നോമ്പുകാല ചിന്തകൾ

സ്വർഗം മോഷ്ടിച്ചവനും നരകം കട്ടെടുത്തവനും! (കാൽവരിയിലെ കാനോനൈസേഷൻ)

താപസപൂക്കൾ - 04

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

“നല്ല കള്ളൻ” എന്ന പ്രയോഗം ഒരു വൈരുദ്ധ്യമാണ്! എങ്ങനെയാണ് അനുവാദ മില്ലാതെ അന്യന്റെ വസ്തുക്കൾ അപഹരിക്കുന്ന കള്ളന് നല്ലവനാകാൻ പറ്റുക! എന്നാൽ, കാൽവരിയിൽ ആദ്യം നാമകരണം ചെയ്യപ്പെട്ടത് ഒരു താപസനോ സന്യാസിയോ അല്ലാ. ഒരു നോവിഷ്യേറ്റിലൂടെയും കടന്നു പോകാത്ത ഒരു “ലൈഫ് ടൈം ക്രിമിനൽ!” ആണ്. “എന്നെ ഓർക്കണമേ” എന്ന് ദൈവത്തോട് നിലവിളിച്ച ഒരു കള്ളൻ! അമേരിക്കൻ മെത്രാനും റേഡിയോ പ്രഭാഷകനുമായ ഫുൾട്ടൻ ജെ. ഷീൻ നല്ല കള്ളനെക്കുറിച്ച് ഇപ്രകാരം എഴുതി. “അവൻ ജീവിത കാലം മുഴുവൻ മോഷ്ടിച്ചു. അവസാനം അനുതാപം വഴി പറുദീസയും മോഷ്ടിച്ചു.”

കത്തോലിക്ക പാരമ്പര്യം നല്ല കള്ളന്റെ പഴയ ജീവിതത്തെ മഹത്വപ്പെടുത്തുന്നില്ല; എന്നാൽ, അവന്റെ മനസ്സുതിരിവിനെ ആഘോഷിക്കുന്നു. ശ്വാസം ഉള്ളിടത്തോളം കൃപ ഉണ്ട്, ജീവൻ ഉള്ളിടത്തോളം രക്ഷയ്ക്ക് സാധ്യതയുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് നല്ല കള്ളൻ. ദൈവകാരുണ്യത്തിന്റെ ജനാല തുറന്ന് കിടക്കുന്നുണ്ടെന്ന ആശ്വസിപ്പി ക്കൽ ആകുമ്പോഴും ഹൃദയം കഠിനമാക്കുന്നവർക്ക് രക്ഷയുടെ വാതിലുകൾ തുറക്കപ്പെടുകയില്ല എന്ന ഓർമ്മപ്പെടുത്തലാണ് രണ്ട് കള്ളന്മാരുടെ രണ്ട് തരത്തിലുള്ള അന്ത്യങ്ങൾ: സ്വർഗം തുറന്നുള്ള മരണവും ഹൃദയം അടച്ചുള്ള മരണവും!

  • രണ്ട് കള്ളന്മാർ: രണ്ട് സാധ്യതകൾ!

സെന്റ് അഗസ്റ്റിൻ എഴുതി: “കുരിശിന്റെ വശങ്ങളിൽ രണ്ട് കള്ളന്മാർ ഉണ്ടായിരുന്നു. ഒരാൾ രക്ഷിക്കപ്പെട്ടു; അതിനാൽ ആരും നിരാശപ്പെടേണ്ട. മറ്റെയാൾ ശിക്ഷിക്കപ്പെട്ടു. അതിനാൽ ആരും അഹങ്കരിക്കേണ്ട.” മനുഷ്യാവസ്ഥയുടെ രണ്ട് സാധ്യതകളാണ് ക്രിസ്തുവിന്റെ ഇരുവശങ്ങളിലെ രണ്ട് കള്ളന്മാർ! അതേ, ഒരാൾ നിത്യതയിലേക്ക് തുറക്കപ്പെട്ടപ്പോൾ മറ്റൊരാൾ നരകത്തിലേക്ക് അടയ്ക്കപ്പെട്ടു. വ്യക്തിയുടെ സാഹചര്യങ്ങളല്ല, മറിച്ച് പ്രതികരണങ്ങളാണ് അവന്റെ ആത്മരക്ഷയെ നിർണയിക്കുന്നതെന്ന സത്യം ഒരേ കുരിശിന്റെ ഇരുവശങ്ങളിൽ വെളിവാകുന്നു.

കത്തോലിക്ക പാരമ്പര്യം നല്ല കള്ളന്റെ പഴയ ജീവിതത്തെ മഹത്വപ്പെടുത്തുന്നില്ല; എന്നാൽ, അവന്റെ മനസ്സുതിരിവിനെ ആഘോഷിക്കുന്നു. ശ്വാസം ഉള്ളിടത്തോളം കൃപ ഉണ്ട്, ജീവൻ ഉള്ളിടത്തോളം രക്ഷയ്ക്ക് സാധ്യതയുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് നല്ല കള്ളൻ.

രണ്ട് കള്ളന്മാരും ശാരീരികമായി ക്രിസ്തുവിന്റെ അടുത്ത് ആയിരുന്നു. രണ്ട് പേരും ഒരേ ശാരീരിക പീഡകളിലൂടെ കടന്നു പോയവരാണ്. ഇരുവരും ക്രിസ്തുവുമായി ശാരീരികമായി തുല്യ അകലത്തിൽ ആയിരുന്നു. പക്ഷേ ഇടത്തു വശത്തെ കള്ളൻ ക്രിസ്തുവിൽ നിന്നും മാനസികമായി വളരെ അകലെയായിരുന്നു. സാമീപ്യം രക്ഷയ്ക്ക് കാരണമാകുന്നില്ല എന്ന ഓർമ്മപ്പെടുത്തലാണ് ഇടതുവശത്തെ കള്ളൻ. യൂദാസും ക്രിസ്തുവിന് അടുത്തായിരുന്നല്ലോ! പ്രപഞ്ചത്തിലെ ഭാവഭേദങ്ങൾ മുഴുവൻ കണ്ടിട്ടും കുരിശിലെ ക്ഷമയുടെ സങ്കീർത്തനങ്ങൾ മുഴുവൻ കേട്ടിട്ടും ഇടതുവശത്തെ കള്ളൻ തനിക്കു നേരെ തുറന്ന കൃപയുടെ വാതിൽ കൊട്ടിയടച്ചു ദൈവത്തെ പരിഹസിക്കുന്നു. ഒരേ സാഹചര്യങ്ങൾ തന്നെയായിരുന്നു രണ്ടു പേർക്കും. പക്ഷേ ഹൃദയം കഠിനമാക്കുന്നവർക്ക് രക്ഷയുടെ വാതിലുകൾ തുറക്കപ്പെടുകയില്ല എന്ന ഓർമ്മപ്പെടുത്തലാണ് അവൻ. സംശയിക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ച് ഒരാൾ ദൈവകൃപ നിരസിച്ചപ്പോൾ രണ്ടാമത്തെയാൾ വാഗ്ദാനത്തിൽ വിശ്വസിച്ചു സ്വർഗ്ഗത്തിന്റെ പടി ചവിട്ടി. ഉയിർപ്പിന്റെ ആദ്യപടിയാണ് അനുതാപം എന്ന ഓർമപ്പെടുത്തലല്ലേ സ്വർഗ്ഗം മോഷ്ടിച്ച നല്ല കള്ളൻ!

ഗോൽഗോഥയിലെ ആദ്യ നാമകരണത്തിന് നേതൃത്വം വഹിച്ചത് ഒരു മാർപാപ്പയോ മെത്രാനോ അല്ലാ, ക്രിസ്തു തന്നെയാണ്. പേരു വിളിക്കപ്പെട്ടതോ തപസ്സിന്റെ നീണ്ട വർഷങ്ങൾ സമ്പാദ്യത്തിലില്ലാത്ത ഒരു കള്ളൻ. അവൻ ദീർഘമായ ദൈവശാസ്ത്രപ്രബന്ധങ്ങൾ എഴുതിയില്ല; അവൻ ആകെ എഴുതിയത് ദൈവത്തിന്റെ ഓർമ്മയുടെ പ്രബന്ധം മാത്രമാണ്. “എന്നെയും ഓർക്കണേ” എന്ന് മാത്രമാണ് നല്ല കള്ളൻ ക്രിസ്തുവിനോട് ആവശ്യപ്പെട്ടത്. ബൈബിളിൽ ദൈവം ഓർമിക്കുന്ന ഇടങ്ങളിൽ എല്ലാം മനുഷ്യൻ രക്ഷപ്പെടുന്നുണ്ട്. പ്രളയ സമയത്ത് ദൈവം നോഹയെ ഓർത്തപ്പോൾ (ഉത്പത്തി 8: 1) വെള്ളം താഴ്ന്നു. ദൈവം യാക്കോബിനെ ഓർത്തപ്പോൾ ഇസ്രായേലിന്റെ അടിമത്വം അവസാനിച്ചു. ദൈവം ഓർമിച്ചപ്പോൾ നല്ല കള്ളൻ കുരിശിൽ നിന്ന് പറുദീസയിൽ എത്തി. ദൈവത്തെ ഓർക്കേണ്ടതും ദൈവത്തെ ഓർമിപ്പിക്കേണ്ടതും രക്ഷപെടാൻ ആഗ്രഹമുള്ള എല്ലാ മനുഷ്യരുടെയും ചുമതലയാണ്.

വലന്റീനിയൻ രണ്ടാമൻ ചക്രവർത്തി മിലാനിലെ മെത്രാനായിരുന്ന വി. അംബ്രോസിൽ നിന്നും മാമ്മോദീസ സ്വീകരിക്കാൻ ആഗ്രഹിച്ചു. എന്നാൽ മാമ്മോദീസയ്ക്ക് തൊട്ടുമുമ്പ് അദ്ദേഹം വധിക്കപ്പെടുകയാണ്. അദ്ദേഹത്തിന്റെ ചരമപ്രസംഗത്തിൽ വി. അംബ്രോസ് പറഞ്ഞു: അദ്ദേഹം ആഗ്രഹത്താലുള്ള മാമ്മോദീസ സ്വീകരിച്ചു. നല്ല കള്ളനും ആഗ്രഹത്താലുള്ള മാമ്മോദീസ സ്വീകരിച്ചവനാണ്. “ഹൃദയം നുറുങ്ങിയവർക്ക് ദൈവം സമീപസ്ഥനാണ്” എന്ന വചനം അവനെ സംബന്ധിച്ച് അർത്ഥവത്തായി.

രണ്ടു കള്ളന്മാർ മനുഷ്യാത്മാവിന്റെ രണ്ട് സാധ്യതകളാണ്: ഒരുവൻ തുറക്കപ്പെട്ടവനായി പറുദീസയിലെത്തി; അപരൻ അടയ്ക്കപ്പെട്ടവനായി നരകാഗ്നിയിലും. അന്ത്യസമയത്തു പോലും അനുതപി ക്കാതെ മരിക്കുന്ന കള്ളൻ മനുഷ്യകുല ത്തിന് ഒരോർമ്മ പ്പെടുത്തലാണ്: ദൈവം തുറന്നു തരുന്ന വാതിലുകൾ ചവിട്ടിയടക്കരുതെന്ന ഓർമ്മപ്പെടുത്തൽ!

ക്രിസ്തുവിനെ ഹൃദയത്തിൽ ഏറ്റിയ രണ്ടു വിഖ്യാത സാഹിത്യകാരന്മാർ നല്ല കള്ളന്റെ പ്രതിരൂപങ്ങൾ മായാത്ത മഷിയിൽ നോവലിൽ ആവിഷ്കരിച്ചിട്ടുണ്ട്. ദോസ്തോയെവ്സ്കിയിടെ “കുറ്റവും ശിക്ഷയും” എന്ന നോവലിൽ പിടിച്ചുപറിക്കിടെ കൊലപാതകം നടത്തിയ റസ്കോൾനിക്കോഫ് മനസ് തിരിഞ്ഞ് ഏറ്റുപറയാൻ പോവുകയാണ്. കൊലപാതകിയായ അവൻ തെറ്റ് ഏറ്റുപറയുന്നത് അപഥസഞ്ചാരത്തിലേക്ക് വലിച്ചിഴക്കപ്പെട്ട സോണിയ എന്ന പെൺകുട്ടിയുടെ മുൻപിലാണ്. ഏറ്റുപറച്ചിലിന് ശേഷം അവൾ അവനായി വായിക്കുന്നത് ലാസറിനെ ഉയർപ്പിക്കുന്ന സുവിശേഷമാണ്. കെട്ടുകളഴിക്കപ്പെടുന്ന ലാസറുമാർ പറുദീസയിലാണ്.വിക്ടർ ഹ്യൂഗോയുടെ പാവങ്ങളിലെ ജീൻ വാൽ ജീനും തെറ്റ് ഏറ്റുപറയുമ്പോൾ പറുദീസയുടെ പടികയറുന്നത് ഹ്യൂഗോ ആത്മാവിനെ തൊടുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.

“ദേവാലയത്തിലെ ബെത്സയ്ദാ കുളമാണ് കുമ്പസാരക്കൂട്” എന്നെഴുതിയത് സഭാ പിതാവായ ജോൺ ക്രിസോസ്റ്റം ആണ്. ഹൈന്ദവൻ ആയ എം ടി. വാസുദേവൻ നായർ തന്റെ വാരണാസി എന്ന നോവലിൽ എഴുതി: “അമ്പലങ്ങളിലും കുമ്പസാരക്കൂട് വയ്ക്കണം.” ബേത്.സയ്ദാ കുളങ്ങളിൽ മുങ്ങി സൗഖ്യപ്പെടാൻ ആഗ്രഹിക്കാത്ത തളർവാത രോഗികളുണ്ടോ? എല്ലാ മനുഷ്യർക്കും ഒരു തിരിച്ചുവരവ് സാധ്യമാക്കുന്ന ദൈവത്തിന് സ്തുതി!

രണ്ടു കള്ളന്മാർ മനുഷ്യാത്മാവിന്റെ രണ്ട് സാധ്യതകളാണ്: ഒരുവൻ തുറക്കപ്പെട്ടവനായി പറുദീസയിലെത്തി; അപരൻ അടയ്ക്കപ്പെട്ടവനായി നരകാഗ്നിയിലും. അന്ത്യ സമയത്തുപോലും അനുതപിക്കാതെ മരിക്കുന്ന കള്ളൻ മനുഷ്യകുലത്തിന് ഒരോർമ്മ പ്പെടുത്തലാണ്: ദൈവം തുറന്നുതരുന്ന വാതിലുകൾ ചവിട്ടിയടക്കരുതെന്ന ഓർമ്മപ്പെടുത്തൽ! “ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും” എന്ന വചനം കേൾക്കേണ്ടവർ ഈ നോമ്പ് കാലം മുതൽ ദൈവത്തെ മോഷ്ടിക്കട്ടെ! സ്വർഗത്തിന്റെ താക്കോൽ മോഷ്ടിക്കട്ടെ!

സംശയം

അന്ത്യവിശ്രമം പോലും നിഷേധിക്കപ്പെടുമ്പോൾ...

പടക്കം പൊട്ടി കണ്ണിന് പരുക്കേറ്റു വരുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു

നോമ്പുകാലം ജ്ഞാനസ്‌നാനത്തിന്റെ കൃപ തിരിച്ചറിയുവാനുള്ള സമയം

വിശുദ്ധ ജോണ്‍ ജോസഫ് (1654-1734) : മാര്‍ച്ച് 5