നോവലിസ്റ്റ്:
ഗിരിഷ് കെ ശാന്തിപുരം
ചിത്രീകരണം : ബൈജു
അധ്യായം - 13
ഉച്ചയൂണ് കൊണ്ടുവന്നതില്‍ നിന്ന് ബനീഞ്ഞാമ്മ അല്‍പം മാത്രം കഴിച്ചു. ഗെരോത്തി സിസ്റ്റര്‍ എത്ര നിര്‍ബന്ധിച്ചു. കുറച്ചുകൂടി കഴിക്കാന്‍. ബനീഞ്ഞാമ്മ കൂട്ടാക്കിയില്ല. വിശപ്പ് തോന്നുന്നില്ല. വയറിനുള്ളിലെ ജഡരാഗ്നി കെട്ടുപോയിരിക്കുന്നു. മനസ്സിനെ ഒരു ക്ലാന്തത ചൂഴ്ന്ന് നില്‍ക്കുന്നു.
പോള്‍ എസ് ബക്കും, ദസ്തയെവ്‌സ്‌കിയും ബനീഞ്ഞാമ്മയോട് സംവദിക്കാനായി മേശപ്പുറത്ത് തുടിക്കുന്നുണ്ട്. പക്ഷെ, ബനീഞ്ഞാമ്മ നല്ല ഭൂമിയേയും ചൂതാട്ടക്കാരനെയും തൊട്ടില്ല. പിന്നെയാകാം...
മഠത്തിലായിരുന്നെങ്കില്‍ തന്റെ ജാലകച്ചാരത്തിരു ന്നാല്‍ പാടവും തോടും കടന്ന് നാട്ടുമരങ്ങളെ തഴുകിയെത്തുന്ന കാറ്റേറ്റിരിക്കാം. ബനീഞ്ഞാമ്മയ്ക്ക് ബനീഞ്ഞാമ്മയിലേക്ക് കൂടുവയ്ക്കാം. ഒറ്റയ്ക്കാവു ന്നത് ഒരനുഗ്രഹമാണ്. ഇപ്പോഴും എപ്പോഴും.
ഒറ്റയ്ക്കിരിക്കുമ്പോള്‍ നമ്മള്‍ ഒറ്റക്കാവണ മെന്നില്ല. നമ്മോടൊപ്പം പലരുമുണ്ടാകും. ഒരു ലോകം മുഴുവനു മുണ്ടാകും.
യൗവനത്തില്‍ തനിക്കൊരു പ്രണയ മുണ്ടായിരുന്നു എന്ന് ലോകം കല്‍പിച്ചു കൂട്ടിയതോര്‍ക്കുമ്പോള്‍ ഈ എണ്‍പത്തഞ്ചാം വയസ്സിലും ബനീഞ്ഞാമ്മ യില്‍ ഒരഗ്നിശൈലം പുകയുന്നു. എല്ലാം തന്റെ കുറ്റം. ഒരു കണക്കിന് കവയത്രിയായതേ തെറ്റ്. വായനക്കാരില്‍ പലരും നേരായതൊന്നും നിരൂപിക്കുന്നില്ല.
സിസ്റ്റര്‍ മേരി ബനീഞ്ഞ ഗതകാലത്തിന്റെ വെട്ടുവഴി കളിലൂടെ തിരിഞ്ഞു നടക്കുന്നു. പഠനകാര്യ ങ്ങളില്‍ മികവ് കാട്ടിയിരുന്ന മേരി വിദ്യാഭ്യാസത്തിന്റെ ഓരോ പടവും ചവുട്ടിക്കയറി. കാവ്യദേവതയുടെ കനകച്ചിലങ്കകള്‍ മേരിയില്‍ തുളുമ്പുന്നത് ഗുരുജനങ്ങളേയും അഭ്യുദയകാംക്ഷികളേയും ഒരുപോലെ ആഹ്‌ളാദിപ്പിക്കുന്നു.
പഠനം കഴിഞ്ഞ് അധ്യാപകജോലിയില്‍ പ്രവേശിച്ച ഇലഞ്ഞിമരച്ചില്ലയിലെ പൂങ്കുയിലിനെ കൂട്ടിലാക്കാന്‍ പലരും ആഗ്രഹിച്ചു. അതാരൊക്കെയെന്ന് മേരിക്ക് നിശ്ചയം പോര. ഒരുപക്ഷെ, പില്‍ക്കാലത്ത് ഒരു പ്രണയഭംഗ കഥയുടെ കാര്‍നിഴലിലേക്ക് തന്നെ തള്ളിവിട്ട ചെമ്പരത്തിക്കല്‍ നിവാസിയുമുണ്ടാകാം കൂട്ടത്തില്‍.
പക്ഷെ, അതൊന്നും മേരി മനസ്സാ വാചാ കര്‍മ്മണാ അറിഞ്ഞിരു ന്നില്ല. ഒന്ന് മാത്രം നിശ്ചയമുണ്ട്. അതിശക്ത മായ ദൈവവിളിയുടെ സാന്നിധ്യം തന്നിലില്ലായി രുന്നെങ്കില്‍, തന്നെ ആഗ്രഹിച്ച ആരെങ്കിലുമൊ രാളുടെ ഇരുമ്പുകൂട്ടില്‍ താനകപ്പെട്ടുപോയേനെ.
ആഭിജാത്യമുള്ള പല സമ്പന്നകുടുംബങ്ങളില്‍ നിന്നും അഭ്യസ്ഥവിദ്യരായ യുവാക്കളുടെ കാരണ വന്മാര്‍ വിവാഹാലോചന കളുമായി തോട്ടംവീട്ടില്‍ വന്നിട്ടുണ്ട്. അതെല്ലാം പ്രാര്‍ഥനയിലൂടെയും, കണ്ണീര്‍ച്ചൊരിച്ചിലിലൂടെ യുമാണ് മേരി അകറ്റി വിട്ടത്. കാരണം സന്യാസത്തിലേക്കുള്ള ദൈവവിളിയും, കവിതയുടെ ഉള്‍വിളിയും നന്നേ ചെറുപ്പത്തിലേ മേരിയില്‍ ആവിര്‍ഭവി ച്ചിരുന്നു.
സിസ്റ്റര്‍ മേരി ബനീഞ്ഞ ഒരു സംഭവം ഓര്‍മ്മി ക്കുന്നു. വടക്കന്‍ പറവൂരില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച കാലം. ഒരു ദിവസം അപ്പന്‍ മേരിയെ കാണാനെത്തി.
അങ്ങനെയൊരു പതിവില്ല. അവധിക്കാല ങ്ങളില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനും, അവധികഴിഞ്ഞ് കൊണ്ടു വിടാനും മാത്രമാണ് അപ്പന്‍ കോണ്‍വെന്റിലെ ത്തുക. മറ്റെന്തെങ്കിലു മുണ്ടെങ്കില്‍ കത്തുവഴി സാധിക്കുകയാണ് പതിവ്.
അപ്പന്‍ വന്നിട്ടുണ്ടെ ന്നറിഞ്ഞ മേരി സന്ദര്‍ശക മുറിയിലേക്ക് ഓടിച്ചെന്നു. മേരിക്കൊപ്പം ബോര്‍ഡിംഗ് മിസ്ട്രസുമുണ്ടായിരുന്നു.
അവര്‍ കുറച്ചുനേരം സംസാരിച്ചു. വീട്ടുകാര്യ ങ്ങള്‍, നാട്ടുവിശേഷങ്ങള്‍... കുറച്ചുനേരം കഴിഞ്ഞ പ്പോള്‍ അപ്പന്‍ ബോര്‍ഡിംഗ് മിസ്ട്രസി നോട് പറഞ്ഞു.
''അമ്മ പൊയ്‌ക്കോ. ഞങ്ങളപ്പനും മകളും അല്‍പനേരം സംസാരിക്കട്ടെ.''
മഠത്തില്‍ അതൊന്നും അനുവദനീയമല്ല. അപ്പനായാലും അമ്മയായാലും ഒരു കന്യാസ്ത്രീയുടെ സാന്നിധ്യത്തിലേ സംസാരിക്കാവൂ. എന്തുകൊണ്ടോ ബോര്‍ഡിംഗ് മിസ്ട്രസ് മടങ്ങി. അപ്പന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
''ഒരു പ്രത്യേക കാര്യം പറയാനാണ് ഞാനിത്ര ദൂരം വന്നത്...''
''എന്താ അപ്പാ കാര്യം...?''
''മറ്റൊന്നുമല്ല... ഒരു കല്ല്യാണക്കാര്യമാണ്...''
മേരിക്ക് ഒരു ഇടര്‍ച്ച അനുഭവപ്പെട്ടു. ഒരു നിസ്സഹായത അവളെ തളര്‍ത്തുന്നു. എന്തേ പറയേണ്ടൂ എന്നറിയാതെ അവള്‍ പുറത്തേക്ക് കണ്ണുകള്‍ നീട്ടി. പുറത്ത് വെയില്‍ തിളക്കുന്നു. മൃഗതൃഷ്ണകള്‍ പൂക്കുന്നു. ഒരു ഉഷ്ണക്കാറ്റ് വീശുന്നുണ്ട്.
''ചെറുക്കന്‍ വീട്ടുകാര്‍ ആലോചനയുമായി വീട്ടില്‍ വന്നും പോയുമിരി ക്കുന്നു...'' അപ്പന്‍ തുടര്‍ന്നു. ''പെണ്ണ് അവധിക്ക് വരട്ടെ എന്ന് പറഞ്ഞിട്ടൊന്നും അവര്‍ സമ്മതിക്കുന്നില്ല. പെണ്ണിനെ ചെന്ന് കൂട്ടിക്കൊണ്ടു വന്നു കൂടെ എന്നാണവരുടെ ചോദ്യം...''
''അപ്പനെന്ത് പറഞ്ഞു...?''
''എന്ത് പറയാന്‍... നിന്നോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു. എല്ലാം കൊണ്ടും നല്ല ബന്ധം. അന്തസ്സും ആഭിജാത്യവുമുള്ള കുടുംബം. ചെറുക്കനും യോഗ്യന്‍. നിന്റെ അമ്മയ്ക്കും വളരെ ഇഷ്ടപ്പെട്ടു. നിന്റെ അമ്മ ഏറെ നിര്‍ബന്ധിച്ചിട്ടാണ് ഞാന്‍ വന്നത്...''
വേരുകളറ്റ് കടപുഴകാന്‍ നില്‍ക്കുന്ന വൃക്ഷം പോലെയായിരുന്നു മേരിയപ്പോള്‍. അവള്‍ ഹൃദയത്തില്‍ പിടഞ്ഞു. അനുസരണമറ്റ് കണ്ണു കളില്‍ നിന്നൊഴുകിയത് നിണം കലര്‍ന്ന കണ്ണീരായിരുന്നു.
''നീ കരയേണ്ട. നിന്നെ നിര്‍ബന്ധിച്ചു കൊണ്ടു പോകാനൊന്നുമല്ല. നന്നായിട്ടാലോചിച്ച് നിന്റെ ഇഷ്ടമെന്താണെന്ന് പറഞ്ഞാല്‍ മതി.''
''ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ അപ്പാ - എന്തിനാണ് വീണ്ടും വീണ്ടും ചോദിച്ചിങ്ങനെ വിഷമിപ്പിക്കുന്നത്.''
''അപ്പോ നിനക്ക് കല്യാണം വേണ്ടെന്ന് തന്നെയാണ്...''
''അതെ.''
അപ്പന്‍ കുറേ നേരത്തേക്ക് ശബ്ദിച്ചില്ല. മേരിയും. അവര്‍ക്കിടയില്‍ മൗനം ഒരു പെരുങ്കടല്‍ പോലെ കിടന്നലകൊണ്ടു. മേരിക്ക് അകംപൊള്ളി.
അപ്പന്‍ എന്തെങ്കിലും ഒന്ന് സംസാരിച്ചിരു ന്നെങ്കില്‍ എന്ന് മേരി ആഗ്രഹിച്ചു. പക്ഷെ, അതുണ്ടായില്ല. നിശബ്ദതയുടെ ഗ്രീഷ്മ മധ്യാഹ്നത്തില്‍ മേരി ഉപ്പുതൂണ്‍ പോലെ നിന്നു.
''എന്നാല്‍ ഞങ്ങളുടെ ഇഷ്ടമല്ല. നിന്റെ ഇഷ്ടം നടക്കട്ടെ.''
ക്രൂശിതനായ ക്രിസ്തുവിനെപ്പോലെ, സങ്കടങ്ങളുടെ കുരിശില്‍ തൂങ്ങിക്കിടന്നാണ് അപ്പനത് പറഞ്ഞതെന്ന് മേരിക്കറിയാം.
കുറച്ചുനാളുകള്‍ വേണ്ടി വന്നു അപ്പനുമായിട്ടുള്ള സംസാരത്തിന്റെ സങ്കടപ്പിടച്ചിലുകളില്‍ നിന്ന് മേരിക്ക് മോചിതയാകാന്‍.
ഒരു വര്‍ഷം മാത്രമാണ് മേരി വടക്കന്‍ പറവൂരില്‍ ജോലി ചെയ്തത്. ശേഷം കുറവിലങ്ങാട് കോണ്‍വെന്റ് സ്‌കൂളില്‍.
കുറവിലങ്ങാട് കോണ്‍വെന്റ് സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്നതിനെപ്പറ്റി സിസ്റ്റര്‍ മേരി ബനീഞ്ഞ തന്റെ ഹൃസ്വജീവിത ചരിത്രപുസ്തകത്തില്‍ ഇങ്ങനെ കോറിയിടുന്നു.
അധ്യാപകജോലിയും ശമ്പളവുമെന്നതിനേക്കാളും കാലതാമസം കൂടാതെ കോണ്‍വെന്റില്‍ ചേരുക എന്നതായിരുന്നു പ്രധാനലക്ഷ്യം.
ആ ലക്ഷ്യത്തി ലേക്കുള്ള കാത്തിരിപ്പിന് അധിക ദൈര്‍ഘ്യ മുണ്ടായില്ല. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയെട്ട് ജൂലൈ പതിനാറിന് മേരി ജോണ്‍ തോട്ടം എന്ന കവയത്രി സന്യാസാവൃതിയിലേക്ക് കടന്നുചെന്നു.
സുഖകരമൊന്നുമായിരുന്നില്ല അന്ന് കന്യാസ്ത്രീ കളെ സംബന്ധിച്ചിട ത്തോളം ആശ്രമജീവിതം. ഒരു സന്യാസിനിയെ സംബന്ധിച്ചിടത്തോളം അവളുടെ പിന്നില്‍ കൊട്ടിയടയ്ക്കപ്പെടുന്ന ആശ്രമവാതില്‍ ഭൗതിക ജീവിതത്തോടുള്ള നിത്യമായ ബന്ധവിച്ഛേദനത്തിന്റെ സൂചകം തന്നെ യാണ്. ഭൗതികജീവിതം നയിക്കുന്ന യാതൊരാളു മായും ബന്ധമില്ല. ബന്ധു ക്കളേയോ സ്വന്തക്കാരേയോ കാണാനാവില്ല. മാതാപിതാക്കന്മാരെ സന്ദര്‍ശിക്കാനോ അന്ത്യ കാലങ്ങളില്‍ അവരെ ശുശ്രൂഷിക്കാനോ എന്തിനധികം സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാനോ അനുവാദമുണ്ടായി രുന്നില്ല. ചുരുക്കിപ്പറ ഞ്ഞാല്‍ ഒരു സന്യാസിനി ജീവിച്ചിരിക്കെത്തന്നെ മരിച്ചവളായി പരിഗണിക്കപ്പെടുന്നു.
മുന്‍പറഞ്ഞ പശ്ചാത്തലമാണ് 'ലോകമേ യാത്ര'യെ
ഒരു മരണാസന്നയുടെ അന്ത്യയാത്രാമൊഴിയായി മാറ്റിക്കളഞ്ഞത്.
ആശ്രമജീവിതം രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ മേരി ജോണ്‍ തോട്ടം സഭാവസ്ത്രം സ്വീകരിച്ച് സിസ്റ്റര്‍ മേരി ബനീഞ്ഞ യായി. ഈ കാലയളവിലാണ് സ്വര്‍ഗീയ സ്വയംവരം, എന്റെ കല്യാണം എന്നീ കവിതകള്‍ പിറവികൊള്ളുന്നത്.
ഏകാഗ്രവും ആഴവുമുള്ള ധ്യാന മനന പ്രാര്‍ഥനകള്‍ ആവശ്യവുമായിരുന്ന താപസവേളകളില്‍ പോലും അവരുടെയുള്ളല്‍ കാവ്യാംഗന ലാസ്യനൃത്തം ചവിട്ടിയിരുന്നു എന്നും തൂലിക മഷിയുണങ്ങാതെ തുടിച്ചിരുന്നു എന്നും ഈ കവിതാമലരുകള്‍ സാക്ഷ്യം പറയുന്നു.
'ലോകമേ യാത്ര'യ്ക്ക് ശേഷമുള്ള അത്ര ഹൃസ്വ മല്ലാത്ത ഒരു കാലഘട്ടത്തില്‍ സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ആത്മസംഘര്‍ഷങ്ങളുടെ ഉദാത്തവും ധ്വനിസാന്ദ്രവു മായ കാവ്യാവിഷ്‌കാരമാണ് പഞ്ചചാമരം വൃത്തത്തിലുള്ള മുപ്പത്തിമൂന്ന് പദ്യങ്ങളടങ്ങിയ 'സ്വര്‍ഗീയ സ്വയംവരം' എന്ന കവിത
''ധനം സുഖം യശസുമാദിജാത്യവും സ്വമിത്രരാം
ജനങ്ങളും, സ്വജയദേശമച്ഛനമ്മമാരേയം-
മനസ്സ് ബുദ്ധിയോര്‍മ്മ ശക്തിയിന്ദ്രിയങ്ങള്‍ ജഗഹവും
തൃണം കണക്കെ യാശവാഗ്നിതന്നിലിട്ടു ധീരകള്‍.''
ബ്രഹ്മചര്യത്തില്‍ നിന്ന് സന്യാസത്തിലേക്കുള്ള കൂടുമാറ്റം ഭൗതികജീവിതത്തിന്റെ സൗഭാഗ്യധാരകളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സംഭവ്യമാകേണ്ടത്. സഭാവസ്ത്ര സ്വീകരണഘട്ടത്തില്‍ അനുവര്‍ത്തിക്കേണ്ട അനുഷ്ഠാന കര്‍മ്മങ്ങള്‍ ബലിവേദിയില്‍ ആട്ടിന്‍കുട്ടിയെ ഹോമിക്കുന്ന യാഗകര്‍മ്മങ്ങളില്‍ നിന്ന് വിഭിന്നമായി കാണുന്നില്ല എഴുത്തുകാരി. അതുകൊണ്ടാണ് ആത്മാവ് ശരീരത്തെ വിട്ടുപിരിഞ്ഞിട്ടില്ലെങ്കിലും ഈ കന്യകമാരെ മരിച്ചവരുടെ വിഭാഗത്തില്‍ കണക്കുവച്ചു കൊള്ളാന്‍ കവി ലോകത്തോട് ആവശ്യപ്പെടുന്നത്. കാരണം ലോകാനുസാരിയായ ഒരു ജീവിതം സന്യാസിനിമാര്‍ക്കില്ല.
എന്ത് കാരണം കൊണ്ടാണെന്ന് അറിയത്തില്ല. 'സ്വര്‍ഗീയ സ്വയം വരം' എന്ന കവിത ബനീഞ്ഞാമ്മ ഒരു സമാഹാരത്തിലും ചേര്‍ത്തു കണ്ടില്ല. 'എന്റെ കല്ല്യാണ'മാകട്ടെ അപ്രകാശിതമായിത്തന്നെ നിലകൊണ്ടു.
ബാല്യം മുതല്‍ക്കു തന്നെ മേരിക്ക് തന്റെയുള്ളില്‍ മുഴങ്ങുന്ന ദൈവവിളിയുടെ വിണ്‍സുഗന്ധം വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. സന്യാസത്തിലേക്കും ഒപ്പം കവിതയിലേക്കുമുള്ള ഊടുവഴികള്‍ക്കിരുപുറവും പൂത്തുലഞ്ഞുനില്‍ക്കുന്ന ഇലഞ്ഞിമരക്കാടുകളുടെ തണല്‍ചുറ്റി മേരി തിടുക്കം കാട്ടാതെ നടന്നു. അതൊരു സുഗമസഞ്ചാരമായിരുന്നില്ല. ഒരു കഠിനതപസ്സിന്റെ അഗ്നിപഥങ്ങളിലൂടെയാണ് മേരി ജോണ്‍ തോട്ടം ചവടുകള്‍ പറിച്ചു നട്ടത്. കല്ലും മുള്ളും മഹാവിപിനങ്ങളും താണ്ടിയുള്ള യാത്ര. മിണ്ടടക്കങ്ങളുടെ കരിങ്കല്‍ ചുവരുകളായിരുന്നു ചുറ്റും.
ശിരോവസ്ത്രം സ്വീകരിച്ച് ആവൃതിക്കുള്ളില്‍ കടന്ന സിസ്റ്റര്‍ മേരി ബനീഞ്ഞ ഇങ്ങനെ എഴുതി.
പാവനമായൊരു യവനികയത്രേ
ഈ വിധമെന്നെ മറച്ചിടുന്നു
ഞാനതിനുള്ളിലിരിക്കുമൂലം
വാനവരോട് സംസാരിക്കാം.
സന്യാസിനിയായി തീര്‍ന്ന കവി വാനവരോട് സംസാരിച്ചു തുടങ്ങിയിരിക്കുന്നു. സന്യാസ സായൂജ്യത്തിന്റെ ഉദാത്തമായ ഭാവ മേഖലകളിലേക്ക് അവരുടെ ആത്മാവും ശരീരവും ലയം കൊള്ളുന്നുണ്ട്. ഒപ്പം അവരുടെ യുള്ളില്‍ കവിതയുടെ കാഞ്ചന യൂളികള്‍ പ്രസരിക്കുന്നുമുണ്ട്. ആത്മീയാനന്ദത്തിന്റെ യമുനാതീരത്തിലാണിപ്പോള്‍ അവരുടെ വാസം. അവിടെ ഭക്തമീര പാടുന്നു...
സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കാവ്യജീവിതത്തിന്റെ പുഷ്‌കല കാലം പ്രവേശിച്ചതിനുശേഷമുള്ള ഒരു ദശവല്‍സരക്കാലമാണത്.
പക്ഷെ, അതൊന്നും അക്കാല യളവില്‍ ആരും മനസ്സിലാക്കിയി രുന്നില്ല. സന്യാസത്തിലേക്ക് പ്രവേശിച്ചതോടെ അവരുടെ കാവ്യജീവിതത്തിന് തിരശ്ശീല വീണു എന്ന് പലരും വിധിയെഴുതി.
എന്നാല്‍ അങ്ങനെയായിരു ന്നില്ല. അക്കാലയളവിലാണ് സിസ്റ്റര്‍ മേരി ബനീഞ്ഞ തന്റെ എക്കാല ത്തേയും മികവുറ്റ കാവ്യശില്പ ങ്ങള്‍ പണിഞ്ഞെടുത്തത്.
സഭാവസ്ത്ര സ്വീകരണത്തിനു മുമ്പ് രചിച്ച 'ഗീതാവലി', 'കവിതാരാമം' എന്നീ ഗ്രന്ഥ ങ്ങളിലെ കവിതകളേക്കാള്‍ സമ്മോഹനങ്ങളായ കവിതകളാണ് പിന്നീടുണ്ടായത്.
'ഈശ്വരപ്രസാദം', 'ചെറുപുഷ്പത്തിന്റെ ബാല്യകാല സ്മരണകള്‍', 'ആത്മാവിന്റെ സ്‌നേഹഗീത' തുടങ്ങി ഏഴോളം ഖണ്ഡകാവ്യങ്ങളും 'പാറാവിലെ പൈങ്കിളി' തുടങ്ങി 'യഥാര്‍ഥ ലോകം' വരെയുള്ള അനേകം കവിതകളും ഇക്കാലത്തിന്റെ സംഭാവനകളാണ്.
ആശ്രമാവൃതിക്കുള്ളില്‍ കവിതാരചന അതി എളുപ്പമൊന്നു മായിരുന്നില്ല. നിയമ കാര്‍ക്കശ്യങ്ങളുടെ ഇരുമ്പഴികള്‍ ക്കുള്ളില്‍ തന്നെയായിരുന്നു ബനീഞ്ഞാമ്മ. പക്ഷെ, ആ ഇരുമ്പഴികള്‍ പുറംലോകത്തെ പൂര്‍ണ്ണമായും ബനീഞ്ഞാമ്മയില്‍ നിന്നും മറച്ചിരുന്നില്ല.
അന്തര്‍നേത്രങ്ങളുടെ ജാലകങ്ങള്‍ പുറംലോകത്തേക്കും അതേപോലെ സ്വന്തം മനസ്സിന്റെ അഗാധങ്ങളിലേക്കും അവര്‍ തുറന്നു വച്ചു. അപ്പോളൊക്കെ അവര്‍ കേട്ടിരുന്നു തുഞ്ചന്റെ തത്തയുടേതെന്നപോലെ കവിതയുടെ ചിറകൊലികള്‍. ആ ചിറകില്‍ നിന്ന് കാലം കൊഴിച്ചു കളഞ്ഞ വര്‍ണ്ണത്തൂവലുകള്‍ ഓരോന്നായി പെറുക്കിയടുക്കി അവര്‍ ആശ്രമ ച്ചുവരുകള്‍ക്കുള്ളില്‍ കവിത മെനഞ്ഞു. മഷിവരളാത്ത ഒരു തൂലിക ദൈവം സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കരങ്ങളില്‍ കൊടുത്തു എന്നു വേണം നിനക്കാന്‍.
എഴുത്തു കാര്യങ്ങള്‍ക്ക് മഠത്തിനുള്ളില്‍ അത്ര പ്രോത്സാഹനമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ, കാര്യമായ എതിര്‍പ്പും നേരിടേണ്ടി വന്നില്ല. എങ്കിലും ചില വൈഷമ്യങ്ങളൊക്കെ വന്നുചേരുമ്പോള്‍ ബനീഞ്ഞാമ്മ ആംഗലേയ കവി ഹോപ്കിന്‍സിനെ ഓര്‍മ്മിക്കും.
ഈശോസഭാ വൈദികനായിരുന്നു ഹോപ് കിന്‍സ്. വൈദികപഠനത്തിന് ചേര്‍ന്നപ്പോള്‍ സഭാധികാരികള്‍ക്ക് അലോസരമുണ്ടാക്കേണ്ട എന്നു കരുതി അതുവരെ എഴുതിയതെല്ലാം അദ്ദേഹം അഗ്നിക്കിരയാക്കി.
കലാ സാഹിത്യാദി കാര്യങ്ങളോട് അത്ര സഹിഷ്ണുത കലര്‍ന്ന ഒരു സമീപനമായിരുന്നില്ല അക്കാലത്ത് സഭയ്ക്കും അധികാരികള്‍ക്കും.
മനുഷ്യര്‍ക്ക് ഒതപ്പുളവാക്കുന്ന, അവരെ ആത്മീയതയില്‍ നിന്ന് ദിശമാറ്റി നടത്തുന്ന ദൈവീകമല്ലാത്ത ഒന്ന് എന്ന ചിന്തയായിരുന്നു മേലധികാരികള്‍ക്കു ണ്ടായിരുന്നത്. അതുകൊണ്ടുതന്നെ തന്റെ സന്യാസജീവിതത്തിന്റെ ആദ്യ എട്ടു സംവത്സരങ്ങളില്‍ ഒരു വരി കവിതപോലും അദ്ദേഹം എഴുതിയില്ല.
പക്ഷെ, ദൈവികവും ഒപ്പം സര്‍ഗാത്മകവുമായ ഒരാന്തരിക ഛോദനയാണ് സാഹിത്യാദി കലകള്‍ ക്കെന്ന് അധികാരികള്‍ക്ക് ബോധ്യ മുണ്ടായിരുന്നില്ല.
പക്ഷെ, എട്ട് സംവത്സരങ്ങളിലെ മഹാമൗനം ഹോപ്കിന്‍സിന്റെയുള്ളില്‍ സര്‍ഗചേതനയുടെ വടവൃക്ഷങ്ങള്‍ പന്തലിക്കാന്‍ കാരണമായി.
അങ്ങനെ ഹോപ്കിന്‍സ് കാത്തുവച്ച മൗനത്തിന്റെ മഹാപര്‍വതങ്ങള്‍ പൊട്ടി. ഫലമോ എക്കാലത്തേയും മികച്ച കവികളിലൊരാളായി അദ്ദേഹം പുനര്‍ജനിച്ചു.
ബനീഞ്ഞാമ്മ സന്യാസത്തിലേക്ക് കാലുകുത്തിയ കാലം എഴുതിയ തൊന്നും ചുട്ടുകളയേണ്ടി വന്നില്ല. അക്കാലമൊക്കെ പൊയ്‌പ്പോയിരുന്നു. എങ്കിലും മഠാധികൃതരില്‍ ചിലര്‍ക്ക് അതത്ര പഥ്യമായിരുന്നില്ല താനും.
(തുടരും)