![കൊച്ചിയിലെ കപ്പലൊച്ചകള്‍ [26]](http://media.assettype.com/sathyadeepam%2F2026-02-11%2Fveaa8k2t%2Fnovel26kochyile-kapplochakal.jpg?w=480&auto=format%2Ccompress&fit=max)
![കൊച്ചിയിലെ കപ്പലൊച്ചകള്‍ [26]](http://media.assettype.com/sathyadeepam%2F2026-02-11%2Fveaa8k2t%2Fnovel26kochyile-kapplochakal.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
മുതിര്‍ന്ന മനുഷ്യരില്‍ മറഞ്ഞിരിക്കുന്ന ചില മുറിപാടുകളുണ്ട്. ആരോടെങ്കിലുമൊക്കെ ഏറ്റ് പറഞ്ഞതിനുശേഷം ആ മുറിപ്പാടില്‍ സൗഖ്യത്തിന്റെ ലേപനം പുരട്ടാന്‍ അവര്‍ക്കാഗ്രഹമില്ലാഞ്ഞിട്ടല്ല. ആരുമറിയാത്ത ഇടങ്ങളില്‍ വച്ച്, ആരും കാണാത്ത ഉടല്‍ ഭാഗങ്ങളില്‍ അതേ വേണ്ടപ്പെട്ടവരാരോ ക്രൂരതയുടെ കരമമര്‍ത്തിയ ദുഃഖം ഏറ്റുപറയാന്‍ അവര്‍ക്കൊരു ഇടമോ ആളോ ഇല്ലാതിരുന്നതിനാലാണ്. കുഞ്ഞുനാളിലെ നൈര്‍മ്മല്യത്തിന്റെ മുകളില്‍ മുതിര്‍ന്നവരാരോ വിതച്ചിട്ട് കടന്നു കളഞ്ഞ കളങ്കങ്ങളൊക്കെ കളകള്‍ പോലെ കാടുപിടിച്ച് കിടക്കുകയാണ് ഒരിറ്റ് വെട്ടമോ കാറ്റോ ഏല്‍ക്കാതെ...
അധ്യായം 26
കാത്തികുട്ടി
പിറ്റേന്നു രാവിലെ തന്നെ മേഘയും സി. റൂഹും ജയിലിന കത്തെ ഗസ്റ്റ് റൂമില്‍ വന്നിരുന്നത് തന്നെ വലിയ സന്തോഷ ത്തോടെയായിരുന്നു. 'കെവിന് സംസാരി ക്കണം, നിങ്ങള്‍ക്ക് നാളെ രാവിലെ വരാന്‍ പറ്റ്വോ?' എന്ന മാധവന്‍ സാറിന്റെ ചോദ്യം, മേഘയുടെ സി. റൂഹിന്റെ വര്‍ഷങ്ങ ളുടെ കാത്തിരിപ്പിനാണ് വിരാമമിട്ടത്. സംസാരി ക്കാന്‍ പോയിട്ട്, ഒന്നു മുഖം കാണിക്കാന്‍ പോലും വിസമ്മതി ച്ചിരുന്ന അതേ കെവിന്‍ തന്നെയാണ് 'സംസാരി ക്കണം' എന്ന ആഗ്രഹ ത്തോടു കൂടെ അവരെ ജയിലിലേക്ക് വിളിപ്പിച്ചത്.
രണ്ട് കോഫിയുടെ ഇരുവശങ്ങളിലുമായി ഇരുന്ന മേഘയുടെയും സി. റൂഹിന്റെയും അരികിലേക്ക് കെവിന്‍ നടന്നു വരുമ്പോള്‍ അന്നാദ്യമായി കെവിന്റെ മുഖത്ത് അവര്‍ അല്പം ചിരിവെട്ടം കണ്ടു. കെവിന്റെ ചിരി കണ്ടിട്ടും സി. റൂഹിന്റെ മിഴി നിറഞ്ഞത് ഏതെങ്കിലും സങ്കടം കൊണ്ടാണോ, ആനന്ദം കൊണ്ടാണോ എന്ന് മേഘയ്ക്ക് മനസ്സിലായില്ല. അവരുടെ അരികിലെ ഒരു കസേരയില്‍ വന്നിരുന്ന കെവിന്‍ അവരോട് ചോദിച്ചു: ''ഞാന്‍ വരാന്‍ പറ്റ്വോ എന്ന് ചോദിച്ചത് ബുദ്ധിമുട്ടായോ?''
''ഒരു ബുദ്ധിമുട്ടുമില്ല. ഇത്രയും നാളും ഞങ്ങള്‍ക്ക് മുഖം തരാതിരുന്നതും സംസാരിക്കാന്‍ തയ്യാറാകാതിരുന്നതും മാത്രമായിരുന്നു ബുദ്ധിമുട്ട്. ഇതിപ്പോ ഞങ്ങള് ഹാപ്പിയാണ്. കെവിന്‍ റെഡിയാ യല്ലോ... അതു മതി.'' ഉള്ളിലെ സന്തോഷം ഒട്ടുംതന്നെ കുറച്ചു കാണിക്കാതെ മേഘ ചിരിച്ചുകൊണ്ട് പറഞ്ഞു. എം എസ് ഡബ്ല്യൂ പഠിക്കുന്ന ഒരു വിദ്യാര്‍ഥിനിയുടെ എല്ലാ പ്രൊഫഷണലിസവും, ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ട്, സമൂഹത്തില്‍ ക്രിയേറ്റ് ചെയ്യാന്‍ സാധ്യതയുള്ള സോഷ്യല്‍ ഇംപാക്ടിനെ ക്കുറിച്ചുള്ള ആത്മവിശ്വാസവും മേഘയില്‍ പ്രകടമായിരുന്നു. എന്നാല്‍ മറുവശത്തിരുന്നിരുന്ന സി. റൂഹിന്റെ ഹൃദയത്തില്‍ കാരണം പിടികിട്ടാത്ത എന്തൊക്കെയോ ആകുലതകളും സങ്കടങ്ങളും ചോദ്യങ്ങളും കെട്ടഴിഞ്ഞ പുസ്തകത്താളുകള്‍ പോലെ ചിതറി കിടന്നിരുന്നു.
വളരെ ചെറുപ്പം മുതല്‍ കെവിന്റെ എല്ലാ കാര്യങ്ങളുമറിയാമെന്ന് കരുതിയിരുന്ന സി. റൂഹിന്റെ അമിത ആത്മവിശ്വാസത്തെ തകര്‍ത്തെറിഞ്ഞു കൊണ്ടായിരുന്നു കെവിന്റെ ജീവിതം പകയും പോരും പ്രതികാരവും കൊലപാതകവുമൊക്കെ ചേര്‍ന്ന് രക്തരൂക്ഷിത മായത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ തനിക്കു മുന്നില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന കെവിന്റെയുള്ളില്‍ സങ്കടമാണോ, അതോ മറ്റെന്തെങ്കിലും തീരുമാനിച്ചുറച്ചിട്ടാണോ ഈ സമ്മതം മൂളല്‍ എന്ന സന്ദേഹം സി. റൂഹിനെ മഥിക്കുന്നുണ്ടായിരുന്നു. അപ്പന്റെ ആത്മഹത്യയും, അതിനെ തുടര്‍ന്നുള്ള കെവിന്റെ കൈവിട്ട് പോകലുകളും, അവനെ തിരിച്ചു പിടിക്കാനുള്ള സര്‍വപാഴ്ശ്രമങ്ങളുടെ കഥകളുമറിയാമായിരുന്ന സി. റൂഹിന്റെ ഉള്ളില്‍ ഉത്തരം കിട്ടാത്തതായി ഒരൊറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ? 'എന്തിനാണ് കെവിന്‍ നവാസിനെ കൊന്നത്?' മറ്റാര്‍ക്കെതിരെയും എന്തും ചെയ്യാന്‍ പാകത്തിന് കെവിന്‍ കരിങ്കല്ലുപോലെ ആയിത്തീര്‍ന്ന ആ കാലഘട്ടത്തിലും അവന് നവാസിനോട് മാത്രം സ്‌നേഹമുണ്ടായിരുന്നതായി സി. റൂഹിനറിയാം.
ഒരായിരം ചോദ്യങ്ങളുമായി മേഘയും, ഒരൊറ്റ സന്ദേഹവുമായി സി. റൂഹും തനിക്ക് മുന്നിലിരിക്കുമ്പോള്‍, കെവിന്‍ തന്റെ അധരം തുറന്നത് സി. റൂഹിന്റെ സംശയത്തിനുള്ള ഉത്തരവുമായായിരുന്നു.
''അപ്പന്‍ മരിച്ചതില്‍ പിന്നെ എനിക്കെന്റെ വീടിനോട് ഭയങ്കര സ്‌നേഹോം നാടിനോടും നാട്ടുകാരോടും, അപ്പന്റെ കൂട്ടുകാരോടുമൊക്കെ ഭയങ്കര ദേഷ്യോം വെറുപ്പുമായിരുന്നു. അപ്പന്‍ ജീവിച്ചിരിക്കുമ്പോള്‍ പോലും വെള്ളമടിക്കാതെ ഒരാളുപോലും അപ്പനെ കാണാന്‍ എന്റെ വീട്ടില്‍ വന്നിട്ടില്ല. കള്ളുകുടി തകൃതിയായി നടക്കുന്ന രാത്രികളില്‍ എന്റെ അമ്മയം പെങ്ങളും വീടിന് മുറ്റത്തേക്കുപോലും ഇറങ്ങാറില്ല... ഒന്നാലോചിച്ച് നോക്ക്യേ, സ്വന്തം വീട്ടുമുറ്റത്തുപോലും ഇറങ്ങാന്‍ മടിക്കുന്ന രീതിയില്‍ ആ പെണ്ണുങ്ങള്‍ക്ക് പേടി തട്ടിയിട്ടുണ്ടെങ്കില്‍, അതിനെന്തായിരിക്കും കാരണം? ചെറുതായിരുന്നപ്പോള്‍ എനിക്കൊന്നും പിടിക്കിട്ടിയിരുന്നില്ല. പക്ഷേ, വലുതായപ്പോള്‍ എനിക്ക് മനസ്സിലായി, അവിടെ ഉണ്ടായിരുന്നവരില്‍ കൂടുതലും മനുഷ്യന്മാര്‍ ആയിരുന്നില്ല; മൃഗങ്ങളായിരുന്നുവെന്ന്.''
മൃഗമെന്ന പദം ഉച്ചരിക്കുന്ന ആ നേരത്തുതന്നെ കെവിന്റെ കണ്ണില്‍ ഏതോ ഒരു വന്യമൃഗത്തിന്റെ നയന സാമ്യത തെളിഞ്ഞ് വരുന്നത് മേഘയും സി. റൂഹും കണ്ടു. ഏതാണ്ട് ആറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് സമാനമായ ദൈന്യതയോടും മുഖഭാവത്തോടും കൂടെ സി. റൂഹിന്റെയും മറ്റു കന്യാസ്ത്രീകളുടെയും മുന്നില്‍ കെവിന്‍ കൈകളില്‍ ചോരപറ്റി ഇരുന്നത്. വേനല്‍ വെയില്‍ നന്നായി പെയ്തിരുന്ന ആ പകലുകളില്‍ നിന്നും വ്യത്യസ്തമായി പെട്ടെന്നെന്തിനാണ് ഒരു മഴ പെയ്തതെന്ന് പലരും ആശ്ചര്യപ്പെട്ട ഒരു ദിനമായിരുന്നത്. വൈകുന്നേരങ്ങളിലെ വെള്ളി വെയിലിനെ തള്ളിപ്പുറത്താക്കിക്കൊണ്ട് എവിടെ നിന്നോ ഒരു കനത്ത മഴ അന്ന് വൈകുന്നേരം മുഴുവന്‍ നിന്നു പെയ്തു കൊണ്ടേയിരുന്നു. അന്നത്തെ ആ മഴവെള്ളത്തില്‍ കുത്തിയൊലിച്ച് പോയത് എന്റെ അവശേഷിച്ച ജീവിതമാണ്.
അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഞങ്ങളെല്ലാവരും വെറുതെയിറങ്ങി നനഞ്ഞു. ചില നേരത്തങ്ങനെയാണല്ലോ, ഒരു പച്ചമാങ്ങയോ, നെല്ലിപ്പുളിയോ, പെരുമഴയോ മതി നമ്മളെ കുറെക്കൂടി ചെറുപ്പമാക്കാന്‍; ആനന്ദിപ്പിക്കാന്‍. പെയ്ത മഴയുടെ നനവില്‍ ഞങ്ങളെല്ലാവരും ഓടിക്കയറിയത് ചെറ ജോസപ്പന്റെ തെങ്ങിന്‍ തോപ്പില്‍ കെട്ടിപ്പൊക്കിയ ഏറുമാടത്തിലേക്കായിരുന്നു. പ്ലാന്‍ ചെയ്തതനുസരിച്ച് നല്ല ചൂടന്‍ വാറ്റും താറാമുട്ട പുഴുങ്ങിയതും, പള്ളിക്കരികിലെ ബെസ്റ്റ് ഹോട്ടലിലെ കറുത്ത ബീഫ് റോസ്റ്റും മേടിച്ചായിരുന്നു മില്‍ട്ടനും ബിജോയിയും കൂടെ ഏറുമാടത്തിലേക്ക് കേറി വന്നത്. കുറച്ചു ദിവസങ്ങളായിട്ട് വല്യ ആഘോഷങ്ങളോ വെള്ളമടിയോ നടക്കാതിരുന്നതിനാലാകാം അന്നടിച്ചത് മുഴുവന്‍ ഇരട്ടി കിക്കോടെ തലയ്ക്ക് പിടിച്ചിരുന്നു. പോരാത്തതിന്, വാങ്ങിക്കൊണ്ടുവന്ന സിഗരറ്റ് മുഴുവന്‍ മഴയെ ഉതിപ്പറപ്പിക്കുവാനെന്ന വിധം പുകച്ച് വിട്ടതും ലഹരിത്തീയെ ആളിക്കത്തിച്ചു. ഏറുമാടത്തിന്റെ മുകളിലിരുന്ന ഞാനും എന്റെ കൂട്ടുകാരും കൂടി ലഹരിച്ചുവ നുകര്‍ന്ന് മഴയെ നോക്കി പാടിത്തിമിര്‍ത്ത അതേ നേരത്തുതന്നെയായിരുന്നു കാത്തുകുട്ടിയുടെ ദേഹത്തുനിന്നും ആദ്യമായി ചോര പൊടിഞ്ഞതും. ജീവിതത്തിലാദ്യമായി അപ്പനും അമ്മയും ചേട്ടനുമില്ലാത്ത ഒറ്റപ്പെട്ട ഒരു തെരുവില്‍ വച്ച് അവള്‍ക്ക് മറക്കാനാകാത്ത മുറിവേറ്റതും.''
ഈ നിമിഷം വരെ ചിത്രത്തിലില്ലാതിരുന്ന കെവിന്റെ അനിയത്തി കത്രീനയാണ് കാത്തിക്കുട്ടിയെന്ന് പിടികിട്ടിയ സി. റൂഹിന്റെ കണ്ണിലെ തീയുടെ ചൂട് മേഘയിലേക്ക് പടര്‍ന്നു കയറി. പറക്കമുറ്റാത്ത ഒരു പിഞ്ചു പെണ്‍കൊടിയുടെ പൊള്ളലനുഭവങ്ങള്‍ കൂടി കെവിനെന്ന ദുരന്തജീവിത കഥാനായകന്റെ തിരക്കഥയിലുണ്ടായിരുന്നുവെന്നത് സി. റൂഹിനെ ഞെട്ടിച്ചു കളഞ്ഞു. ആ ദേശത്തെ സര്‍വകുഞ്ഞുങ്ങളുടെ അമ്മമാരാണ് തങ്ങളെന്ന ആത്മവിശ്വാസത്തിന് നിരന്തരം പോറലേല്പിച്ചു കൊണ്ടാണ് കെവിന്റെ വ്രണിതാനുഭവങ്ങള്‍ സി. റൂഹിന്റെ മുന്നിലേക്ക് വിരുന്നായി എത്തുന്നത്.
സംസാരം തുടങ്ങിയ നേരത്ത് കെവിന്റെ അധരത്തിലുണ്ടായിരുന്ന ആ ചിരിവെട്ടത്തിനു മീതെ കത്രീനയെന്ന കുഞ്ഞിന്റെ സങ്കടനിഴല്‍ പതിഞ്ഞിരിക്കുന്നു. അടക്കാനാകാത്ത ആ ആത്മരോഷത്തെ അതിര്‍ത്തി കടത്തി വിടാതിരിക്കാനായിരുന്നോ ഈ നീണ്ട വര്‍ഷക്കാലം കെവിന്‍ ആര്‍ക്കു മുന്നിലും അധരം തുറക്കാതിരുന്നതെന്ന് അവര്‍ക്കിപ്പോള്‍ പിടികിട്ടി തുടങ്ങി. പാതിവഴിക്ക് സംസാരം നിലച്ച കെവിനോട് ഇനി എന്ത് ചോദ്യം ചോദിക്കണമെന്ന സമസ്യയില്‍ രണ്ട് സ്ത്രീകള്‍ അവനു മുന്നിലിരുന്നു. ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് സി. റൂഹ് മെല്ലെ കെവിന്റെ കസേരയുടെ അരികിലേക്ക് ചേര്‍ന്നിരുന്നു. മേശപ്പുറത്ത് വച്ചിരുന്ന കെവിന്റെ വിറയാര്‍ന്ന കരങ്ങളില്‍ പിടിമുറുക്കിയ നേരത്ത് ആ വിരല്‍ത്തുമ്പുകളിലൂടെ ഒരു ചെറുപ്പക്കാരന്റെ ഹൃദയം പെരുമ്പറ പോലെ മുഴങ്ങുന്നത് ആ കന്യാസ്ത്രീ കണ്ണടച്ച് കേട്ടിരുന്നു.
(തുടരും)