തെക്കുംതല തറവാടിന്റെ വടക്കേ അതിര്‍ത്തിയില്‍ വന്‍പ്രതാപത്തിന്റെ മകുടമായി, പിന്നിട്ട തലമുറയിലെ ശ്രദ്ധേയനായ കാരണവര്‍ കെട്ടിയുയര്‍ത്തിയിരുന്ന കൂറ്റന്‍ കരിങ്കല്‍ മതിലിന്റെ മദ്ധ്യഭാഗം വെട്ടിപ്പൊളിച്ച് വടക്കുംതലയുമായുള്ള അകല്‍ച്ചയുടെ ആഴം കുറയ്ക്കുകയായിരുന്നു ചാക്കോച്ചന്‍.
പുതിയ തലമുറയുടെ കാല്‍വയ്പിനു വിഘാതമായി ഒന്നും നിലനില്ക്കരുതെന്ന് അദ്ദേഹം കരുതിക്കാണും.
മതില്‍ പൊളിച്ചു വിശാലമായ വാതില്‍ തീര്‍ത്തു. അലങ്കാരപ്പണികളുള്ള ഗ്രില്‍സുകൊണ്ടു മോടി കൂട്ടിയ വാതില്‍. ബന്ധിച്ചപ്പോള്‍ റോസിക്കുട്ടിയുടെ അമ്മയുടെ മിഴികളില്‍ നിന്നും ആനന്ദത്തിന്റെ അശ്രുബിന്ദുക്കള്‍ നിലംപതിച്ചതു ആരും ശ്രദ്ധിച്ചിരിക്കുകയില്ല.
വടക്കുംതലയിലെ ഔസേപ്പച്ചന്‍ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കുള്ള തിരക്കിലാണ്. രണ്ടു തലമുറകള്‍ പിന്നിട്ട കൊടിയ വഴക്കിനു വിരാമമുണ്ടാക്കുക മാത്രമല്ല, തന്മൂലം ഭിന്നിച്ചും പരസ്പരം കലഹിച്ചും കഴിഞ്ഞുകൂടിയിരുന്ന ഗ്രാമീണരാകെ ഒന്നിച്ചു ചേരുന്ന ഒരു സുവര്‍ണ്ണ സംഭവം കൂടിയാണ് ഈ ബന്ധം ഉണ്ടാക്കിവയ്ക്കുന്നത്.
തെക്കുംതലക്കാരുടെ ഭാഗത്തേക്കു തിരിഞ്ഞു ഒരു വിഭാഗവും, വടക്കുംതലക്കാരോടൊത്തു മറ്റൊരു വിഭാഗവുമായി ഗ്രാമത്തിലെ ജനങ്ങള്‍ മിക്കവാറും രണ്ടു ചേരിയില്‍ കഴിഞ്ഞുകൂടുകയായിരുന്നു. ഇരുചേരിക്കാരും പരസ്പരം സംസാരിക്കാറില്ല. യാതൊരു കാരണങ്ങള്‍ക്കും ഒന്നിച്ചു ചേരാറുമില്ല. ഏതെങ്കിലും ഒരു ചേരിയില്‍പ്പെട്ട ഒരാള്‍ക്കു ഒരത്യാഹിതം വന്നാല്‍പോലും മറ്റു ചേരിയിലുള്ള ആളുകള്‍ തിരിഞ്ഞുനോക്കുക പതിവില്ലായിരുന്നു.
ഇതിലൊന്നുംപ്പെടാതെ ഒഴിഞ്ഞു നടക്കുന്ന മൂന്നാം ചേരിക്കാരായ ഏതാനുമാളുകള്‍ വേറെയുമുണ്ടായിരുന്നു.
വടക്കുംതല, തെക്കുംതലക്കാര്‍ സൗഹൃദം ഉറപ്പിച്ചപ്പോള്‍ ചേരികളുടെ അണികളില്‍ അല്പാല്പം കശുകശുപ്പ് ഉണ്ടായിരുന്നെങ്കിലും അതെല്ലാം ഇപ്പോള്‍ കെട്ടടങ്ങിയിട്ടുണ്ട്. ഭിന്നിച്ചു കഴിഞ്ഞു കൂടിയിരുന്ന എല്ലാ കുടുംബങ്ങളുമായി ഒന്നിപ്പിക്കുക എന്നതായിരുന്നു ഔസേപ്പച്ചന്റെ ആഗ്രഹം. വിവാഹനിശ്ചയത്തിനു ശേഷം രണ്ടു ചേരിയിലുംപെട്ട കുടുംബങ്ങളെ വിളിച്ചുകൂട്ടി എല്ലാ വഴക്കുകളും അവസാനിപ്പിക്കണം എന്ന തീരുമാനത്തിലാണ് ആദ്യമായി ഔസേപ്പച്ചനും ചാക്കോച്ചനും എത്തിച്ചേര്‍ന്നത്.
കെങ്കേമമായി നടത്തിയ മനസ്സ് ചോദ്യം ഒരു കല്യാണം തന്നെയായിരുന്നു. മനസ്സ്‌ചോദ്യത്തിനു ഗ്രാമവാസികളെ അടച്ചു ക്ഷണിച്ചിരുന്നു. എല്ലാവരും ഹൃദ്യമായി പങ്കുകൊള്ളുകയും ആനന്ദഭരിതരായി തിരിച്ചുപോവുകയും ചെയ്തു.
ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടുന്ന ഒരു മഹത്തായ സംഭവമാണ് ജോസ്‌മോന്റേയും റോസിക്കുട്ടിയുടേയും മനസ്സു ചോദ്യക്കല്ല്യാണമെന്ന് ന്യൂസ്‌പേപ്പര്‍ പരമു പ്രഖ്യാപിച്ചത്രെ. ചരിത്രകാരന്മാര്‍ ജീവിച്ചിരിക്കാത്തത് വലിയ നഷ്ടമായിപ്പോയെന്നാണ് നാരായണന്‍ നായര്‍ക്കുള്ള പരാതി.
മനസ്സമ്മതം മുതല്‍ വിവാഹദിനം വരെ ഗ്രാമത്തില്‍ ഒരുത്സവത്തിന്റെ പ്രതീതിയായിരുന്നു. തെക്കുംതല വടക്കുംതല തറവാടുകള്‍ ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നു. വന്നു ചേരുന്നവരൊക്കെ മൃഷ്ടാന്നമായി ആഹാരം കഴിച്ച് ഏമ്പക്കവും വിട്ടു തിരിച്ചുപോകുന്ന അവസ്ഥയിലുമായിരുന്നു.
ഗ്രാമം ഉണര്‍ന്നിരിക്കുന്നു. ഉറങ്ങിക്കിടന്ന ഗ്രാമത്തില്‍ പുതിയ ഉണര്‍വ് വീണു. ജനം ഒന്നിച്ചു ചേര്‍ന്നാല്‍ മലമറിക്കുകയും കടല്‍വറ്റിക്കുകയും ചെയ്യാമെന്ന വിശ്വാസത്തിന്റെ പ്രായോഗികതയ്ക്കുള്ള അവസരം ചേര്‍ന്നിരിക്കുന്നു. അപ്പോള്‍ നാരായണന്‍ നായര്‍ക്കു മാത്രം അല്പം ക്ഷീണമായിപ്പോയി. നാരായണന്‍ നായര്‍ കട തുറക്കാറില്ല. തുറന്നിട്ടു പ്രയോജനവുമില്ല. ആളുകള്‍ ആരെങ്കിലും അങ്ങോട്ടു കടന്നു ചെന്നിട്ടു വേണ്ടെ കച്ചവടം നടത്തുവാന്‍. രാവിലെ സുഖകരമായ പ്രാതലും ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും കൊടുക്കുവാന്‍ ഇരു തറവാടുകളും വിശാലമായി തുറന്നിട്ടിരിക്കുമ്പോള്‍ ഗ്രാമവാസികള്‍ നാരായണന്‍ നായരെ സമീപിക്കേണ്ട ആവശ്യമില്ലല്ലൊ.
നാരായണന്‍ നായര്‍ കുറച്ചു ദിവസത്തേക്ക് കട തുറക്കേണ്ട, വീട്ടിലേക്കു വന്നേക്കണം എന്നു ഔസേപ്പച്ചന്‍ അറിയിച്ചിരുന്നു. എങ്കിലും ഒന്നു രണ്ടു ദിവസം നാരായണന്‍ നായര്‍ കട തുറന്നു നോക്കി. അപ്പോഴാണ് ബുദ്ധിമുട്ടനുഭവപ്പെട്ടത്. നാട്ടിലെ സ്ഥാപനങ്ങള്‍ തികച്ചും പൂട്ടിയിടാന്‍ ഇത്തരത്തില്‍ രണ്ടു സമ്പന്നന്മാര്‍ വിചാരിച്ചാല്‍ ധാരാളം മതിയാകുമെന്നു നാരായണന്‍ നായര്‍ നിനച്ചു.
വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, അടുത്ത ദിവസം വിവാഹമാണ്. വാദ്യക്കാരും ചെണ്ടമേളക്കാരും ഒക്കെ ദൂരെനാട്ടില്‍ നിന്നു തന്നെ കൊണ്ടുവരപ്പെട്ടിരിക്കുന്നു. അവരെല്ലാം ഓരോ ഇടങ്ങളില്‍ സസുഖം കഴിയുന്നു.
പെട്ടെന്നാണതു സംഭവിച്ചത്. ചീതന്‍പുലയനു സുഖമില്ല. കുറെ ദിവസങ്ങള്‍ക്കു മുമ്പു പാടത്തിന്റെ വരമ്പത്തു വച്ചു ആരോ അയാളെ ഇടിക്കുകയും അയാള്‍ വീഴുകയും ചെയ്തതാണ്. അന്നു മുതല്‍ അല്പാല്പം മുതുകില്‍ വേദനയുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ചീതന്‍ പുലയന്‍ കാര്യമാക്കിയില്ല. ഡോക്ടറെ കണ്ടു പരിശോധിപ്പിക്കാമെന്ന് ഔസേപ്പച്ചന്‍ നിര്‍ബന്ധം പിടിച്ചതാണ്. അപ്പോഴൊക്ക ചീതന്‍ പറയും,
''എന്റെ കൊച്ചിമ്പ്രാ ഈ പ്രായത്തിനിടയില്‍ ഏന്‍ ഒരു തൊള്ളി മരുന്നുവെള്ളം കഴിച്ചിട്ടില്ല. പിന്നേല്ലേ ഇപ്പോള്‍.''
എന്നിട്ടും ഡോക്ടര്‍ നമ്പ്യാരെ നിര്‍ബന്ധമായി ഔസേപ്പച്ചന്‍ ചീതന്റെ പുരയില്‍ കൂട്ടക്കൊണ്ടുപോയി. ചീതന്റെ എതിര്‍പ്പുകളെ വകവയ്ക്കാതെ തന്നെ നമ്പ്യാര്‍ അയാളെ പരിശോധിച്ചു മരുന്നു കൊടുത്തു. ഇഞ്ചക്ഷന്‍ അയാള്‍ക്ക് പേടിയായതുകൊണ്ട് എടുക്കുവാനൊക്കുകയില്ലെന്നു ചീതന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഇഞ്ചക്ഷനു പകരം മരുന്നു കുറിച്ചുകൊണ്ടാണ് ഡോക്ടര്‍ പോയത്. മരുന്നുകള്‍ മുറപോലെയെത്തി. പക്ഷെ, ചീതന്‍ ഒന്നും കഴിച്ചിരുന്നില്ല.
അവസാനം അസുഖം കൂടി. വിവാഹദിനത്തിന്റെ തലേനാള്‍ ചീതനു തീരെ വയ്യെന്നു ബോദ്ധ്യമായി അപ്പോള്‍ത്തന്നെ ഓടക്കാരെയിറക്കി പ്രത്യേകമായി ചീതനെ ഡോ. നമ്പ്യാരുടെ നേഴ്‌സിങ് ഹോമില്‍ എത്തിച്ചു.
കാര്‍ത്തു അവിടെ അച്ഛനോടൊപ്പം നിന്നു. അന്നുരാത്രിയില്‍ത്തന്നെ ഒന്നു രണ്ടു പ്രാവശ്യം ഔസേപ്പച്ചനും, ജോസ്‌മോനും ചീതനെ സന്ദര്‍ശിക്കുവാന്‍ നേഴ്‌സിങ് ഹോമില്‍ പോവുകയുണ്ടായി.
ചീതന്റെ അസുഖം ഭേദമാകുന്നതുവരെ കല്ല്യാണം നീട്ടിയാലോ എന്നുപോലും ഔസേപ്പച്ചനു തോന്നി. പക്ഷെ, കല്ല്യാണം നിശ്ചിതദിവസത്തില്‍ തന്നെ നടത്തിയില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും. പോരെങ്കില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേയുള്ളൂ വിവാഹത്തിന്.
വിവാഹപാര്‍ട്ടി പോയപ്പോഴും ഔസേപ്പച്ചന്റെ മനസ്സില്‍ ദുഃഖമായിരുന്നു. തന്റെ എല്ലാമെല്ലാമായിരുന്ന ചീതന്‍ തന്നോടൊപ്പമില്ല.
ജോസ്‌മോനും പാര്‍ട്ടിയും പള്ളിയില്‍ പോയതിനു ശേഷം ഒരിക്കല്‍കൂടി ആശുപത്രിയിലേക്കു പോകുവാന്‍ ഔസേപ്പച്ചന്‍ ഒരുങ്ങി. പക്ഷെ, അതിനകം, അകലെയുള്ള ചിലര്‍ വന്നുകയറിയതുകൊണ്ട് അവരെ ഉചിതമായി സ്വീകരിക്കാതെ ഇറങ്ങിപ്പോവുക വിഷമമായിരുന്നു.
പള്ളിയും പരിസരവും ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നു. വിവാഹകര്‍മ്മം നടത്തുവാന്‍ എത്തിയിരിക്കുന്നത് വളരെ പ്രസിദ്ധനായ ഒരു വൈദികനാണ്. മെത്രാന്‍ തിരുമേനിയെയാണ് കൊണ്ടുവരുവാന്‍ പ്ലാനിട്ടിരുന്നതെങ്കിലും അദ്ദേഹം വിദേശയാത്രയിലായിരുന്നതുകൊണ്ട് അതിനു തരപ്പെട്ടില്ലെന്നു മാത്രം. വന്നിരുന്ന വൈദികന്‍, വലിയൊരു പ്രാസംഗികനെന്ന നിലയില്‍ പ്രഖ്യാതി പെറ്റദ്ദേഹവുമാണ്.
വിവാഹമെന്ന കൂദാശ നിര്‍വ്വഹിക്കപ്പെട്ടു. തുടര്‍ന്ന് നവദമ്പതികള്‍ക്ക് നന്മ നേര്‍ന്നുകൊണ്ടും അനുമോദിച്ചുകൊണ്ടുമുള്ള വൈദികന്റെ പ്രസംഗം, ഏകദേശം ഒരു മണിക്കൂര്‍ തന്നെ നീണ്ടുനിന്നു.
കവിതകളും കഥകളും ബൈബിള്‍ വാക്യങ്ങളുമൊക്കെ ഉദ്ധരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഈ വിവാഹം മൂലം, രണ്ടു കുടുംബങ്ങളെയല്ല, ഒരു ഗ്രാമം മുഴുവനും ഒന്നായിത്തീരുകയെന്ന, ഒരു വലിയ പ്രതീക്ഷയുടെ സാക്ഷാത്കാരമാണ് നടക്കുന്നതെന്ന് ഊന്നിപ്പറഞ്ഞു.
''പള്ളിയുടെ ഉള്ളില്‍വച്ചല്ലായിരുന്നെങ്കില്‍ ഒന്നു കയ്യടിക്കാമായിരുന്നെന്നു'' ഇട്ടുപ്പ് ചേട്ടന്‍ പതുക്കെപ്പറഞ്ഞതു പലരും കേട്ടു ചിരിച്ചു.
വധൂവരന്മാരുടെ അടുത്ത് ദിവ്യബലിയില്‍ പങ്കെടുത്തു നിന്ന ഔസേപ്പച്ചന്റെ ശ്രദ്ധ പള്ളിവാതിലിലേക്ക് തിരിഞ്ഞു. അത്ഭുതംകൊണ്ട് കണ്ണഞ്ചിപ്പോയി, നെഞ്ചത്തിടിച്ചു ഔസേപ്പച്ചന്‍ പ്രാര്‍ത്ഥിച്ചു. കര്‍ത്താവേ നീ എത്ര വലിയ അത്ഭുതമാണ് ചെയ്തിരിക്കുന്നത്.
വാതില്‍ക്കല്‍ ഡോക്ടര്‍ നമ്പ്യാര്‍. നല്ല വസ്ത്രം ധരിച്ച് ചീതനും കാര്‍ത്തുവും. ഔസേപ്പച്ചന്‍ ഓടിച്ചെന്നു ചീതനെ കൈക്കുപിടിച്ചുകൊണ്ട് വന്നു. ഒരു കസേരയില്‍ ഇരുത്തി. പള്ളിക്കുള്ളിലായതുകൊണ്ട് ഒന്നും സംസാരിക്കാന്‍ വയ്യല്ലൊ. ഡോക്ടര്‍ നമ്പ്യാരും കാര്‍ത്തുവും പള്ളിക്കകത്ത് നിന്നു. ദിവ്യബലി സമാപിച്ചു. വധൂവരന്മാരെ ആശീര്‍വദിച്ചശേഷം വൈദികന്‍ പറഞ്ഞു,
''ഈ വിവാഹദിനം വടക്കുംതല തെക്കുംതല തറവാട്ടുകാരുടേതല്ല. ഈ ഗ്രാമത്തിന്റെ മുഴുവനും സന്തോഷത്തിന്റെയും യോജിപ്പിന്റെയും സമാധാനത്തിന്റെയും ദിനമാണ്. വിശുദ്ധ ബലിക്ക് ശേഷം വധൂവരന്മാര്‍ക്ക് ഗ്രാമത്തിന്റെ സ്വീകരണമുണ്ട്. അതിനുശേഷമാണ് വിരു ന്നുസത്ക്കാരം. സ്വീകരണത്തിന്റെ സംഘാടകന്‍ ഡോക്ടര്‍ നമ്പ്യാരാണ്. എല്ലാവരും വേദിയിലേക്ക് പോകണം. സ്വീകരണത്തി ലും വിരുന്നിലും പങ്കെടുക്കണം. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.''
ഔസേപ്പച്ചന്‍ പുരോഹിതന്റെ അടുത്തേക്ക് ചെന്നു പിന്നാലെ ചാക്കോച്ചനും.
അച്ചന്‍ പറഞ്ഞു, ''വിരുന്നിനൊന്നും ഞാന്‍ നില്‍ക്കുന്നില്ല. എന്റെ ഇടവകയിലെ ഇടവകദിനമാണ്, പോവുകയാണ്. മറ്റൊരു ദിവസം വരാം. ഈ ഗ്രാമം നിങ്ങളുടെ കൈകളില്‍ കര്‍ത്താവ് ഏല്പിച്ചിരിക്കുന്നു. സമാധാനമുണ്ടാകട്ടെ.''
അച്ചന്‍ സങ്കീര്‍ത്തിയിലേക്ക് പോയി. പള്ളിവികാരി അച്ചനെ കൂട്ടിക്കൊണ്ടുപോയി.
പള്ളിയങ്കണത്തില്‍ പുഴയോട് ചേര്‍ന്നു കെട്ടിയുണ്ടാക്കിയ വേദിയിലേക്കു ജനങ്ങള്‍ നീങ്ങി. ആളുകള്‍ കസേരകളില്‍ ഇരുപ്പിറപ്പിച്ചു. വേദിയില്‍, ചാക്കോച്ചനും ഭാര്യയും ഔസേപ്പച്ചനും ഭാര്യയും, വികാരിയച്ചനും ഡോക്ടര്‍ നമ്പ്യാരും, മദ്ധ്യത്തില്‍ വധൂവരന്മാര്‍ക്കുള്ള ഇരിപ്പിടം. ഒരു പ്രത്യേക സ്ഥാനത്ത് നല്ല വസ്ത്രം ധരിച്ചു ചീതന്‍.
ചെണ്ടകളുടേയും വാദ്യങ്ങളുടെയും അകമ്പടിയോടെ വധൂവരന്മാര്‍ വേദിയിലേക്കെത്തി.
ചാക്കോച്ചനും ഭാര്യയം ജോസ്‌മോനേയും, ഔസേപ്പച്ചനും ഭാര്യയും വധുവിനേയും വേദിയിലേക്ക് കയറ്റി.
അവര്‍ എല്ലാവരേയും വണങ്ങി. ഇരിപ്പിടങ്ങളില്‍ ഇരുന്നു.
സദസ്സ് കൈകളടിച്ച് ഹര്‍ഷാരവം മുഴക്കി.
സദസ്സിലിരുന്ന പരമു നാരായണന്‍ നായരോട് പറഞ്ഞു, ''മണവാട്ടിയുടെ കഴുത്തില്‍ താലിമാല കൂടാതെ ഒരു മാലമാത്രമാണല്ലോ ഉള്ളത്?''
''പൊന്നുംകുടത്തിനെന്തിനാടാ പൊട്ട്. ലളിതം സുന്ദരം. ശ്രീരാമപട്ടാഭിഷേകം പോലെ ഹനുമാനു പകരം ചീതന്‍. ഔസേപ്പച്ചന്‍ മുതലാളിയുടെ നിര്‍മലമായ മനസ്സ്.'' നാരായണന്‍ നായരുടെ തൊണ്ടയിടറി, മിഴി നിറഞ്ഞുകവിഞ്ഞു.
ഡോക്ടര്‍ നമ്പ്യാരുടെ ശബ്ദം. എല്ലാവരും നിശബ്ദരായി ശ്രദ്ധിച്ചു.
''പ്രിയമുള്ള വധൂവരന്മാരേ, ബഹുമാന്യരായ മാതാപിതാക്കളെ, സ്‌നേഹമുള്ള സദസ്യരേ...
വിവാഹം സ്വര്‍ഗ്ഗത്തില്‍വച്ചു നടക്കുന്നു. ഭൂമിയില്‍ ഒരു ചടങ്ങുമാത്രം. ഈശ്വരന്റെ പദ്ധതിയാണ് ഈ ഗ്രാമത്തില്‍ ഇവരുടെ വിവാഹത്തിലൂടെ നടപ്പിലായത്. ജോസ്‌മോന്‍ എന്റെ പ്രിയങ്കരനായ സുഹൃത്താണ്. ഇവരെ ഒന്നിപ്പിക്കുവാനുള്ള ശ്രമത്തില്‍ നിമിത്തമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഈശ്വരന് നന്ദി പറയുന്നു. തലമുറകളായി വൈരാഗ്യത്തിന്റെ പത്തിവിടര്‍ത്തി ആടിയ നാഗത്തിന്റെ തല തകര്‍ന്നിരിക്കുന്നു. രണ്ടു തറവാടുകള്‍ മാത്രമല്ല; രണ്ടു ചേരിയായി വസിച്ചിരുന്ന ഗ്രാമവാസികള്‍ മുഴുവനും ഒന്നായിത്തീര്‍ന്ന ഒരു അസുലഭദിനമാണിന്ന്.
സദസ്യര്‍ കൈയ്യടിച്ചു ആഹ്ലാദം മുഴക്കി.
ജോസ്‌മോന്‍ ഉദ്യോഗത്തിന് പോകാതെ കൃഷിയില്‍തന്നെ വ്യാപൃതനായത് ഈ ഗ്രാമീണരുടെ ഉന്നമനത്തിനു വേണ്ടിയാണ്. ഒട്ടേറെ പദ്ധതികള്‍ക്ക് രൂപംകൊടുത്തിട്ടുണ്ട്. അത് നേരത്തെ ചെയ്യാതിരുന്നത് വടക്കുംതല തെക്കുംതലക്കാരുടെ പോര്‍വിളി കൊണ്ടുമാത്രമാണ്.
എന്റെ ആശുപത്രിയില്‍ വച്ചു ചാക്കോച്ചനും ഒസേപ്പച്ചനും കെട്ടിപ്പിടിച്ചു കരഞ്ഞു. ഞാനതു നോക്കിനിന്നു. തലമുറകളായി പടുത്തുയര്‍ത്തിയ വൈരാഗ്യത്തിന്റെ കോട്ട ഉരുകി ഒലിച്ചുപോകുന്നതു എനിക്ക് കാണാന്‍ കഴിഞ്ഞു.
ഇനി ജോസ്‌മോന്റെ പദ്ധതികള്‍ പറയാം. നമ്മുടെ ഗ്രാമത്തെ പട്ടണവുമായി ബന്ധിപ്പിക്കുവാന്‍ ഒരു കടത്തുബോട്ട് സദാ സമയം പ്രവര്‍ത്തിക്കും. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകഴിഞ്ഞു. ഒന്നാം തീയതി മുതല്‍ ബോട്ട് ഓടി തുടങ്ങും. ഇനി വഞ്ചി മറിഞ്ഞ് ആരും അപകടപ്പെടരുത്.
സദസ്യര്‍ കയ്യടിച്ചു.
അത്യാവശ്യചികിത്സയ്ക്കായി ഒരു ക്ലിനിക്ക് സ്ഥാപിക്കും. എല്ലാം അറിയുന്ന വിദഗ്ധനായ ഒരു ഡോക്ടറെ നിയമിക്കും. ആഴ്ചയില്‍ രണ്ടു ദിവസം ഞാന്‍ തന്നെ ക്ലിനിക്കിലുണ്ടാകും. എന്റെ നേഴ്‌സ്മാരില്‍ ഒരാള്‍ സഹായത്തിനു ക്ലിനക്കില്‍ കാണും.
സദസ്യര്‍ ആഹ്ലാദസ്വരം പുറപ്പെടുവിച്ചു.
ശുദ്ധജലം എത്തിക്കുന്നതിനെക്കുറിച്ചും വൈദ്യുതിയുടെ ആവശ്യത്തെക്കുറിച്ചുമൊക്കെ നിവേദനങ്ങള്‍ സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം വരുമ്പോള്‍ എല്ലാവരും സഹകരിച്ചു അന്വേഷകരെ ബോദ്ധ്യപ്പെടുത്തണം. ആദ്യം പള്ളിയിലേക്ക് ഒരു ടെലിഫോണ്‍ വരും; പിന്നെ ക്ലിനിക്കിലേക്കും. ചാക്കോച്ചന്റെയും ഔസേപ്പച്ചന്റെയും ഭവനത്തിലും. ഗ്രാമത്തിന്റെ മദ്ധ്യഭാഗത്ത് ഒരു പബ്ലിക്ക് ടെലിഫോ ണ്‍ ബൂത്തിനും ശ്രമം ആരംഭിച്ചിട്ടുണ്ട്. അച്ചാരക്കല്യാണത്തിനു ശേഷം ജോസ്‌മോന്‍ ഇക്കാര്യത്തില്‍ വ്യാപൃതനായിരുന്നു.
സദസ്യര്‍ അല്പനേരം സ്തംഭിച്ചിരുന്നു. പിന്നെ കൈയടിച്ചു.
ഇപ്പോള്‍ പള്ളിയോടനുബന്ധിച്ചുള്ള പള്ളിക്കൂടത്തില്‍ രണ്ടു ക്ലാസ്സുകളേ ഉള്ളൂ. അവിടെ സ്‌കൂള്‍ കെട്ടിടം പണിത് ഏഴാം ക്ലാസ്സുവരെ ഉയര്‍ത്തിയെടുക്കും.
ഈ നാടിന്റെ നാനാവിധമായ വളര്‍ച്ചയ്ക്കുവേണ്ടി ഒത്തിരി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അതെല്ലാം അധികാരികളുമായി ബന്ധപ്പെട്ടു നടപ്പിലാക്കാന്‍ കഴിയുമെന്നു കരുതുന്നു.
കടത്തുബോട്ട് ഒന്നാം തീയതി മുതല്‍ ഓടിക്കുവാനുള്ള എല്ലാം സജ്ജമാക്കിയിട്ടുണ്. ഒരു മാസത്തിനുള്ളില്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കും.
നിങ്ങള്‍ ചെയ്യേണ്ടത്, എല്ലാവരും ഒരുമിച്ചുച്ചേര്‍ന്നു സ്‌നേഹത്തോടെ സമാധാനത്തോടെ വര്‍ത്തിക്കണം. ചേരിതിരിവും അസൂയയും കുറുമ്പും കുന്നായ്മയുമൊക്കെ അകറ്റിക്കളയണം. ഒരു പോലീസുകാരന്‍ പോലും ഗ്രാമത്തില്‍ കാലകുത്താന്‍ ഇടവരുത്തരുത്.
കേരളത്തിലെ സമാധാന ഗ്രാമമായി ഈ ഗ്രാമം വളരണം. അതിന്റെ ഖ്യാതി ഔസേപ്പച്ചനോ ചാക്കോച്ചനോ അല്ല; ഗ്രാമവാസികള്‍ക്കാണ്. അത് നിങ്ങള്‍ പാലിക്കണം. സ്വന്തമായി നടത്താവുന്ന എല്ലാ കാര്യങ്ങളും ഉടനടി പ്രാവര്‍ത്തികമാക്കും. സര്‍ക്കാരുമായി ആലോചിച്ച് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ക്കു കുറച്ചു കാലതാമസം വരും. എല്ലാവരും ഭോജനശാലയിലേക്ക് ചെല്ലുവിന്‍.''
ഡോ. നമ്പ്യാര്‍ പറഞ്ഞു നിറുത്തി. ജനങ്ങള്‍ ആരവം മുഴുക്കി. ഭോജനശാലയിലേക്കു നീങ്ങി.
* * * *
ഒന്നാം തീയതി പുലര്‍കാലത്ത് ജനം ഒരു കാഴ്ച കണ്ടു. മനോഹരമായ വിതാനങ്ങളുള്ള ഒരു ബോട്ട് പള്ളിക്കടവില്‍ അടുത്തിരിക്കുന്നു. ബോട്ടിന്റെ ശബ്ദം കേട്ട് ആളുകള്‍ ഓടിയെത്തി. ബോട്ടിന്റെ മുകളില്‍ ഒരു പേരു കണ്ടു. ''തെക്കുംവടക്കുംതല സൗജന്യ സര്‍വീസ് യാനം'' രാവിലെ 6 മണി മുതല്‍ രാത്രി 8 മണി വരെ.
(അവസാനിച്ചു)