്പിച്ചു.

''നീയിങ്ങനെ ഒച്ചവയ്ക്കല്ലേ ജിജി.''

''എങ്ങനാ ഗ്രേസേച്ചീ മിണ്ടാതിരിക്കണേ. അല്പമെങ്കിലും മനുഷ്യത്തമൊള്ളവര് ചെയ്യുമോ ഇങ്ങനെ?''

''ചാച്ചനും എല്‍സാന്റീം എന്തുവേണേ തീരുമാനിച്ചോട്ടെ ജിജി. ഞാനനുസരിച്ചോളാം. ഞാനീ വീടിന്റെ ഐശ്വര്യക്കേടാ. എങ്ങനേങ്കിലും അതൊഴിവാകട്ടെ.''

വിവരമറിഞ്ഞപ്പോള്‍ ജോബിക്കും ദേഷ്യം.

''പറമ്പീ പണിയാന്‍ വന്നേക്കണവനെക്കൊണ്ട് ഗ്രേസേച്ചിയെ... ഛേ.''

കുഞ്ഞപ്പന്റെ മനസ്സില്‍ സംഘര്‍ഷം നിറഞ്ഞു. തെറ്റല്ലേ ചെയ്യുന്നത്? സ്വന്തം മകളുടെ സ്ഥാനത്തുള്ളവളോട് ഇങ്ങനെ ചെയ്യാമോ?

അവളെ വിവാഹം കഴിക്കുവാന്‍ പോകുന്നതാരാണെന്ന് ബന്ധുക്കലും സുഹൃത്തുക്കളും ചോദിച്ചാലെന്ത്ന്തുത്തരം നല്കും?

ആരുപോരുമില്#ാത്ത ഒരു കൂലിപ്പണിക്കാരന്‍!

താന്‍ മുന്നോട്ടുവച്ച പ്രായോഗിക നിര്‍ദ്ദേശത്തിനനുകൂലമായി പെങ്ങളുടെ മനസ്സ് ഇതിനകം വറീച്ചന്‍ മാറ്റിയെടുത്തിരുന്നു. ആരില്‍ നിന്നെങ്കിലും ചോദ്യങ്ങളുയര്‍ന്നാല്‍ പറയേണ്ട മറുപടികളും പഠിപ്പിച്ചു കൊടുത്തു.

ഗ്രേസിയോട് ഇതുവരെ വിഷയം സംസാരിച്ചിട്ടില്ല. എങ്ങനെയാണത് വേണ്ടത്?

''നീ ചോദിക്ക്... ഞാന്‍... എനിക്ക് വയ്യ.''

ഈ വിവാഹക്കാര്യം ഗ്രേസിയോട് സംസാരിച്ച് അവളുടെ സമ്മതം വാങ്ങിക്കുന്ന കാര്യം ഓര്‍മ്മിക്കുമ്പോള്‍ തന്നെ കുഞ്ഞപ്പന് സങ്കോചവും പരിഭ്രമവും. ഭര്‍ത്താവിന്റെ നിര്‍ബന്ധത്താല്‍ എല്‍സമ്മയ്ക്കുതന്നെ ആ 'ഭാരിച്ച ചുമതല' ഏറ്റെടുക്കേണ്ടി വന്നു. ആകെ വിഷമത്തോടെ, മടിച്ചുമടിച്ച് അവര്‍ ഗ്രേസിയോട് കാര്യം പറഞ്ഞു. എല്‍സമ്മയെ അത്ഭുതപ്പെടുത്തിക്കൊണ്ട് തികച്ചും ശാന്തതയോടെ ഗ്രേസിയുടെ മറുപടി.

''എല്ലാം ചാച്ചനും എല്‍സാന്റീം തീരുമാനിച്ചോ. നിങ്ങള് പറയണതെന്തും ഞാനനുസരിച്ചോളാം.''

ഒരു വലിയ ഭാരം മനസ്സില്‍ നിന്നും നീങ്ങി. എങ്കിലും ഉള്ളില്‍ ചെറിയൊരു കുറ്റബോധം.

അടുത്തദിവസവും മാത്തന്‍ പണിക്ക് വന്നെങ്കിലും സഹായിയായി ഗ്രേസി പോയില്ല. അവളെ തിരഞ്ഞ് അവന്റെ നോട്ടം പലവട്ടം വീടും പരിസരവും ചുറ്റിക്കറങ്ങി.

വൈകുന്നേരം പണി കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങിയ മാത്തനെ അടുക്കളയുടെ പുറത്തേയ്ക്കുള്ള വാതില്‍പടിയില്‍ നിന്നും എല്‍സമ്മ കൈകാട്ടി വിളിച്ചു.

''മാത്താ ഇങ്ങ് വന്നേ ഒരു കാര്യം പറയട്ടേ.''

എല്‍സമ്മച്ചേച്ചിയുടെ അടുത്തെത്തിയപ്പള്‍ അതാ തൊട്ടടുത്ത് ഗൗരവം തുടിക്കുന്ന മുഖത്തോടെ കുഞ്ഞപ്പന്‍ ചേട്ടായി! രണ്ടു പേരിലും ലേശം പരിഭ്രമം ഉള്ളതുപോലെ. എന്താണാവോ കാര്യം? മാത്തനും ഉത്കണ്ഠ.

''മാത്താ.. അത് പിന്നെ...''

കുഞ്ഞപ്പന്‍ വാക്കുള്‍ക്കായി പരതി. വരണ്ടുപോയ തൊണ്ടയിലേയ്ക്ക് രണ്ടു വട്ടം ഉമിനീരിറക്കി.

''ഗ്രേസിയെ നിനക്ക് കെട്ടിച്ചുതരാമെന്ന് ഞങ്ങള്‍ വിചാരിക്കുവാ.''

എന്താണ് കേട്ടത്? വാസ്തവമാണോ? അതോ തോന്നിയതോ? തലയും ദേഹവും പെരുക്കുന്നു. സ്ഥലകാല ബോധം നഷ്ടപ്പെട്ടോ?

''എന്താ നീ ആലോചിക്കുന്നേ?''

അത് എല്‍സമ്മ ചേച്ചിയുടെ ശബ്ദമാണ്. ഇല്ല ഒന്നും മിണ്ടാനാകുന്നില്ല. മുഖമുയര്‍ത്താന്‍ പോലും.

''നീയെന്താ ഒന്നും മിണ്ടാത്തേ?''

സ്വന്തം വിദൂരഭാവനകളില്‍പോലും സാക്ഷാത്കരിക്കുമെന്ന് പ്രതീക്ഷിക്കാതിരുന്ന, ജന്മസാഫല്യമായി സ്വപ്നം കാണുക മാത്രം ചെയ്തിരുന്ന ആ സുവര്‍ണ്ണ മോഹം ഇതാ പൂവണിയാനാണ് അരികില്‍, തെട്ടരുകില്‍...

വിശ്വസിക്കാനാവുന്നില്ല, ഉള്‍ക്കൊള്ളാനും.

''അവന് സമ്മതമാന്നേ... ദേ നില്‍പ്പു കണ്ടാലറിയാന്മേലേ?''

തമാശ രൂപേണ എല്‍സമ്മ ചേച്ചിയുടെ വാക്കുകള്‍.

''എന്തെങ്കിലും പറയടാ.''

കുഞ്ഞപ്പന്‍ ചേട്ടായിയുടെ ശബ്ദം.

''വേണ്ട... വേണ്ട... ചേട്ടായി. എനിക്കതിന് എന്ത് യോഗ്യതയാ. ഞാനാരാ... വെറും...''

എന്താണ് പറഞ്ഞുപോയത്? അല്ല, അതല്ല. പറയാനാഗ്രഹിച്ച് എന്റെയുള്ളല്‍ നിരയുന്നത് ആ വാക്കുകളല്ല. എനിക്ക് സമ്മതമാണ്. പലവട്ടം. ഗ്രേസിയെ എനികകിഷ്ടമാണ്. അല്ല, എനിക്ക് ജീവനാണ്...

പക്ഷെ, അറിയാതെ പുറത്തേയ്ക്കു വീണ വാക്കുകള്‍ തിരിച്ചെടുക്കാനാവില്ലല്ലോ?

''പക്ഷെ, അവള്‍ക്ക് നിന്നെ ഇഷ്ടമാണെന്നാണല്ലോ പറഞ്ഞത്?''

എല്‍സമ്മ പറഞ്ഞതുകേട്ട് മാത്തന് മാത്രമല്ല കുഞ്ഞപ്പനും വിസ്മയം. എങ്കിലും കുഞ്ഞപ്പന് അതിഷ്ടപ്പെട്ടു. സന്ദര്‍ഭത്തിന് യോജിച്ചവിധം ഭംഗിയായി അവള്‍ സംസാരിച്ചിരിക്കുന്നു.

ഇനി, ഇനിയെന്താണ് പറയേണ്ടത്? മാത്തന്റെ മനസ്സിലെ പരിഭ്രമങ്ങളെല്ലാം മെല്ലെ അലിഞ്ഞുതുടങ്ങി. മറുത്തൊരു മറുപടി പറയാന്‍ ഇനി ആവില്ല. ഉള്‍ത്തടമാകെ എന്തൊക്കെയോ മൃദുലവികാരഭാവങ്ങള്‍ ഉയരുകയാണ്, ആനന്ദം നിറയ്ക്കുകയാണ്.

കാര്യങ്ങളൊക്കെ തീരുമാനിക്കപ്പെട്ടു.

ചടങ്ങുകളുടെ നടത്തിപ്പുകളെക്കുറിച്ച് വറീച്ചനും എല്‍സമ്മയും കുഞ്ഞപ്പനും സംസാരിച്ചുകൊണ്ടരുന്നിടത്തേയ്ക്ക് ഒരിക്കല്‍ കൂടി പ്രതിഷേധവുമായി ജിജിയെത്തി. പിന്‍തുണയുമായി ജോബിയും.

വറീച്ചന് കോപം ജ്വലിച്ചു. അയാളുടെ സ്വരമുയര്‍ന്നു.

''പിള്ളേര് അവര്‌ടെ സ്ഥാനത്ത് നിന്നാമതി. കാര്യങ്ങള് തീരുമാനിക്കാന്‍ പ്രായോള്ളവര് ഇവ്‌ടെ വേറേയുണ്ട്. മേലാലീവര്‍ത്താനം കേട്ടു പോകരുത്. പറഞ്ഞേക്കാം.''

രണ്ടാഴ്ച പിന്നിട്ടു

ഒരു വ്യാഴാഴ്ച ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണി നേരം.

ഇടവകപ്പള്ളിയില്‍ വച്ച് മാത്തന്‍ ഗ്രേസിയുടെ കഴുത്തില്‍ മിന്നുകെട്ടി.

അഞ്ചുപവന്‍ ആഭരണങ്ങളും ആവശ്യമുള്ള വസ്ത്രങ്ങളും വധുവിനായി കുഞ്ഞപ്പന്‍ വാങ്ങിയിരുന്നു. വൈകുന്നേരം വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ചായ സല്‍ക്കാരവും.

പലരും അമര്‍ഷം മറച്ചുവച്ചില്ല.

''എന്നാലും കുഞ്ഞപ്പാ സ്വന്തം ചേട്ടന്റെ മകളോടിത് വേണ്ടായിരുന്നു.''

ഉടന്‍ എല്‍സമ്മ രക്ഷയ്‌ക്കെത്തി.

''പെണ്ണും ചെറുക്കനും തമ്മീ ഇഷ്ടാണേപ്പിന്നെ ഞങ്ങളെന്ത് ചെയ്യും?''

എങ്കിലും കുഞ്ഞപ്പന്‍ ആകെ മ്ലാനതയിലായിരുന്നു. ഉത്സാഹ രഹിതനും. എല്ലാ കാര്യത്തിലും യാന്ത്രികമെന്നോണം പങ്കുകൊണ്ടു.

''നീ ചുമ്മാ ഓരോരുത്തര് പറേണത് കേട്ട് വെഷമിക്കാതെ. എല്ലാം നന്നായി നടന്നില്ലേ. അതോര്‍ത്ത് സമാധാനിക്ക്.''

വറീച്ചന്റെ ആശ്വാസ വാക്കുകള്‍.

മുഖം കുഞ്ഞപ്പന്റെ ചെവിയോടടുപ്പിച്ച് മറ്റൊരു രഹസ്യം കൂടി.

''പിന്നെ മറ്റേക്കാര്യം... അതായത് സ്വത്തിന്റെ... എപ്പോഴെങ്കിലും ചോദിച്ചാ... ഇല്ല അതവന്‍ സ്വന്തം മനസ്സാലെ ചോദിക്കിയേല. എന്നാലും ആരെങ്കിലും എളക്കിവിട്ടാലോ? അങ്ങനെ വന്നാ ഭാവീല് എല്ലാം വേണ്ടപോലെ ചെയ്‌തോളാം എന്നങ്ങ് പറഞ്ഞേര്.''

എല്ലാം യാന്ത്രികമായി കുഞ്ഞപ്പന്‍ മൂളിക്കേട്ടു.

(തുടരും)

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു