Novel

കൊച്ചിയിലെ കപ്പലൊച്ചകള്‍ [22]

പ്രാണന്‍ പൊടിഞ്ഞത് കടലില്‍ നിന്നുമാണത്രേ! കടലോളം കൊണ്ടുനടക്കുന്ന ഓര്‍മ്മകളിലാണ് ഓരോ മനുഷ്യന്റെയും പ്രാണന്‍.

Sathyadeepam
  • നോവലിസ്റ്റ്: എൻ ഹാലിയ

  • ചിത്രീകരണം : ബാവുൽ

അറ്റ്‌ലാന്റിക് കടലലകള്‍ക്കു മേലെ ഒഴുകിനടക്കുന്ന മഞ്ഞുമലകള്‍ കൊച്ചിയുടെ കടല്‍പ്പരപ്പുകളിലോ കായല്‍ അലകള്‍ക്കു മുകളിലോ ഇല്ലെങ്കിലും തീരത്ത് പാര്‍ക്കുന്ന മനുഷ്യരുടെ മനസ്സില്‍ ഫ്രോയിഡിന് പോലും എത്തിപ്പെടാനാകാത്തയത്ര സാന്ദ്രതയില്‍ സങ്കടങ്ങളുടെയും മുറിവുകളുടെയും ആരോടും തുറന്നു പറയാനാകാത്ത ക്ഷതങ്ങളുടെയും കോച്ചിപ്പിടിക്കുന്ന മരവിപ്പുകളാണ്. അവ ബാധിച്ച മനുഷ്യരുടെ അരികില്‍ നിന്നും ചിലര്‍ മരണതീരത്തേക്ക് നടന്നു നീങ്ങുന്നത് പോലും അവര്‍ക്ക് തിരിച്ചറിയാനോ അവരോടു അരുതെന്ന് പറയാനോ പോലും ആകുന്നില്ല.

അധ്യായം 22

  • ഇരട്ടദുഃഖം

ജോണിയുടെ ആ ഇറങ്ങിപ്പോകല്‍ ആ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അത്ര പുതിയതൊന്നുമല്ല. വീടിനകത്തുള്ളവരോടാ ണെങ്കിലും, പുറത്തുള്ള കൂട്ടുകാരോടുള്ളതാ ണെങ്കിലും ഉണ്ടായിട്ടുള്ള വാക്കു തര്‍ക്കങ്ങള്‍ക്കും പടലപിണക്കങ്ങള്‍ക്കും ചിലനേരത്തുണ്ടായിട്ടുള്ള കയ്യേറ്റങ്ങള്‍ക്കുമൊക്കെ ഒടുവില്‍ ആയിരിക്കുന്നിടത്ത് നിന്നുമുള്ള ഇറങ്ങിപ്പോകലുകള്‍ ജോണിയുടെ സ്ഥിരം കലാപരിപാടിയാണ്. നേരെ നടക്കാന്‍ പോലും ത്രാണിയില്ലാത്ത നേരത്താണെങ്കിലും ആ ഇറങ്ങിപ്പോകലില്‍ ജോണിക്ക് തുണ കൊല്ലങ്ങളായിട്ട് കൂടെയുള്ള ഹെര്‍ക്കൂലീസിന്റെ ആ സൈക്കിളാണ്. ജോണിയുടെ സങ്കടങ്ങളും സന്തോഷങ്ങളും കരച്ചിലുകളും അടക്കം പറച്ചിലുകളും നിരന്തരം കേട്ട് കേട്ട് ആ ഇരുമ്പ് കൂടത്തിനു പോലും ആത്മാവ് വച്ചതു പോലെയായിരുന്നു.

ജോണി ഇറങ്ങിപ്പോയ ആ രാത്രി, വാതില്‍ക്കല്‍ നിന്നും അരിശത്തോടെ എഴുന്നേറ്റത്തിനുശേഷം ജോണിയുടെ അമ്മ ആദ്യം അന്വേഷിച്ചത് 'കെവിനെവിടെ' എന്നായിരുന്നു. അടുക്കളയുടെ വാതില്‍ക്കല്‍ കൂനിയിരിക്കുന്ന കെവിന്റെ പുറകില്‍ ചെന്നു നിന്നുകൊണ്ട് ആ വൃദ്ധ സ്ത്രീ കെവിന്റെ തലയ്ക്കിട്ട് ആഞ്ഞൊരടി വച്ചു കൊടുത്തിട്ട് ചോദിച്ചു,

''എന്റെ മോനെ തല്ലാന്‍ നിനക്ക് ആരാടാ അവകാശം തന്നത്... അപ്പനെ തല്ലാന്‍ മാത്രം നീ എപ്പളാടാ വളര്‍ന്നത്... ചെയ്തു കൂട്ടുന്ന തെറ്റുകള്‍ക്കും കുരുത്തക്കേടുകള്‍ക്കും തല്ലലാണ് പരിഹാരമെങ്കില്‍... നിന്നെയൊക്കെ ഞാന്‍ തല്ലിക്കൊല്ലേണ്ട നേരം കഴിഞ്ഞു... ഈ ചെറിയ പ്രായത്തില്‍ നീയും നിന്റെ തരക്കാരും കൂടി ചെയ്ത് കൂട്ടിയേക്കണ കാര്യങ്ങള്‍ ഇവിടെ ആര്‍ക്കും അറിയില്ലെന്നാണോ നിന്റെയൊക്കെ വിചാരം... അവന്‍ ഒരു മാന്യന്‍ വന്നേക്കണ്...''

തന്റെ മുന്നില്‍ നിന്ന് ആളി കത്തുന്ന അമ്മാമ്മയെ കെവിന്‍ ആദ്യമായിട്ടാ അങ്ങനെ കാണുന്നത്. കടല്‍ ഇളകി വന്നാലും ചില്ലി തെങ്ങ് പോലെ ശാന്തമായി നില്‍ക്കും എന്ന് ഉറപ്പുള്ള ഒരാളാണ്, അഗ്‌നിപര്‍വ്വതം പതയും പോലെ പതഞ്ഞുയരുന്നത്. സത്യത്തില്‍ അതുതന്നെ ആയിരുന്നവര്‍. നൂറ്റാണ്ടുകളോളം എരിഞ്ഞു പുകഞ്ഞ് ഒടുവില്‍ രക്തക്കണ്ണീര്‍ പോലെ പൊട്ടിയൊലിച്ച് ഒഴുകുന്ന ലാവ കണക്കിന് ആയുഷ്‌ക്കാലമത്രയും നെഞ്ചിലമര്‍ത്തി വച്ച സര്‍വ്വ വ്യസന ദുരിത ക്ലേശങ്ങളെയൊക്കെ അവര്‍ കയറൂരി വിട്ടിരിക്കുകയാണ്. വാക്കുകളെക്കാളേറെ തുപ്പലും, വികാരങ്ങളെക്കാളേറെ കണ്ണീരും, അരിശത്തേക്കാളേറെ അഴലും അവരില്‍ നിന്നിറങ്ങി വരികയാണ്. ഒരു കുഞ്ഞ് അഗ്‌നിപര്‍വ്വതം കണക്ക് ആ വൃദ്ധ സ്ത്രീ അലമുറയിടുന്നത് കേട്ടുകൊണ്ട് ഇനിയും പുകഞ്ഞുയരാത്ത മറ്റൊരു അഗ്‌നിപര്‍വ്വതമായി റീത്ത അകത്തെ മുറിയില്‍!

മാപ്പ് എന്ന രണ്ടക്ഷരം പോലും ഉച്ചരിക്കാനാവാതെ കെവിന്‍ മരവിപ്പ് പുതച്ച് നിശ്ചലനായി നില്‍ക്കുമ്പോഴും അവര്‍ തുടര്‍ന്നു, ''നിനക്കൊക്കെ എന്തറിഞ്ഞിട്ടാടാ എന്റെ കൊച്ചിനെക്കുറിച്ച്? അപ്പനെ തല്ലിയിട്ട് നീ നിന്ന് മോങ്ങുന്നോ? നിന്റെ അപ്പന്‍ കരയണത് നീ എന്നെങ്കിലും കണ്ടിട്ടുണ്ടാ? അതെങ്ങനെയാ, നീയും നിന്റെ അമ്മയും നിന്റെ കൂടപ്പിറപ്പും ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ കണ്ണീരൊഴുക്കിക്കൊണ്ട് ഇങ്ങനെ നടക്കുമ്പോള്‍ എന്റെ കൊച്ചിന് കരയാനൊരിത്തിരി സ്ഥലം വേണ്ടേ? സമയം വേണ്ടേ? അവന്റെ ഉള്ളിലെ തീ കെടുത്താനാടാ അവനീ വലിച്ചു വാരി കുടിക്കണത്. അവന്റെ കൂട്ടുകാരെ വീട്ടില്‍ വിളിച്ചു കൊണ്ടു വന്നതിനാണോ നീ അവനെ തല്ലിയത്? പണീം കഴിഞ്ഞ് വീട്ടില്‍ വന്ന് കുത്തിയിരിക്കണ അവനോട് നിങ്ങളാരെങ്കിലും മിണ്ടാറുണ്ടോടാ? അപ്പന് സുഖമാണോന്ന് നീ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടേടാ?''

അല്പം പോലും പരിചയമില്ലാതെയിരുന്ന ആ ചോദ്യനിരകളുടെ മുന്നില്‍, ഉത്തരം കിട്ടാത്ത ഒരു കുഞ്ഞിനെപ്പോലെ കെവിന്‍ കണ്ണ് നിറഞ്ഞ് നിന്നു. ഒരു കാര്യത്തില്‍ മാത്രം ഉറപ്പുണ്ടായിരുന്നു, അപ്പനുമായി മിണ്ടിയിട്ട് കാലം കുറെ ആയിരിക്കുന്നു. വലുതായപ്പോള്‍ ഏറെ അകന്നത് ആ മനുഷ്യനില്‍ നിന്നായിരുന്നു. കള്ളിനെക്കാളേറെ ആ മനുഷ്യന്‍ കണ്ണീരാണ് കുടിച്ചിരുന്നത് എന്ന് തിരിച്ചറിയാന്‍ പോലും ആകാതെ പോയി. എന്ന് മുതല്‍ക്കാണ് കണ്‍വെട്ടത്ത് നിന്നും അപ്പന്‍ അപ്രത്യക്ഷനായി തുടങ്ങിയത്? എന്നു മുതലാണ് അയാളോട് താന്‍ മിണ്ടാതായത്? ഒരൊറ്റ രാത്രിയുടെ നെരിപ്പോടില്‍ കിടന്ന് ചുവന്ന് പഴുക്കുന്ന ആയിരം ചോദ്യങ്ങള്‍!

കെവിന്‍ എഴുന്നേറ്റ് മാറിയ അടുക്കളവാതിലിന്റെ കട്ടിളപ്പടി മേലെ ഇരുന്നുകൊണ്ട് അമ്മാമ്മ വിതുമ്പുകയാണ്, ''കൂട്ടുകാര്‍ അവനെ കളിയാക്കി വിളിച്ചത് നീ കേട്ടില്ലേ? ശവം ജോണീന്ന്... ആറ്റീന്നും പൊഴേന്നുമൊക്കെ ശവം വലിച്ചു കേറ്റാന്‍ നാട്ടുകാര്‍ക്ക് ജോണിനെ വേണം. തകര്‍ന്നുപോയ കുടുംബത്തീന് രക്ഷപ്പെടാന്‍ പെണ്ണുങ്ങള്‍ എടുത്ത് കിണറ്റില്‍ ചാടുമ്പോള്‍, ഈ പറഞ്ഞു കളിയാക്കുന്ന കൂട്ടുകാരും വരും ജോണിയെ വിളിക്കാന്‍. ഇതൊന്നും പോരാഞ്ഞിട്ട് പോലീസും പഞ്ചായത്തും. ഈ ശവം വാരിക്കൂട്ടി കിട്ടുന്ന കാശുകൊണ്ട്, ദേ ഇവിടെ നിനക്കൊക്കെ പൊറോട്ടയും ബിരിയാണിയും വാങ്ങി തന്നിട്ട് എന്റെ മോന്‍ അപ്പുറത്തു പോയിരുന്ന് ആരും കാണാതെ ഓക്കാനിക്കും! ഒരിറ്റു പോലും ഇറക്കാനാകാതെ, വലിച്ചു കയറ്റിയ ശവത്തിന്റെ നാറ്റവും അഴുകിപ്പോയ ശവത്തിന്റെ കാഴ്ചയും പിടിച്ചോണ്ട് ദാണ്ടേ ആ മുറ്റത്തിരിക്കും. അറപ്പും ദുര്‍ഗന്ധോം മറന്ന് ഒരു വറ്റ് കഴിക്കാനാടാ നിന്റെപ്പന്‍ മുറ്റത്തിരുന്ന് ചാരായം കുടിക്കുന്നത്... നിനക്കൊക്കെ വേണ്ടിയാടാ എന്റെ മോന്‍ ശവം ജോണിയായത്. മറക്കണ്ട, ആരും... അതൊക്കെ.''

അതുവരെ അടക്കി നിര്‍ത്തിയ സങ്കടത്തിന്റെ കൂട് തുറന്ന്, കെവിന്‍ കരഞ്ഞോണ്ട് അമ്മാമ്മയുടെ അടുത്ത് വന്നിരുന്നു. തന്റെ മുട്ടുകാലില്‍ മുഖം അമര്‍ത്തി കരയുന്ന കെവിന്റെ തലയില്‍ വിരലോടിച്ചുകൊണ്ട് അവര്‍ പറഞ്ഞു, ''ദേഷ്യം കൊണ്ടല്ല മോനെ, സങ്കടം കൊണ്ടാ... അമ്മാമ്മ ഇത്രയൊക്കെ പറഞ്ഞുപോയത്. നാളിത്രേയുമായിട്ടും ഒരു വാക്കു കൊണ്ടുപോലും ഞാന്‍ മോനെ വിഷമിപ്പിച്ചിട്ടുണ്ടോ? സാരൂല്ല... അമ്മാമ്മയോട് ക്ഷമിച്ചേക്ക്...''

പേരക്കിടാവിന്റെ ശിരസ്സില്‍ തൊട്ടുകൊണ്ട് ആ സ്ത്രീ മാപ്പിരക്കുകയാണ്. ചില നേരത്തെങ്കിലും ജീവിതമെത്ര ക്രൂരമാണ്. സ്‌നേഹിക്കേണ്ടവര്‍ തന്നെ മുറിവേല്‍പ്പിക്കുന്നു, മരുന്നു വയ്‌ക്കേണ്ടവര്‍ തന്നെ പോറലേല്‍പ്പിക്കുന്നു, തെറ്റ് ചെയ്യാത്തവര്‍ക്ക് മാപ്പിരക്കേണ്ടി വരുന്നു, അര്‍ഹിക്കാത്തവര്‍ക്ക് മാപ്പ് ലഭിക്കുന്നു, വേദനിപ്പിച്ചവര്‍ എല്ലാം മറക്കുന്നു... വേദനയേറ്റവര്‍ ഒന്നും മറക്കാനാവാതെ ഭാരം വഹിച്ചു നടക്കുന്നു...

അമ്മാമ്മയുടെ അരികില്‍ നിന്നും എഴുന്നേറ്റ് കെവിന്‍ റീത്തയുടെ മുറിയിലേക്ക് ചെന്നു. കട്ടിലില്‍ അമ്മയുടെ അരികില്‍ ഇരുന്ന കെവിന്റെ കൈ ചേര്‍ത്തു പിടിച്ചിട്ട് റീത്ത പറഞ്ഞു, ''അമ്മാമ്മ പറഞ്ഞതൊന്നും കേട്ട് മോന്‍ വിഷമിക്കേണ്ട. അടുക്കളയില്‍ നടന്നതൊന്നും മോന്‍ അമ്മാമ്മയോട് പറയേം വേണ്ട. അതും കൂടി കേട്ട് വെറുതെ അത് വ്യസനിച്ച് നടക്കും. ചില സങ്കടങ്ങളൊക്കെ നമുക്കുവേണ്ടി മാത്രമുള്ളതാടാ. ആരോടേലും പറഞ്ഞാല്‍ പിന്നെ അവര് പ്രയാസപ്പെടുന്നതോര്‍ത്ത് നമുക്ക് വെറുതെ ഇരട്ടി സങ്കടമാകും.''

അമ്മയുടെ കൈ ചേര്‍ത്തു പിടിച്ച് നെറ്റിയില്‍ വെറുതെ തഴുകി കൊണ്ട്, കെവിന്‍ മുറ്റത്തേക്കിറങ്ങി. മറിഞ്ഞു കിടക്കുന്ന ഒന്ന് രണ്ട് കസേരകളും കാലിയായ കുറെ ഗ്ലാസ്സും കറിപ്പാത്രങ്ങളും. പുറത്തേക്ക് ഇറങ്ങിപ്പോയ അപ്പനെ നോക്കി, അപ്പന്റെ പിന്നാലെ ഇതുവരെ അങ്ങനെ പോയിട്ടില്ലെങ്കിലും അന്നാദ്യമായി കെവിന്‍ അപ്പനെ തിരക്കിയിറങ്ങി. ഒരുപാട് കാര്യങ്ങള്‍ ആദ്യമായി നടന്നതും അന്നായിരുന്നുവെല്ലോ! കെവിന്‍ അപ്പനെ തല്ലിയത്, അര്‍ദ്ധനഗ്‌നനായി ജോണി കുഴിയില്‍ വീണത്. അമ്മ അലതല്ലി കരഞ്ഞത്... അന്ന് രാത്രി ഒരു കാര്യം കൂടി ആ ദേശത്ത് ആദ്യമായി സംഭവിച്ചു.

(തുടരും)

അഹങ്കാരം ആപത്ത്

വിശുദ്ധ ജോസഫ്‌ വാസ്  (1651-1711) : ജനുവരി 16

തിരിച്ചറിയാം, ഡിജിറ്റല്‍ ഫാസ്റ്റിംഗ് പ്രയോജനങ്ങള്‍

പുനര്‍നിര്‍മ്മാണങ്ങള്‍...

ദരിദ്രര്‍ക്ക് ഇടമുണ്ടോ?