സി ബി സി ഐ യ്ക്കു പുതിയ നേതൃത്വം: ഭാരതസഭ പ്രവാചകശബ്ദം വീണ്ടെടുക്കുക

സി ബി സി ഐ യ്ക്കു പുതിയ നേതൃത്വം: ഭാരതസഭ പ്രവാചകശബ്ദം വീണ്ടെടുക്കുക
Published on

ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ സമ്മേളനം അതിന്റെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത് സഭയും സമൂഹവും പ്രതീക്ഷയോടെ കാണുകയാണ്. ഹൈദരാബാദ് ആര്‍ച്ചുബിഷപ് ആന്റണി പൂളയാണ് സി ബി സി ഐ യുടെ പുതിയ അധ്യക്ഷന്‍. ആന്ധ്രാപ്രദേശിലെ ദരിദ്രമായ ഒരു ദളിത് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളാണ് അദ്ദേഹം. ദളിത് കത്തോലിക്കനായ ഒരു സി ബി സി ഐ പ്രസിഡന്റ് ചരിത്രത്തിലാദ്യമാണ്.

ഭാരതവും ഭാരതസഭയും ചരിത്രപരമായ ചില ദുര്‍ഘടങ്ങളിലൂടെ കടന്നുപോകുന്ന കാലമാണിത്. മതാധിഷ്ഠിത സ്വേച്ഛാധിപത്യം ആത്യന്തികലക്ഷ്യമായി സ്വപ്നം കാണുന്നവര്‍ അകത്തു നിന്നും പുറത്തു നിന്നും നിയന്ത്രിക്കുന്ന ഭരണകൂടം അധികാരത്തിലിരിക്കുന്നു. ധനപ്രഭുക്കള്‍ ലാഭമാത്ര ലക്ഷ്യത്തോടെ അവരെ പിന്തുണയ്ക്കുന്നു. ഗൂഢവും ശക്തവുമായ പ്രചാരവേല കളിലൂടെ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്നു, സാമൂഹ്യോപജാപങ്ങളിലൂടെ വര്‍ഗീയമായി ധ്രുവീകരി ക്കുന്നു. കോര്‍പറേറ്റുകള്‍ ഒഴുക്കുന്ന അളവില്ലാത്ത ധനം ആയുധമാക്കി, അധികാരം കൈയടക്കി, ഭരണാധികാരികള്‍ രാജ്യത്തെ മതാധിപത്യത്തിലേക്ക് നയിക്കുമ്പോള്‍, മുതലിറക്കിയ ധനം പല മടങ്ങാക്കി തിരിച്ചെടുക്കാന്‍ പ്രത്യുപകാരാര്‍ഥം കോര്‍പറേറ്റുകള്‍ക്കു ജനചൂഷണം അനുവദിച്ചു കൊടുക്കുന്നു. അതിദ്രുതം അരങ്ങേറിക്കൊണ്ടി രിക്കുന്ന അത്യന്തം വിനാശകരമായ ഈ പ്രക്രിയയെ പ്രതിരോധിക്കാനാകുന്നില്ലെങ്കില്‍ അലസിപ്പോകുന്നത് പൂര്‍വികര്‍ കണ്ട ഇന്ത്യ എന്ന സ്വപ്നം തന്നെയായിരിക്കും.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയ ബി ജെ പി അവിടങ്ങളിലെല്ലാം ക്രൈസ്തവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ നിഷ്‌കരുണം ശ്വാസംമുട്ടിക്കുകയാണ്. ന്യൂനപക്ഷവേട്ടയുടെ കഥകള്‍ 2014-നുശേഷം കുതിച്ചുയര്‍ന്നിരിക്കുന്നു. ജനാധിപത്യ ധ്വംസനത്തിന്റെ ആസൂത്രിതപദ്ധതികള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. സഭയുടെ പ്രതികരണവും പ്രതിഷേധവും പ്രതിരോധവും ഈ സാഹചര്യങ്ങള്‍ക്കെതിരെ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതു സഭയ്ക്കുവേണ്ടി മാത്രമല്ല, ഭാരതത്തിനുവേണ്ടിയും ഭാരതത്തിന്റെ ഭാവിക്കുവേണ്ടിയുമാണ്. സഭയ്ക്ക് എത്രത്തോളം അതു സാധിച്ചിട്ടുണ്ടെന്ന ആത്മപരിശോധനയും എന്തൊക്കെ ഇനി ചെയ്യാനാകുമെന്ന ആലോചനയും ആവശ്യമാണ്.

ഒരുവശത്ത്, ഇന്ത്യയിലെ തീവ്രവലതുപക്ഷം ദേശസ്‌നേഹവും രാജ്യാഭിമാനവും കുത്തിനിറച്ച വ്യാജവാചാടോപങ്ങള്‍ അന്തരീക്ഷത്തിലേക്കു വിക്ഷേപിച്ചു കൊണ്ടിരിക്കുന്നു. മറുവശത്താകട്ടെ രാജ്യത്തിന്റെ പരമാധി കാരത്തെ തന്നെ ഈ വ്യാജാഭിമാനികള്‍ ആഗോളശക്തി കള്‍ക്കു പണയം വച്ചിരിക്കുകയാണെന്ന ആശങ്ക ഉയരുന്നു. ഇന്ത്യയുടെ വ്യാപാരനയ പരിഷ്‌കാരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിക്കുന്ന സ്ഥിതി ഇവിടെയുണ്ടായി. ഇന്ത്യ എന്തു വാങ്ങണമെന്നും എവിടെ നിന്നു വാങ്ങണമെന്നും ഒരു വിദേശരാജ്യം കല്പിക്കുന്നു, ദേശസ്‌നേഹത്തിന്റെ വിജൃംഭിതവീര്യം സദാ വിളമ്പുന്ന അമ്പത്താറിഞ്ച് നെഞ്ചളവുകാര്‍ പഞ്ചപുച്ഛമടക്കി നമിച്ചു നില്‍ക്കുന്നു. ഏകധ്രുവലോകത്തിലേക്കുള്ള ദ്രുതപ്രയാണ ത്തില്‍ ലോകപൊലീസുകാരന് അവര്‍ ദാസ്യം ചെയ്യുന്നു. നവജാതരാഷ്ട്രം ആയിരുന്ന ഘട്ടത്തില്‍ പോലും ചേരിചേരാനയം പിന്തുടര്‍ന്നു ലോകരാജ്യങ്ങള്‍ക്കിടയില്‍ ശിരസ്സുയര്‍ത്തി നിന്ന ഒരു രാജ്യത്തിന്റെ ഈ അധഃപതനം പരിതാപകരമാണ്.

മുന്‍ സേനാമേധാവി എം എം നരവനെ നടത്തിയ വെളിപ്പെടുത്തലുകള്‍ ഓരോ ഭാരതപൗരന്റെയും സ്വാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ചൈനയുടെ കടന്നുകയറ്റം ആസന്നമായ നിമിഷത്തില്‍ ഭരണാധികാരി കളുടെ കല്പനകള്‍ക്കു കാതോര്‍ത്ത സൈന്യത്തിനു മൗനമത്രെ കിട്ടിയ മറുപടി. രാജ്യത്തിന്റെ അതിരും അന്തസ്സും സംരക്ഷിക്കാന്‍ കടപ്പെട്ട മന്ത്രിയും പ്രധാനമന്ത്രിയും കൊടിയ ഒരു ഭീഷണിക്കു മുമ്പില്‍ കര്‍ത്തവ്യരഹിതരായി നിന്നു. അവസാനം തീരുമാനത്തിന്റെ പന്ത് സൈന്യത്തിന്റെ കളത്തിലേക്കു തിരിച്ചിട്ടു തടിയെടുത്തു. എന്തുമാത്രം നിരുത്തരവാദപരമായ രാജ്യാധികാര നിര്‍വഹണം!

കാലം ആവശ്യപ്പെടുന്നത് ലജ്ജാകരമായ ഭരണകൂടഭക്തിയല്ല.

ഒടുവില്‍, എപ്സ്റ്റീന്‍ ഫയലുകളില്‍ പോലും ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പേരു വന്നിരിക്കുന്നു എന്ന വസ്തുത യഥാര്‍ഥ രാജ്യസ്‌നേഹികളെ ലജ്ജയില്‍ ആഴ്ത്തുന്നു. കുഞ്ഞുങ്ങളുടെ മനസ്സും ശരീരവും മുറിച്ചു പങ്കുവച്ച്, പൈശാചികമാര്‍ഗങ്ങളിലൂടെ ലോകരാഷ്ട്രീയത്തെ നിയന്ത്രിച്ച ഒരു കൊടുംകുറ്റവാളിയുമായി എന്തു കൊടുക്കല്‍ വാങ്ങലുകളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയതെന്ന് രാജ്യത്തോടു വിശദീകരിക്കേണ്ടതുണ്ട്. മാധ്യമങ്ങളെ ആട്ടിയകറ്റുകയും പാര്‍ലിമെന്റില്‍ പോലും മന്‍ കി ബാത്ത് നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെയും രാജ്യത്തിന്റെയും ചോദ്യങ്ങള്‍ക്കു മുമ്പില്‍ നേര്‍ക്കുനേര്‍ വരണം.

ഈ ഇന്ത്യന്‍ സാഹചര്യത്തില്‍, സമൂഹത്തിന്റെ മനസ്സാക്ഷിയായി നിലകൊള്ളേണ്ട സഭയ്ക്ക് വലിയ ബാധ്യതകളുണ്ട്. ആള്‍ബലത്തിന്റെയും സ്ഥാപനസമ്പ ത്തിന്റെയും മതനിരപേക്ഷ ഭരണകൂടങ്ങളുടെയും സുഖവലയത്തിലായിരിക്കുന്ന കേരളസഭയ്ക്ക് ഇതു പൂര്‍ണ്ണമായി മനസ്സിലാകണമെങ്കില്‍ മൂല്യാധിഷ്ഠിതമായ മനസ്സാക്ഷിയും നട്ടെല്ലു നിവര്‍ന്ന നീതിബോധവും ആവശ്യമാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ചു പ്രഭാഷണം നടത്താന്‍ ക്ഷണിക്കപ്പെട്ട പത്രപ്രവര്‍ത്തകനെ കേരളത്തിലെ ഒരു കത്തോലിക്കാ കലാലയം പിന്നീടു വരേണ്ടെന്നു വിലക്കിയതാണ് കേരളസഭ ഫാസിസത്തോടു നടത്തിയ അവസാനത്തെ പ്രതികരണം. കാലം ആവശ്യപ്പെടുന്നത് ലജ്ജാകരമായ ഈ ഭരണകൂട ഭക്തിയല്ല. ഭാരതസമൂഹത്തില്‍ യഥാര്‍ഥ ക്രൈസ്തവ സാക്ഷ്യം നല്‍കാനും പ്രവാചകദൗത്യം നിറവേറ്റാനും പുതിയ സി ബി സി ഐ നേതൃത്വത്തിനു സാധിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org