ദാമ്പത്യബന്ധങ്ങളിലെ മുഖ്യ നവീകരണ മേഖലകൾ

Key areas of innovation in marital relationships
Published on

ഉയർന്ന വിദ്യാഭ്യാസം, വിദേശത്തേക്കുള്ള കുടിയേറ്റം, ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാധീനം, മാനസിക ആരോഗ്യത്തെക്കുറിച്ച് വർധിച്ചു വരുന്ന അവബോധം എന്നിവ മൂലം കേരളത്തിൽ കുടുംബബന്ധങ്ങൾ അതിവേഗ മാറ്റങ്ങൾക്ക് വിധേയമാവുകയാണ്. ആരോഗ്യവും സാക്ഷരതയും സംബന്ധിച്ച സാമൂഹിക സൂചകങ്ങളിൽ കേരളം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, കുടുംബങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ദാമ്പത്യജീവിതത്തിലെ വർധിച്ചുവരുന്ന സമ്മർദ്ദങ്ങൾ, ആശയവിനിമയത്തിലെ കുറവുകൾ, അടുപ്പത്തെയും ആത്മീയത യെയും സംബന്ധിച്ച മാറുന്ന പ്രതീക്ഷകൾ എന്നിവയിലേക്ക് വിരൽ ചൂണ്ടുന്നു (K.C. Zachariah and S. Irudaya Rajan, Kerala’s Demographic Transition: Determinants and Consequences, Centre for Development Studies Working Paper No. 448 (Thiruvananthapuram: Centre for Development Studies, 2012), 1-78). കുടുംബബന്ധങ്ങളുടെ സമവാക്യങ്ങൾ പുനർനിർവചിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ കുടുംബക്ഷേമത്തിൽ വ്യാപൃതരാകുന്നവർ ശ്രദ്ധിക്കേണ്ട ദാമ്പത്യ ബന്ധങ്ങളിലെ പ്രധാനപ്പെട്ട മൂന്നു നവീകരണ മേഖലകളുണ്ട്: ലിംഗ സമത്വം, ലൈംഗിക പൊരുത്തം, ആത്മീയാനുഭവം. കേവലം ഒരു സാമൂഹിക വ്യവസ്ഥിതി എന്നതിനേക്കാൾ ഒരു വ്യക്തിബന്ധമായി വിവാഹത്തെ കണക്കാക്കുമ്പോൾ ബന്ധങ്ങളുടെ ഗതിയെ നിർണ്ണയിക്കുന്ന മൂന്നു പ്രധാന ഘടകങ്ങളാണ് ഇവ. മിക്ക വിവാഹബന്ധങ്ങളും പകുതി വഴിയിൽ പിരിയാൻ കാരണം ഈ മേഖലകളിലുള്ള അവ്യക്തതയും കഴിവു കുറവുമാണ്. ഈ മേഖലകളിൽ വന്ന മാറ്റങ്ങളെ വിവേചിച്ചറിഞ്ഞ് അവ ഉയർത്തുന്ന ആധുനിക വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ചില വഴികൾ നമുക്ക് ശ്രദ്ധിക്കാം.

1. ലിംഗ നീതിയും വിവാഹത്തിലെ പൂരകത്വവും

ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തിക ഭദ്രതയും സ്ത്രീശാക്തീകരണ പദ്ധതി കളുംവഴി സ്ത്രീ ഒരു ദുർബല വിഭാഗം അല്ല എന്നും പുരുഷനോടൊപ്പംതന്നെ ആദരിക്ക പ്പെടേണ്ട വ്യക്തിയുമാണെന്ന ധാരണ സമൂഹത്തിൽ ശക്തമായി വേരുപാകാൻ ഇടയായിട്ടുണ്ട്. പരമ്പരാഗതമായി സമൂഹം വിവാഹത്തെ പുരുഷ മേധാവിത്വ വ്യവസ്ഥിതിയായി കാണുന്നത് കൊണ്ടാ ണെന്ന് തോന്നുന്നു ഒരു വിഭാഗം സ്ത്രീകൾ വിവാഹിതരാകാൻ വിമുഖത പ്രകടിപ്പി ക്കുന്നു. പുരുഷ മേധാവിത്വ ശൈലി കണ്ടു വളർന്ന പുരുഷന്മാർക്ക് സ്ത്രീയെ തുല്യയായി കണ്ടു ഒരു വിവാഹബന്ധം കെട്ടിപ്പടുക്കുവാൻ കഴിവില്ലാതെ പോകുന്നു. സാമൂഹിക പഠനങ്ങൾ സൂചിപ്പിക്കുന്നതുപോലെ സ്ത്രീയെയും പുരുഷനെയും തുല്യ വ്യക്തികളായി കണ്ട് ജീവിക്കുന്ന ദമ്പതികളുടെ ഇടയിൽ വൈവാഹിക സംതൃപ്തിയുടെ അളവ് ഉയർന്നുനിൽക്കുന്നു എന്നതാണ് വസ്തുത (S.B. Pisharoty, “Gender Relations and Changing Household Structures in Kerala,” Economic and Political Weekly 54, no. 12 (2019): 42-49). ഈ മാറ്റത്തെ ഉൾക്കൊള്ളാൻ സ്ത്രീയെയും പുരുഷനെയും പ്രത്യേകം പരിശീലിപ്പിക്കേണ്ടതുണ്ട്. ഈ പരിശീലനത്തിൽ താഴെ പറയുന്ന ചോദ്യങ്ങൾ പ്രസക്തമാണ്.

  • 1. കുടുംബത്തിന്റെ നേതൃത്വം പുരുഷകേന്ദ്രികൃതമാണോ? നേതൃത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു തലം തീരുമാനമെടുക്കുന്നതിലാണല്ലോ. കുടുംബത്തിലെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ പുരുഷനും സ്ത്രീക്കും തുല്യപങ്കാളിത്തം നൽകുന്നത് എപ്രകാരം ഗുണകരമാകും?

  • 2. തുല്യപങ്കാളിത്തമുള്ള നേതൃത്വ ശൈലിയിലേക്ക് ദമ്പതികൾ വളരാൻ വിവാഹ ഒരുക്കത്തിൽ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏവ?

  • 3. ലിംഗ നീതിക്ക് തടസ്സമായി വിവാഹ ജീവിതത്തിൽ നിലനിൽക്കുന്ന സാംസ്കാരിക പാരമ്പര്യങ്ങൾ ഏവ?

  • 4. പരമ്പരാഗത ലിംഗാധിഷ്ഠിത കർത്തവ്യങ്ങൾക്ക് (gender stereotypes) അമിത പ്രാധാന്യം നൽകാതെതന്നെ എപ്രകാരം പൂരകത്വവും സമത്വവും ദമ്പതികളുടെ ഇടയിൽ സന്തുലിതമായി ജീവിക്കാം?

സമത്വത്തിൽ അധിഷ്ഠിതവും വ്യത്യസ്തത കളുടെ പൂരകത്തിൽ നിർമ്മിക്കപ്പെട്ടതുമായ ബന്ധങ്ങൾക്ക് മാത്രമേ കാലഘട്ടത്തെ അതിജീവിക്കാൻ കഴിയൂ എന്നത് നിസ്തർക്കമാണ്. ആയതിനാൽ പിന്നോട്ട് നടക്കാതെ മുന്നോട്ട് നടക്കാനുള്ള പാദരക്ഷകൾ ഒരുക്കുന്നതിൽ ശ്രദ്ധിക്കാം.

ലൈംഗിക സംതൃപ്തി ലഭിക്കാനും കൊടുക്കാനും ഉതകുന്ന പ്രായോഗിക പാഠങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ ലഭ്യമാണെങ്കിലും അവയെക്കാൾ അടിസ്ഥാനപരമായ സ്നേഹത്തിന്റെ പാഠം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ്.

2. ലൈംഗിക സമഗ്രത

കുഞ്ഞുങ്ങൾക്ക് രൂപം നൽകാനുള്ള ഒരു പ്രവൃത്തിയേക്കാൾ പരസ്പരം ശാരീരിക- മാനസിക ഉല്ലാസത്തിന്റെ വേദിയായി ലൈംഗികബന്ധം മാറുന്നത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ലിംഗഭേദമെന്യേ ദമ്പതികൾ വിവാഹത്തിൽ ലൈംഗിക സംതൃപ്തിയെ ഏറെ പ്രാധാന്യത്തോടെ കാണുന്നു. പ്രായം, ആരോഗ്യം, മുൻകാല അനുഭവങ്ങൾ, കാഴ്ചപ്പാട് എന്നിവ യുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ലൈംഗിക പെരുമാറ്റങ്ങളിലെ വ്യത്യാസങ്ങൾ ക്രിയാത്മകമായി സമന്വയിക്കപ്പെടുന്നത് വിവാഹത്തിന്റെ സുസ്ഥിതിക്ക് അത്യന്താപേക്ഷിതമാണ്. ലൈംഗിക തൃഷ്ണ നവമാധ്യമങ്ങളിലൂടെ കച്ചവടവൽക്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു.

മനുഷ്യ വ്യക്തിത്വത്തിന്റെ ഭാഗമായ ലൈംഗിക ആഗ്രഹത്തെ മനുഷ്യർക്ക് നൽകപ്പെട്ടിരിക്കുന്ന അടിസ്ഥാനചോദന യായ സ്നേഹവുമായി സമന്വയിപ്പിച്ചാൽ മാത്രമേ ആരോഗ്യകരമായ വിവാഹ ബന്ധങ്ങൾ സാധ്യമാകൂ. ഓരോ അവിഹിത വേഴ്ചകളും അരങ്ങേറുന്നത് ലൈംഗിക ആഗ്രഹത്തെ, സ്നേഹിക്കാനുള്ള വിളിയോട് സമന്വയിപ്പിക്കാൻ കഴിയാത്തതിനെ തുടർ ന്നാണ്. ലൈംഗിക സംതൃപ്തി ലഭിക്കാനും കൊടുക്കാനും ഉതകുന്ന പ്രായോഗിക പാഠങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ ലഭ്യമാണെങ്കിലും അവയെക്കാൾ അടിസ്ഥാനപരമായ സ്നേഹത്തിന്റെ പാഠം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ്. ലൈംഗിക സംയോഗം കേവലം ഒരു ശാരീരിക പ്രവൃത്തിയല്ല, മറിച്ച് ഒരു വ്യക്തി ബന്ധമാണ്. പ്രകടനത്തിന് അല്ല, സ്നേഹ ത്തിന്റെ വിനിമയത്തിനാണ് മുൻഗണന. പുതുമയുടെ ലഹരി നുണയുന്നത് ശരീരത്തിന്റെ ചേഷ്ടകളിലോ ബാഹ്യമായ സുഗന്ധ കൂട്ടിലോ അല്ല, ഹൃദയത്തിന്റെ അടുപ്പത്തിലാണ്, ശരീരം തന്നെ സ്വയം ദാനത്തിന്റെ രൂപം എടുക്കുന്നതിലാണ്. ദാമ്പത്യജീവിതത്തിലെ ലൈംഗിക സംതൃപ്തി, പങ്കാളികളുടെ വൈകാരിക പ്രതികരണശേഷിയേയും (emotional responsiveness) സംഘർഷപരിഹാര ശേഷിയേയും ആശ്രയിച്ചിരിക്കുന്നുവെന്ന് ദമ്പതികളുടെ കൗൺസിലിംഗുമായി ബന്ധപ്പെട്ട പഠനങ്ങൾ തെളിയിക്കുന്നു (John M. Gottman and Nan Silver, The Seven Principles for Making Marriage Work: A Practical Guide from the Country’s Foremost Relationship Expert (New York: Harmony Books, 2015). ലൈംഗിക താൽപര്യം ശരീരത്തെ ഭരിക്കുന്നതല്ല, ശരീരം ലൈംഗിക ആഗ്രഹത്തെ നിയന്ത്രിക്കുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യം. പങ്കാളിയെ ഉത്തേജന ചരക്ക് ആക്കുന്നതിന് പകരം ഉന്നത വ്യക്തിയായി കാണുന്നതാണ് ഈ ബന്ധം. പരസ്പര ആദരവാണ് ഇതിന്റെ സ്വഭാവം. ഇപ്രകാരമുള്ള ലൈംഗിക സമഗ്രത വിവാഹത്തിൽ സാധ്യമാക്കാൻ ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

കുടുംബബന്ധങ്ങളുടെ സമവാക്യങ്ങൾ പുനർനിർവചിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ കുടുംബക്ഷേമത്തിൽ വ്യാപൃതരാകുന്നവർ ശ്രദ്ധിക്കേണ്ട ദാമ്പത്യബന്ധങ്ങളിലെ പ്രധാനപ്പെട്ട മൂന്നു നവീകരണ മേഖലകളുണ്ട്: ലിംഗ സമത്വം, ലൈംഗിക പൊരുത്തം, ആത്മീയാനുഭവം.

  • 1. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാതൽ സ്നേഹത്തിന്റെ സാക്ഷരത അല്ലേ?

  • 2. ലൈംഗിക തൃഷ്ണയെ സ്നേഹവുമായി സമന്വയിപ്പിക്കാൻ കുടുംബത്തിൽതന്നെ ശ്രദ്ധിക്കേണ്ടവ എന്ത്?

  • 3. ലൈംഗിക സമഗ്രത വളർത്താൻ ദമ്പതികൾ സ്വീകരിക്കേണ്ട സമീപനങ്ങൾ ഏവ?

  • 4. പ്രായത്തിനനുസരിച്ച് സംഭവിക്കുന്ന ലൈംഗിക വ്യതിയാനങ്ങളെ എപ്രകാരം ആരോഗ്യകരമായി സമീപിക്കാം?

  • 5. ലിംഗ നീതി എപ്രകാരം ലൈംഗിക ലോഹ്യത്തെ വർധിപ്പിക്കുന്നു?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലൈംഗിക സമഗ്രത കൈവരിക്കാനുതകുന്ന നൂതന വഴികൾ തുറക്കാൻ സഹായിക്കു മെന്ന് പ്രതീക്ഷിക്കുന്നു. കാഴ്ചയുടെ നൈമിഷികതയിൽ നിന്ന് ഹൃദയ അടുപ്പത്തിന്റെ നിത്യതയിലേക്ക് വളരുന്ന സമൂഹത്തെ രൂപപ്പെടുത്താം.

3. ബന്ധാത്മക ആത്മീയത

ദൈവവുമായിട്ടുള്ള അടുപ്പം വിവാഹബന്ധത്തെ പോഷിപ്പി ക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകമാണ്. പൊതുവേ കേരള സമൂഹം മതാനുഷ്ഠാനങ്ങൾക്കും ഭക്താഭ്യാസങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ അനുഷ്ഠാനങ്ങളിൽ ഊന്നിയ ആത്മീയചര്യകളോ ടുള്ള താല്പര്യം കുറഞ്ഞു വരുന്നത് ഈ കാലഘട്ടത്തിൽ ശ്രദ്ധേയമാണ്. ദൈവത്തെ പ്രീതിപ്പെടുത്താൻ മനുഷ്യൻ ചെയ്തുകൂട്ടുന്ന എണ്ണത്തിലും ദൈർഘ്യത്തിലും കണിശതയുള്ള അഭ്യാസങ്ങൾ അർഥരഹിതമാണെന്ന് ചിന്തിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ചിലർക്ക് ഇവ അനുദിനജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള കുറുക്കുവഴികൾ മാത്രമാണ്. പ്രകൃതം ശരിയാക്കാതെ സുകൃതം അഭ്യസിക്കാൻ ശ്രമിച്ച് വികൃതമായി തീരുന്ന ജീവിതങ്ങളും ഉണ്ട്. ഇപ്രകാരം ഫല ശൂന്യമാകുന്ന ആത്മീയ വ്യവഹാരങ്ങളെ നവീകരിക്കാനു തകുന്ന കാഴ്ചപ്പാടുകൾ വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

ലൈംഗിക താൽപര്യം ശരീരത്തെ ഭരിക്കുന്നതല്ല; ശരീരം ലൈംഗിക ആഗ്രഹത്തെ നിയന്ത്രിക്കുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യം.

കേവലം അനുഷ്ഠാനപരതയുടെ തൃപ്തിയിൽനിന്ന് വ്യക്തിബന്ധത്തിന്റെ ആത്മീയതയിലേക്ക് ചുവട് വയ്ക്കണം. വ്യക്തി ബന്ധങ്ങളിലൂടെ ദൈവത്തിലേക്ക് വളരുന്നതാണ് ഈ ആത്മീയതയുടെ കാതൽ. സ്നേഹം തന്നെയായ ദൈവത്തെ സ്നേഹഭാജനത്തിൽ ദർശിച്ച് ആത്മീയമായി വളരുന്നതിനാണ് ഇവിടെ പ്രസക്തി. ഭക്താഭ്യാസങ്ങൾ എല്ലാം ദൈവത്തോടും സഹജീവികളോടുമുള്ള വ്യക്തി ബന്ധത്തിന്റെ അനുഭവമായി മാറണം. ദേവാലയത്തിൽ അനുഭവിക്കുന്ന ദൈവഭക്തി കുടുംബത്തിൽ പ്രതിഫലി ക്കണം. ദൈവത്തിന്റെ സൃഷ്ടികളായ കുടുംബാംഗങ്ങളിൽ ദൈവത്തെ ദർശിക്കാൻ സാധിക്കണം. അവർക്ക് ചെയ്യുന്ന ശുശ്രൂഷ ദൈവിക ശുശ്രൂഷയായി അനുഭവപ്പെടണം. അവരിൽ നിന്ന് സ്വീകരിക്കുന്ന നന്മകൾ ദൈവസ്നേഹമായി ഉൾക്കൊള്ളണം. അവരുടെ കുറവുകളിൽ നിന്ന് അവരെ വേറിട്ട് കാണാൻ സാധ്യമാകണം. ഇപ്രകാരമുള്ള ബന്ധാത്മക ആത്മീയത രൂപപ്പെടുത്തുവാൻ താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം.

  • 1. ബന്ധാത്മക ആത്മീയത വളർത്താനുതകിയ ദൈവ ദർശനം എന്താണ്?

  • 2. ദൈവത്തിലേക്ക് മനുഷ്യരെ അടുപ്പിക്കാൻ വ്യക്തിബന്ധങ്ങൾക്കുള്ള സാധ്യതകൾ ഏവ?

  • 3. അനുദിന സ്നേഹംവഴി മനുഷ്യർ ദൈവത്തിലേക്ക് അടുക്കാൻ രൂപപ്പെടുത്തേണ്ട ശീലങ്ങൾ ഏവ?

  • 4. മക്കളിൽ ദൈവവിശ്വാസം രൂപീകരിക്കുന്നതിൽ മാതാപിതാക്കളും മക്കളും തമ്മിലുള്ള വൈകാരിക അനുരണനത്തിന്റെ പങ്ക് എന്ത്?

  • 5. കുടുംബ പ്രാർത്ഥനയെ എപ്രകാരം ബന്ധാത്മക ആത്മീയതയുടെ വേദിയാക്കാം?

ദൈവത്തിലേക്ക് മനുഷ്യരെ നയിക്കാൻ വ്യക്തിബന്ധങ്ങൾക്കുള്ള സാധ്യതകൾ ഏറെയാണ്. ഈ അവബോധം അനുദിന അനുഭവങ്ങളെ തേജോമയമാക്കും. ക്ഷമ പോലെയുള്ള ഗാർഹിക പുണ്യങ്ങൾ കേവലം ഒരു കടമ എന്നതിനേക്കാൾ ആന്തരിക പ്രചോദനത്തിന്റെ ഫലമാകും. അനുഷ്ഠാനങ്ങളുടെ കൃത്യത നൽകുന്ന സുരക്ഷിതത്വത്തെക്കാൾ സ്നേഹത്തിന്റെ ലയം പകരുന്ന ആനന്ദം മനുഷ്യന്റെ സാത്വിക ഭാവത്തെ പ്രകാശിപ്പിക്കും.

കേരളത്തിലെ ദാമ്പത്യബന്ധങ്ങളുടെ നവീകരണത്തിന് ഘടനാപരമായ അസമത്വങ്ങൾ, വൈകാരിക അടുപ്പം, ആത്മീയ ആഴം എന്നിവയെ ഒരുപോലെ പരിഗണിക്കുന്ന സമഗ്രമായ ഒരു സമീപനം ആവശ്യമാണ്. ലിംഗനീതി ദാമ്പത്യജീവിതത്തിലെ ഉത്തരവാദിത്വങ്ങളിലും പങ്കുകളിലും നീതിയും സമത്വവും ഉറപ്പാക്കുന്നു. ലൈംഗിക സമഗ്രത (Sexual Wholeness) ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന അടുപ്പവും പരസ്പര ഐക്യവും വളർത്തുന്നു. ബന്ധാത്മക ആത്മീയത (Relational Spirituality) കുടുംബജീവിതത്തിന് പൊതുവായ അർഥവും ലക്ഷ്യബോധവും നൽകുന്നു. ഈ മൂന്ന് ഘടകങ്ങളും ഒരുമിച്ച് സാക്ഷാത്കരിക്കപ്പെടുമ്പോൾ, കേരളത്തിലെ കുടുംബങ്ങൾക്ക് പാരമ്പര്യാധിഷ്ഠിത ഘടനകളിൽ നിന്ന് ആശയവിനിമയശേഷിയുള്ളതും വൈകാരികമായി പക്വതയാർന്നതും വെല്ലുവിളികളെ അതിജീവിക്കാൻ കഴിവുള്ളതുമായ ദാമ്പത്യപങ്കാളിത്തങ്ങളിലേക്കുള്ള പരിവർത്തനം സാധ്യമാകുന്നു.

logo
Sathyadeepam Online
www.sathyadeepam.org