Novel

കൊച്ചിയിലെ കപ്പലൊച്ചകൾ [03]

പ്രാണന്‍ പൊടിഞ്ഞത് കടലില്‍ നിന്നുമാണത്രേ! കടലോളം കൊണ്ടുനടക്കുന്ന ഓര്‍മ്മകളിലാണ് ഓരോ മനുഷ്യന്റെയും പ്രാണന്‍.

Sathyadeepam
  • നോവലിസ്റ്റ്: എൻ ഹാലിയ

  • ചിത്രീകരണം : ബാവുൽ

അറബിക്കടലില്‍ നിന്നും കൊച്ചിയുടെ കടപ്പുറങ്ങളിലേക്കും കായല്‍ തീരത്തേക്കും അടിച്ചുകയറുന്ന തിരമാലകള്‍ പോലെയാണ് അവിടുത്തെ മനുഷ്യരും... ചില നേരം ശാന്തമാണ് ചിലപ്പോള്‍ ഭ്രാന്തവും... ഏതോ ആകാശത്ത് ആഞ്ഞടിച്ച കൊടുങ്കാറ്റിന്റെ പരിണിതഫലം അറബിക്കടലില്‍ കോളിളക്കം സൃഷ്ടിക്കുന്നതുപോലെ, ആര്‍ക്കും പിടികിട്ടാത്ത ഉള്‍ക്കടല്‍ കൊടുങ്കാറ്റില്‍ ചില മനുഷ്യരിങ്ങനെ ആകമാനം ആഞ്ഞുലയുകയാണ്. അവരുടെ പൊട്ടിത്തെറികള്‍ക്കും, പച്ചത്തെറികള്‍ക്കും, കലഹങ്ങള്‍ക്കും കരച്ചിലുകള്‍ക്കും കാരണം ഒറ്റ നോട്ടത്തില്‍ നമുക്ക് പിടികിട്ടൂല്ല. കാരണം നമ്മളറിയാത്ത ഒരാകാശം അവര്‍ക്കുള്ളിലുണ്ട്, നമ്മളനുഭവിക്കാത്ത തീച്ചൂടിന്റെ കാറ്റ് അവര്‍ക്കുള്ളില്‍ വീശുന്നുണ്ട്. നമ്മള് കേള്‍ക്കാത്ത മേഘഗര്‍ജനങ്ങള്‍ അവര്‍ക്കുള്ളില്‍ മുഴങ്ങുന്നുണ്ട്... നമ്മള് കാണാത്ത മിന്നല്‍ പിണറുകളുടെ പൊള്ളലുകള്‍ അവര്‍ക്കുള്ളില്‍ ഉണ്ട്... ആഴിയുടെ അടിത്തട്ടിലോ അങ്ങ് ആകാശത്തോ ആരോ ന്യൂനമര്‍ദ്ദത്തിന് കോപ്പു കൂട്ടുന്നത് കൊണ്ടാണ് കൊച്ചിയുടെ കടല്‍പ്പരപ്പില്‍ കപ്പലുകള്‍ ഒച്ചയെടുക്കുന്നത്.

അധ്യായം 03 - [വിചാരണ]

തെമ്മാടിത്തരം ചെയ്തതിനുശേഷം തല കുമ്പിട്ട് നില്‍ക്കുന്ന എല്ലാത്തിന്റേം തല ഉയര്‍ത്താന്‍ ജയില്‍ സൂപ്രണ്ട് ബാസ്റ്റിന്‍ സാറിന് ഒരു ഒറ്റമൂലിയുണ്ട്. ആ ഒറ്റമൂലിയുടെ കൈപ്പുരസം ആദ്യം രുചിച്ചത് തൊമ്മനായിരുന്നു. പോളിഷ് ചെയ്തു മിനുക്കം വന്ന ബൂട്ടിട്ട കാലു കൊണ്ട് തൊമ്മന്റെ കാലിലെ തള്ളവിരലില്‍ അമര്‍ത്തി ചവിട്ടി കൊണ്ട് ബാസ്റ്റിന്‍ സാര്‍ ചോദിക്കാന്‍ തുടങ്ങി ''ഇമ്മാതിരി കന്നം തിരിവ് ഇനി മേലാല്‍ ഇവിടെ കാണിക്കോ? കാണിക്കോടാ?''

തൊമ്മന്‍ കരഞ്ഞു കൊണ്ട് ''ഇല്ലാ, ഇല്ലാ'' എന്ന് പറഞ്ഞുകൊണ്ടേയി രുന്നു. വേദന കൊണ്ട് പുളയുന്ന തൊമ്മന്റെ കരച്ചില്‍ കണ്ടു സതീശന്റെയും കൂടെയുള്ളവരുടെയും മുഖം മാറുന്നു... കാല്‍വിരല്‍ വഴി തലച്ചോറിലേക്കോടി കയറുന്ന വേദനയുടെ വികാരങ്ങള്‍ക്ക് മുന്‍കൂട്ടി തടയിടാനായി സതീശന്‍ വെറുമൊരു പാഴ്ശ്രമം നടത്തി നോക്കി.

''സാറേ... അറിയാതെ പറ്റീതാ സാറേ... ഇനി ഉണ്ടാകില്ല സാറേ...''

ഏറ്റു പറച്ചിലിനോട് കരുണ കാണിക്കാന്‍ ബാസ്റ്റിന്‍ സാര്‍ പള്ളീലച്ചനല്ലായെന്നു സതീശന് അന്ന് മനസ്സിലായി. തൊമ്മന്റെ കാല്‍വിരലുകള്‍ക്ക് മോചനം കൊടുത്തു കൊണ്ട് ബാസ്റ്റിന്‍ സാര്‍ സതീശന്റെ അടുത്തെത്തി.

''ഇത്തവണത്തേക്ക് മാപ്പ് തന്നാല്‍ ഇതു പോലിനി ആവര്‍ത്തി ക്കില്ല... ഉറപ്പല്ലേ?''

കരുണ കലങ്ങിയ ആ ചോദ്യം കേട്ട് സതീശന്റെ ഉള്ളില്‍ ആശ്വാസം മൊട്ടിട്ടു.

''ഒറപ്പാണ്... ഇനി ഇങ്ങനെയുണ്ടാകില്ല സാറേ... ഒറപ്പായും ഉണ്ടാകില്ല.''

ആ മുറിക്കകത്ത് മുഴങ്ങിക്കേട്ട സതീശന്റെ വാഗ്ദാനത്തെ വിലമതിച്ചു കൊണ്ടു ബാസ്റ്റിന്‍ സാര്‍ വാ തുറന്നു.

''എന്നാല്‍ മാപ്പ് കൊടുത്തേക്കാം... അല്ലേ മാധവേട്ട...?''

സതീശന്റെ പുറകില്‍ നിന്നൊരു പൊലീസു കാരന്‍ കയ്യിലുണ്ടായിരുന്ന ചൂരല്‍ കൊണ്ട് സതീശന്റെ കാലിനു കീഴെ ആഞ്ഞൊരടി... അപ്രതീക്ഷിത അടിയില്‍ സതീശന്‍ മുട്ട് കുത്തി പോയി. ഏറ്റുപറച്ചിലിന്റെ ഭാവം മാറിയത് കണ്ട ബാസ്റ്റിന്‍ സാര്‍ സതീശന്റെ മുന്നിലേക്ക് അല്‍പം കൂടി ചേര്‍ന്നു നിന്നു പറഞ്ഞു.

''ഹാ... ഇപ്പോഴാണ് ശരിയായത്... ഇങ്ങനെയാണ് നമ്മള് മാപ്പ് ചോദിക്കേണ്ടത്... മനസ്സിലായോ... ഇനി

ഇതുപോലെ മാപ്പ് ചോദിക്കേണ്ട സാഹചര്യം വരുത്തുമ്പോള്‍ ഇതോര്‍മ്മ വരും... ഹാ ഇനി എണീറ്റോ!''

സതീശന്റെ അരികില്‍ നില്‍ക്കുന്നവന്റെ അരികിലേക്ക് ചെന്ന് ബാസ്റ്റിന്‍ സാര്‍ അവന്റെ മുഖത്ത് മെല്ലെ വിരലുകളോടിച്ചു. ഇടത്തേ കവിളില്‍ കരിനീലിച്ചു കിടക്കുന്ന പാടില്‍ വിരലോടിച്ചു കൊണ്ട് പറഞ്ഞു:

''ഇതു കൈക്ക് കിട്ടിയ കീറല്ലല്ലോടാ.''

വേദനയും അമര്‍ഷവും കൊണ്ട് അവന്‍ പല്ല് കടിച്ച സ്വരം കേട്ട് ബാസ്റ്റിന്‍ സാര്‍ അവന്റെ മുഖത്തുനിന്നും പെട്ടെന്ന് കൈ വലിച്ചു.

''മാധവേട്ടാ... ആള് ദേഷ്യക്കാരനാണ് കേട്ടാ... ചൂടനാ ചൂടന്‍... എന്റെ കൈ പൊള്ളിപ്പോയി...''

ബാസ്റ്റിന്‍ സാറിനെ തുറിച്ചു നോക്കിക്കൊണ്ട് നിന്ന അവന്റെ തലയ്ക്കു മീതെ ഒരു പ്ലാസ്റ്റിക് കവര്‍ നിറയെ വെള്ളം കമിഴ്ന്നു വീണു.

ബലം പിടിച്ചു കുതറാന്‍ ശ്രമിച്ച അവന്റെ തലയ്ക്കു മുകളിലൂടെ വെള്ളത്തിന്റെ കവര്‍ പൊലീസുകാരന്‍ കമഴ്ത്തി പിടിച്ചു... കൈ രണ്ടും കൂടി പുറകിലേക്ക് കൂട്ടി പിടിച്ചതു കൊണ്ട് ശ്വാസം എടുക്കാനുള്ള പെടാപ്പാടില്‍ അവന്‍ കിടന്നു പിടഞ്ഞു. സെക്കന്‍ഡുകള്‍ നീണ്ടു നിന്ന ആ ജീവന്‍ മരണ പോരാട്ടത്തിനൊടുവില്‍ പൊലീസുകാരന്‍ ആ പ്ലാസ്റ്റിക് കവര്‍ എടുത്ത് മാറ്റി. ശ്വാസംമുട്ടി അണയ്ക്കുന്ന അവനെ നോക്കിക്കൊണ്ട് ബാസ്റ്റിന്‍ സാര്‍ പുച്ഛിച്ചുകൊണ്ടു ചോദിച്ചു.

''ഇപ്പോ ഇച്ചിരി തണുത്തില്ലേ... ഹാ അതാണ്... ദേ ഇപ്പൊ മുഖത്തെ ആ ചെളിയും പോയി... സുന്ദരനായി... ഇനി ആരോടേലും ചൂടാകുമ്പോള്‍ ഇതോര്‍മ്മ വരണം മനസ്സിലായോ?'' മാധവന്‍ സാറേ പിള്ളേരെ കൊണ്ടോയ്‌ക്കോ... ഇനി ഇവന്മാര് ഇങ്ങനെ ഒന്നും ചെയ്യില്ല.''

പൊലീസുകാരെല്ലാരും കൂടി അവരെ പുറത്തേക്കു കൊണ്ടു പോയി. പുറത്തേക്കു പോകാന്‍ തിരിഞ്ഞു നിന്ന കെവിനോട് ബാസ്റ്റിന്‍ സാര്‍ അവിടെ നില്‍ക്കാന്‍ പറഞ്ഞു.

''കാര്യം ശരിയാണ്, ഇത്രയും നാളായിട്ടും നീ ഇവിടെ ആരുമായിട്ടും ഒരു പ്രശ്‌നത്തിനും പോയിട്ടില്ല... നിന്നെ ഏല്‍പിച്ച എല്ലാ പണികളും കൃത്യമായും വെടിപ്പായും നീ ചെയ്യാറുമുണ്ട്. പക്ഷേ, ഈ പകല് മുഴുവന്‍ വെള്ളം കോരിയിട്ട് വൈകുന്നേരമാകുമ്പോള്‍ കലമുടയ്ക്കണ പരിപാടി ഉണ്ടല്ലോ അതാണ് മണ്ടത്തരം. ഇത്രേം വര്‍ഷം ഡീസന്റ് അവസാനം ദേ പുറത്തിറങ്ങാറായപ്പോഴാ അവന്റെ ഗുണ്ടായിസം.''

അവസാന വാക്യത്തില്‍ ബാസ്റ്റിന്‍ സാറിന്റെ അരിശത്തിന്റെ അക്ഷരങ്ങള്‍ മുഴച്ചു നിന്നു.

''അങ്ങനെ പറയല്ലേ സാറേ... ഞാന്‍ എന്ത് ഗുണ്ടായിസം കാണിച്ചെന്നാ സാര്‍ പറയണേ?... സാറ് ഇപ്പ പറഞ്ഞതു പോലെ ഇത്രേം കൊല്ലം ഒരാളോടും ഒന്നിനും പോകാതെ ഞാന്‍ എന്റെ കാര്യോം നോക്കി ജീവിച്ചതാ... എന്നിട്ട് ഈ ഒരൊറ്റ കാര്യത്തിന്റെ പേരില്‍ എന്നെ ഗുണ്ട എന്നൊന്നും വിളിക്കല്ലേ സാറെ.''

കെവിന്‍ പറഞ്ഞവസാനിപ്പിച്ച വാക്യത്തിന്റെ അവസാനത്തെ അക്ഷരങ്ങള്‍ ഈറനണിഞ്ഞിരുന്നു.

കെവിന്റെ കണ്ണ് നിറഞ്ഞു... സ്വരം മാറി... ഒരക്ഷരം പോലും അധികം പറയാനാകാതെ ചുണ്ടുകളില്‍ വിറയല്‍ മാത്രം അവശേഷിപ്പിച്ച് നില്‍ക്കുന്ന കെവിന്റെ അരികിലേക്ക് മാധവന്‍ സാറ് വന്നു.

''എടാ, അതിനു സാറിപ്പോ എന്ത് പറഞ്ഞിട്ടാ... നീ ഈ അവസാന സമയത്ത് ഇങ്ങനെ കാണിച്ചാല്‍... ഇനീം ഇവിടെ ഇങ്ങനെ കെടക്കാനാണോ പ്ലാന്‍?''

''ഞാന്‍ ഒരു തെറ്റും ചെയ്തില്ല സാറേ... അവന്മാരാണ് അവിടെ ഗാര്‍ഡനില്‍ കേറി ചവിട്ടി കൂട്ടിയത്... അത് കണ്ടപ്പോഴാ ഞാന്‍ അടിച്ചത്... അല്ലാതെ വേറെ ഒരു കാരണവുമില്ല...''

''കെവിനേ... നീയായിട്ട് ഒരു പ്രശ്‌നവും ഉണ്ടാക്കില്ലാന്ന് എനിക്കുമറിയാം സാറിനുമറിയാം... അവന്മാര്‍ക്കിട്ട് കൊടുത്തപ്പോള്‍ സാര്‍ നിന്നെ എന്തേലും പറഞ്ഞോ? ഇല്ലാലോ... ഇതിപ്പോ ഞങ്ങള്‍ നിന്നെ ഓര്‍മ്മിപ്പിച്ചെന്നേ ഉള്ളൂ... അവന്മാര്‍ക്കൊന്നും ഒന്നും നോക്കാനില്ലെടാ... പക്ഷെ നിനക്ക് ഇനി അങ്ങനെയാണോ...?''

മാധവന്‍ സാറിന്റെ തോളില്‍ പിടിച്ച് മാറ്റി നിര്‍ത്തിക്കൊണ്ട് ബാസ്റ്റിന്‍ സാറ് കെവിനോടായി പറഞ്ഞു.

''ഡാ കെവിനേ... എനിക്കു പകരം വേറെ വല്ലവരുമാണ് ഈ സ്ഥാനത്തെങ്കില്‍ നീ ഒന്നു രണ്ടു കൊല്ലം കൂടി ഇതിനകത്ത് കിടക്കും... ഇതിപ്പോ ഞാന്‍ ആയതു കൊണ്ടും എനിക്ക് നിന്നെ നന്നായി അറിയാവുന്നതു കൊണ്ടുമാണ്... എടാ കാര്യം ശരിയാണ്... നീയാണ് ആ ഗാര്‍ഡന്‍ നോക്കണത്... അതിന്റെ നനയ്ക്കലും പിടിക്കലുമൊക്കെ നീ തന്നെയാണ്... എന്ന് കരുതി രണ്ടു ചെടി പറിഞ്ഞു പോയതിനു നീ എന്തിനാടാ ഇമ്മാതിരി തല്ല് തല്ലീത്...? നിന്റെ ആവേശം കണ്ടാല്‍ ഇത് നിനക്കു തീറെഴുതി കിട്ടിയ പറമ്പാണെന്നു തോന്നൂല്ലോ... ഹാ പോ പോ!''

ഒന്നും മറുപടി പറയാതെ ബാസ്റ്റിന്‍ സാറിനെ നോക്കി കൈകൂപ്പി കാണിച്ച് മുണ്ടിന്റെ ഒരറ്റം കയ്യിലെടുത്തു കൊണ്ട് കെവിന്‍ പുറത്തേക്ക് നടന്നു...

''മാധവേട്ടാ... ആ പുതിയ പിള്ളേരെ ഒന്ന് ശ്രദ്ധിച്ചേക്കണേ... ചിലപ്പോ തിരിച്ചു പണിയും... ഏതൊക്കെയാണ് ഏത് ടൈപ്പാണ് എന്നൊന്നും അറിയാന്‍ നമുക്കു സമയം കിട്ടീട്ടില്ലല്ലോ... നമുക്കു ശരിയാക്കി എടുക്കാം...''

ബാസ്റ്റിന്‍ സാര്‍ മാധവന്‍സാറിനെ നോക്കി ചിരിച്ചു. മാധവന്‍ സാര്‍ തിരിച്ചും.

''സാറ് ശരിയാക്കാത്ത ആരേലും ഉണ്ടോ സാറേ ഇവിടെ?''

''മാധവേട്ട... അതെന്നെ ഒന്ന് പൊക്കിയതല്ലേ...''

''പത്ത് മുപ്പതു വര്‍ഷമായി സാറേ ഞാനീ യൂണിഫോമിട്ടിട്ട്... ഭൂരിഭാഗോം പല ജയിലു കളിലായിട്ടായിരുന്നു സര്‍വീസ്... ഇവിടെ ഇപ്പോ പത്ത് കൊല്ലത്തോളമായി... കൊറേ പ്രതികളേയും കണ്ടിട്ടുണ്ട്... പൊലീസുകാരേം കണ്ടിട്ടുണ്ട്... പക്ഷേ നിങ്ങളെ പോലൊരാളെ ആദ്യമായിട്ടാ സാറേ... അത്ര എളുപ്പോന്നൂല്ല ഇങ്ങനെയുള്ളവരുടെ കൂടെ ജീവിക്കാന്‍... സാറിനു അറിയാല്ലോ... പക്ഷേ... സാറ് വേറെ ഒരു ടൈപ്പ് മനുഷ്യനാണ്... സര്‍വീസ് തീരാറായിരിക്കുന്ന ഞാന്‍ എന്തിനാ സാറേ സാറിനെ പൊക്കി പിടിച്ചോണ്ട് നടക്കണത്...''

അവരുടെ രണ്ടു പേരുടെയും സംസാരത്തിനിടയിലേക്ക് ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ അകത്തേക്ക് കയറി വന്നു.

''ബാസ്റ്റിന്‍ സാറേ... മോള് വന്നിട്ടുണ്ട്...''

''ആണോ... ഞാന്‍ അങ്ങോട്ടു വരാം...''

മേശപ്പുറത്തിരുന്ന തൊപ്പി എടുത്തു കയ്യില്‍ പിടിച്ചു കൊണ്ട് ''മാധവേട്ട... ആ ഗാര്‍ഡന്‍ ശരിയാക്കാന്‍ ആ കെവിന്റെ കൂടെ ഒന്ന് കൂടിയേക്ക്. അവന്‍ ചെലപ്പോ വേറെ ആരേം അടുപ്പിക്കില്ല'' എന്നും പറഞ്ഞുകൊണ്ട് ബാസ്റ്റിന്‍ സാര്‍ പുറത്തേക്കിറങ്ങി പോയി.

(തുടരും)

മിഷണറിമാരെ കൊല്ലുന്ന ജാതി ഭീകരതയും കോര്‍പ്പറേറ്റ് ആര്‍ത്തിയും

വിശുദ്ധ റോസ്  (1586-1617) : ആഗസ്റ്റ് 23

റവ. ഫാ. തോമസ് ഷൈജു ചിറയില്‍ കെ സി ബി സി മദ്യവിരുദ്ധ സമിതി സെക്രട്ടറി

വൈദികജീവിതം

ബാക്ക് ബഞ്ചില്ലാത്ത ക്ലാസ്‌റൂം