വിശുദ്ധ ഗൗദന്തിയൂസ് (360-427) : ഫെബ്രുവരി 12
ഇറ്റലിയിലെ ബ്രസ്‌ക്കായാണ് വി. ഗൗദന്തിയൂസിന്റെ ജന്മസ്ഥലം. അവിടത്തെ ബിഷപ്പ് വി. ഫിലാസ്ത്രിയൂസിന്റെ കീഴിലായിരുന്നു വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് പാലസ്തീനായിലെയും ഈജിപ്തിലെയും സന്ന്യാസിമാരെ കണ്ടെത്തുന്നതുവരെ ആ വിദ്യാഭ്യാസം തുടര്‍ന്നു.
അദ്ദേഹത്തിന്റെ ബിഷപ്പ് മരിക്കുമ്പോള്‍ ഗൗദന്തിയൂസ് കപ്പദോസിയയിലെ കേസറിയായില്‍ ഒരു ആശ്രമത്തില്‍ കഴിയുകയായിരുന്നു. ആ രൂപതയിലെ ജനങ്ങള്‍ അദ്ദേഹത്തോട് തങ്ങളുടെ ബിഷപ്പാകണമെന്ന് നിര്‍ബന്ധിച്ചു. അന്ന് ഗൗദന്തിയൂസിന് 27 വയസ്സാണു പ്രായം. എങ്കിലും സദ്ഗുണസമ്പന്നന്‍. ബിഷപ്പാകാന്‍ ഒട്ടും താത്പര്യമില്ലാഞ്ഞിട്ടും, ചില ബിഷപ്പുമാര്‍പോലും അദ്ദേഹത്തെ നിര്‍ബന്ധിച്ചു. അങ്ങനെ അനുസരണയുടെ പേരില്‍ സമ്മതം മൂളിയ ഗൗദന്തിയൂസിനെ വി. അമ്പ്രോസ് ബിഷപ്പായി അഭിഷേകം ചെയ്തു.
പല അപ്പസ്‌തോലന്മാരുടെയും സ്‌നാപകയോഹന്നാന്റെയും സെബസ്റ്റായിലെ 40 രക്തസാക്ഷികളുടെയുമൊക്കെ തിരുശ്ശേഷിപ്പുകളുമായിട്ടാണ് ഗൗദന്തിയൂസ് ബ്രസ്‌ക്കായില്‍ തിരിച്ചെത്തിയത്. അവയെല്ലാം ഒരു ബസലിക്കായില്‍ 'വിശുദ്ധരുടെ കൗണ്‍സില്‍' എന്ന തലക്കെട്ടില്‍ സൂക്ഷിച്ചുവച്ചു.
വി. ജോണ്‍ ക്രിസോസ്‌തോമിന്റെ ഒരു വലിയ ആരാധകനും സഹായിയുമായിരുന്നു ഗൗദന്തിയൂസ്. ക്രിസോസ്‌തോമിനെ അന്തിയോക്യയില്‍ വച്ച് അദ്ദേഹം നേരില്‍ കണ്ടിരുന്നു. നാടുകടത്തപ്പെട്ട ക്രിസോസ്‌തോമിന്റെ കാര്യങ്ങള്‍ക്കായി മാര്‍പാപ്പ രൂപീകരിച്ച സമിതിയിലുണ്ടായിരുന്ന മൂന്നു ബിഷപ്പുമാരില്‍ ഒരാള്‍ ഗൗദന്തിയൂസായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തിയ ഇവരെ അറസ്റ്റുചെയ്ത് കാരാഗൃഹത്തില്‍ അടയ്ക്കുകയാണു ചെയ്തത്. അവരെ പീഡിപ്പിച്ച്, ഒരു പേടകത്തില്‍ കടലിലൊഴുക്കിയെന്നു പറയപ്പെടുന്നു.
ഏതായാലും ഗൗദന്തിയൂസ് എങ്ങനെയോ രക്ഷപെട്ട് നാലുമാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി. അസാധാരണവും ആകര്‍ഷകവുമായ പ്രസംഗപാടവമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.