വിശുദ്ധ തോര്‍ലാക്ക് (1138-1193) : ഡിസംബര്‍ 23

വിശുദ്ധ തോര്‍ലാക്ക് (1138-1193) : ഡിസംബര്‍ 23

അപരിഷ്‌കൃതമായ ഒരു ദ്വീപായിരുന്നു ഐസ്‌ലണ്ട്. അന്നാട്ടില്‍ നിന്നു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ചുരുക്കം ചിലരില്‍ ഒരാളാണ് തോര്‍ലാക്ക് തോര്‍ഹാള്‍സണ്‍. വൈക്കിങ്ങ് അന്നാട്ടില്‍ വന്ന് ആധിപത്യമുറപ്പിക്കുന്നതിനുമുമ്പ്, നൂറ്റാണ്ടുകളോളം ഐറിഷ് സന്ന്യാസിമാരുടെ സ്വാധീനത്തിലായിരുന്നു ആ നാട്. എട്ട്, ഒമ്പത് നൂറ്റാണ്ടുകളിലാണ് വൈക്കിങ്ങ്‌സ് അന്നാട്ടിലെത്തിയത്. പത്താം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ആ ദേശം രണ്ടു മുഖ്യരൂപതകളായി തിരിക്കപ്പെട്ടു – സ്‌കാല്‍ഹോള്‍ട്ടും ഹോളാറും.
ഐസ്‌ലണ്ടിലെ ഫ്‌ളോട്ട്ഷില്‍ത്ത് എന്ന പ്രദേശത്താണ് 1133-ല്‍ തോര്‍ലാക്ക് ജനിച്ചത്. പതിനഞ്ചു വയസു തികയുന്നതിനു മുമ്പേ ഡീക്കനായി. പതിനെട്ടാമത്തെ വയസ്സില്‍ പുരോഹിതനുമായി. സമര്‍ത്ഥനായിരുന്നതിനാല്‍, ഉന്നതപഠനത്തിനായി അദ്ദേഹം ഇംഗ്ലണ്ടിലേക്കും ഫ്രാന്‍സിലേക്കും അയയ്ക്കപ്പെട്ടു. വിദേശത്തായിരുന്നപ്പോള്‍ വി. അഗസ്റ്റിന്റെ സഭയില്‍ ചേര്‍ന്നു. എല്ലാം നവീകരിക്കാനുള്ള തീക്ഷ്ണതയോടുകൂടിയാണ് അദ്ദേഹം 1161-ല്‍ ഐസ്‌ലണ്ടില്‍ തിരിച്ചെത്തിയത്. അന്ന് ഐസ്‌ലണ്ടിലെ പുരോഹിതരുടെ ജീവിതം കുത്തഴിഞ്ഞതായിരുന്നു. എന്നാല്‍, തോര്‍ലാക്ക് കര്‍ശനമായ അച്ചടക്കത്തോടുകൂടിയ ഒരു സന്ന്യാസജീവിതമാണു നയിച്ചത്. കൂടുതല്‍ സമയം പഠനത്തിനും ആദ്ധ്യാത്മിക കാര്യങ്ങള്‍ക്കും ചെലവഴിച്ചു. പിന്‍ഗാമികളില്ലാതെ ഒരു കര്‍ഷകന്‍ മരിച്ചപ്പോള്‍ അയാളുടെ സ്വത്തെല്ലാം തോര്‍ലാക്കിനെ ഏല്പിച്ചിരുന്നു, അവിടെ ഒരു മൊണാസ്റ്ററി സ്ഥാപിക്കാന്‍. ദൈവം തന്ന അവസരം ഉപയോഗിച്ച് അദ്ദേഹം അഗസ്റ്റീനിയന്‍ സഭയുടെ ഒരു മൊണാസ്റ്ററി പടുത്തുയര്‍ത്തി; അദ്ദേഹം അതിന്റെ അധിപനുമായി.
1178-ല്‍ തോര്‍ലാക്ക്, സ്‌കാല്‍ഹോള്‍ട്ട് രൂപതയുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ ആ രൂപതയുടെ നവീകരണത്തിനായുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചു. ആദ്ധ്യാത്മിക മൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും പൗരോഹിത്യജീവിതം കൂടുതല്‍ വിശുദ്ധീകരിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തന്റെ ജീവിതം തന്നെ മറ്റുള്ളവര്‍ക്ക് മാതൃകയാകുവാന്‍ അദ്ദേഹം കര്‍ശനമായ ആദ്ധ്യാത്മിക ജീവിതമാണ് നയിച്ചത്. വൈദിക ബ്രഹ്മചര്യം കൃത്യമായി പാലിച്ചു; സഭാകാര്യങ്ങളില്‍ അല്‍മായരുടെ അനാവശ്യമായ ഇടപെടലുകള്‍ നിരോധിച്ചു. അടിമത്തം പൂര്‍ണമായി നിറുത്തലാക്കി. ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിക്കൊണ്ടിരുന്നെങ്കിലും തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തന്നെ ബിഷപ്പായി അഭിഷേകം ചെയ്ത നോര്‍വേയുടെ ആര്‍ച്ചുബിഷപ്പ് എയ്‌സ്റ്റെ യിന്റെ സഹകരണത്തോടെ അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി.
പതിനഞ്ചു വര്‍ഷത്തെ ഭരണത്തിനുശേഷം അറുപതാമത്തെ വയസ്സില്‍ മെത്രാന്‍സ്ഥാനം ഉപേക്ഷിച്ച്, മൊണാസ്റ്ററിയിലേക്ക് തിരിച്ചുപോകാന്‍ അദ്ദേഹം തീരുമാനമെടുത്തിരുന്നു. പക്ഷേ, 1193 ഡിസംബര്‍ 23-ന് മരണം പെട്ടെന്ന് അദ്ദേഹത്തെ കടന്നാക്രമിച്ചു. എങ്കിലും, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയില്ല. മരിച്ച് അഞ്ചുവര്‍ഷത്തിനുശേഷം ഐസ്‌ലണ്ടിലെ ബിഷപ്പുമാരുടെ പ്രാദേശിക അസംബ്ലി അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു; പോപ്പിന്റെ അംഗീകാരത്തിനു കാത്തുനിന്നതേയില്ല. ഐസ്‌ലണ്ടില്‍ ആദരിക്കപ്പെടുന്ന മൂന്നു വിശുദ്ധരില്‍ ഒരാള്‍ വി. തോര്‍ലാക്കാണ്. മറ്റു രണ്ടുപേര്‍, വി. ജോന്‍ ഒഗ് മുണ്ട്‌സണും വാഴ്ത്തപ്പെട്ട ഗുത്ത്മുണ്ടും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org