നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
അന്ന് കൊച്ചിയില്‍ ഉച്ചപ്പടം കളിച്ചിരുന്ന തിയറ്ററുകള്‍ മൂന്നോ നാലോ കാണുമായിരുന്നു. ഉച്ചപ്പടത്തില്‍ അഭിനയിച്ചിരുന്ന നായകന്മാരോട് തോന്നാത്ത ആരാധനയായിരുന്നു ഉച്ചപ്പടത്തിനു പോകാന്‍ ധൈര്യം കാണിച്ചിരുന്ന ചേട്ടന്മാരോട് ഉണ്ടായിരുന്നത്. പച്ചാളം ദേവിയിലും കൊച്ചിയിലെ അജന്തയിലും അമ്പത് കഴിഞ്ഞ കാരണവന്മാരുടെ ആഗ്രഹങ്ങള്‍ക്ക് തീ പിടിച്ചപ്പോള്‍, കൊട്ടകയില്‍ കയറാനുള്ള കാശോ കറേജോ ഇല്ലാത്ത സ്‌കൂള്‍ കോളേജ് പിള്ളേരൊക്കെ കൊട്ടകകളെ വീട്ടിലേക്കെത്തിച്ച ഗള്‍ഫുകാരന്മാരുടെ മക്കളുടെ മുറിക്കകത്തിരുന്നു ഒച്ചയില്ലാത്ത പടങ്ങള്‍ കണ്ടു കണ്ണ് മിഴിച്ചു. ബാര്‍ബര്‍ ഷോപ്പുകളിലെ ഫിലിം ഫെയറില്‍ നിന്നും മഹിളാരത്‌നത്തിന്റെ നടുപ്പേജില്‍ നിന്നും നാനാ സിനിമാവാരികയുടെ കളര്‍ ചിത്രത്തില്‍ നിന്നും കൊച്ചിയിലെ പിള്ളേര് കയറിച്ചെന്നത് കടല് കടന്നു വന്ന വി സി പ്പിയുടെയും, വി സി ആറിന്റെയും, ക്ലാരിറ്റി കൂടിയ സി ഡി പ്ലെയറിന്റെയും വിസ്മയ ലോകത്തിലേക്കായിരുന്നു. കണക്ക് പുസ്തകത്തിനിടയില്‍ വച്ച് കടത്തിക്കൊണ്ടുവന്ന കാസറ്റുകള്‍ക്കകത്തെ കാമിനിമാരെ കാണാന്‍ കിട്ടാത്തവര്‍ കണ്ടവര്‍ക്കുള്ള കെണിയൊരുക്കി കാത്തിരുന്നു.
അധ്യായം 12
തൊണ്ടിമുതല്‍
സ്‌കൂളിനെ തന്നെ പുച്ഛിച്ച് സംസാരിച്ച വിശ്വംഭരന്‍ സാറിനെ ഹെഡ്മാസ്റ്റര്‍ കാര്യമായിട്ട് ഒന്ന് നോക്കി. വിശ്വംഭരന്‍ സാര്‍ ചെറുതായിട്ടൊന്ന് വിഷയം മാറ്റാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പാളി പോയി.
''ആരാടാ ഈ സാധനം ഇവിടെ കൊണ്ട് വന്നത്?''
നാണംകെട്ട് നില്‍ക്കുന്ന പിള്ളേരെ നോക്കിക്കൊണ്ട് ഹെഡ്മാസ്റ്റര്‍ ചോദിച്ചു.
ആരും ഒരക്ഷരം മിണ്ടിയില്ല...
''എന്താടാ ഇതിനകത്ത്... ആരേലും കണ്ടാര്‍ന്ന?'' ഹെഡ്മാസ്റ്റര്‍ വീണ്ടും ചോദിച്ചു
''അതാ സാറേ ഞാന്‍ പറഞ്ഞു വന്നത്... ഇതൊന്നു ഇട്ടു നോക്കാനുള്ള മെഷീന്‍ പോലും ഇവിടെ ഇല്ല...''
വിശ്വംഭരന്‍ മാഷ് സ്വരം താഴ്ത്തി ഭവ്യതയോടെ പറഞ്ഞു.
മെഷീനോ... അങ്ങനെയല്ലലോ സാറ് നേരത്തെ പറഞ്ഞത്... കുന്ത്രാണ്ടമോ സാമാനമോ? അങ്ങനെ എന്തോ ആണല്ലോ?''
ഹെഡ്മാസ്റ്റര്‍ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു.
വിശ്വംഭരന്‍ മാഷ് ചമ്മി നില്‍ക്കുമ്പോള്‍, മില്‍ട്ടണും കൂട്ടുകാരും അമര്‍ത്തി ചിരിച്ചു...
''ഞാന്‍ വേണേല്‍ വീട്ടില്‍ കൊണ്ട് പോയി ഇട്ട് നോക്കീട്ട് നാളെ കൊണ്ട് വരാം... എന്റെ വീട്ടില്‍ സി ഡി പ്ലെയര്‍ ഉണ്ട്...''
ഇതെവിടുന്നാ പെട്ടെന്ന് ഒരു സ്വരം എന്ന് കരുതി എല്ലാരും നോക്കുമ്പോള്‍ സുനില്‍ സാറാണ്. ആരുടേയും മുഖത്തു നോക്കാതെ കുറച്ച് ഫയലുകള്‍ക്കിടയില്‍ കാര്യമായിട്ടെന്തോ തപ്പുന്ന വ്യാജേന സുനില്‍ സാര്‍ കാര്യം പറഞ്ഞൊപ്പിച്ചു.
''അയ്യോ വേണ്ട... ഞാന്‍ എങ്ങനെ എങ്കിലും കണ്ടോളാം'' വിശ്വംഭരന്‍ സാര്‍ ചാടി കേറി പറഞ്ഞു.
ഒന്ന് രണ്ടു ടീച്ചര്‍മാര്‍ സുനില്‍ സാറിനെ നോക്കി നൈസായിട്ട് ചിരിക്കുന്നുണ്ടായിരുന്നു...
''അതാ മേശപ്പുറത്തു തന്നെ വച്ചേക്ക്...''
ഹെഡ്മാസ്റ്ററിന്റെ ആജ്ഞ കേട്ട് വിശ്വംഭരന്‍ സാര്‍ സി ഡി മേശപ്പുറത്തു തന്നെ വച്ചു.
കയ്യിലിരുന്ന ഫയലുകള്‍ താഴെ വച്ചതിനുശേഷം
''ഇപ്പോഴത്തെ പിള്ളാരുടെയൊക്കെ ഒരു കാര്യം... ഏതായാലും ഞാന്‍ ഒന്ന് നോക്കട്ടെ...'' എന്ന് പറഞ്ഞുകൊണ്ട് ഹെഡ്മാസ്റ്റര്‍ സി ഡി നേരെ ബാഗിനുള്ളിലേക്ക് വയ്ക്കുകയും പിള്ളേരെ വിളിച്ചിറക്കി പുള്ളിയുടെ മുറിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.
എല്ലാം നോക്കി കൊണ്ട് നിന്ന സ്റ്റാഫിനെ നോക്കിക്കൊണ്ട് വിശ്വംഭരന്‍ സാര്‍ പറഞ്ഞു:
''കഴിഞ്ഞ മാസത്തെ കലോത്സവത്തിന് പിള്ളേരെ പഠിപ്പിക്കാനുള്ള കഥാപ്രസംഗത്തിന്റെയും നാടോടി നൃത്തത്തിന്റേം സി ഡി ഒന്നിട്ട് നോക്കാന്‍ പറഞ്ഞപ്പോള്‍, ''വല്ല കടേലും കൊണ്ടോയി നോക്ക് വിശ്വന്‍ മാഷേ എന്ന് പറഞ്ഞ ആളാണ്.... ഇതിപ്പോ ശക്തിമാനും ജയ് ഹനുമാനുമൊക്കെ ആയൊണ്ടാകും!''
''ഇന്ന് മിക്കവാറും ഹെഡ്മാസ്റ്ററുടെ വീട്ടില്‍ ലങ്കാദഹനമായിരിക്കും'' സുനില്‍ സാറിന്റെ കമന്റ് കേട്ട് സ്റ്റാഫ് റൂമില്‍ കൂട്ടച്ചിരി ഉയര്‍ന്നു..
''ഉവ്വ... ലങ്ക ദഹനം... പെണ്ണുപിള്ള വാലിന് തീ കൊടുത്ത് വിടാതിരുന്നാല്‍ മതി...''
ഭാനുമതി ടീച്ചറുടെ അസാമാന്യ കൗണ്ടറില്‍ സുനില്‍ സാറിന്റെ ആദ്യ കൗണ്ടര്‍ ആയുധം വച്ച് കീഴടങ്ങി.
ഹെഡ്മാസ്റ്ററിന്റെ പിന്നാലെ ഓഫീസില്‍ മുറിയിലേക്ക് അടക്കം പറഞ്ഞുകൊണ്ട് കെവിനും മില്‍ട്ടണും കൂട്ടുകാരും നടന്നു.
''ഇവനോടു ഞാന്‍ ഒരായിരം പ്രാവശ്യം പറഞ്ഞതാ സി ഡി ക്‌ളാസ് കഴിഞ്ഞിട്ടെടു ത്താല്‍ മതീന്ന്...
ഇപ്പോ കണ്ടാ! സമാധാനയില്ലേ?
കഴിഞ്ഞ ആഴ്ച മൂത്രം ഒഴിച്ച കേസില്‍ എന്നെ പുള്ളി തല്ലിക്കൊന്നതാ...'' നവാസ് ആത്മഗതം അരിശം പൂണ്ടു പറഞ്ഞു.
''നീ മുള്ളിയതിനു അങ്ങേരെന്തിനാ നിന്നെ തല്ലുന്നത്...? നീ അങ്ങേരുടെ മേത്തിട്ടാണാ മുള്ളീത്?'' കെവിന്‍ ചോദിച്ചു
''ഹാ...!!!'' നവാസിന്റെ 'ഹാ' എന്ന ഉത്തരത്തില്‍ എല്ലാവരും ഒരുമിച്ചു നിന്ന് പോയി...
കെവിന്‍ ഒന്നൂടെ ചോദിച്ചു: ''നീ അങ്ങേരുടെ ദേഹത്തിട്ട് മുള്ളിയാ? എങ്ങനെ? എപ്പോ?''
പകച്ച് നില്‍ക്കുന്ന കൂട്ടുകാരന്മാരുടെ മുഖത്ത് നോക്കി നവാസ് പറയാന്‍ തുടങ്ങി, ''എടാ കഴിഞ്ഞ ആഴ്ച എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചില്ലര്‍ന്നാ?..''
''ഉവ്വാ...''
''ഉച്ച കഴിഞ്ഞിട്ടുള്ള കണക്ക് പിരീഡില്‍ എനിക്ക് മുള്ളാന്‍ മുട്ടീ. അപ്പോള്‍ ഞാന്‍ നേരെ ബാത്‌റൂമിലേക്ക് പോയി... അവിടംവരെ പിടിച്ചു നില്‍ക്കാന്‍ പറ്റാത്തോണ്ട്... ഞാന്‍ നേരെ നമ്മടെ കമ്പ്യൂട്ടര്‍ ലാബില്‍ കേറി.''
''അതിനവിടെ ബാത്ത് റൂം ഇല്ലല്ലോ?'' മില്‍ട്ടണ്‍ന്റെ ആകാംക്ഷ യായിരുന്നത്.
''ഇല്ല... അതോണ്ട്... ഞാന്‍ ലാബിലെ ജനലിക്കൂടി താഴേക്ക് ഒഴിച്ചു...
പുള്ളീം... പ്യൂണ്‍ ചേട്ടനും കൂടി താഴത്തെ പൈപ്പില്‍ കൂടി വെള്ളം വരാത്തത് എന്താണെന്ന് നോക്കി കൊണ്ടിരുന്ന പ്പോഴാണ്...''
''മേലെ കൂടി വെള്ളം വന്നത്... അല്ലെ? ബെസ്റ്റ്!!!'' അടുത്ത വാക്യമുച്ചരിക്കു ന്നതിനു മുമ്പുള്ള ഇടവേളയില്‍ കെവിന്‍ ബാക്കി പൂരിപ്പിച്ചു.
ചമ്മി നില്‍ക്കുന്ന നവാസിനെ നോക്കി കൊണ്ട് കെവിന്‍ വീണ്ടും ചോദിച്ചു: ''എന്നിട്ട് നീ ഞങ്ങളോട് എന്തിനു വിളിപ്പിച്ചൂന്നാ പറഞ്ഞെ? ക്ലാസ് ലീഡര്‍ ആകാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിക്കാന്‍ അല്ലേ?'' കെവിനും മില്‍ട്ടണും കൂടി നവാസിന്റെ ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിച്ചു. പുറകിലെ വര്‍ത്തമാനവും ഒച്ചയും കേട്ടുകൊണ്ട് ഹെഡ്മാസ്റ്റര്‍ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു:
''വേഗം വന്നാല്‍ കിട്ടാനുള്ളത് മുഴുവന്‍ വേഗം വാങ്ങിക്കൊണ്ട് പോകാം.''
എല്ലാരും കൂടി വേഗം നടന്നു ഓഫീസിനക ത്തേക്ക് കയറി. അകത്തേക്ക് കയറുന്നതിനിടയില്‍ മില്‍ട്ടണ്‍ കൂട്ടുകാര്‍ക്ക് കൃത്യമായ നിര്‍ദേശം ഒറ്റവാക്യത്തില്‍ നല്‍കി.
''നീയൊന്നും ഒരക്ഷരം മിണ്ടിയേക്കരുത്... എല്ലാം ഞാന്‍ പറഞ്ഞോളാം... അനങ്ങാതെ അവിടെ നിന്നാല്‍ മതി... കേട്ടല്ലോ...''
ഒന്നും മനസ്സിലാകാതെ കെവിന്‍ ചാടി കേറി പറഞ്ഞു: ''ഡാ പ്ലാന്‍ പറയടാ ഡാ മില്‍ട്ടാ...''
കെവിന്റെ കൈ തട്ടി മാറ്റിക്കൊണ്ട് മില്‍ട്ടണ്‍ ഹെഡ്മാസ്റ്ററുടെ മുന്നിലേക്ക് അല്‍പം കയറി നിന്നു...
''ആ ബാഗൊക്കെ അങ്ങോട്ട് മാറ്റി വച്ചിട്ട് നീങ്ങി നിന്നോ...'' മേശപ്പുറത്ത് കയറി ഇരുന്നു കൊണ്ട് ഹെഡ്മാസ്റ്റര്‍ തുടങ്ങി:
''എന്നെ കൊണ്ട് വെറുതെ ദേ ഈ ചൂരല്‍ എടുപ്പിക്കരുത്... കാള പോലെ വലുതായ നിന്നെയൊക്കെ തല്ലുന്നതിനോട് എനിക്ക് യാതൊരു താല്‍പര്യവുമില്ല... സത്യം പറ... ആരാ ഇത് ക്‌ളാസില്‍ കൊണ്ട് വന്നത്? സത്യം പറഞ്ഞാല്‍ ദീ പ്രശ്‌നം ദിപ്പോ പരിഹരിക്കാം...''
''ഞാനാ സാറേ...'' മില്‍ട്ടണ്‍ ചാടി കേറി പറഞ്ഞു.
അപ്രതീക്ഷിത കുറ്റസമ്മതം കേട്ട ഹെഡ്മാസ്റ്റര്‍ ഞെട്ടിക്കൊണ്ടു ചോദിച്ചു, ''ഇത്ര പെട്ടെന്ന് സത്യോ? കൊള്ളാം. മിടുക്കന്‍... ഇങ്ങനെ വേണം പിള്ളേരായാല്... ചെയ്ത തെറ്റ് ധൈര്യപൂര്‍വം ഏറ്റു പറഞ്ഞ നീയാണ് ഇവരുടെ ഹീറോ അല്ലേടാ മില്‍ട്ടാ.... മിടുക്കന്‍! ഒള്ളത് ഒള്ളത് പോലെ പറഞ്ഞോണ്ട് അടി ഒഴിവാക്കാം... പോരെ... ഹാപ്പി ആയില്ലേ...''
എല്ലാരും ഒരു ചെറിയ ചിരി ചിരിച്ചോണ്ട് ഹാപ്പി ആയി എന്ന് കാണിക്കുന്നു...
കുറ്റസമ്മതം ഒറ്റ വക്കില്‍ നിര്‍ത്താതെ മില്‍ട്ടണ്‍ തുടര്‍ന്നു, ''ഞാനാ സാറേ കൊണ്ട് വന്നത്... എന്റെ ഭാഗത്താണ് തെറ്റ്... ഇവരൊക്കെ പാവങ്ങളാ സാറേ...''
മില്‍ട്ടന്റെ അണ്ണാക്കില്‍ നിന്നും പുറപ്പെടുന്ന ഏറ്റെടുക്കലിന്റെയും കുറ്റസമ്മതത്തിന്റെയും വാക്കുകള്‍ കേട്ട് ഞെട്ടി പണ്ടാരടങ്ങി നില്‍ക്കുവാണ് എല്ലാ അവന്മാരും...
''കണ്ടാടാ... ഇത്രയും സ്‌നേഹമുള്ള ഒരു കൂട്ടുകാരനെ നിനക്കൊക്കെ എവിടുന്ന് കിട്ടും. സത്യം പറഞ്ഞത് കൊണ്ട് ഇപ്രാവശ്യം എല്ലാത്തിനേം വെറുതെ വിട്ടിരിക്കുന്നു... ഓക്കേ അല്ലെ...? പറയടാ... ഇനി ആവര്‍ത്തിക്കരുത് കേട്ടോ...''
കയ്യിലിരുന്ന ചൂരല്‍ താഴെ വച്ചുകൊണ്ടു ഹെഡ്മാസ്റ്റര്‍ ശാന്തനായി പറഞ്ഞു.
''ഇല്ല സാറേ... ഇനി ആവര്‍ത്തിക്കില്ല... ഇനി ഒരിക്കലും ചെയ്യില്ല സാറേ...''
മുദ്രവാക്യം വിളി പോലെ അവറ്റകള്‍ അതേറ്റു പറഞ്ഞു കൊണ്ടേയിരുന്നു.
''മിടുക്കന്മാര്‍... അപ്പോ അങ്ങനെയാകട്ടെ! പിന്നെ വേറൊരു കാര്യം, നിങ്ങളൊക്കെ ഇത്രയും സത്യസന്ധരും മിടുക്കന്മാരുമാണെന്ന് ഹെഡ്മാസ്റ്റര്‍ ആയ എനിക്കും മറ്റ് സാറുമാര്‍ക്കും മനസ്സിലാകുന്ന സ്ഥിതിക്ക് ഈ വിവരം നിങ്ങടെ കാരണവന്മാരെ കൂടി അറിയിക്കേണ്ടേ നമുക്ക്? എന്നാലല്ലേ അവര്‍ക്കും കൂടി ഒരു സന്തോഷോം അഭിമാനോമൊക്കെ തോന്നുള്ളൂ...''
കാര്യങ്ങള്‍ കൈവിട്ടു പോകുന്ന രീതിയില്‍ കരിമരുന്ന് വിതറികൊണ്ട് ഹെഡ്മാസ്റ്റര്‍ ഒരു അളിഞ്ഞ ചിരി ചിരിച്ചു. അടിയേക്കാള്‍ മാരകമായ പണിയാണ് വരുന്നത് എന്ന് മനസ്സിലായ കെവിനും നവാസും കൂടി മില്‍ട്ടണ്‍ന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കുന്നുണ്ടാര്‍ന്നു...
(തുടരും)