

അഭിലാഷ് ഫ്രേസര്‍
ഒന്നര വയസ്സുള്ള ഒരു കുഞ്ഞിനെയും കൊണ്ട് ഇരുപതാം വയസ്സില്‍ ഒരു പെണ്‍കുട്ടി വിധവയായി ത്തീര്‍ന്നാല്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അവള്‍ എന്തു ചെയ്യും? പ്രത്യേകിച്ച് ഭാരിച്ച സമ്പത്ത് സ്വന്തം പേരിലുണ്ടാവുകയും വീട്ടുകാര്‍ തന്നെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുമ്പോള്‍? ഒന്നര നൂറ്റാണ്ടു മുമ്പ് മധ്യകേരളത്തില്‍ ഇതേ പ്രായമുള്ള ഒരു വിധവ, ഇതേ പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് വിലാപ വസ്ത്രം മാറും മുമ്പേ ഒരു തീരുമാനമെടുത്തു. ആ തീരുമാനമാണ് കേരളത്തിലെ പെണ്‍വിദ്യാഭ്യാസ ചരിത്രത്തെ നിശ്ശബ്ദസൗമ്യമായി നിര്‍ണ്ണയിച്ചത്. ആ ഇരുപതുകാരി വിധവ ഭര്‍ത്താവില്‍ നിന്നുള്ള പിന്‍തുടര്‍ച്ചാവകാശമായി തന്റെ മകള്‍ക്ക് ലഭിച്ച വിശാലമായ ഭൂമിയും സ്വത്തും സന്യാസത്തിനു വേണ്ടി സമര്‍പ്പിച്ചപ്പോള്‍ ഇവിടെ, കേരളത്തിലെ ആദ്യത്തെ പെണ്‍ സന്ന്യാസസഭ പിറവിയെടുത്തു. സ്ത്രീരൂപമാര്‍ന്ന ആ ഉള്‍ക്കരുത്തിന്റെ പേരാണ് മദര്‍ ഏലീശ്വാ! കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ കന്യാസ്ത്രീ, മലയാളക്കരയിലെ ആദ്യത്തെ സന്യാസിനീ സഭയുടെയും കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്‌കൂളിന്റെയും സ്ഥാപക!
പുരുഷന്റെ തോളൊപ്പം നില്‍ക്കുന്ന സ്ത്രീസമൂഹം ഇന്ന് കേരളത്തിന് അപരിചിതമല്ല. എന്നാല്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല. അടുക്കള വാതിലില്‍ വരച്ചിട്ട ലക്ഷ്മണ രേഖയ്ക്കപ്പുറം കടക്കാനോ ഉമ്മറത്ത് സ്വരം കേള്‍പ്പിക്കാനോ വിദ്യ അഭ്യസിക്കാനോ പോലും അവകാശമില്ലാതിരുന്ന ഒരു കാലമായിരുന്നു, അത്. അങ്ങനെയൊരു കാലത്താണ് വൈപ്പിന്‍കരയിലെ ഓച്ചന്തുരുത്ത് എന്ന കുഗ്രാമത്തിലെ ഏലീശ്വാ എന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവള്‍ക്ക് വീട്ടുവിദ്യാഭ്യാസം നല്‍കുന്നത്. വൈപ്പിശ്ശേരി കുടുംബം സമ്പന്നമായിരുന്നതുകൊണ്ട് മാത്രമല്ല ഇത് സാധ്യമായത്, അവളുടെ മാതാപിതാക്കള്‍ കാലത്തിനു മുമ്പേ ചിന്തിച്ചതുകൊണ്ടു കൂടിയാണ്. ആ കാലഘട്ടത്തില്‍ തന്റെ വീട്ടിലെത്തി പഠിപ്പിച്ചിരുന്ന ഗുരുക്കന്മാരില്‍ നിന്ന് ഏലീശ്വാ സ്വന്തമാക്കിയിരുന്ന ഭാഷാനൈപുണ്യവും സാധനകൊണ്ട് നേടിയിരുന്ന മനോഹരമായ കൈപ്പടയും പില്‍ക്കാലത്ത് മദര്‍ നവസന്ന്യാസിനികള്‍ക്കായി രചിച്ച പ്രബോധനരചനകളിലും ധ്യാനക്കുറിപ്പുകളിലും തെളിയുന്നുണ്ട്.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, സ്ത്രീശാക്തീകരണവും തുല്യതയും പതിവ് ചര്‍ച്ചയാകുകയും പല കാര്യങ്ങളിലും സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം കരുത്ത് തെളിയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിന്ന്, ഒന്നര നൂറ്റാണ്ടു പിന്നിലേക്ക് സമയസഞ്ചാരം ചെയ്യുമ്പോള്‍ ഇരുപതാം വയസ്സില്‍, വൈധവ്യത്തിന്റെ അശരണമായ ഏകാന്തതയില്‍, ഉള്‍വെട്ടത്തിന്റെ കരുത്തുകൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു ഗ്രാമീണ വിധവയെ നാം കാണുന്നു. സ്വന്തമായി ജീവിതവഴി തിരഞ്ഞെടുക്കാന്‍ ചങ്കൂറ്റം കാണിച്ചവള്‍!
ഘനീഭവിച്ചതും മനുഷ്യത്വരഹിതവുമായ ഉച്ചനീചത്വങ്ങളും ജാതിവ്യവസ്ഥകളും സമൂഹത്തില്‍ ആഴത്തില്‍ വേരാഴ്ത്തിയിരുന്ന ആ കാലത്തില്‍, ഏലീശ്വാ ചെറുപ്രായം മുതല്‍ സഹജീവികളോട് വിവേചനങ്ങളില്ലാതെ ഇടപെട്ടു എന്നും രേഖകളുണ്ട്. മുതിര്‍ന്നപ്പോള്‍, അതിരുകളില്ലാതെ എല്ലാവരെയും ചേര്‍ത്തണയ്ക്കുന്ന കരുണാര്‍ദ്ര സ്‌നേഹം ഏലീശ്വായുടെ സ്വഭാവമുദ്രയുമായി. കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ മാധ്യമപ്രവര്‍ത്തകന്‍ എന്നു വിശേഷിപ്പിക്കാവുന്ന, മലയാളത്തിലെ പ്രഥമ കത്തോലിക്കാ പ്രസിദ്ധീകരണമായ സത്യനാദകാഹളത്തിന്റെ സ്രഷ്ടാവും ഏലീശ്വായുടെ ഇളയ സഹോദരനുമായ ഫാ. ലൂയീസ് വൈപ്പിശ്ശേരിയുടെ രചനകളില്‍ നിന്നാണ് മദര്‍ ഏലീശ്വായുടെ ജീവിതത്തിലെ സ്വകാര്യസുഗന്ധവും ആ നിശ്ശബ്ദ ജീവിതത്തിന്റെ തെളിച്ചവും നാം വായിച്ചറിയുന്നത്.
സമ്പന്നരെ ആശ്രയിച്ചു ജീവിച്ചിരുന്ന താഴ്ന്ന ജാതിക്കാരും തൊഴിലാളികളുമായ കുടിയാന്മാരോട് പൊതുസമൂഹം അകലം പാലിച്ചിരുന്ന കാലത്ത്, സുവിശേഷത്തിന്റെ ആത്മാവ് ചെറുപ്രായത്തില്‍ തന്നെ സ്വന്തമാക്കിയിരുന്ന ഏലീശ്വാ സമഭാവനയോടും കാരുണ്യത്തോടും ഇടപെട്ടിരുന്നു എന്നത് ഒരു നിലപാടിന്റെ പ്രഖ്യാപനം കൂടിയായിരുന്നു. ഓച്ചന്തുരുത്തില്‍, കുരിശിങ്കല്‍ പള്ളി എന്നറിയപ്പെടുന്ന ക്രൂസ് മിലാഗ്രിസ് ദേവാലയമായിരുന്നു, വൈപ്പിശ്ശേരിക്കാരുടെ ഇടവക. അവിടെ പ്രസംഗിക്കാനെത്തിയിരുന്ന യൂറോപ്യന്‍ മിഷണറി പാതിരിമാരില്‍ നിന്നാവാം സുവിശേഷമൂല്യങ്ങളെയും യൂറോപ്പിലെ സന്ന്യാസ ജീവിതരീതികളെയും കുറിച്ച് ഏലീശ്വാ ആദ്യം കേട്ടത്.
ഓച്ചന്തുരുത്തിലെ വലിയ തറവാടും കൂനമ്മാവിലെ മാളിക വീടും ത്യജിച്ച്, അക്കാലത്ത് ദരിദ്രര്‍ മാത്രം വസിച്ചിരുന്ന പനമ്പുകൂര സന്യാസഭവനമാക്കാനുള്ള മദര്‍ ഏലീശ്വായുടെ തീരുമാനം ഒരു നിലപാട് കൂടിയായിരുന്നു. സന്യാസത്തിന്റെ അടയാളം ആഢംബരങ്ങളോ സുരക്ഷിതത്വമോ അല്ല, ആകാശത്തിന്റെ ഗിരിശൃംഗങ്ങള്‍ ഉപേക്ഷിച്ച് ഭൂമിയോളം താഴ്ന്നു വരുന്ന മനുഷ്യാവതാരത്തിന്റെ അന്തസത്ത, അതിന്റെ എല്ലാ ലാളിത്യത്തോടും കൂടി ഊഴിയില്‍ ജീവിച്ചു കാണിക്കലാണെന്ന്, പാവങ്ങളോട് പക്ഷം ചേരലാണെന്ന്!
പതിനാറാം വയസ്സില്‍ വത്തരുവിനെ വിവാഹം ചെയ്ത്, കൂനമ്മാവിലെത്തിയ ഏലീശ്വാ ജീവിതത്തിന്റെയും ചരിത്രത്തിന്റെയും ഒരു നാല്‍ക്കവലയിലാണ് എത്തിച്ചേര്‍ന്നത്, സ്വയം അറിയാതെയെങ്കിലും. 1851 ല്‍ ഭര്‍ത്താവിന്റെ അകാലമരണം! ഇരുപതാം വയസ്സില്‍ കൈക്കുഞ്ഞുമായി ഈ ഭൂമിയില്‍ തനിച്ചാകുന്ന പെണ്‍കുട്ടിയുടെ നിരാധാര സങ്കടം ഏത് കാലത്തും കരള്‍ പിളര്‍ക്കുന്നതാണ്. ഉടനെ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ ആപ്ലിക്കേഷന്‍ അയച്ച് ജോലി നേടി ജീവിതം സുരക്ഷിതമാക്കാവുന്ന ഈ കാലഘട്ടത്തില്‍ നിന്നല്ല ഇത് വായിക്കേണ്ടത്. പെണ്ണ് പിന്നാമ്പുറ ജീവിതം മാത്രമായിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ നേര്‍മധ്യം! സതി ഒക്കെ നിലനിന്നിരുന്ന കാലത്തില്‍ ക്രൈസ്തവ സമൂഹത്തിലെ വിധവകള്‍ കുറേക്കൂടി സ്വാതന്ത്ര്യം അനുഭവിച്ചിരുന്നുവെങ്കിലും പുനര്‍വിവാഹം ചെയ്ത് ഒരു പുരുഷന്റെ നിഴലില്‍ അഭയം തേടുക എന്നതല്ലാതെ സുരക്ഷിതമായ മറ്റൊരു പോംവഴി അവര്‍ക്കുമില്ലായിരുന്നു. ജീവിതത്തിന്റെ അസാധാരണമായ ആ നാല്‍ക്കവലയില്‍ വച്ചാണ് ഇരുപത്തൊന്നാം വയസ്സില്‍ ഏലീശ്വാ ഒരു തീരുമാനം എടുക്കുന്നത്, സന്യാസം! മലയാളക്കരയില്‍ അന്ന് കേട്ടുകേള്‍വി പോലുമില്ലാത്ത പെണ്‍സന്ന്യാസം!
ആദ്യം ഭര്‍തൃഗൃഹമായ വാകയില്‍ വീട്ടിലും പിന്നീട്, തറവാട്ടിലെ ധാന്യങ്ങള്‍ സൂക്ഷിക്കുന്ന കളപ്പുരയിലും പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ആത്മീയ ഗിരിശൃംഗങ്ങള്‍ തേടിയ നാളുകള്‍. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിലെ സക്രാരിക്കു മുന്നില്‍ ചെലവഴിച്ച മണിക്കൂറുകളില്‍ ഉള്‍വെളിച്ചമായി തെളിഞ്ഞ ദൈവാത്മാവിന്റെ പ്രചോദനങ്ങള്‍. ദൈവം വിരല്‍ത്തുമ്പുകൊണ്ട് മനുഷ്യാത്മാവില്‍ ഹരിശ്രീ കുറിക്കുന്ന ആത്മീയ സ്വപ്നങ്ങള്‍. ദൈവത്തിന്റെ തെരഞ്ഞെടുപ്പുകള്‍ക്ക് ലിംഗഭേദങ്ങളില്ല. ജാതിഭേദങ്ങളോ ഉച്ചനീചത്വങ്ങളോ ഇല്ല. വിശ്വാസികളുടെ ചരിത്രയാത്ര ആരംഭിച്ച അബ്രഹാമിനൊപ്പം മാത്രമല്ല, വിധവയായിരുന്ന റൂത്തിനൊപ്പവും യഹോവയുണ്ട്, അതേ സ്‌നേഹത്തോടെ, അതേ കാരുണ്യത്തോടെ, അതേ വാത്സല്യത്തോടെ! ക്രിസ്തുവിന്റെ പ്രിയശിഷ്യരില്‍ പെണ്‍വഴിത്താരകള്‍ തിളങ്ങുന്നത് കാണാന്‍ കണ്‍തുറക്കൂ എന്നു പറഞ്ഞുകൊണ്ട് കല്ലറയ്ക്കരികില്‍ മഗ്ദലേനയെ പേര് ചൊല്ലി വിളിച്ചു കൊണ്ട് ക്രിസ്തുവുണ്ട്. ആരും കാണാതെ രണ്ടു ചെമ്പുതുട്ടുകള്‍ ഭണ്ഡാരത്തില്‍ നിക്ഷേപിച്ച വിധവയെ തേടിച്ചെന്ന് കാലത്തിനും കാലഘട്ടങ്ങള്‍ക്കും മുകളിലേക്ക് അവളെ ഉയര്‍ത്തി വച്ച ക്രിസ്തു!
മദര്‍ ഏലീശ്വാ ഒരു നിശ്ശബ്ദ വിപ്ലവമായിരുന്നു. ആത്മീയതയുടെയും അറിവിന്റെയും വഴി സ്വന്തമായി തിരഞ്ഞെടുക്കാനുള്ള വാതില്‍ സ്ത്രീകള്‍ക്കായി തുറന്നിട്ട് ശബ്ദഘോഷങ്ങളില്ലാതെ വിപ്ലവം സൃഷ്ടിച്ചവള്‍. വൈപ്പിന്‍ ദ്വീപിലെ തീരഭൂമിയില്‍ ഇടതടവില്ലാതെ വീശുന്ന തീരക്കാറ്റ് പോലെ, ആ ചൈതന്യം കേരളത്തിലെ സ്ത്രീജീവിതങ്ങളിലെല്ലാം വീശുന്നുണ്ട്, അത് തിരിച്ചറിയുന്നവര്‍ വിരളമാണെങ്കിലും!
1966 ഫെബ്രുവരി 13 ന് കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ സ്ത്രീസന്ന്യാസ സമൂഹം ആരംഭിച്ചപ്പോള്‍ മഠമായി മദര്‍ ഏലീശ്വാ തെരഞ്ഞെടുത്ത താകട്ടെ, പനമ്പുകൊണ്ട് ലളിതമായി കെട്ടിയുണ്ടാക്കിയ, മൂന്നു മുറികള്‍ മാത്രമുണ്ടായിരുന്ന ഒരു ചെറിയ കൂരയും. ഓച്ചന്തുരുത്തിലെ വലിയ തറവാടും കൂനമ്മാവിലെ മാളിക വീടും ത്യജിച്ച്, അക്കാലത്ത് ദരിദ്രര്‍ മാത്രം വസിച്ചിരുന്ന പനമ്പുകൂര സന്യാസഭവനമാക്കാനുള്ള മദര്‍ ഏലീശ്വായുടെ തീരുമാനം ഒരു നിലപാട് കൂടിയായിരുന്നു. സന്യാസത്തിന്റെ അടയാളം ആഢംബരങ്ങളോ സുരക്ഷിതത്വമോ അല്ല, ആകാശത്തിന്റെ ഗിരിശൃംഗങ്ങള്‍ ഉപേക്ഷിച്ച് ഭൂമിയോളം താഴ്ന്നു വരുന്ന മനുഷ്യാവതാരത്തിന്റെ അന്തഃസത്ത, അതിന്റെ എല്ലാ ലാളിത്യത്തോടും കൂടി ഊഴിയില്‍ ജീവിച്ചു കാണിക്കലാണെന്ന്, പാവങ്ങളോട് പക്ഷം ചേരലാണെന്ന്!
യൂറോപ്പിലെ നിഷ്പാദുക കര്‍മ്മലീത്താ മൂന്നാം സഭയുടെ നിയമങ്ങള്‍ ഇറ്റലിക്കാരനായ കര്‍മ്മലീത്ത സന്യാസി ഫാ. ലെയോപോള്‍ഡിന്റെ നേതൃത്വത്തില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി തയ്യാറാക്കിയ നിയമാവലിയാണ് അവരുടെ ജീവിതചര്യയെ നിര്‍ണയിച്ചത്. ടിഒസിഡി സഭ എന്നറിയപ്പെട്ടിരുന്ന ആ സഭയിലെ ആദ്യത്തെ അംഗങ്ങള്‍ മൂന്നു പേരായിരുന്നു, മദര്‍ ഏലീശ്വാ, മദറിന്റെ മകള്‍ സിസ്റ്റര്‍ അന്ന, മദറിന്റെ സഹോദരി സിസ്റ്റര്‍ ത്രേസ്യ. ഏറെ വൈകാതെ, വൈക്കത്തുനിന്ന് വി. ചാവറ കുര്യാക്കോസച്ചന്റെ ശുപാര്‍ശയോടെ എത്തിച്ചേര്‍ന്ന അച്ചാമ്മ പുത്തനങ്ങാടി സിസ്റ്റര്‍ ക്ലാര എന്ന പേരില്‍ ആ സമൂഹത്തിന്റെ ഭാഗമായി.
രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍, ആ പനമ്പുമഠത്തില്‍ മറ്റൊരു ചരിത്രം കൂടി പിറന്നു, കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്‌കൂള്‍! വിദ്യാഭ്യാസം കൊണ്ട് മാത്രം സാധ്യമാകുന്ന സ്ത്രീശാക്തീകരണത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിയിരുന്ന മദര്‍ ഏലീശ്വാ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ, അക്കാലത്ത് വരാപ്പുഴ അപ്പസ്‌തോലിക്ക വികാരിയായിരുന്ന ആര്‍ച്ചുബിഷപ്പ് ബെര്‍ണദീന്‍ ബച്ചിനെല്ലിയുടെ ഉത്തരവനുസരിച്ച് 1868 ജൂലൈ 20 ന് വിദ്യാലയം ആരംഭിച്ചു. മലയാളം, തമിഴ് ഭാഷകള്‍ കൂടാതെ, ധാര്‍മികത, ശാസ്ത്രം, ഗണിതം, പാചകം, കൈത്തൊഴിലുകള്‍ എന്നിവയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നറിയുമ്പോഴാണ് മദറിന്റെ ദീര്‍ഘദര്‍ശനത്തിന്റെ ആഴം വ്യക്തമാകുന്നത്. മദര്‍ ഏലീശ്വായുടെ ഇളയ സഹോദരി സിസ്റ്റര്‍ ത്രേസ്യ ആയിരുന്നു, ആദ്യത്തെ പ്രധാന അധ്യാപിക. മഠത്തിനുള്ളിലെ ഒരു മുറിയിലായിരുന്നു, ആദ്യകാല അധ്യയനം. പിന്നീട് സ്‌കൂള്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, സ്ത്രീശാക്തീകരണവും തുല്യതയും പതിവ് ചര്‍ച്ചയാകുകയും പല കാര്യങ്ങളിലും സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം കരുത്ത് തെളിയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിന്ന്, ഒന്നര നൂറ്റാണ്ടു പിന്നിലേക്ക് സമയസഞ്ചാരം ചെയ്യുമ്പോള്‍ ഇരുപതാം വയസ്സില്‍, വൈധവ്യത്തിന്റെ അശരണമായ ഏകാന്തതയില്‍, ഉള്‍വെട്ടത്തിന്റെ കരുത്തുകൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു ഗ്രാമീണ വിധവയെ നാം കാണുന്നു. സ്വന്തമായി ജീവിതവഴി തെരഞ്ഞെടുക്കാന്‍ ചങ്കൂറ്റം കാണിച്ചവള്‍! ഇവിടെ പെണ്‍സന്ന്യാസത്തിന് വഴി വെട്ടിയവള്‍! അടുക്കളയില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീജീവിതങ്ങളിലേക്ക് വിദ്യയുടെ വാതില്‍ തുറന്നിട്ട്, അവരെ സ്ത്രീശക്തിയുടെ ഉമ്മറത്തേക്ക് നയിച്ചവള്‍. മദര്‍ ഏലീശ്വാ ഒരു നിശ്ശബ്ദ വിപ്ലവമായിരുന്നു. ആത്മീയതയുടെയും അറിവിന്റെയും വഴി സ്വന്തമായി തെരഞ്ഞെടുക്കാനുള്ള വാതില്‍ സ്ത്രീകള്‍ക്കായി തുറന്നിട്ട് ശബ്ദഘോഷങ്ങളില്ലാതെ വിപ്ലവം സൃഷ്ടിച്ചവള്‍. വൈപ്പിന്‍ ദ്വീപിലെ തീരഭൂമിയില്‍ ഇടതടവില്ലാതെ വീശുന്ന തീരക്കാറ്റ് പോലെ, ആ ചൈതന്യം കേരളത്തിലെ സ്ത്രീജീവിത ങ്ങളിലെല്ലാം വീശുന്നുണ്ട്, അത് തിരിച്ചറിയുന്നവര്‍ വിരളമാണെങ്കിലും!