വിശുദ്ധ ന്യൂമാന്‍ കത്തോലിക്ക വിദ്യാഭ്യാസത്തിന്റെ സ്വര്‍ഗീയ മധ്യസ്ഥന്‍
കത്തോലിക്കാവിദ്യാഭ്യാസത്തിന്റെ സ്വര്‍ഗീയ മധ്യസ്ഥനായി വി. ജോണ്‍ ഹെന്റി ന്യൂമാനെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസമേഖലയുടെ ജൂബിലി ആഘോഷവേളയിലാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഈ പ്രഖ്യാപനം നടത്തിയത്. സഭയുടെ മുപ്പത്തെട്ടാമത്തെ വേദപാരംഗതനായും വി. ന്യൂമാന്‍ പ്രഖ്യാപിക്കപ്പെട്ടു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വിദ്യാഭ്യാസപ്രമാണ രേഖയുടെ അറുപതാം വാര്‍ഷികത്തോടനു ബന്ധിച്ച്, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു രേഖയും മാര്‍പാപ്പ പുറപ്പെടുവിച്ചു.
ഇന്നു കത്തോലിക്കാ വിദ്യാലയങ്ങളും സര്‍വകലാശാലകളും നേരിടേണ്ടതായ വെല്ലുവിളികളെക്കുറിച്ചാണു പുതിയ രേഖ ചര്‍ച്ച ചെയ്യുന്നതെന്നു വത്തിക്കാന്‍ വിദ്യാഭ്യാസകാര്യാലയം അധ്യക്ഷനായ കാര്‍ഡിനല്‍ ജോസ് ടോളെന്റിനോ മെന്‍ഡോണ്‍സ പറഞ്ഞു. ന്യൂമാന്‍ മികവുറ്റ വിദ്യാഭ്യാസവിദഗ്ധനും വിദ്യാഭ്യാസതത്വശാസ്ത്രത്തിനു വലിയ പ്രചോദനവുമാണെന്ന് കാര്‍ഡിനല്‍ അഭിപ്രായപ്പെട്ടു.
വത്തിക്കാന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകത്തിലെ 171 രാജ്യങ്ങളിലായി 2.3 ലക്ഷം കത്തോലിക്കാവിദ്യാഭ്യാസസ്ഥാപനങ്ങളാണ് ഉള്ളത്. സ്‌കൂളുകള്‍ മുതല്‍ യൂണിവേഴ്‌സിറ്റികള്‍ വരെ ഇതിലുള്‍പ്പെടും. ഈ സ്ഥാപനങ്ങളില്‍ ആകെ 7.2 കോടി വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുന്നു.

