വാർദ്ധക്യകാല പരിചരണവും നമ്മുടെ സഭാസമൂഹവും

Aged-Care-and-Our-Church-Community
Published on
മാറിക്കൊണ്ടിരിക്കുന്ന ആധുനിക കുടുംബസാഹചര്യങ്ങളിൽ കത്തോലിക്കാസഭയും സമൂഹവും അടിയന്തരമായി അഭിമുഖീകരിക്കേണ്ട ഒന്നാണ് വയോജന പരിചരണവും ക്ഷേമവും (Elder Care). കഴിഞ്ഞ പത്തു വർഷമായി ഒരു റിട്ടയർമെന്റ് ഹോമിൽ താമസിച്ചു വരുന്ന ഒരാളെന്ന നിലയിൽ, അനുഭവിച്ചറിഞ്ഞ ഉൾക്കാഴ്ചകളിൽ നിന്നുമാണ് ഞാൻ ഇതെഴുതുന്നത്. വാർദ്ധക്യം വെറുമൊരു ശാരീരികാവസ്ഥയല്ല; അത് വൈകാരികവും ആത്മീയവുമായ ഒരു യാഥാർത്ഥ്യമാണ്. ഇന്നത്തെ നമ്മുടെ സഭയും സമൂഹവും, ഇതിൽ എത്രത്തോളം ക്രിയാത്മകമായി ഇടപെടുന്നുണ്ട്, എന്നത് തുറന്ന ചർച്ചകൾക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. ഒരു കാലത്ത് മുതിർന്നവർ കൂട്ടുകുടുംബങ്ങളിൽ അനുഭവിച്ചിരുന്ന തണലും സുരക്ഷിതത്വവും, ഇന്നത്തെ അണുകുടുംബങ്ങളിൽ ഇല്ലാതായിരിക്കുന്നു. മക്കൾ ഉപജീവനത്തിനായി വിദേശങ്ങളിലേക്ക് ചേക്കേറുമ്പോൾ, മാതാപിതാക്കൾ സ്വന്തം വീടുകളിൽ ഒറ്റപ്പെട്ടുപോകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, വാർദ്ധക്യകാല സംരക്ഷണം എന്നത് കേവലം മക്കളുടെ മാത്രം ഉത്തരവാദിത്തമായി ഒതുക്കണോ, അതോ അതിൽ ഇടവകയും സഭയും സമൂഹവും എന്തെങ്കിലും പങ്കാളിത്തം എടുക്കേണ്ടതുണ്ടോ? നമ്മുടെ ചിന്തകളെ ഉണർത്താനും വരുംതലമുറയ്ക്കായി മികച്ചൊരു മാതൃക രൂപീകരിക്കാനും ഫാമിലി അപ്പസ്തോലേറ്റ് മുൻകൈയെടുത്ത് താഴെ പറയുന്ന ചോദ്യങ്ങൾ ചർച്ചയ്ക്ക് വയ്ക്കുകയാണ് ഇവിടെ:

1. റിട്ടയർമെന്റ് ഹോമുകൾ ആവശ്യമോ അനാവശ്യമോ?

മാതാപിതാക്കളെ റിട്ടയർമെന്റ് ഹോമുകളിലാക്കുന്നത് മോശമായി കാണുന്ന പരമ്പരാഗത ചിന്താഗതി ഇപ്പോൾ മാറിവരുന്നു. എന്തെന്നാൽ, വീടുകളിൽ അനുഭവിക്കുന്ന വലിയ ഒറ്റപ്പെടലിനേക്കാൾ, സമപ്രായക്കാരായ സുഹൃത്തുക്കളും പ്രൊഫഷണൽ പരിചരണവുമുള്ള ഇത്തരം സ്ഥാപനങ്ങൾ മുതിർന്നവർക്ക് കൂടുതൽ സമാധാനവും സന്തോഷവും നൽകുന്നില്ലേ? മക്കൾ എല്ലാവരും അന്യദേശങ്ങളിലായിരിക്കുന്ന സാഹചര്യത്തിൽ, മാതാപിതാക്കൾ എല്ലാം റിട്ടയർമെന്റ് ഹോമുകളിൽ ചേക്കേറുന്നത് ഉചിതമോ അനുചിതമോ?

മാതാപിതാക്കളെ റിട്ടയർമെന്റ് ഹോമുകളിലാക്കുന്നത് മോശമായി കാണുന്ന പരമ്പരാഗത ചിന്താഗതി ഇപ്പോൾ മാറിവരുന്നു. എന്തെന്നാൽ, വീടുകളിൽ അനുഭവിക്കുന്ന വലിയ ഒറ്റപ്പെടലിനേക്കാൾ, സമപ്രായക്കാരായ സുഹൃത്തുക്കളും പ്രൊഫഷണൽ പരിചരണവുമുള്ള ഇത്തരം സ്ഥാപനങ്ങൾ മുതിർന്നവർക്ക് കൂടുതൽ സമാധാനവും സന്തോഷവും നൽകുന്നില്ലേ?

2. സഭയുടെയും ഇടവകകളുടെയും പങ്ക് എന്ത്?

നമ്മുടെ കുടുംബ കൂട്ടായ്മകളും അപ്പസ്തോലേറ്റുകളും വിവാഹപൂർവ കൗൺസിലിംഗിനും യുവജന പ്രസ്ഥാനങ്ങൾക്കും നൽകുന്ന അത്രയും പ്രാധാന്യം വാർദ്ധക്യകാല മാനേജ്‌മെന്റിന് നൽകുന്നുണ്ടോ? ഇടവക അതിർത്തികളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോധികരെ കണ്ടെത്താനും അവർക്ക് ആത്മീയവും വൈകാരികവുമായ പിന്തുണ നൽകാനും വാർഡുതലങ്ങളിൽ എന്തെല്ലാം സംവിധാനങ്ങളാണ് നമുക്കുള്ളത്?

3. സാമ്പത്തിക പിന്നോക്കാവസ്ഥയും ‘പകൽവീട്’ എന്ന ആശയവും:

പണം നൽകി മികച്ച റിട്ടയർമെന്റ് ഹോമുകളിൽ ചേക്കേറാൻ സാമ്പത്തികശേഷിയില്ലാത്ത ഒരു വലിയ വിഭാഗം മുതിർന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ ഇടവകകളിലെ കുടുംബയൂണിറ്റുകൾ (Family Units) ഒത്തുചേർന്ന്, ഒരു വാടകക്കെട്ടിടമെങ്കിലും കണ്ടെത്തി ഇവർക്കായി ഒരു ‘സീനിയർ ഡേ കെയർ സെന്റർ’ അഥവാ ‘പകൽവീട്’ ആരംഭിക്കുന്നത് പ്രായോഗികമാണോ? ജാതിയോ മതമോ നോക്കാതെ, അർഹരായ എല്ലാ വയോധികർക്കും പകൽ സമയത്ത് ഒത്തുചേരാനും, ഒന്നിച്ചു ഭക്ഷിക്കാനും, വിശേഷങ്ങൾ പങ്കുവയ്ക്കാനും, കലാപരിപാടികൾ നടത്താനും സാധിക്കും വിധം ഇത്തരം ഒരു ഇടം ഒരുക്കാൻ നമ്മുടെ കുടുംബയൂണിറ്റുകൾക്ക് സാധിക്കുമോ?

4. തലമുറകൾ തമ്മിലുള്ള അകലം

മുതിർന്നവരുടെ അനുഭവസമ്പത്തും ജ്ഞാനവും പുതിയ തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല. യുവതലമുറ മുതിർന്നവരെ ഒരു ബാധ്യതയായി കാണുന്ന അവസ്ഥ മാറാൻ കുടുംബങ്ങളിൽ എത്തരം മാറ്റങ്ങളാണ് ഉണ്ടാകേണ്ടത്? വിവേകപൂർണ്ണമായ ഒരു ‘Adult-to-Adult’ ആശയവിനിമയം മാതാപിതാക്കളും മക്കളും തമ്മിൽ എങ്ങനെ സാധ്യമാക്കാം?

ഉപസംഹാരം

“ഞാൻ നല്ല വണ്ണം പോരാടി, ഓട്ടം തികച്ചു” എന്നാശ്വസിച്ചു കഴിയുന്ന നമ്മുടെ മുതിർന്ന തലമുറയ്ക്ക് അന്തസ്സോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതുകൂടി സഭയുടെ അജപാലന ദൗത്യമായി കാണേണ്ട സമയമായിരിക്കുന്നു.

ഈ ചർച്ചകളെ ചായക്കോപ്പയിലെ താൽക്കാലിക കൊടുങ്കാറ്റുകൾ പോലെ കാണാതെ, വരുംതലമുറയുടെ വാർദ്ധക്യം കൂടി കരുതി ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കാൻ നമുക്ക് ഒന്നിച്ച് ചിന്തിക്കാം, സംവദിക്കാം, മാറ്റങ്ങൾക്കായി കൈകോർക്കാം.

മുപ്പത് വയസ്സ് കഴിഞ്ഞിട്ടും വിവാഹത്തോടും കുടുംബത്തോടും വിമുഖത കാണിക്കുന്ന യുവാക്കൾക്കായി സഭയുടെ കീഴിൽ ‘പ്രൊഫഷണൽ സോഷ്യൽ വർക്ക്’, പാലിയേറ്റീവ് കെയർ, കൗൺസിലിംഗ് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകളോ പരിശീലനങ്ങളോ നൽകാൻ സാധിക്കുമോ?

1. വയോജന ജീവിതവുമായുള്ള സമ്പർക്കം (Exposure to Elder Life)

വിവാഹം വേണ്ടെന്നു വച്ച് മാറിനിൽക്കുന്ന യുവതീ യുവാക്കൾക്ക് വയോധികരുടെ ജീവിതം അടുത്തറിയാനുള്ള അവസരങ്ങൾ ഒരുക്കണം. റിട്ടയർമെന്റ് ഹോമുകളിലോ, കിടപ്പിലായ രോഗികൾ കഴിയുന്ന ഇടങ്ങളിലോ സന്ദർശിക്കാൻ ഇവർക്ക് അവസരം ഒരുക്കാമോ?

2. പ്രൊഫഷണൽ സോഷ്യൽ വർക്ക് പരിശീലനം (Social Work Training)

ഒരു മുപ്പത് വയസ്സ് കഴിഞ്ഞിട്ടും വിവാഹത്തോടും കുടുംബത്തോടും വിമുഖത കാണിക്കുന്ന യുവാക്കൾക്കായി സഭയുടെ കീഴിൽ ‘പ്രൊഫഷണൽ സോഷ്യൽ വർക്ക്’ (Geriatric & Social Work), പാലിയേറ്റീവ് കെയർ, കൗൺസിലിംഗ് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകളോ പരിശീലനങ്ങളോ നൽകാൻ സാധിക്കുമോ?

അവരിലെ ആ ഊർജ്ജത്തെ പ്രൊഫ ഷണൽ സോഷ്യൽ വർക്ക് പരിശീലനത്തിലൂടെ (Social Work Profession) രൂപപ്പെടു ത്തിയെടുത്ത്, നമ്മുടെ സഭയിലെ വയോജന പരിചരണത്തിന്റെ നട്ടെല്ലാക്കി അവരെ മാറ്റണം. ഇതിനായി ‘സാമൂഹ്യ സമർപ്പണം’ എന്ന ഒരു അന്തസ്സ് സൃഷ്ടിക്കാൻ കഴിയുമോ?

കുട്ടികളും വയോജന പരിചരണ സാധ്യതകളും

ഇത് ശരിക്കും സാഹചര്യത്തിന്റെ വേരുകളിലേക്ക് (Grassroots level) ഇറങ്ങിച്ചെല്ലണമെങ്കിൽ, ഹൈസ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ തന്നെ ഈ മാറ്റം തുടങ്ങണം. ഇന്നത്തെ കൗമാരപ്രായക്കാർ കടുത്ത മത്സരങ്ങളുടെ ലോകത്താണ് ജീവിക്കുന്നത് - ഏറ്റവും മികച്ച കോഴ്സ്, ഏറ്റവും വലിയ ശമ്പളമുള്ള ജോലി, വിദേശ രാജ്യങ്ങളിലേക്കുള്ള പലായനം (The Race for the Best).

‘വാർദ്ധക്യകാല പരിചരണം’ (Elder Care) മുൻനിർത്തി, ഹൈസ്കൂൾ കുട്ടികളെ ഈ യാഥാർത്ഥ്യം ബോധ്യപ്പെടുത്താനും അവരിൽ സാമൂഹിക ഇടപെടലുകൾക്കുള്ള ശേഷി വികസിപ്പിക്കാനും (Capacity Building for Social Intervention) സാധിക്കുമോ?

എക്സ്പോഷർ പ്രോഗ്രാം:

‘ഗ്രാൻഡ് പേരെന്റ്സ് ഡേ ഔട്ട്’ (Practical Exposure) പ്രോഗ്രാമിലൂടെ ഹൈസ്കൂൾ കുട്ടികളെ റിട്ടയർമെന്റ് ഹോമുകളിലോ, ഇടവകയിലെ കിടപ്പിലായ വയോധികരുടെ വീടുകളിലോ സന്ദർശിക്കാൻ സാധിക്കുമോ?

കപ്പാസിറ്റി ബിൽഡിംഗ്: (Capacity Building for Social Intervention)

ലോകത്ത് എവിടെ ചെന്നാലും പെട്ടെന്നു ജോലിയും കൂലിയും ലഭിക്കാവുന്ന മേഖലകൂടിയാണ് വയോജന പരിചരണം (Elder care). ഫസ്റ്റ് എയ്ഡ് & പാലിയേറ്റീവ് കെയർ ബേസിക്സ്: വയോധികർക്ക് പെട്ടെന്ന് ഒരു ആരോഗ്യപ്രശ്നം വന്നാൽ (ഉദാഹരണത്തിന് ബി.പി. കൂടുകയോ, തലകറങ്ങി വീഴുകയോ ചെയ്താൽ) ഒരു ഹൈസ്കൂൾ കുട്ടിക്ക് ചെയ്യാൻ കഴിയുന്ന പ്രാഥമിക കാര്യങ്ങൾ എന്തൊക്കെയാണെന്ന് അവരെ പരിശീലിപ്പിക്കുക.

ട്രാൻസാക്ഷണൽ അനലിസിസ് (Active Listening):

വയോധികരുടെ വിഷമങ്ങൾ ക്ഷമയോടെ കേട്ടിരിക്കാനുള്ള (Parent-to-Child / Adult-to-Adult communication) പരിശീലനം കുട്ടികൾക്ക് എങ്ങനെ നൽകാം എന്നും ചിന്തിക്കണം.

അത് അവരുടെ ഭാവി ജീവിതത്തിൽ ഏറ്റവും ഉപകാരപ്രദമായി മാറും, തീർച്ച.

ഈ Elder Care പ്രൊജക്റ്റിൽ വരുന്ന എല്ലാവർക്കും ജീവിത യാഥാർത്ഥ്യങ്ങളെ നേരിടാനുള്ള പ്രാപ്തി നൽകി, അവരെ ‘Social Intervention’ ന് തയ്യാറാക്കേണ്ടതല്ലേ?.

സഭയുടെ വരും തലമുറയിൽ മാനുഷിക മൂല്യങ്ങൾ വളർത്താൻ ഇതിലും നല്ലൊരു വഴി വേറെയുണ്ടോ?

logo
Sathyadeepam Online
www.sathyadeepam.org