Novel

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [10]

സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ജീവിതത്തിന്റെ സ്വതന്ത്ര ആഖ്യാനം

ഗിരിഷ് കെ ശാന്തിപുരം [നോവലിസ്റ്റ്]
  • നോവലിസ്റ്റ്:

  • ഗിരിഷ് കെ ശാന്തിപുരം

  • ചിത്രീകരണം : ബൈജു

അധ്യായം - 10

സിസ്റ്റര്‍ ഗെരോത്തിയുടെ കൈപിടിച്ച് ബനീഞ്ഞാമ്മ ആശുപത്രി വരാന്തയിലൂടെ നടന്നു. പുറത്ത് സായാഹ്നവെയില്‍ വാടുന്നു.

സിസ്റ്റര്‍ ഗെരോത്തിയുടെ കൈപിടിച്ച്, വീണു പോകാതെ പാദങ്ങള്‍ അളന്ന് മുറിച്ചാണ് ബനീഞ്ഞാമ്മ ചുവടുകള്‍ വയ്ക്കുന്നത്. അങ്ങനെ നടക്കുമ്പോള്‍ സിസ്റ്റര്‍ മേരി ബനീഞ്ഞ വീണ്ടും കുഞ്ഞുമാമ്മിയായി പരിണാമം കൊള്ളുന്നു. പൂര്‍വകാലങ്ങള്‍ പൂര്‍വാധികം ശോഭനമാകുന്നു.

കുഞ്ഞുമാമ്മി ഇപ്പോള്‍ തോട്ടം വീട്ടിലാണ്. അമ്മ അടുക്കള ജോലിയിലാണ്. അമ്മയ്ക്ക് പിടിപ്പത് ജോലിയുണ്ട്. പാടത്തും പറമ്പി ലും ജോലിക്കാരുണ്ട്. അവര്‍ക്ക് നേരം തെറ്റാതെ ഭക്ഷണം കൊടുക്കണം. അപ്പന്റെ കാര്യങ്ങള്‍ മുറതെറ്റാതെ നോക്കണം. വല്യമ്മയുടെ കാര്യങ്ങള്‍ക്കും വിഘാതം പാടില്ല. ആ ജോലികള്‍ക്കിടയിലാണ് അമ്മയുടെ വിളി.

''കുഞ്ഞുമാമ്മീ... ഇങ്ങുവന്നേ...''

കുഞ്ഞുമാമ്മി അടുക്കളയിലേക്ക് ചെല്ലുന്നു. അമ്മ ചിരകിക്കൊണ്ടിരുന്ന തേങ്ങയില്‍ നിന്ന് അല്‍പമെടുത്ത് അവളുടെ ഉള്ളംകൈയ്യില്‍ വച്ചു കൊടുത്തിട്ട് പറഞ്ഞു.

''കാണാതെ പഠിച്ച നമസ്‌കാരങ്ങളൊക്കെ ഒന്ന് ചൊല്ലിയേ... കേള്‍ക്കട്ടെ.''

മൂത്ത് വിളഞ്ഞ തേങ്ങയുടെ രുചി നുണഞ്ഞു കൊണ്ട് കുഞ്ഞുമാമ്മി തുടങ്ങുന്നു.

''ആകാശങ്ങളിലിരിക്കുന്ന തമ്പുരാനേ...''

ഒന്ന് തീരുമ്പോള്‍ അമ്മ പറയും. അടുത്തത്... കുഞ്ഞുമാമ്മി അടുത്ത നമസ്‌കാരം തുടങ്ങും. ഓരോ നമസ്‌കാരവും തെറ്റാതെ ചൊല്ലിക്കഴിയുമ്പോള്‍ അമ്മയുടെ വക സമ്മാനങ്ങളുണ്ടാകും. ഒരു കരിപ്പെട്ടിച്ചീള്. അരിയുണ്ട. അവിലോസുപൊടി. അങ്ങനെയങ്ങനെ എല്ലാം മധുരമുള്ളത്. ബാല്യകാലം പോലെ തന്നെ.

നമസ്‌കാരങ്ങള്‍ ചൊല്ലുന്നതിനിടയില്‍ എവിടെയെ ങ്കിലും തെറ്റിയാല്‍ അടുത്തമുറിയില്‍ നിന്ന് ഒരു ശബ്ദമുയരും.

''തെറ്റിയല്ലോ കുഞ്ഞുമാമ്മീ...''

അത് വല്യമ്മയാണ്. അമ്മയെക്കാള്‍ ഭാഷാജ്ഞാനം വല്യമ്മയ്ക്കാണ്. വല്യമ്മ എന്തെങ്കിലുമൊക്കെ തേടിപ്പിടിച്ച് വായിക്കും. പുസ്തകങ്ങളൊന്നും അത്ര സുലഭമല്ലാത്ത കാലം. എങ്കിലും വല്യമ്മയുടെ കൈയ്യില്‍ ചില പുസ്തകങ്ങളൊക്കെ സൂക്ഷിപ്പുണ്ട്. അപ്പന്റെ പക്കലും.

അമ്മ വായിച്ചു കണ്ടിട്ടില്ല. വായിക്കാന്‍ അമ്മയ്‌ക്കെവിടെ സമയം. പക്ഷെ, മുപ്പത്തിമൂന്ന് കൂട്ടം നമസ്‌കാരങ്ങളും അമ്മയ്ക്ക് മനഃപ്പാഠം. അമ്പത്തി മൂന്ന് മണി ജപവും മറ്റു പ്രാര്‍ഥനകളും.

അമ്മയില്‍ നിന്നാണ് കുഞ്ഞുമാമ്മി അതെല്ലാം പകര്‍ന്നെടുത്തത്. അതിലെ തെറ്റുകള്‍ ചുരണ്ടിക്കളയാന്‍ സഹായിച്ചത് വല്യമ്മയും.

ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ സ്‌നേഹം കൊണ്ട് മേല്‍ക്കൂര വിതാനിച്ചതായിരുന്നു തോട്ടം ഭവനം. ആ വിതാനിപ്പിന്റെ ശീതളിമയില്‍ മേരി തുടര്‍ പഠനത്തിനായുള്ള ഇടവേള താണ്ടി ക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് മാര്‍ കുര്യാളശ്ശേരില്‍ പിതാവ് മേരിയുടെ ഇടവക ദേവാലയത്തില്‍ വിസീത്തക്കായി എത്തിയത്. തിരുമേനി കുട്ടികളുടെ വേദപാഠം പരീക്ഷിച്ച് സമ്മാനങ്ങള്‍ നല്‍കുന്ന താണെന്ന് വികാരിയച്ചന്‍ കാലേ അറിയിപ്പ് നല്‍കിയിരുന്നു.

പള്ളിയുടെ എട്ടുപട്ട ത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് തിരുമേനി ആസനസ്ഥ നായി. ഇരുവശത്തായി സെക്രട്ടറിയച്ചനും വികാരിയച്ചനും നിലയുറപ്പിച്ചു. പള്ളിയകം നിറഞ്ഞു തിങ്ങിയ വിശ്വാസികള്‍.

''നമസ്‌കാരങ്ങള്‍ മുപ്പത്തിമൂന്ന് കൂട്ടവും പ്രാര്‍ഥന പതിനഞ്ചു രഹസ്യവും അറിയാവുന്ന കുട്ടികള്‍ എഴുന്നേറ്റ് നില്‍ക്കുക.'' വികാരിയച്ചന്‍ വിളിച്ചു പറഞ്ഞു.

ദേവാലയത്തിനുള്ളില്‍ നിശ്ശബ്ദത പരന്ന തല്ലാതെ ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ തലപൊക്കിയില്ല. വികാരിയച്ചന്‍ ചോദ്യം ആവര്‍ത്തിച്ചു.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അമ്മ തലതിരിച്ച് മേരിയെ നോക്കി. ആ നോട്ടം തനിക്കുള്ള അറിയിപ്പാണെന്ന് മേരിക്ക് മനസ്സി ലായി. കാരണം വികാരിയച്ചന്‍ ആവശ്യപ്പെട്ടതും അതിലധികവും അമ്മ മേരിയെ പഠിപ്പിച്ചിട്ടുണ്ട്.

മേരി എഴുന്നേറ്റു നിന്നു. മേരി മാത്രം. വികാരിയച്ചന്‍ ആളുകളെ വകഞ്ഞ് മേരിയെ പിതാവിന്റെ പക്കലെത്തിച്ചു. മുട്ടുകുത്തിപ്പിച്ച് തിരുവാഴി ചുംബിപ്പിച്ചു.

പിതാവ് മേരിയെ ചേര്‍ത്തു നിറുത്തി. ഓരോരോ ചോദ്യങ്ങള്‍. തൃപ്തികരമായ മറുപടി കള്‍. വന്ദ്യ പിതാവിന് അളളവറ്റ സന്തോഷം.

അദ്ദേഹം സെക്രട്ടറിയച്ചന്റെ പക്കല്‍ നിന്ന് ഒരു നല്ല കൊന്ത വാങ്ങി മേരിക്ക് പാരിതോഷികമായി കൊടുത്തു. മേരിയുടെ ശിരസില്‍ കൈവച്ചനുഗ്രഹിച്ചു. മേരി തിരു വാഴി ചുംബിച്ച് സമ്മാനവുമായി പിന്‍വാങ്ങി.

ഇതെല്ലാം കണ്ടുകൊണ്ട് മേരിയുടെ അപ്പനും അമ്മയും വല്യമ്മയുമൊക്കെ പള്ളിയിലുണ്ടായിരുന്നു. പള്ളിയകത്തുള്ള എല്ലാവരുടേയും കണ്ണുകള്‍ മേരിയില്‍ തന്നെ. അഭിമാനപുളകിതമായ നിമിഷങ്ങളായിരുന്നത്. ഒരു നൊബേല്‍ ലഭിച്ച പ്രതീതി.

മേരി ആളുകളെ പകുത്ത് അമ്മയ്ക്കടുത്തെത്തി. സമ്മാനക്കൊന്ത അമ്മയുടെ കൈകളില്‍ കൊടുത്തു. ആളുകള്‍ തിക്കിത്തിരക്കുന്നു മേരിയെ കാണാന്‍. സമ്മാനക്കൊന്ത കാണാന്‍. ആ നിമിഷങ്ങളില്‍ അമ്മ എത്ര അഭിമാനം കൊണ്ടിരിക്കണം.

മഴ പെയ്തു തുടങ്ങി. കാലവര്‍ഷാന്ത്യമാണ്. ആശുപത്രി വരാന്തയുടെ ഇരുനാഴികളില്‍ പിടിച്ചു നിന്ന് ബനീഞ്ഞാമ്മ മഴ കണ്ടു. മഴ നനഞ്ഞു വരുന്ന കാറ്റ് കൊണ്ടു.

ഈറന്‍ കാറ്റേല്‍ക്കു മ്പോള്‍ ബനീഞ്ഞാമ്മയില്‍ ഒരു ഉണര്‍വുണരുന്നു. മനസ്സിന്റേയും ശരീരത്തിന്റേയും ചടച്ചില്‍ ഒഴിഞ്ഞു പോകുന്നു.

ആശുപത്രി മുറ്റത്തിന്റെ അതിരില്‍ പലതരം പൂച്ചെടികള്‍. അവ മഴയണിയുകയാണ്. റോസാച്ചെടികള്‍, നന്ത്യാറുവട്ടം, ഗന്ധരാജന്‍, ചെത്തി, അതിനുമപ്പുറം ചെമ്പരത്തി.

കടും ചുവപ്പാര്‍ന്ന ചെമ്പരത്തി പൂക്കള്‍ മഴയില്‍ ശിരസു കുനിക്കുന്നു. കട്ടപിടിച്ച രുധിര നിറം പേറുന്ന ചെമ്പരത്തിപ്പൂക്കള്‍ ബനീഞ്ഞാമ്മയ്ക്ക് പ്രിയപ്പെട്ടതല്ല.

പൂക്കള്‍ സുഗന്ധ വാഹികളായിരിക്കണം. ചെമ്പരത്തിക്ക് സുഗന്ധ മില്ല. ശാലീനയായ ഒരു പെണ്‍കുട്ടിയെപ്പോലെ സൗന്ദര്യം പ്രസരിപ്പിക്കുന്ന വയാകണം പൂക്കള്‍.

ചെമ്പരത്തിക്ക് വന്യമായ നിറമാണ്. ഒരു പെണ്‍കുട്ടിപോലും ചെമ്പരത്തി ചൂടുകയില്ല. മലരമ്പന്‍ തന്റെ വില്ലില്‍ തൊടുക്കുകയില്ല. അതുകൊണ്ടാണ് മേരി ജോണ്‍ തോട്ടം ചെമ്പരത്തിയെ ഇങ്ങനെ വിശേഷിപ്പിച്ചത്.

ഓര്‍ത്താല്‍ നിനക്ക് ഞെളിയാനൊരു ബന്ധമില്ല-

തോര്‍ത്താല്‍ നിനക്ക് ചെറുതില്ലൊരു ഗന്ധമില്ല

ചാര്‍ത്തീടുകയില്ലളി വേണി ശിരസില്‍ നിന്നെ

ചേര്‍ത്തീടുകയില്ല കുസുമായുധനമ്പിനായി.

ആയിരത്തി തൊള്ളായിരത്തി ഇരുപത്തിരണ്ടിലാണ് 'ചെമ്പരത്തി' എന്ന കവിത എഴുതപ്പെടുന്നത്. മേരി ജോണ്‍ തോട്ടം അന്ന് സിസ്റ്റര്‍ മേരി ബനീഞ്ഞ എന്ന കന്യാസ്ത്രീയല്ല. കുറവിലങ്ങാട് സ്‌കൂളിലെ അധ്യാപികയാണ്. മഠത്തിലാണ് താമസം. മഠത്തിന്റെ ബോര്‍ഡിംഗി നോടു ചേര്‍ന്നുള്ള ഒരു ചെറിയ മുറിയാണ് മേരി ജോണ്‍ തോട്ടത്തിന് ലഭിച്ചത്.

ആ മുറിയുടെ ജനാല യ്ക്കു നേരെ മുറ്റത്തിന്റെ അതിരിനപ്പുറം ഒരു പടര്‍പ്പന്‍ ചെമ്പരത്തി നിറയെ പൂക്കളുമായി നിന്നിരുന്നു.

ആ ചോരനിറത്തിന്റെ ധാരാളിത്തം എന്തുകൊ ണ്ടോ മേരിക്കിഷ്ടമായില്ല. ആ സ്ഥാനത്ത് നല്ല പനിനീര്‍ച്ചെടികള്‍ നിന്നിരുന്നെങ്കില്‍ എന്നവള്‍ സങ്കല്‍പിച്ചു.

പ്രിയങ്ങളായവയെ ക്കുറിച്ച് മാത്രമല്ല കവികള്‍ കവിതകള്‍ എഴുതാറ്. അപ്രിയങ്ങളായവയെ ക്കുറിച്ചും എഴുതും. മനസ്സിന്റെ പ്രചോദനങ്ങള്‍ ക്കനുസൃതമായാണ് കവിത്വമുള്ളവരില്‍ കവിത നാമ്പിടുക.

ഒരു ദിവസം എവിടെ യോ പോയി മടങ്ങി വരുമ്പോള്‍ കാരണമൊന്നു മില്ലാതെ മേരി രണ്ട് ചെമ്പരത്തിപ്പൂക്കള്‍ പൊട്ടിച്ചെടുത്ത് മുറിയിലെ മേശപ്പുറത്തിട്ടു. കുറച്ചു നേരം അവയെ നോക്കി ക്കൊണ്ടിരുന്നു. രുധിരനിറം പൂണ്ട ആ പൂക്കള്‍ മണപ്പിച്ചു നോക്കി. സുഗന്ധത്തിന്റെ ഒരു തുള്ളിപോലുമില്ല. ഊറ്റിയെടുക്കാന്‍.

അപ്പോള്‍ ആന്തരിക മായ ചില തരംഗങ്ങള്‍ മേരിയിലുണരുന്നു. ചില മുഴക്കങ്ങള്‍ ആത്മാവിന്റെ ആഴങ്ങളില്‍ നിന്നെന്ന വണ്ണം മേരി അനുഭവിക്കു ന്നു. മേരി മൂളിത്തുടങ്ങി. ആ മൂളല്‍ അക്ഷരങ്ങ ളായി, കവിതയായി വാര്‍ന്ന് വീഴുന്നു.

'സങ്കോചമൊക്കെയൊരു മട്ടിലകന്ന് പാരം'... അങ്ങനെ എഴുതിത്തുടങ്ങി. ചെമ്പരത്തി പിറവികൊണ്ടു...

എവിടെയോ ഒരിടി മുഴങ്ങി. ആകാശച്ചെരു വില്‍ മിന്നല്‍പ്പിണരുകള്‍ പിടഞ്ഞു. മഴ പെരുകുക യാണ്. ഗെരോത്തി സിസ്റ്റര്‍ പറഞ്ഞു, ''നമുക്ക് പോകാം.''

''അല്‍പം കൂടി കഴിയട്ടെ.'' ബനീഞ്ഞാമ്മ പറഞ്ഞു.

പിന്നെ കാറ്റില്‍ നിലംപൊത്തിയ ചെമ്പരത്തിച്ചെടിയില്‍ നിന്നു കണ്ണുകളെടുത്ത് മഴയിലേക്ക് നട്ടു. അങ്ങക ലെ ഒരു മഴപ്പക്ഷി വാനം തുളച്ച് കടന്നുപോയി...

തോട്ടംവീട്ടിലെ അവധി രണ്ടു വര്‍ഷത്തോളം നീണ്ടു. തുടര്‍ന്ന് പഠിക്കണ മെന്നുള്ള മോഹം മേരി അവസരം കിട്ടുമ്പോ ഴൊക്കെ ഓര്‍മ്മിപ്പിച്ചുകൊ ണ്ടിരുന്നു. അപ്പനോടത് നേരിട്ടു പറയാനുള്ള മനസാന്നിധ്യം മേരിക്കൊട്ടു ണ്ടായതുമില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം അപ്പന്‍ കുറെ ജൗളിത്തരങ്ങളും ഒരു കുടയുമൊക്കെ വാങ്ങിക്കൊണ്ടു വന്ന് അമ്മയെ ഏല്‍പിക്കുന്നതു കണ്ടു. കാര്യം തിരക്കിയപ്പോള്‍ അമ്മ പറഞ്ഞു,

''പഠിക്കാന്‍ നിനക്ക് വലിയ താല്‍പര്യമല്ലേ... നാളെത്തന്നെ കൊണ്ടുപോയി വിടാം മുത്തോലിമഠത്തില്‍.''

അങ്ങനെ മേരി ജോണ്‍ തോട്ടം മുത്തോലി കോണ്‍വെന്റ് സ്‌കൂളില്‍ അഞ്ചാം തരം വിദ്യാര്‍ഥിയായി. അപ്പന്റെ അകന്ന ബന്ധത്തില്‍പ്പെട്ട ഒരു സഹോദരിയുണ്ടായിരുന്നു അവിടെ കന്യാസ്ത്രീ യായിട്ട്. ആ ബന്ധം മുന്‍നിറുത്തിയാണ് അപ്പന്‍ മേരിയെ അവിടെ ചേര്‍ത്തത്.

മുത്തോലി മഠത്തിലെത്തിയതോടെ മേരിയുടെ ജീവിതം അതിന്റെ പ്രഭാസരണിയിലെത്തിച്ചേര്‍ന്നു. മഠംവക ബോര്‍ഡിംഗിലാണ് താമസം. പഠന കാര്യങ്ങളില്‍ മിടുക്കി. ക്ലാസ്സിലെ മോനിട്രസ്. ഗുരുഭൂതരുടെ വാല്‍സല്യഭാജനം. മഠത്തിലെ അന്തേവാസികള്‍ക്കെല്ലാം പ്രിയങ്കരി.

മോനിട്രസ് ഉദ്യോഗത്തോടൊപ്പം ഓഫീസിലെ കാര്യവിചാരണയും മേരി ശിരസാവഹിച്ചു. ഓഫീസിലെ റിക്കാര്‍ഡുകളെല്ലാം ക്രമം തെറ്റാതെ അലമാരയില്‍ അടുക്കിവയ്ക്കുക, ഓഫീസ് മുറി തൂത്തുവാരുക, മേശവിരികള്‍ ശരിയാം വണ്ണം വിരിക്കുക, ഭൂപടങ്ങള്‍ മുതലായവ യഥാസ്ഥാനങ്ങളില്‍ സൂക്ഷിക്കുക എന്നിവയെല്ലാം മേരിയുടെ ജോലികളായിരുന്നു.

മേരിയുടെ മുത്തോലി പഠനത്തിന്റെ അവസാന വര്‍ഷങ്ങളില്‍ പുളിങ്കുന്ന് ആശ്രമത്തില്‍ നിന്ന് സ്ഥലം മാറി വന്ന സിസ്റ്റര്‍ ആഗ്നസ്സ് ആയിരുന്നു പ്രഥമാധ്യാപിക.

പാട്ടശ്ശേരില്‍ വീട്ടിലെ വാസക്കാലത്താണ് മേരിയിലെ കവിതാവാസനയ്ക്ക് തൂവലുകള്‍ കിളിര്‍ത്തത്. കൊച്ചച്ചനില്‍ പകര്‍ന്നു കിട്ടിയതാണതിന്റെ തൊങ്ങലുകള്‍. പക്ഷെ, അതിന് വെള്ളവും വളവും കിട്ടിയത് മുത്തോലിയിലെ പഠനകാലത്തും.

മുത്തോലി സ്‌കൂളിലെ അധ്യായനം അത്ര മെച്ചമൊന്നുമായിരുന്നില്ല. മികച്ച ട്രെയിനിങ്ങൊന്നും അക്കാലത്ത് അധ്യാപകര്‍ക്കും ലഭിച്ചിരുന്നില്ല. അതുകൊണ്ട് ഏതാണ്ടെല്ലാ സ്‌കൂളിലും ഒരുപോലുള്ള അവസ്ഥ തന്നെ.

ആനിവേഴ്‌സറികളോ യൂത്ത് ഫെസ്റ്റിവലുകളോ റിപ്പബ്‌ളിക് ശിശുദിനാഘോഷ ങ്ങളോ അക്കാലത്തുണ്ടായിരു ന്നില്ലെങ്കിലും കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കാനുതകുന്ന പല പദ്ധതികളും അവിടെയുണ്ടായിരുന്നു. സംഗീത പഠനം നിര്‍ബന്ധമായിരുന്നു.

അന്നത്തെ ബോര്‍ഡിംഗ് മിസ്ട്രസ് സാമാന്യം സംഗീതവാസനയുള്ള ആളും. ഉല്ലാസസമയങ്ങളില്‍ എല്ലാവരും പാടണം. അത് നിര്‍ബന്ധമാണ്. അതിനുള്ള വാസനാവൈഭവമുള്ളവരാണോ കുട്ടികളില്‍ പലരുമെന്ന് അവര്‍ നിരീക്ഷിക്കുകയൊന്നുമില്ല.

വീണസ്വരക്കാരും കഴുതസ്വരക്കാരും ഒരുമിച്ചു വേണം പാടാന്‍. തുറന്ന ശബ്ദത്തില്‍ പാടിയാല്‍ സ്വരത്തിന് തെളിവും സംഗീതവാസനയും എല്ലാവര്‍ക്കുമുണ്ടാകു മെന്നായിരുന്നു അവരുടെ വിശ്വാസം. തന്നിലെ സംഗീത സിദ്ധി മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കാന്‍ അവര്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.

അവിടെ വച്ചാണ് മേരിയിലെ സംഗീതവാസന അതിന്റെ പുറംതോടുകള്‍ പൊട്ടിച്ച് പുറത്തുവന്നത്. ആ ഒരു കലയില്‍ മാത്രം സ്വഭവനത്തില്‍ നിന്നും മേരിക്ക് പരിശീലനമൊന്നും ലഭിച്ചിരുന്നില്ല. ലഭിച്ചിരുന്നാല്‍ തന്നേയും മേരി ഒരു പാട്ടുകാരി ആകുമായിരുന്നില്ല. കാരണം സ്വരമാധുരി മേരിയില്‍ തുലോം തുഛമായിരുന്നു.

എങ്കിലും മൂളിപ്പാട്ടു പാടാനുള്ള കഴിവ് മേരി കരഗതമാക്കി. സ്വരമാധുര്യം കുറവാണെങ്കിലും ശബ്ദം താഴ്ത്തി സാമാന്യം ഈണത്തില്‍ മേരി പാട്ടുമൂളാന്‍ തുടങ്ങി. പിന്‍കാലങ്ങളില്‍ മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ മൂളിപ്പാട്ടിലൂടെയാണ് താളമൊപ്പിച്ച് കവിതയായി മേരി കടലാസിലേക്ക് പകര്‍ന്നെടുത്തത്...

മഴ വീണ്ടും കനക്കുകയാണ്, കാറ്റും കലശലാകുന്നു.

''നമുക്ക് മുറിയിലേക്ക് പോകാം... സിസ്റ്റര്‍ ഗെരോത്തി വീണ്ടും പറഞ്ഞു.

അത്, നന്ന് എന്ന് ബനീഞ്ഞാമ്മക്കും തോന്നി.

മുറിയിലെത്തിയ ബനീഞ്ഞാമ്മ സാവധാനം കട്ടിലിലേക്കു ചാഞ്ഞു. കാലുകള്‍ വേദനിക്കുന്നുണ്ട്. അത് കുറേനേരം നില്‍പ് തുടര്‍ന്നതിലാകാം. അതോ മഴയുടെ തണുപ്പ് ഏറ്റിട്ടോ...?

''സിസ്റ്ററിന് കുടിക്കാനെന്തെങ്കിലും''... ഗെരോത്തി സിസ്റ്റര്‍ ചോദിച്ചു.

''ചൂടുള്ളതെന്തെങ്കിലും''... ബനിഞ്ഞാമ്മ പറഞ്ഞു.

ഗെരോത്തി സിസ്റ്റര്‍ വരാന്തയിലേക്കിറങ്ങി. വാതില്‍ ചാരി.

ബനീഞ്ഞാമ്മയില്‍ വീണ്ടും ഓര്‍മ്മകളുടെ വാതായനങ്ങള്‍ തുറക്കപ്പെടുന്നു. ഓര്‍മ്മകള്‍ ഇപ്പോഴും മുത്തോലുന്ന മുത്തോലിയില്‍ തന്നെ.

സ്‌കൂള്‍ മാനേജര്‍, മദര്‍ സുപ്പീരിയര്‍, ഹെഡ്മിസ്ട്രസ് തുടങ്ങി അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഫീസ്റ്റുകള്‍ വലിയ ആഘോഷമായി നടത്തുന്നത് ബോര്‍ഡേഴ്‌സിന് വലിയ താല്‍പര്യമായിരുന്നു. മംഗളപത്രങ്ങള്‍, മംഗളശ്ലോകങ്ങള്‍ എല്ലാം നിശ്ചിത ദിവസം തന്നെ രംഗത്ത് വരണം. അതൊക്കെ കുട്ടികളുടെ കലാവൈഭവത്തില്‍ തന്നെ ഉരുത്തിരിഞ്ഞവയാകണം.

പക്ഷെ, സര്‍ഗശേഷിയും വാസനയുമുള്ളവര്‍ ആരാണുള്ളത് കുട്ടികളുടെ കൂട്ടത്തില്‍. ആരുമില്ല. കാര്യങ്ങളൊക്കെ നടക്കുകയും വേണം. ബോര്‍ഡിംഗിലെ നിയമം തെറ്റാന്‍ പാടില്ല.

ഒരു ദിവസം ഏഴാം ക്ലാസില്‍ പഠിക്കുന്ന ചേച്ചിമാര്‍ പദ്യങ്ങളും പാട്ടുകളും കെട്ടിച്ചമയ്ക്കാന്‍ ശ്രമിക്കുന്നത് മേരി കണ്ടു. മദര്‍ സുപ്പീരിയറിന്റെ ഫീസ്റ്റാണ്.

മേരി അന്ന് അഞ്ചാം ക്ലാസിലാണ്. എങ്കിലും താന്‍ ശ്രമിച്ചാല്‍ ഇത്രയും ബുദ്ധിമുട്ടു കൂടാതെ പദ്യങ്ങളെഴുതാന്‍ കഴിഞ്ഞേക്കും എന്നൊരാത്മവിശ്വാസം മേരിയില്‍ സംജാതമായി. വൃത്ത ശാസ്ത്രങ്ങളൊന്നും നിശ്ചയമില്ല. ഗുരു ലഘു നിബന്ധനകളൊന്നും കേട്ടിട്ടുമില്ല. പഠിച്ചിട്ടുള്ള പദ്യങ്ങളുടെ ഈണം മൂളി അതിനനുസൃതമായി ചിലതെല്ലാം എഴുതി. വായിച്ചു നോക്കി. മോശമല്ലെന്ന് തോന്നിയവ ചേച്ചിമാര്‍ക്ക് കൈമാറി.

''ങ്‌ഹേ... മേരി ശ്ലോകമെഴുതിയോ... കാണട്ടെ...''

അവര്‍ ആശ്ചര്യഭരിതരായി. കടലാസുകള്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിപ്പറിച്ച് വായിക്കുകയായി. ആര്‍ക്കും ഒരു കുഴപ്പവും തോന്നുന്നില്ല. പിന്നെ ചോദ്യങ്ങളുടെ പെരുമഴ.

''തന്നെ എഴുതിയതാണോ?...'' ഒരാള്‍.

''മേരിക്ക് നല്ല കവിതാ വാസനയുണ്ട്....'' മറ്റൊരാള്‍.

മുന്‍പും ഇങ്ങിനെ എഴുതിയിട്ടുണ്ടോ...? മേരിക്ക് നല്ല ഭാവിയുണ്ട്.

അങ്ങനെയങ്ങനെ അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. അന്നു മുതല്‍ അവരുടെ സാഹിത്യസദസ്സിലെ പ്രമുഖ മെമ്പറായിത്തീര്‍ന്നു മേരി.

മുത്തോലിയില്‍ പഠിച്ചിരുന്ന മൂന്ന് വര്‍ഷങ്ങള്‍ ഒട്ടു വളരെ മംഗളപദ്യങ്ങളും ഗാനങ്ങളും, ഏകാങ്കങ്ങളും മേരിയെഴുതി. മേരിയുടെ സാഹിത്യജീവിതത്തിന്റെ അരങ്ങേറ്റം നടന്ന ആദ്യവേദി മുത്തോലിയിലെ സ്‌കൂളും ബോര്‍ഡിംഗുമായിരുന്നു.

സിസ്റ്റര്‍ ഗെരോത്തി കാന്റീനില്‍ നിന്ന് ഒരു ഗ്ലാസ് കാപ്പിയുമായി വാതില്‍ തള്ളി അകത്തേക്കു വന്നു. ബനീഞ്ഞാമ്മയുടെ ഓര്‍മ്മകളുടെ ചില്ലിക്കൊമ്പൊടിഞ്ഞു.

  • (തുടരും)

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]