നോവലിസ്റ്റ്:
ഗിരിഷ് കെ ശാന്തിപുരം
ചിത്രീകരണം : ബൈജു
അധ്യായം - 09
ഡോക്ടര്‍ മുറിവിട്ടു പോയി. ഡോക്ടര്‍ക്കു പിന്നാലെ കറണ്ടും പോയി. മുകള്‍ത്തട്ടില്‍ ഞാത്തിയിരുന്ന വൈദ്യുത പങ്ക നിശ്ചലമായി. വേനല്‍ ക്കാലമല്ല. എങ്കിലും മുറിയില്‍ ഉഷ്ണത്തിന്റെ കള്ളിമുള്ളുകള്‍ വളരുന്നു. ബനീഞ്ഞാമ്മയുടെ നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു.
''സിസ്റ്റര്‍ കിടന്നോളൂ... ഞാന്‍ വീശിത്തരാം.'' ഗെരോത്തി സിസ്റ്റര്‍ പറഞ്ഞു.
അവര്‍ കട്ടില്‍ത്തലയ്ക്ക ലേക്ക് തലയിണ ചാരിവച്ച് ബനീഞ്ഞാമ്മയെ സാവധാനം കിടക്കാന്‍ സഹായിച്ചു. പിന്നെ മേശപ്പുറത്ത് കിടന്നിരുന്ന മാസികയെടുത്ത് മെല്ലെ വീശിക്കൊടുത്തു.
ബനീഞ്ഞാമ്മയുടെ കണ്ണുകള്‍ ആശുപത്രി മുറിയുടെ മുകള്‍ത്തട്ടി ലൂടെ ഉഴറി നടക്കുന്നു. അത് ഒരിടത്തും ഉറക്കുന്നില്ല. ബനീഞ്ഞാമ്മ എന്തോ ചിന്തിക്കുക യാവാം അതല്ലെങ്കില്‍ എന്തെങ്കിലും, വിഷമ ങ്ങള്‍...'' ഗെരോത്തി സിസ്റ്റര്‍ അസ്വസ്ഥയായി.
''എന്താ സിസ്റ്ററേ, എന്തെങ്കിലും അരുതായ്ക തോന്നുന്നുണ്ടോ...?''
ഞാന്‍ പ്രഭാവതിയെ ഓര്‍മ്മിക്കുകയായിരുന്നു.
പ്രഭാവതി. ഗെരോത്തി സിസ്റ്റര്‍ ആ കവിത വായിച്ചിട്ടുണ്ട്. പക്ഷെ, പ്രഭാവതിയുടെ രചനയ്ക്കാധാരമായ സംഭവങ്ങളെക്കുറിച്ച് സിസ്റ്റര്‍ ഗെരോത്തിക്കറിവില്ല. ഒരു കല്‍പിത രചന. സിസ്റ്റര്‍ ഗെരോത്തി അങ്ങനെയേ കരുതിയുള്ളൂ. പക്ഷെ, അതെന്തായാലും ഇപ്പോള്‍ ചോദിക്കേണ്ടതില്ല. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. വിശ്രമിക്കട്ടെ.
ഭാഗ്യം. കറണ്ടു വന്നു. മുറിക്കുള്ളില്‍ കാറ്റ് സരളമായി.
ബനീഞ്ഞാമ്മ സാവധാനം ഇമകള്‍ ചാരി. ഗെരോത്തി സിസ്റ്റര്‍ ബനീഞ്ഞാമ്മയുടെ മുഖത്തുനിന്ന് കണ്ണടയെടുത്ത് മേശപ്പുറത്ത് വച്ചു. ഉറങ്ങട്ടെ.
പക്ഷെ, ബനീഞ്ഞാമ്മ ഉറങ്ങുകയായിരുന്നില്ല. അവരുടെയുള്ളില്‍ കാലത്തിന്റെ രഥചക്രങ്ങള്‍ പിന്നോക്കം കറങ്ങുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉള്ളുലയ്ക്കുന്ന ഒരോര്‍മ്മ യാകുന്നു പ്രഭാവതി.
പ്രഭാവതി ദൈര്‍ഘ്യമുള്ള ഒരു കവിതയായിരുന്നില്ല. എങ്കിലും അതെഴുതി തീര്‍ക്കാന്‍ സമയമെടുത്തു.
കൂട്ടുകാരിയുടെ മരണത്തിനു മാസങ്ങള്‍ക്കു ശേഷമാണ് മേരി ജോണ്‍ തോട്ടം പ്രഭാവതി എഴുതാന്‍ തുടങ്ങിയത്. അതിനു മുമ്പ് ശ്രമിക്കായ്കയല്ല. മനസ്സ് കൈപ്പിടിയില്‍ നില്‍ക്കുന്നില്ല. അത് വഴുതിപ്പോകുന്നു.
സഹപാഠിയുടെ ആകസ്മികമായ മരണം മേരിയെ അകമാനം ചിതറിച്ചു കളഞ്ഞു. ഉടഞ്ഞുപോയ ഒരു മണ്‍ചിരാത് പോലെയായി ത്തീര്‍ന്നു മനസ്സ്. അത് പെറുക്കിച്ചേര്‍ത്തെടുക്കാന്‍ സമയമെടുത്തു.
അവളുടെ കാമുകനില്‍ നിന്നും അവള്‍ക്ക് നേരിട്ട പ്രണയനിരാസം അവളെ അടിമുടി തളര്‍ത്തിക്കള ഞ്ഞിരിക്കണം. അല്ലെങ്കില്‍ അവള്‍ മരണത്തെ സ്വയം വരിക്കുമോ...?
പ്രണയം ഇത്രമേല്‍ തീവ്രമായ വികാര മാണോ... പ്രണയനദിക്ക് ഇത്രമേല്‍ ആഴമുണ്ടോ... മേരിക്ക് നിശ്ചയം കിട്ടിയില്ല.
മേരിക്ക് ഒരു പ്രണയമുണ്ടായിട്ടില്ല.
മാന്നാനത്തെ പഠനം കഴിഞ്ഞ് മുത്തോലിയിലും കൊല്ലത്തുമായിരുന്നു മേരിയുടെ പഠനം. താമസം മഠം വക കോണ്‍വെന്റില്‍ - സഹവാസം കന്യാസ്ത്രീകളോടും പെണ്‍കുട്ടികളോടു മൊപ്പം. അതുകൊണ്ടാ കണമെന്നില്ല. ഒരിക്കലും മേരിക്കുമുകളില്‍ പ്രണയ ത്തിന്റെ ശലഭമഴ പൊഴിഞ്ഞിരുന്നില്ല. കവിതയോടും സന്യാസ ത്തോടുമായിരുന്നു മേരിയുടെ പ്രണയം.
അത് തുടങ്ങിയ താകട്ടെ മാന്നാനത്തെ പഠനകാലത്തും. കൊച്ചച്ചനായിരുന്നു മേരിയുടെ തണല്‍മരം. പക്ഷെ, ആ മരത്തിന്റെ തണല്‍ ഒരുപാട് കാലം മേരിക്ക് മുകളില്‍ വിരിഞ്ഞു നിന്നില്ല.
അദ്ദേഹത്തിന്റെ വഴികള്‍ വേറിട്ടതായിരുന്നു.
ഒരു കവി എന്ന നിലയില്‍ കൊച്ചച്ചന്‍ പരക്കെ അറിയപ്പെട്ടു തുടങ്ങിയിരുന്ന കാലം. ശ്രീമൂല രാജചരിത്രം പുസ്തകരൂപത്തില്‍ പുറത്ത് വന്ന കാലം.
ഇദ്ദേഹം ഭാവിയില്‍ ഒരു മഹാകവിയായിത്തീരും എന്ന് ചില സാഹിത്യ പ്രവീണന്മാര്‍ പ്രവചിക്കുക യുണ്ടായി. അത് സത്യമായിത്തീരട്ടെ എന്ന് മേരിയും പ്രാര്‍ഥിച്ചു.
പക്ഷെ, സംഭവിച്ചത് മറ്റൊന്നാണ്. ഈ സിദ്ധി വൈഭവമൊക്കെ കാണിച്ചിട്ട് അദ്ദേഹം സന്യാസത്തിലേക്ക് തിരിഞ്ഞു. ആശ്രമാവൃതി യിലേക്ക് മറഞ്ഞു.
അദ്ദേഹത്തിന്റെ വഴികള്‍ വേറിട്ടതായിരുന്നു.
കൊച്ചച്ചന്‍ വൈദികനാകാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ മേരിക്കു സന്തോഷം തോന്നി. തനിക്കും ഒരു കന്യാസ്ത്രീ യാകണം. മേരി അങ്ങനെ ആഗ്രഹം കൊണ്ടു.
മാന്നാനത്തെ പഠന കാലത്ത് അമ്മയുടെ ചാര്‍ച്ചയില്‍പ്പെട്ട ചില ഇളയമ്മമാരെ മേരി പരിചയപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീകളാകാനായി ചില മഠങ്ങളില്‍ പോയി ബോര്‍ഡിംഗില്‍ താമസിച്ചു പഠിക്കുകയാണവര്‍. അവരുടെ ലളിതമായ വസ്ത്രധാരണ രീതിയും അടക്കവും വിനയവുമുള്ള പെരുമാറ്റവും മേരിയെ വല്ലാതെ ആകര്‍ഷിച്ചു.
വിവാഹിതകളായ ചില സ്ത്രീകളുടേതുപോലെ പട്ടുചേലകളുടെ പളപളപ്പില്ല. ആഭരണ ചാര്‍ത്തുകളുടെ തിളക്കമില്ല. സൗമ്യവതികളായിരുന്നവര്‍. അന്ന് തുടങ്ങിയതാണ് മേരിക്കും അങ്ങനെയായി ത്തീരണമെന്ന മോഹം.
പക്ഷെ കൊച്ചച്ചന്‍ പോയാല്‍ പിന്നെ ഒരിക്കലും വീട്ടിലേക്ക് തിരിച്ചുവരില്ല എന്ന് കേട്ടപ്പോള്‍ മേരി വിഷമിച്ചു പോയി. ഒരു ഉഷ്ണക്കാറ്റ് തനിക്കുമേലെ വീശുന്നതു പോലെയാണ് മേരിക്കു തോന്നിയത്. ചങ്കിനുള്ളില്‍ ഒരു വ്യസനം ഞെങ്ങിയമരുന്നു. ഒരു ഗദ്ഗദം അവളില്‍ നിറയുന്നു.
മേരി ആരോടും ഒന്നും ചോദിച്ചില്ല. പറഞ്ഞുമില്ല. സങ്കടങ്ങളെല്ലാം ഉള്ളില്‍ ഒതുക്കിവച്ചു.
കൊച്ചച്ചന്‍ യാത്ര പറഞ്ഞിറങ്ങുന്ന നിമിഷം മേരി കലങ്ങിപ്പോയി. ശബ്ദം നഷ്ടപ്പെട്ട മേരി മൂകം നിന്നു.
കൊച്ചച്ചന്‍ എല്ലാവരോടും യാത്ര പറയുകയാണ്. വീട്ടിലാകെ കരച്ചിലും പിഴിച്ചിലും തേങ്ങലുകള്‍ നിശ്വാസ ങ്ങള്‍ എല്ലാം കണ്ടും കേട്ടും മനസ്സടക്കിപ്പിടിച്ച് മുറ്റത്ത് നില്‍ക്കുകയാണ് മേരി. പടിപ്പുര വരെ കൊച്ചച്ചനോടൊപ്പം പോകണം. മേരി അങ്ങനെ കരുതി.
കൊച്ചച്ചന്‍ എല്ലാവരോടും യാത്ര പറഞ്ഞു. അവസാനത്തേത് മേരിയോടായിരുന്നു. കൊച്ചച്ചന്‍ ഒരിളം ചിരി യോടെ മേരിക്കടുത്തേക്ക് വന്നു. കുഞ്ഞുമാമ്മി എന്നൊരു വിളി. കവിളിലൊരു തലോടല്‍. അവസാനം മേരിയുടെ മുഖം കൈകളിലെടുത്ത് അവളുടെ ഹൃദയത്തിലേ ക്കെന്നവണ്ണം കണ്ണുകളി ലേക്ക് ഉറ്റുനോക്കി ക്കൊണ്ടു പറഞ്ഞു.
''പഠിച്ച് മിടുക്കിയാവണം കേട്ടോ...''
മേരി പൊട്ടിപ്പോയി. എത്ര അടക്കിപ്പിടിച്ചിട്ടും അവള്‍ വിതുമ്പിപ്പോയി.
പിന്നെ കൊച്ചച്ചന്‍ ഒട്ടുനേരം നിന്നില്ല. തിരിഞ്ഞു നടന്നു. പടിപ്പുരയിറങ്ങുമ്പോള്‍ കൊച്ചച്ചന്‍ ഒന്ന് തിരിഞ്ഞു നോക്കുമെന്ന് കരുതി. പക്ഷെ, അതുണ്ടായില്ല. സ്‌നേഹത്തിന്റെ ആ മൂര്‍ത്തരൂപം പടിയിറങ്ങി പ്പോയി.
കൊച്ചച്ചന്‍ വൈദിക പഠനത്തിന് പോയതോടെ അമ്മവീട്ടിലെ ജീവിത ത്തിന് മേരിക്ക് ചിറകുകള്‍ നഷ്ടപ്പെടുകയായിരുന്നു. ഹൃദയത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതുപോലെ മേരിക്കനുഭവപ്പെട്ടു.
പിന്നീടധികകാലം പാട്ടശ്ശേരി വീട്ടില്‍ താമസി ക്കേണ്ടി വന്നില്ല മേരിക്ക്. നാലാം തരം പൂര്‍ത്തി യാക്കി മേരി തോട്ടം വീട്ടിലേക്കു മടങ്ങി.
പെണ്‍കുട്ടികള്‍ക്ക് പ്രൈമറിയില്‍ക്കവിഞ്ഞ വിദ്യാഭ്യാസത്തിന് മാന്നാനത്ത് സൗകര്യ മുണ്ടായിരുന്നില്ല. തുടര്‍ന്ന് പഠിക്കണമെന്ന് മേരിക്ക് ആഗ്രഹമുണ്ടായിരുന്നു. കൊച്ചച്ചനേപ്പോലെ ഒരു കവിയാകണം. ഒരു കന്യാസ്ത്രീയായിത്തീരണം.
അങ്ങനെ ചില മോഹ ങ്ങള്‍. പക്ഷെ മേരി അതൊന്നും ആരോടും പറഞ്ഞില്ല. നമ്മള്‍ ആഗ്രഹിക്കുന്നു പ്രാര്‍ഥി ക്കുന്നു. ദൈവം നടത്തി ത്തരും, തരാതിരിക്കില്ല.
അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് നാലാം ക്ലാസില്‍ക്കവിഞ്ഞ വിദ്യാഭ്യാസമൊന്നും കല്‍പിക്കപ്പെട്ടിരുന്നില്ല. അതാണ് നാട്ടു നടപ്പ്. വണക്കമാസപ്പുസ്തകം വായിക്കാനും പ്രാര്‍ഥന കള്‍ ചൊല്ലാനുമറിയാ മെങ്കില്‍ വിദ്യാഭ്യാസ ത്തിന്റെ പരിധിയായി. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ഒരു സാധാരണ പെണ്‍കുട്ടിക്ക് തുടര്‍ പഠനത്തിനുള്ള ആവശ്യകതയെന്ത്....?
മാന്നാനത്തെ പഠനം കഴിഞ്ഞ് തോട്ടംവീട്ടിലേ ക്കെത്തിയ മേരി ഒരു നീണ്ട അവധിക്കാലത്തിലേക്കാണ് പ്രവേശിച്ചത്.
വീണ്ടും ഇലഞ്ഞിപ്പൂക്കളുടെ കാലം. വടവൃക്ഷക്കാറ്റിന്റേയും കരിയിലം കിളിച്ചിലമ്പലിന്റേയും പൂങ്കുയില്‍ പാട്ടിന്റേയും മയില്‍പ്പീലിക്കാലം... പക്ഷെ, മേരിക്കത് വിദ്യാഭ്യാസ കാലം കൂടിയായിരുന്നു. അപ്പന്‍ ഭാഷാധ്യാപകന്‍. അമ്മ മതാധ്യാപിക. വെല്ല്യമ്മ ക്രാഫ്റ്റ്ധ്യാപിക.
അപ്പന്‍ എല്ലാ അര്‍ഥത്തിലും ഒരു കലാകാരനാണെന്ന് മേരി കണ്ടു. കൊത്തുപണി കളില്‍ അദ്ദേഹത്തിന് അസാമാന്യമായ ഒരു വാസനയുണ്ട്. പറമ്പി ലേക്കും പാടത്തേക്കുമുള്ള പണിയായുധങ്ങള്‍ക്ക് പുറമേ പല വലിപ്പത്തി ലുള്ള ഉളികള്‍, ചിന്തേരു കള്‍, കൊട്ടുവടി തുടങ്ങി കരകൗശല വേലകള്‍ക്കു വേണ്ട എല്ലാ ആയുധ ങ്ങളും അപ്പന് സ്വന്തമായിട്ടുണ്ടായിരുന്നു.
കൊത്തുവേലകളുള്ള വടിത്തലകള്‍, പലതരം ഡപ്പികള്‍, ചില മുദ്രകള്‍ എന്നിവയൊക്കെ അപ്പന്‍ കൊത്തിയുണ്ടാക്കും. മെതിയടികള്‍ ഉണ്ടാക്കിയെ ടുക്കുന്നതില്‍ അപ്പന് ഒരു പ്രത്യേക വിരുതു തന്നെയുണ്ടായിരുന്നു.
ആ കരവേലകളുടെ നേരത്തൊക്കെ മേരിയും അപ്പനോടൊപ്പം കൂടും. മേരിക്കത് ഹിതകരവും രസകരവും തന്നെ. അവള്‍ ഇത് നന്നായി ആസ്വദിക്കുകയും ചെയ്തി രുന്നു. ഒറ്റയ്ക്കാകുമ്പോള്‍ മേരിയും അപ്പനെ അനുകരിച്ച് ചിലതൊക്കെ പണിഞ്ഞു നോക്കി. പക്ഷെ, ഒന്നും ശരിയായില്ല.
ഭാഷാജ്ഞാനത്തിലും അപ്പന്‍ മോശമായിരുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും കുടിപ്പള്ളിക്കൂട്ത്തിലെ പഠനം മികവാര്‍ന്ന രീതിയില്‍ അദ്ദേഹം സ്വായത്തമാക്കി. ചില കളരിയാശാന്മാരില്‍ നിന്നും അമരകോശം സിദ്ധജപം, ചില കാവ്യങ്ങള്‍ തുടങ്ങിയവയൊക്കെ അദ്ദേഹം വശമാക്കുകയും ചെയ്തു.
ആയൂര്‍വേദത്തിലും അദ്ദേഹത്തിന് സാമാന്യ വ്യുല്‍പത്തി ആര്‍ജിക്കാന്‍ കഴിഞ്ഞിരുന്നു, തല്‍സംബന്ധ മായ ചില ഗ്രന്ഥങ്ങളൊക്കെ ശേഖരിച്ചു പഠിച്ച് വിധിപ്രകാര മുള്ള ഔഷധങ്ങളൊക്കെയു ണ്ടാക്കും. നാട്ടിലുള്ള സാധു ക്കള്‍ക്കും അല്ലാത്തവര്‍ക്കും ആവശ്യസന്ദര്‍ഭങ്ങളില്‍ ഔഷധങ്ങള്‍ സൗജന്യമായി നല്കും.
നാട്ടില്‍ ആശുപത്രികള്‍ വിരളമായിരുന്ന കാലമായിരുന്നത്. നാട്ടുവൈദ്യന്മാരാ യിരുന്നു ആളുകളുടെ ആശ്രയം.
അപ്പന് ഔഷധങ്ങള്‍ പണസമ്പാദന മാര്‍ഗമായിരുന്നില്ല. ആയതിനാല്‍ സാമാന്യ ജനങ്ങളുടെയെല്ലാം ആദരം അദ്ദേഹം നേടിയിരുന്നു.
മാമ്പഴക്കാലങ്ങള്‍ മറക്കാവതല്ല. പ്രത്യേകിച്ച് ബാല്യകാലത്തിലേക്കാ കുമ്പോള്‍, അതിന് മാധുര്യം കൂടും.
ഇപ്പോള്‍ വിശാലമായ തോട്ടം തൊടിയില്‍ മാമ്പഴക്കാലങ്ങള്‍ സിസ്റ്റര്‍ മേരി ബനീഞ്ഞയിലൂടെ കടന്നു പോകുന്നു. ആകാശത്തോളം പൊക്കം വളര്‍ന്ന നാട്ടു മാവുകളാണ് തോട്ടം തൊടിയില്‍. അങ്ങുയരത്തില്‍ ഇറുങ്ങനെ കിങ്ങിണി കെട്ടിയ മാമ്പഴക്കുലകള്‍.
മാവിന്‍ചുവട്ടില്‍ നോക്കി നില്‍ക്കാനേ കഴിയൂ. ഒന്നുകില്‍ കാറ്റ് കനിയണം. അല്ലെങ്കില്‍ അണ്ണാറക്കണ്ണന്മാര്‍ തുണയ്ക്കണം.
ഒരു കാറ്റിനായി മാഞ്ചുവട്ടില്‍ കാത്തുനിന്ന മാമ്പഴക്കാലങ്ങള്‍. കാറ്റ് അതിന്റ ഗുഹാമുഖങ്ങളില്‍ നിര്‍ജ്ജീവം കിടക്കുകയാണ്.
അണ്ണാറക്കണ്ണന്മാരുടെ കനിവിനായി കാത്തുനിന്ന നിമിഷങ്ങള്‍. മാവിന്‍ ചില്ലകളില്‍ ചില്‍ചില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് അവ മേരിയെ പരിഹസിക്കുകയാണ്.
ആ നിമിഷങ്ങളിലൊക്കെ മേരിയില്‍ കവിതയുടെ ആന്ദോളനങ്ങള്‍ അലഞ്ഞൊ റിയും. മാമ്പഴക്കാലം എന്നൊരു കവിതയെഴുതി യാലോ എന്നാഗ്രഹിക്കും. പക്ഷെ കവിതയുടെ ഒരു തുള്ളിപോലും കൈക്കുടന്ന യില്‍ കോരിയെടുക്കാന്‍ കഴിയാറില്ല. കാരണം മേരി യിലെ കവി പാകപ്പെട്ടിരുന്നില്ല.
ഇപ്പോള്‍ കവിതയും മോഹം, കാറ്റും മോഹം.
പക്ഷെ, നിനച്ചിരിക്കാതെ കാറ്റു വന്നു. ആലിപ്പഴം പൊഴി യുന്നതുപോലെ മാമ്പഴങ്ങള്‍ വീണു. വല്യമ്മയുടെ കരവിരുത് ചന്തം ചാര്‍ത്തിയ കരിമ്പനയീര്‍ക്കില്‍ കൊട്ടയില്‍ മാമ്പഴങ്ങള്‍ നിറഞ്ഞു.
പിന്നെ ഒരോട്ടമാണ്. മാമ്പഴക്കാറ്റിനൊപ്പം വീട്ടിലേക്ക്. വീട്ടിലെത്തി എല്ലാവര്‍ക്കുമായി മാമ്പഴങ്ങള്‍ വീതം വയ്ക്കും. അടുക്കളയില്‍ ചെന്ന് അമ്മയ്ക്കുള്ളത് കൊടുക്കും.
അപ്പോള്‍ അമ്മ പറയും, ''അമ്മയ്ക്കു വേണ്ട. കുഞ്ഞുമാമ്മി തിന്നോ.'' അതാണ് മേരിയുടെ അമ്മ.
ബനീഞ്ഞാമ്മ ഒന്ന് ഞരങ്ങി. അല്പമൊന്നനങ്ങിക്കിടന്നു. പിന്നെ സാവധാനം കണ്ണു തുറന്നു. കണ്ണടയില്ലാതെ നരച്ച കാഴ്ചയിലൂടെ ബനീഞ്ഞാമ്മ കണ്ടു. കാവല്‍ മാലാഖയെപ്പോലെ സിസ്റ്റര്‍ ഗെരോത്തി നില്‍ക്കുന്നു. ബനീഞ്ഞാമ്മ കാവല്‍ മാലാഖയോടു പറഞ്ഞു,
''എനിക്കൊന്ന് എഴുന്നേറ്റിരിക്കണം.''
ഗെരോത്തി സിസ്റ്റര്‍ ബനീഞ്ഞാമ്മയെ എഴുന്നേറ്റിരിക്കാന്‍ സഹായിച്ചു. അല്പം വെള്ളമെടുത്ത് മുഖം നനച്ചു തുടച്ചു കൊടുത്തു. കണ്ണട വച്ചുകൊടുത്തു.
ബനീഞ്ഞാമ്മ അല്‍പം തെളിഞ്ഞിരിക്കുന്നു. ഇപ്പോള്‍ മുഖം പ്രസന്നമാണ്. അഴലു കളൊഴിഞ്ഞ് ഒരു മന്ദഹാസ ത്തിന്റെ സാന്ദ്ര ശോഭ വിളങ്ങുന്നുണ്ട്.
''എന്താ സിസ്റ്ററേ, ഒരു സന്തോഷം...''
ബനീഞ്ഞാമ്മ ഒട്ടുനേരം മിണ്ടാതിരുന്നു. പിന്നെ ശബ്ദം താഴ്ത്തി സൗമ്യമായി പറഞ്ഞു.
''ഞാനൊരു സ്വപ്നം കണ്ടു.''
നേര്‍ത്ത ശീതക്കാറ്റുപോലെ യായിരുന്നു ബനീഞ്ഞാമ്മയുടെ ശബ്ദം. പക്ഷെ, സിസ്റ്റര്‍ ഗെരോത്തിക്ക് പ്രത്യേകി ച്ചൊന്നും തോന്നിയില്ല. കാരണം മിക്കവാറും ഉറക്ക ത്തില്‍ നിന്നെഴുന്നേല്‍ക്കവേ ബനീഞ്ഞാമ്മ പറയാറുണ്ട്.
''ഞാന്‍ കന്യാമാതാവിനെ സ്വപ്നം കണ്ടു.''
അത് പതിവുള്ളതാണ്. ബനീഞ്ഞാമ്മ കന്യാമറിയത്തിന്റെ ഭക്തയാണ്. സദാ നേരവും പ്രാര്‍ഥനയുണ്ടാകും. ഒഴിവു നേരങ്ങളിലെല്ലാം ബനീഞ്ഞാമ്മയുടെ ചുണ്ടുകളില്‍ നിന്ന് അമ്പത്തിമൂന്ന് മണി ജപം ഉരുക്കഴിഞ്ഞു കൊണ്ടിരിരിക്കും.
''ഇന്നും സിസ്റ്റര്‍ കന്യമാതാവിനെ സ്വപ്നം കണ്ടു....?''
''അല്ല. എന്റെ അമ്മയെ.'' ബനീഞ്ഞാമ്മ പറഞ്ഞു. ''മുമ്പൊരിക്കലും ഞാന്‍ അമ്മയെ സ്വപ്നം കണ്ടിട്ടില്ല.''
ഒരു ചന്ദനമഴ ബനീഞ്ഞാമ്മയ്ക്ക് മുകളില്‍ പെയ്യുന്നു എന്ന് സിസ്റ്റര്‍ ഗെരോത്തി കല്‍പന കൊണ്ടു. ബനീഞ്ഞാമ്മയുടെ മനസ്സിന്റെ വിദൂരതീരങ്ങളില്‍ ഒരു മുകില്‍ കടമ്പ് പൂക്കുന്നു... അമ്മ...
ചില സ്വപ്നങ്ങള്‍ അങ്ങനെയാണ്. തരളിതം. കാതരം. പ്രത്യേകിച്ചും അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍.
സ്വന്തം അമ്മ മിഴിവാര്‍ന്ന നനവാര്‍ന്ന ഒരോര്‍മ്മയാണ് സിസ്റ്റര്‍ ഗെരോത്തിക്ക്. മനസ്സില്‍ മധുരത്തിന്റെ കയ്പു നിറയ്ക്കുന്ന ഒരു കണ്ണീരോര്‍മ്മ.
മനുഷ്യജീവിതത്തിന്റെ നെടിയ രേഖാലിഖിതങ്ങളില്‍ കാലം അങ്ങനെ ചില ഗോമേദകച്ചിമിഴുകള്‍ ഒളിപ്പിച്ചു വയ്ക്കും. ഓര്‍മ്മകള്‍... ആയുസ്സിന്റെ അസ്തമയ തീരങ്ങളില്‍ നില്‍ക്കുമ്പോള്‍ ഓര്‍മ്മകളുടെ പുരാസ്ഥലികളിലേക്കുള്ള പിന്‍നടത്തം ഒരു ശാന്തിയാത്രയാകുന്നു.
ബനീഞ്ഞാമ്മ വീണ്ടും മൗനത്തിലേക്കും, മൗനം മുദ്രവച്ച ഓര്‍മ്മകളിലേക്കും മടങ്ങുകയാണോ എന്ന് സിസ്റ്റര്‍ ഗെരോത്തി സന്ദേഹിച്ചു.
ഓര്‍മ്മകള്‍ ചിലപ്പോള്‍ വ്യഥിത ങ്ങളാകാം. ബനീഞ്ഞാമ്മയെ സംബന്ധി ച്ചിടത്തോളം അത് നന്നായിരിക്കില്ല.
''നമുക്കിത്തിരി നടന്നാലോ സിസ്റ്ററേ...?'' ഗെരോത്തി സിസ്റ്റര്‍ ചോദിച്ചു.
ബനീഞ്ഞാമ്മ അതാഗ്രഹിച്ചിരുന്നു. കിടപ്പ് മാത്രമായിട്ട് രണ്ടു മൂന്നായി. പുറം വേദനിക്കുന്നുണ്ട്. എങ്കിലും അത് സാരമുള്ളതല്ല.
സിസ്റ്റര്‍ ഗെരോത്തിയുടെ കൈ പിടിച്ച് ആശുപത്രി വരാന്തയിലേക്കിറ ങ്ങുമ്പോള്‍, നാല്‍പത്തഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ബനീഞ്ഞാമ്മ 'സൗഭാഗ്യകാലം' ഓര്‍മ്മിക്കുന്നു.
കുട്ടിക്കാലമേ സത്വരമെന്നെ നീ
വിട്ടകന്ന് പോയല്ലോ നിര്‍ദയം
പുഷ്ട സമ്മേദ ശോഭനനം നിന്നെ
ക്കിട്ടുമെങ്കില്‍ ഞാന്‍ വീണ്ടുമാശ്ലേഷിക്കും.
(തുടരും)