പാലാരിവട്ടം പി ഒ സി യിൽ 'നോയല്‍ 2025' ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി

പാലാരിവട്ടം പി ഒ സി യിൽ 
'നോയല്‍ 2025' ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി
Published on

കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍സമിതിയുടെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ (POC), പാലാരിവട്ടത്ത് ക്രിസ്മസ് ആഘോഷം 'നോയല്‍ 2025' ഭക്തിസാന്ദ്രവും സാംസ്‌കാരിക വൈവിധ്യവും നിറഞ്ഞ അന്തരീക്ഷത്തില്‍ ആഘോഷിച്ചു.

പരിപാടി കെ സി ബി സി പ്രസിഡന്റായ മോസ്റ്റ്. റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായി. ക്രിസ്മസ് കേക്ക് മുറിക്കലും ക്രിസ്മസ് ട്രീ തെളിയിക്കലും അദ്ദേഹം നിര്‍വഹിച്ചു. ക്രിസ്മസ് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാന്‍ ഇടവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി ഒ സി ഡയറക്ടറുമായ റവ. ഫാ. തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു.

വിവിധ സഭകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് ഒരുക്കിയ കരോള്‍ ഗാനങ്ങള്‍ ആഘോഷത്തിന് നിറം പകര്‍ന്നു. മാര്‍ത്തോമാ ചര്‍ച്ച് ക്വയര്‍, സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ചര്‍ച്ച് ക്വയര്‍, സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ക്വയര്‍, പി ഒ സി ടീം, പി.ഒ.സി സൈക്കോളജി ബാച്ച് 25 എന്നിവരുടെ സംഗീതാവതരണങ്ങള്‍ ശ്രദ്ധേയമായി. അസ്സീസി വിദ്യാനികേതന്‍ ടീം, എം എസ് ജെ ടീം, ലൂര്‍ദ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് ടീം എന്നിവരുടെ നൃത്താവതരണങ്ങളും സാന്താ ഡാന്‍സും ആഘോഷത്തിന് ഉത്സവചായം നല്‍കി.

ആദ്വൈത ആശ്രമം, ആലുവയിലെ സ്വാമി ധര്‍മ്മചൈതന്യ ക്രിസ്മസ് സന്ദേശം നല്‍കി. എറണാകുളം ഗ്രാന്‍ഡ് മസ്ജിദിലെ ഇമാം ഫൈസല്‍ അഷരി നല്‍കിയ സന്ദേശം മതസൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ശക്തമായ സന്ദേശമായി.

പി ഒ സി പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജേക്കബ് പ്രസാദ് നന്ദി രേഖപ്പെടുത്തി.

ക്രിസ്മസിന്റെ സ്‌നേഹവും സമാധാനവും പങ്കുവച്ചുകൊണ്ട്് വിവിധ മതസഭാ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ നടന്ന 'നോയല്‍ 2025' ആഘോഷം മാതൃകാപരമായ കൂട്ടായ്മയായി മാറി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org