നോവലിസ്റ്റ്:
ഗിരിഷ് കെ ശാന്തിപുരം
ചിത്രീകരണം : ബൈജു
അധ്യായം - 11
മുത്തോലിയിലെ പഠനം കഴിഞ്ഞു. മുത്തോലുന്ന മുത്തോലിയോടും ആ നാടിനെ സമ്പന്നമാക്കുന്ന മീനച്ചിലാറിനോടും മേരി വിടചൊല്ലി.
പ്രശസ്തമായ രീതിയിലായിരുന്നു മേരി ജോണ്‍ തോട്ടത്തിന്റെ വിജയം. അങ്ങനെ മേരി വി എസ് എല്‍ സിക്കാരിയായി. വെര്‍ണാക്കുലര്‍ സ്‌കൂള്‍ ലിവിംഗ് സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ എന്നായിരുന്നു ആ പരീക്ഷയ്ക്ക് ഗവണ്‍മെന്റ് കൊടുത്തിരുന്ന പേര്. മലയാളം മീഡിയത്തില്‍ അതിലുപരി പരീക്ഷകളൊന്നും അന്നില്ലായിരുന്നു. അതുകൊണ്ടാകാം ഏടുകെട്ടിപ്പരീക്ഷ എന്നൊരു കളിപ്പേര് അതിനുണ്ടായിരുന്നു.
പഠനം പൂര്‍ത്തിയാക്കി വീണ്ടും തോട്ടം വീട്ടിലെത്തിയ മേരിക്ക് താനൊരു നാല്‍ക്കവലയിലെത്തിയതുപോലെയാണ് തോന്നിയത്. ഇനി ഏതു വഴിക്കാണ് സഞ്ചാരം...? എവിടെയാണ് തന്റെ കൂടാരം.
നിശ്ചയമുണ്ടായിരുന്നില്ല. എങ്കിലും ചില ആഗ്രഹങ്ങളുടെ വെണ്‍തൂവലുകള്‍ ഹദയത്തില്‍ ഒളിപ്പിച്ചു വച്ചു മേരി. ആരും കാണാതെ ആരോടും പറയാതെ.
പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അഥവാ അപ്പനോടും അമ്മയോടും പറയാമെന്നു വച്ചാല്‍ അവരെങ്ങനെ പ്രതികരിക്കും എന്ന് നിശ്ചയം പോര. എങ്കിലും മേരി കാത്തിരുന്നു. അങ്ങനെയൊരു അവസരത്തിനുവേണ്ടി.
ഇലഞ്ഞി എന്ന ഗ്രാമത്തിലെ ആദ്യത്തെ പബ്‌ളിക് പരീക്ഷക്കാരിയാണ് മേരി. അതുകൊണ്ടുതന്നെ നാട്ടിലും വീട്ടിലും ഇമ്മിണി വല്യ ഒരാള്‍ എന്നൊരു പരിഗണനയും കിട്ടിയിരുന്നു.
പക്ഷെ, എത്ര വലിയ പരീക്ഷ പാസായാലും മാതാപിതാക്കന്മാര്‍ക്ക് മക്കള്‍ എന്നും മക്കള്‍ തന്നെയായിരിക്കും. ആ ബോധ്യം ഉള്ളതുകൊണ്ടാണ് അപ്പനോടും അമ്മയോടും മേരി തന്റെ ആഗ്രഹം പറയാതിരുന്നത്.
എങ്കിലും മേരി കാത്തിരുന്നു. കാത്തിരുപ്പിന്റെ ദിനരാത്രങ്ങള്‍ വ്യഥിതങ്ങളുമായിരുന്നു.
മേരിയുടെ പരീക്ഷാ വിജയമറിഞ്ഞ് തോട്ടം വീട്ടിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. സ്വന്തക്കാരും ബന്ധുജനങ്ങളും നാട്ടുപ്രമാണിമാരും അപ്പന്റെ സുഹൃത്തുക്കളും... ഒരിക്കല്‍ അപ്പന്റെ വളരെയടുത്ത ഒരു മിത്രം പറഞ്ഞു.
''മേരിക്കിപ്പോള്‍ പ്രായം പതിനേഴായില്ലേ... നല്ല നിലയില്‍ പരീക്ഷയും ജയിച്ചു. ഇനി ഇങ്ങനെ നിറുത്തിയാല്‍ മതിയോ... ഒരു കല്യാണത്തെക്കുറിച്ചുള്ള ആലോചനയൊക്കെയാകാം...''
അങ്ങനെയുള്ള സംസാരം പിന്നീട് പലരില്‍ നിന്നുമുണ്ടായി. അതൊക്കെ മേരി കേള്‍ക്കുന്നുണ്ട്. അറിയുന്നുണ്ട്. പക്ഷെ, അപ്പനുമമ്മയും എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ മേരി നിന്നില്ല. അവള്‍ മാറിക്കളയും. കാരണം വിവാഹത്തേക്കുറിച്ചുള്ള സ്വപ്നങ്ങള്‍ മേരിയില്‍ നിന്ന് എത്രയോ കാതങ്ങള്‍ക്കപ്പുറമായിരുന്നു. ശരീര കാമനകളൊന്നും അവളെ തൊട്ടിരുന്നില്ല.
മറ്റൊരിക്കല്‍ അപ്പന്റെ സുഹൃത്തുക്കളിലൊരാള്‍, ഒരധ്യാപകന്‍ തോട്ടംവീട്ടില്‍ വന്നു. അമ്മയുടെ സല്‍ക്കാരമൊക്കെ സ്വീകരിച്ച് കുശലം പറഞ്ഞിരിക്കുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു.
''മേരി പരീക്ഷ ജയിച്ചിട്ട് ഇങ്ങനെ നിറുത്തിയാല്‍ മതിയോ...? ഒരപേക്ഷ അയച്ചാലുടന്‍ ഒരു ജോലി കിട്ടും. ഞാന്‍ ഒരപേക്ഷ എഴുതട്ടെ...?''
''ഗവണ്‍മെന്റ് ജോലി കിട്ടിയാല്‍ വല്ലയിടത്തുമൊക്കെ പോയി താമസിക്കേണ്ടേ... പെണ്‍കുഞ്ഞുങ്ങളെയെങ്ങനാ അങ്ങനെ വിടുന്നത്...?''
അമ്മയാണ് ചോദിച്ചത്. അതൊരമ്മയുടെ ആശങ്കകള്‍. ഒരു കണക്കിന് അതൊരു സത്യമാണല്ലോ എന്നദേഹവും കരുതിക്കാണും.
അതിനും വളരെ നാളുകള്‍ക്കുശേഷമാണ് മേരിക്ക് ഹിതകരമായൊരു കാര്യം സന്ദര്‍ശകരിലൊരാള്‍ അപ്പനോട് ചോദിച്ചു കേട്ടത്.
''മേരി പഠിക്കാന്‍ മിടുക്കിയാണല്ലോ. നമുക്കിവളെ ചങ്ങനാശ്ശേരിയിലോ മറ്റോ അയച്ച് ഇംഗ്ലീഷ് പഠിപ്പിച്ചാലോ...?''
അതൊരു വട്ടംകൂടി പറഞ്ഞെങ്കിലെന്ന് മേരി ആഗ്രഹിച്ചു. കാരണം അങ്ങനെയൊന്ന് മേരി ആഗ്രഹിച്ചിരുന്നു. പഠിക്കുക എന്നുള്ളത് മേരിക്ക് ഒരു ദാഹം തന്നെയായിരുന്നു. അതെത്രയായാലും മേരിക്കു മതി വരില്ല.
പക്ഷെ, ആ അഭിപ്രായവും പരിഗണിക്കപ്പെട്ടില്ല. അപ്പനോ അമ്മയോ പിന്നീടൊരിക്കലും അങ്ങനെയൊരു കാര്യം സംസാരിച്ചു കേട്ടില്ല.
നടുവ് തളര്‍ന്ന പന്നശത്തേപ്പോലെയായിരുന്നു ദിവസങ്ങള്‍. ഇഴഞ്ഞു നീങ്ങുന്നു. വിരസങ്ങളായ പകലുകള്‍. നിദ്രമുറിയുന്ന രാവുകള്‍.
മേരിയുടെ മോഹങ്ങള്‍ കൂട്ടം തെറ്റി മേയുന്നു. അത് എവിടേയും ചെന്നെത്തുന്നില്ല. അത് ഒരു തീരത്തും അണയുന്നില്ല.
ഒരു ഞായറാഴ്ച പള്ളിയില്‍പ്പോയി മടങ്ങുകയായിരുന്നു മേരി. വല്യമ്മയായിരുന്നു കൂട്ട്. തെളിഞ്ഞ പൂര്‍വാഹ്നം. നാട്ടുവഴിക്കിരുപുറവും കതിരു വിളഞ്ഞ മുണ്ടകപ്പാടങ്ങള്‍.
പൊന്നരിവാള്‍ കാത്തു കിടക്കുന്ന പാടത്തിനു മീതെ കാറ്റുവീശുമ്പോള്‍ സ്വര്‍ണ്ണനീരാളമുലയുന്നു... കാറ്റില്‍ മുണ്ടകന്‍ കതിരിന്റെ ചൂരുണ്ട്.
ആ കാഴ്ചയുടെ ലാവണ്യപ്പൊലിമ മേരിയെ ത്രസിപ്പിക്കുന്നുണ്ട്. ഒരു കവിതയുടെ മലര്‍ച്ചുഴികള്‍ മനസ്സില്‍ ചൂഴുന്നുണ്ട്. പക്ഷെ, പകര്‍ന്നെടുക്കാന്‍ കഴിയുന്നില്ല.
മനസ്സ് മൂടിക്കുത്തി നില്‍ക്കുന്നു. പൊട്ടാന്‍ വെമ്പിനില്‍ക്കുന്ന മഴപോലെയാണത്. എപ്പോള്‍ വേണമെങ്കിലും പെയ്‌തേക്കാം. ഭാവി ഇരുളാര്‍ന്ന മഹാവിപിനം പോലെ നിഴല്‍കുത്തിക്കിടക്കുന്നു. ഭാവനകള്‍ കൊരുത്തെടുക്കാന്‍ കഴിയുന്നില്ല.
വയല്‍ക്കാഴ്ച കണ്ടുനിന്ന മേരിയെ പിന്നിലാക്കി വല്യമ്മ മുമ്പോട്ടു നടന്നിരുന്നു. അല്‍പദൂരം നടന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മേരി വയല്‍ക്കാഴ്ചകളിലാണ്. വല്യമ്മ അവളെ കൈമാടി വിളിച്ചു.
''വേഗം വാ കുഞ്ഞുമാമ്മീ...''
മേരി വയല്‍ച്ചേല് വിട്ടു നടന്നു... കാലുകള്‍ നീട്ടിക്കുത്തി വല്യമ്മയോട് ചേര്‍ന്നു.
അവള്‍ മശൂനിയായിരുന്നു. വിവേചിച്ചറിയാനാവാത്ത ഒരു ഖിന്നത അവളെ ചൂഴ്ന്ന് നിന്നു. ഒരു കതിരു കാണാക്കിളിയെപ്പോലെ അവളുടെ അന്തരംഗം ഉഴലുന്നു.
''എന്താ കുഞ്ഞുമാമ്മീ നിനക്ക്...''
''ഒന്നൂല്ല വല്യമ്മേ...'' മേരി പറഞ്ഞു. അത് കളവാണെന്ന് വല്യമ്മ അറിയുന്നു. കുഞ്ഞുമാമ്മിയുടെ ശബ്ദത്തിന് ഒരു തുടര്‍ച്ചയുണ്ടായിരുന്നു. ഒരു ദൈന്യം അവളുടെ മുഖത്ത് നിഴല്‍ വീശിക്കിടക്കുന്നുണ്ട്. കണ്ണുകളില്‍ നീര്‍പൊടിയുന്നുണ്ട്.
ഒരാന്തല്‍ വല്യമ്മയിലൂടെ കടന്നുപോയി. കുഞ്ഞുമാമ്മി ചെറിയ കുട്ടിയൊന്നുമല്ല. പതിനേഴിലെത്തിയവളാണ്. പതിനേഴിന്റെ ഇളക്കങ്ങളൊക്കെ വല്യമ്മയും അതിജീവിച്ചതാണ്. പോരാത്തതിന് അന്യനാട്ടില്‍ പഠിക്കാന്‍ പോയവളും. കാലമാണെങ്കില്‍ വല്ലാതെ കെട്ടതും.
വല്യമ്മ കുഞ്ഞുമാമ്മിയെ ചേര്‍ത്തുപിടിച്ചു. ഒരു ഇളവെയില്‍ക്കാറ്റ് മേരിയെ തഴുകുന്നു. കരുതലിന്റെ, സ്‌നേഹത്തിന്റെ ഒരു മുല്ലവള്ളി മേരിയെ ചുറ്റിപ്പിടിക്കുന്നു.
''എന്തുണ്ടേലും വല്യമ്മയോട് പറയ് കുഞ്ഞുമാമ്മീ...''
മേരിക്ക് ഒരു മറുപടി പെട്ടെന്നായില്ല. ഒരു വീര്‍പ്പുമുട്ടല്‍. എങ്കിലും ഒരു വിധത്തില്‍ മേരി പറഞ്ഞൊപ്പിച്ചു.
''എനിക്ക് ഒരു കന്യാസ്ത്രീയാകണം...''
വല്യമ്മയില്‍ അരുതാത്ത ആശങ്കകളുടെ കെട്ടുകളഴിയുന്നു. മനസ്സിന്റെ ഭാരം കുറയുന്നു. ഇപ്പോള്‍ വയല്‍ക്കാറ്റ് വല്യമ്മയ്ക്കും സാന്ത്വനമാകുന്നു.
കുഞ്ഞുമാമ്മി അങ്ങനെ പറഞ്ഞത് വൃഥാവിലല്ലെന്ന് വല്യമ്മച്ചിക്ക് നിശ്ചയമുണ്ടായിരുന്നു. അവളുടെ വാക്കുകള്‍ക്ക് നല്ല ഉറപ്പുണ്ട്. പാറയുടെ ഉറപ്പ്. അത് ഇളക്കി മാറ്റാനാകുമെന്ന് തോന്നുന്നില്ല. വല്യമ്മ പറഞ്ഞു.
''നിന്റെ ആഗ്രഹത്തിന് വല്യമ്മച്ചിക്ക് സന്തോഷമേയുള്ളൂ. ദൈവവിളി അങ്ങനെയാണെങ്കില്‍ അങ്ങനെതന്നെ സംഭവിക്കും. ഞാന്‍ നിന്റെ അപ്പനോടും അമ്മയോടും പറഞ്ഞു നോക്കാം...''
ഒരു തൂവല്‍ത്തലോടല്‍ പോലെ തോന്നി മേരിക്ക് വല്യമ്മയുടെ വാക്കുകള്‍. പ്രത്യാശയുടെ നൂലോട്ടകളിലൂടെ ഒരാശ്രമനക്ഷത്രത്തിന്റെ ശീതളകിരണങ്ങള്‍ അവളിലേക്കരിച്ചെത്തുന്നു.
ഒരാഴ്ച മുമ്പ് ചങ്ങനാശ്ശേരി മെത്രാന്‍ കുര്യാളശ്ശേരിപ്പിതാവ് ഇടവക വിസീത്തക്കായി ഇലഞ്ഞിപ്പള്ളിയിലെത്തിയിരുന്നു. ഓരോ ഇടവകയിലും രണ്ടും മൂന്നും ദിവസം താമസിച്ചാണ് വിസീത്ത്. തിരുമേനി കന്യാസ്ത്രീകള്‍ക്കായി ആരാധനാമഠം സ്ഥാപിച്ച കാലമായിരുന്നത്.
തിരുമേനി വിസീത്തക്കായി ഏതിടവകയില്‍ ചെന്നാലും കുടുംബമഹിമയും സ്വഭാവവൈശിഷ്ട്യവും വിദ്യാഭ്യാസവുമുള്ള പെണ്‍കുട്ടികളെക്കുറിച്ച് വികാരിയച്ചനില്‍ നിന്നു മനസ്സിലാക്കുകയും അവരെ അടുത്തു വിളിച്ച് സംസാരിക്കുകയും ചെയ്യും, ദൈവവിളി ഉള്ളവരെന്ന് കണ്ടാല്‍ അവരെ ആരാധനാസഭയിലേക്ക് സ്വാഗതം ചെയ്യും.
ഇലഞ്ഞി ഇടവകയിലെ ആദ്യ പരീക്ഷാ വിജയി ആയിരുന്ന മേരിയേയും പിതാവ് വിളിപ്പിച്ചു സംസാരിച്ചു. താല്‍പര്യയെ ആരാധനാസഭയില്‍ ചേരാന്‍ നിര്‍ദേശിച്ചു. ആരാധനാസഭയുടെ ആദ്യമഠം വാഴപ്പിള്ളിയിലായിരുന്നു. അവിടെ ചെന്ന് ചേരാനാണ് പിതാവ് പറഞ്ഞത്.
''വീട്ടില്‍ ചോദിക്കണം. അപ്പനോടും അമ്മയോടും അനുവാദം വാങ്ങണം...'' മേരി പറഞ്ഞു.
''അങ്ങനെതന്നെ വേണം. അവരുടെ അനുവാദത്തോടെ വേണം...'' പിതാവ് പറഞ്ഞു.
മേരി വീട്ടിലേക്ക് തിടുക്കപ്പെട്ടു. പക്ഷെ, അപ്പനോട് എങ്ങനെ പറയും... അമ്മയോടും... അവരെങ്ങനെ പ്രതികരിക്കും. നിശ്ചയമില്ല. അകെയുള്ള ഒരു പിടിവള്ളി വല്യമ്മ മാത്രമാണ്.
മേരി വല്യമ്മയോട് വിവരം പറഞ്ഞു. വല്യമ്മ അമ്മയിലേക്കും അമ്മ അപ്പനിലേക്കും വിവരം പകര്‍ന്നിരിക്കണം. പക്ഷെ, മറുപടിയുണ്ടായില്ല.
മേരി കാത്തിരുന്നു.
മേരിയെ അത്ര പെട്ടെന്നൊന്നും ആര്‍ക്കും മനസ്സിലാകുമായിരുന്നില്ല. മേരിയില്‍ രണ്ട് മേരിമാരുണ്ടായിരുന്നു. അക്ഷരങ്ങള്‍ ചേര്‍ത്ത് വായിക്കാന്‍ തുടങ്ങിയ കാലത്തേ മേരിയില്‍ മറ്റൊരു മേരി പുനര്‍ജനിച്ചു. പുനര്‍ജനിച്ച മേരിയുടെ വാസം ഏകാന്തതയുടെ തുരുത്തുകളിലായിരുന്നു. അവിടെ കവിത മാത്രമായിരുന്നു അവളുടെ കൂട്ട്. ഒരു എഴുത്തുകാരിയുടെ സ്വപ്ന വിഭ്രാന്തികളില്‍ അവള്‍ രമിച്ചു.
നന്നായി പഠിക്കുകയും വീട്ടുകാര്‍ക്കും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമെല്ലാം പ്രിയങ്കരിയായിത്തീരുകയും ചെയ്ത മേരിയിലെ അപരലോകം കവിതകളുടേതു മാത്രമായിരുന്നില്ല. അത് സന്യാസത്തിന്റേതു കൂടിയായിരുന്നു. യഥാര്‍ഥത്തില്‍ അതായിരുന്നു അവളുടെ സ്വപ്നഭൂമിക.
മേരിയുടെ കാത്തിരിപ്പിന് മണിക്കൂറുകളുടെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ; രാത്രി അത്താഴനേരത്ത് അപ്പന്‍ മേരിയോടു പറഞ്ഞു.
''നിന്നെ മഠത്തില്‍ ചേര്‍ക്കാന്‍ പറ്റില്ല. പത്രമേനിക്കും മറ്റും പണമില്ല.'' അറത്ത് മുറിച്ചതുപോലെയായിരുന്നു അപ്പന്റെ മറുപടി.
അന്ന് മേരി അത്താഴം കഴിച്ചില്ല. രാത്രി വല്ലാതെ ഇരുണ്ടതായിരുന്നു. നിലാവോ നക്ഷത്രങ്ങളോ ഉണ്ടായിരുന്നില്ല. ഉറക്കം അവളെ തൊട്ടില്ല. തുറന്നിട്ട ജാലകത്തിലൂടെ രാത്രിയുടെ നിഗൂഡതകളിലേക്ക് കണ്ണുകള്‍ നീട്ടി അവള്‍ കിടന്നു. പൂക്കളുടെ കാലമല്ലെന്ന് തോന്നുന്നു. രാക്കാറ്റില്‍ പൂമണം കലര്‍ന്നിട്ടില്ല.
പിറ്റേന്ന് പ്രഭാതക്കുര്‍ബാനയ്ക്ക് മേരി പള്ളിയില്‍ പോയി. വല്യമ്മയുമുണ്ടായിരുന്നു അവളുടെ കൂടെ. കുര്‍ബാന കഴിഞ്ഞ് പിതാവിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. അപ്പോള്‍ പിതാവ് പറഞ്ഞു.
''പണത്തിന്റെ കാര്യമോര്‍ത്ത് വിഷമിക്കേണ്ടതില്ല. നിന്നെ വാഴപ്പിള്ളി മഠത്തില്‍ കൊണ്ടുചെന്നാക്കാന്‍ അപ്പനോട് പറയൂ!...''
മൗനത്തിന്റെ കൈകളില്‍ പിടിച്ചാണ് വല്യമ്മയും കൊച്ചുമോളും നടന്നത്. നടത്തയുടെ നേരമത്രയും വല്യമ്മ മേരിയെ ശ്രദ്ധിക്കുകയായിരുന്നു. പക്ഷെ, ഒന്നും മേരിയോട് ചോദിക്കുകയുണ്ടായില്ല. മേരിയുടെ മൗനത്തില്‍ നിന്നും വല്യമ്മ എന്തെങ്കിലുമൊക്കെ വായിച്ചെടുക്കുന്നുമുണ്ടാകാം.
പണം കാര്യമാക്കേണ്ടതില്ല എന്ന് സാന്ത്വനിപ്പിച്ച അഭിവന്ദ്യ പിതാവിന് മുമ്പില്‍ മേരി കുറച്ചുനേരം നിശ്ശബ്ദം നിന്നു. മറ്റൊരാഗ്രഹത്തിന്റെ കുറുകലുകള്‍ സ്വന്തം ഹൃദയത്തില്‍ നിന്ന് മേരി കേള്‍ക്കുന്നുണ്ടായിരുന്നു.
''നിനക്ക് എന്നോട് എന്തോ പറയാനുണ്ട്. എന്തായാലും പറഞ്ഞോളൂ.'' പിതാവ് പറഞ്ഞു.
അവള്‍ പിതാവിന് മുമ്പില്‍ മുട്ടുകുത്തി. ഒരു രഹസ്യം പോലെ മേരി പറഞ്ഞു,
''പിതാവേ എനിക്ക് കര്‍മ്മലീത്താ മഠത്തില്‍ ചേരാനാണ് ആഗ്രഹം.''
തിരുമേനി അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ആ നോട്ടം മേരിയുടെ ആത്മാവിലേക്കാണ് ചൂഴ്ന്ന് ചെന്നത്. മേരിയിലെ അപരയെ അദ്ദേഹം അകക്കണ്ണുകൊണ്ട് കണ്ടിരിക്കണം. അദ്ദേഹം പറഞ്ഞു,
''നിന്റെ ആഗ്രഹം അതാണെങ്കില്‍ അങ്ങനെ തന്നെ സംഭവിക്കട്ടെ. ദൈവം നിന്നെ അനുഗ്രഹിക്കും.''
അവള്‍ പിതാവിന്റെ കരം ചുംബിച്ച് എഴുന്നേറ്റു. തിരിഞ്ഞു നടന്നു. എല്ലാറ്റിനും വല്യമ്മ സാക്ഷിയാണ്. ഇക്കുറി തിരുമേനിയുടെ വാക്കുകള്‍ അപ്പനോട് പറയാന്‍ മേരി വല്യമ്മയെ ശട്ടം കെട്ടിയില്ല. പറയുന്നെങ്കില്‍ പറയട്ടെ. മേരി അങ്ങനെ കരുതി.
പക്ഷെ, വല്യമ്മ പറയുകതന്നെ ചെയ്തു. മറുപടിക്ക് കാലവിളംബമുണ്ടായില്ല. അപ്പന്റെ മറുപടി വന്നു.
''ഞാന്‍ നിന്നെ പഠിക്കാന്‍ വിട്ടത് മഠത്തില്‍ ചേര്‍ന്ന് കന്യാസ്ത്രീയാകാനല്ല...''
കല്ലില്‍ കൊത്തിയതുപോലെയായിരുന്നു അപ്പന്റെ വാക്കുകള്‍... അവളുടെ മനസ്സില്‍ സ്വപ്നങ്ങളുടെ കോട്ടവാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുന്നു. ഒരു പറുദീസാനഷ്ടം. മേരി അവളിലെ അപരയിലേക്ക് മടങ്ങുന്നു.
വഴുവഴുപ്പുള്ള, കൂര്‍ത്ത കല്ലുകള്‍ നിറഞ്ഞ, കള്ളിച്ചെടികള്‍ നിറഞ്ഞ ഭൂഗര്‍ഭപാതയിലൂടെ, ഇരുട്ടിലൂടെയാണ് മേരിയിപ്പോള്‍ സഞ്ചരിക്കുന്നത്. വെളിച്ചത്തിന്റെ ഒരു നൂല്‍പ്പഴുതുപ്പോലുമില്ല.
കാറ്റില്ല, പൂമണമില്ല. കിളിമൊഴികളോ ചിറകൊലികളോ ആകാശനീലിയോ നിലാവെളിച്ചമോ ഇല്ല. ഇരുട്ട് സര്‍വ്വത്ര.
ഒരു നിര്‍വികാരത മേരിയെ ചൂഴ്ന്നു നിന്നു. എങ്കിലും അവള്‍ എന്നത്തേയും പോലെ എല്ലാവരോടും പെരുമാറി. സങ്കടമോ പരിഭവമോ പ്രകടിപ്പിച്ചില്ല.
കാലം സഞ്ചരിക്കുന്നത് പിന്നോട്ടല്ലെന്ന് മേരിക്കറിയാം. തന്റെ കൊതുമ്പുവള്ളം ഏതെങ്കിലും കടവിലെത്താതിരിക്കില്ല.
ഒരു ദിവസം മേരി പള്ളിയില്‍പോയി വന്ന് അന്നത്തെ പത്രം വായിക്കാനെടുത്തപ്പോഴാണ് ഒരു പരസ്യം കണ്ണില്‍പ്പെട്ടത്. വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു പ്രകാശം മേരിയില്‍ മിന്നി. ആകാശത്ത് ഒരു പകല്‍ നക്ഷത്രം തെളിയുന്നു.
വടക്കന്‍ പറവൂര്‍ കോണ്‍വെന്റ് സ്‌കൂളിലേക്ക് വി എസ് എല്‍ സി ക്കാരിയായ ഒരു കത്തോലിക്കാ യുവതിയെ ആവശ്യമുണ്ട്. അതായിരുന്നു പരസ്യം.
ഒരധ്യാപിക ആയിത്തീരുക എന്നതിനപ്പുറം ഒരു കന്യാസ്ത്രീ മഠത്തിന്റെ മതിലിനുള്ളില്‍ കടന്നുകൂടാനുള്ള അവസരമാണിതെന്ന് മേരിക്ക് തോന്നി. അത് പാഴാക്കിക്കൂടാ. അവള്‍ പത്രവുമായി അപ്പന്റെ അടുത്തേക്ക് ചെന്നു.
''അപ്പനിതൊന്ന് വായിച്ചു നോക്കിയേ...''
മെതിയടിക്ക് പോത്തിന്‍ കൊമ്പുകൊണ്ട് കൊരടുകള്‍ കടയുകയായിരുന്നു അപ്പന്‍. അപ്പന്‍ പത്രം വാങ്ങി പരസ്യം വായിച്ചു നോക്കിയിട്ടു പറഞ്ഞു.
''എന്താ നിനക്ക് പോയാല്‍ കൊള്ളാമെന്നുണ്ടോ?...''
''മഠത്തിന്റെ സ്‌കൂളാണല്ലോ അപ്പാ...''
അത്രമാത്രമാണ് മേരി പറഞ്ഞത്. അപ്പോഴേക്കും അമ്മയുമെത്തി. കുറച്ചുനേരത്തെ സംസാരം. ആലോചനകള്‍, അപ്പനും അമ്മയും തമ്മില്‍.
എട്ടു രൂപയാണ് അന്നത്തെ അധ്യാപകര്‍ക്ക് ശമ്പളം. എട്ടുരൂപാപട്ടാളം എന്നൊരു വിളിപ്പേരുമുണ്ട്. വീട്ടിലെ ചുക്കും കുരുമുളകും ഒക്കെ വില്‍ക്കുന്ന പണം കൂടി വേണ്ടി വരും ചിലവിന്. അതാണ് ആ ഉദ്യോഗത്തിന്റെ സ്ഥിതി.
''ശമ്പളമൊന്നും കാര്യമാക്കാനില്ല. മഠത്തിലാണല്ലോ. അവള്‍ക്ക് വേണമെങ്കില്‍ കുറച്ചുകാലം പോകട്ടെ.'' അമ്മ പറഞ്ഞു.
കവിതയും മറ്റും എഴുതുന്നവളല്ലേ. പുറംലോകം കുറച്ചൊന്ന് കാണട്ടെയെന്ന് അപ്പനും കരുതിയിരിക്കണം. അപ്പന്‍ പറഞ്ഞു,
''മുത്തോലി മാത്രമല്ലേ കണ്ടിട്ടുള്ളൂ. ലോകം കുറച്ചൊന്ന് കാണുന്നത് നല്ലതാണ്.''
മേരിയുടെ കൊതുമ്പു വള്ളം തീരമണയുന്നു. സ്വര്‍ണ്ണവെയില്‍ ഒരു വിരിവലപോലെ വീണു കിടക്കുന്ന തീരം. നീര്‍മരുതുകളും മഞ്ഞക്കടമ്പുകളും ഇലഞ്ഞിമരങ്ങളും പൂത്തുലഞ്ഞു നില്‍ക്കുന്ന സുരഭില തീരം.
ഒന്നാം പറുദീസയിലേക്കുള്ള മേരിയുടെ തീര്‍ഥയാത്ര.
നാലാം ദിവസം മേരി അപ്പനോടൊപ്പം വടക്കന്‍ പറവൂരെത്തി. തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് കോട്ടക്കാവ് വലിയ പള്ളിയുടെ നടത്തിപ്പില്‍ കര്‍മ്മലീത്താ മഠത്തിനോടനുബന്ധിച്ചാണ് പ്രൈമറി സ്‌കൂള്‍.
തോമസ് അപ്പസ്‌തോലന്‍ കേരളത്തില്‍ സ്ഥാപിച്ച ഏഴരപള്ളികളില്‍ ഒന്നാണ് കോട്ടക്കാവ് പള്ളി. ആ പള്ളിയുടെ കീഴിലുള്ള സ്‌കൂളില്‍ ഒന്നാം അസിസ്റ്റന്റായി മേരി നിയമിതയായി. താമസം മഠത്തില്‍.
അത് കാലത്തിന്റെ കാവ്യനീതി.
കാലം അങ്ങനെയാണ്. മനുഷ്യനറിയാതെ അവനുവേണ്ടി ചിലത് കാത്തുവയ്ക്കും. അങ്ങനെയുള്ള ഒരു കാത്തു വയ്പായിരുന്നു മേരിക്ക് വടക്കന്‍ പറവൂരുള്ള കര്‍മ്മലീത്താ മഠം.
മാനേജരച്ചന്റെ അടുത്തും മഠത്തിലും മേരിക്ക് ഹാര്‍ദമായ സ്വീകരണമാണ് ലഭിച്ചത്. അന്നത്തെ എട്ടുരൂപ ശമ്പളത്തെ അതിലംഘിച്ച് മാനേജരച്ചന്‍ മേരിക്ക് പത്ത് രൂപ അനുവദിച്ചു. മേരിക്ക് പുതിയൊരു ലോകം തുറന്നു കിട്ടുകയായിരുന്നു.
കന്യാസ്ത്രീയുടെ കുപ്പായമണിയാന്‍ കാത്തിരുന്ന മേരി അധ്യാപികയുടെ കുപ്പായമണിയുന്നു.
സംഭവിക്കുന്നതെല്ലാം നല്ലതിന്. മേരിക്ക് അങ്ങനെ തോന്നി.
വിദ്യാര്‍ഥി ജീവിതത്തിലെന്നപോലെ അധ്യാപകജീവിതത്തിലും മേരി ഏവര്‍ക്കും പ്രിയങ്കരിയായി.
ഭാഗവതരായിരുന്ന ഒരു ഹൈന്ദവസ്ത്രീ അവിടെ കുട്ടികളെ പഠിപ്പിച്ചിരുന്നു. തിരുവാതിരയും പാട്ടും കുമ്മട്ടിയും കോലാട്ടവുമൊക്കെയാണ് അവര്‍ പഠിപ്പിച്ചിരുന്നത്. കുട്ടികളെ ചില കളികളും മറ്റും പഠിപ്പിക്കാന്‍ മേരിക്കും വാസനയുണ്ടായിരുന്നു.
വളരെ നല്ല സ്ത്രീയായിരുന്നു ഭാഗവതര്‍. നല്ല സ്വഭാവ മഹിമയുള്ള ആള്‍. കുട്ടികള്‍ക്കായുള്ള കലാപാഠങ്ങളുടെ സന്ദര്‍ഭങ്ങള്‍ക്കനുസൃതമായി ചില പാട്ടുകളൊക്കെ എഴുതി മേരി അവര്‍ക്കു കൊടുത്തു. അവരുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. അവര്‍ പറയും
''മേരി ടീച്ചര്‍ക്ക് സരസ്വതീ കടാക്ഷമുണ്ട്. വലിയ ആളാകും.''
വലിയ ഒരാളാകുക. അങ്ങനെയുള്ള മോഹങ്ങളൊന്നും മേരിയിലുണ്ടായിരുന്നില്ല. വലിയ വലിയ മോഹങ്ങള്‍ക്ക് മുകളില്‍ മേരി ഒരിക്കലും അടയിരുന്നില്ല.
(തുടരും)