വെറോനിക്കയുടെ ശബ്ദോൽപത്തികൾ!
ബൈബിളിൽ പരാമർശിക്കപ്പെടാത്ത ഒരാൾ കുരിശിന്റെ വഴിയിൽ ആറാം സ്ഥലത്ത് സ്വർണശോഭയോടെ പ്രത്യക്ഷ പ്പെടുന്നുണ്ട്. അത് ക്രിസ്തുവിന്റെ തിരുമുഖം തുടച്ച വെറോനിക്കയാണ്. ചില പ്രാദേശിക പാരമ്പര്യങ്ങളും നാടോടിക്കഥകളും വെറോനിക്ക എന്ന പേര് ലാറ്റിൻ-ഗ്രീക്ക് ഭാഷകളിൽ നിന്ന് വന്നതാണെന്ന് പറയുന്നുണ്ട്. ലാറ്റിൻ-ഗ്രീക്ക് ഭാഷകളിലെ “Vera Eikon” (True Icon or True Image) - എന്നീ പദങ്ങളിൽ നിന്നാണ് വെറോനിക്ക എന്ന പേര് രൂപംകൊണ്ടതെന്നാണ് അവർ പറയുന്നത്. അവരുടെ അഭിപ്രായത്തിൽ വെറോനിക്ക എന്ന പേരിന്റെ അർഥം “യഥാർത്ഥ പ്രതിഛായ” (True Image) എന്നാണ്.
ക്രൊയേഷ്യക്കാരുടെ ഒന്നൊന്നര ചോദ്യം!
മധ്യകാല കവിയായ ഡാന്റെയുടെ ഡിവൈൻ കോമഡിയിലെ “പറുദീസ പർവ”ത്തിൽ വെറോനിക്കയെക്കുറിച്ച് ഒരു പരാമർശമുണ്ട്. പറുദീസയിലെത്തുന്ന ഡാന്റെ അവിടെ ക്ലെയർവോയിലെ വി. ബെർണാഡിനെ കാണുമ്പോഴുണ്ടാ കുന്ന അതിശയത്തെ താരതമ്യം ചെയ്യുന്നത് വിദൂര ദേശത്തുനിന്നുള്ള തീർത്ഥാടകർ റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന വെറോനിക്കയുടെ തൂവാലയുടെ തിരുശേഷിപ്പ് കണ്ട് അദ്ഭുതപ്പെടുന്നതു പോലെയാണ്. ക്രൊയേഷ്യയിൽ നിന്നുള്ള ആ തീർത്ഥാടകർ വെറോനിക്കയുടെ തൂവാല കണ്ടിട്ട് ഇങ്ങനെ പറയുന്നതായി ഡാന്റെ എഴുതിയിട്ടുണ്ട്: “എന്റെ കർത്താവേ, സത്യത്തിൽ ഇതായിരുന്നല്ലേ നിന്റെ മുഖം?” ഒന്നൊന്നര ചോദ്യമാണിത്. സത്യത്തിൽ എവിടെയൊക്കെയാണ് ദൈവത്തിന്റെ മുഖം പതിയുന്നത്? ദൈവമുഖം അന്വേഷിക്കുന്നവർക്ക് എല്ലാക്കാലത്തും ചില ദിശാബോധങ്ങൾ നൽകുന്നില്ലേ വെറോനിക്കയുടെ തൂവാല?
അഖേയ്റോപൊയിറ്റോസും ലെവിനാസും
ക്രിസ്തുവിന്റെ ഏറ്റവും പഴക്കമേറിയ തിരുമുഖ ഐക്കണുകളിൽ ഒന്നിന്റെ പേര് “അഖേയ്റോപൊയിറ്റോസ്” (Acheiropoietos) എന്നാണ്. ഈ ഗ്രീക്ക് ഭാഷാപദത്തിന്റെ അർഥം “മനുഷ്യ കരങ്ങളാൽ നിർമ്മിക്കപ്പെടാത്തത്” എന്നാണ്. (an image not made by human hands). “ദൈവം നിർമ്മിച്ചത്” എന്നർഥം! ഈ തിരുമുഖ ഐക്കൺ വെറോനിക്കയുടെ തൂവാലയിലേതാണെന്ന് പറയുന്ന പൗരസ്ത്യ പാരമ്പര്യങ്ങളുണ്ട്. ദൈവപുത്രൻ തന്നെയാണല്ലോ അവളുടെ തൂവാലയിൽ തിരുമുഖം പതിപ്പിച്ചത്!
ദൈവ മുഖം അന്വേഷിക്കുന്നവർക്ക് ചില ദിശാബോധങ്ങൾ നൽകുന്നുണ്ട് വെറോനിക്കയുടെ തൂവാല. കാരണം എല്ലാ മനുഷ്യരും ദൈവഛായയിലാണല്ലോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്!
മേൽപറഞ്ഞ വാദത്തിന്റെ ചരിത്രപരതയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും ക്രിസ്തുവിന്റെ മുഖംപതിഞ്ഞ വെറോനിക്കയുടെ തൂവാലയ്ക്ക് ആത്മീയ വഴികളിൽ തീർച്ചയായും ഇടമുണ്ട്. ദൈവത്തിന്റെ മുഖം ചരിത്രവഴികളിൽ എവിടെയൊക്കെയാണ് പതിയുന്നത് എന്ന് ഈ തൂവാല നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഈ ചോദ്യത്തിന് മനുഷ്യമുഖ മുള്ള ഒരു ഉത്തരം പറയുന്നത് സങ്കടക്കടലു കൾ നീന്തിക്കയറിയ എമ്മാനുവേൽ ലെവിനാസ് എന്ന ചിന്തകനാണ്.
ഫ്രഞ്ച്-ലിത്വേനിയൻ ഫിലോസഫറായ എമ്മാനുവേൽ ലെവിനാസ് ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിലെ സഹനപർവ്വങ്ങളിലൂടെ കടന്നുപോയവ നാണ്. അവസാനം സഹനസമുദ്രങ്ങളുടെ കരയ്ക്കടിഞ്ഞ ലെവിനാസ് വെളിച്ചം കിട്ടിയ പ്പോൾ ഇപ്രകാരം എഴുതി: Theophany is on the face of the other. “ദൈവത്തിന്റെ മുഖം പ്രത്യക്ഷമാകുന്നത് അപരന്റെ മുഖത്താണ്.” ഈ ചെറിയവന് ചെയ്തപ്പോൾ എനിക്കാണ് ചെയ്തതെന്ന് ഓർമ്മിപ്പിക്കുന്ന സ്വർഗത്തിന്റെ പ്രത്യക്ഷം! ശരീരം മുഴുവൻ വ്രണങ്ങളുള്ള കുഷ്ഠരോഗിയെ അസ്സീസിയിലെ ഫ്രാൻസിസ് ചുംബിച്ച് തീരുമ്പോൾ അഞ്ച് തിരുമുറിവുകൾ മാത്രം അവശേഷിക്കുന്ന അദ്ഭുതം!
സ്വർണ്ണകാളക്കുട്ടിയിൽ തെളിയാത്തതും ദരിദ്ര നാരായണനിൽ തെളിയുന്നതും!
ഇസ്രായേൽക്കാർ സ്വർണ്ണകാള ക്കുട്ടിയെ ആരാധിച്ച് ദൈവകോപം വിളിച്ചു വരുത്തിയതിനുശേഷം ദൈവം മോശയോട് പറയുന്നുണ്ട്. “എന്റെ മുഖം നീ കാണുകയില്ല. (പുറപ്പാട് 33:23). എന്നാൽ സഹിക്കുന്ന മനുഷ്യപുത്രന്റെ മുഖം വെറോനിക്കയുടെ തൂവാലയിൽ പതിച്ചുകൊടുത്ത ക്രിസ്തു നമ്മോട് പറയുന്നതെന്താണ്? കരുണയുള്ളിടത്തെല്ലാം ദൈവത്തിന്റെ മുഖം വെളിവാകുന്നുണ്ട് എന്നുതന്നെയല്ലേ? മോശക്ക് നിഷേധിക്കപ്പെട്ടത് വെറോനിക്കയ്ക്ക് വെളിവാക്കിയത് അലിവിന്റെ അത്ഭുതമാണ്: സഹിക്കുന്ന ഒരു നിരപരാധിയിൽ ദൈവമുഖം ദൃശ്യമാക്കുന്ന അദ്ഭുതം! ഗുരു എഴുതിയതുപോലെ ആഴ്വാഞ്ചേരി തമ്പ്രാനിലും അയ്യൻപുലയനിലും ഒരുപോലെ സാന്നിധ്യമറിയിക്കുന്ന നിത്യതയുടെ സ്പർശം! ദൈവമുഖം അന്വേഷിക്കുന്നവർക്ക് ചില ദിശാബോധങ്ങൾ നൽകുന്നുണ്ട് വെറോനിക്കയുടെ തൂവാല.
കാരണം എല്ലാ മനുഷ്യരും ദൈവഛായയിലാണല്ലോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്!
റോമിൽ മതപീഡനം നടക്കുന്ന കാലം. വലേറിയൻ ചക്രവർത്തി ക്രിസ്ത്യാനികളുടെ വസ്തുവകകൾ കണ്ടുകെട്ടുകയാണ്. സിക്സ്റ്റസ് രണ്ടാമൻ പാപ്പ രക്തസാക്ഷിയായ ഉടൻ തന്നെ വലേറിയൻ ചക്രവർത്തി റോമിൽ സഭയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡീക്കൻ ലോറൻസിനെ വിളിച്ചുവരുത്തി. സഭയുടെ സ്ഥാവര-ജംഗമ സ്വത്ത് മുഴുവൻ ചക്രവർത്തിക്ക് കൈമാറാൻ ആവശ്യപ്പെട്ടു. ഡീക്കൻ ലോറൻസ് മൂന്ന് ദിവസത്തെ സമയം ചോദിച്ചു. മൂന്നാം ദിവസം സഭയുടെ അനുദിന സഹായം ലഭിച്ചിരുന്ന പാവപ്പെട്ട മനുഷ്യരെയെല്ലാം ചക്രവർത്തിയുടെ മുമ്പിൽ ഹാജരാക്കി. ആ ദരിദ്രനാരായണൻമാരെ ചൂണ്ടിക്കാണിച്ച് ഡീക്കൻ ലോറൻസ് പറഞ്ഞു: “ഇതാണ് സഭയുടെ നിക്ഷേപവും നീക്കിയിരിപ്പും!” ദരിദ്രരുടെ മുഖത്ത് ദൈവത്തെ കാണുന്ന ഒരു സഭയ്ക്ക് ഹാജരാക്കാൻ കുറെ ദരിദ്രനാരായണൻ മാരുണ്ടായിരുന്നു. “ദരിദ്ര നാരായണൻ” അഥവാ “ദരിദ്രനായ ദൈവം” എന്ന ഭാരതീയ സങ്കല്പം തലചായ്ക്കാൻ ഇടമില്ലാതെ അന്യന്റെ കല്ലറയിൽ അടക്കപ്പെട്ട ക്രിസ്തുവിന് എത്രയോ യോജിച്ചതാണ്; ഒപ്പം ദൈവത്തിന്റെ നിസ്വന്മാർക്കും. നരനെ നാരായണനായി കാണുന്ന വെറോനിക്കമാർ ചരിത്രത്തിലും വർത്തമാനത്തിലും തുടക്കുന്നതെല്ലാം ദൈവമുഖങ്ങൾ തന്നെയാണ്!
സഭാപിതാക്കന്മാരുടെ കരുണത്തൂവാലകൾ!
ഉള്ളിൽ ഒരു കരുണത്തൂവാല സൂക്ഷിച്ചവരായിരുന്നു നമ്മുടെ സഭാപിതാക്കന്മാർ. വി. മത്തായിയുടെ സുവിശേഷത്തിലെ അന്ത്യവിധിയെക്കുറിച്ചുള്ള തന്റെ പ്രഭാഷണങ്ങളിൽ വി. ജോൺ ക്രിസോസ്റ്റം ഇങ്ങനെ പറഞ്ഞു: “ദേവാലയത്തിന്റെ വാതിൽക്കൽ നിൽക്കുന്ന യാചകനിൽ നിങ്ങൾക്ക് ക്രിസ്തുവിനെ കാണാനായില്ലെങ്കിൽ കാസയിലെ രക്തത്തിലും നിങ്ങൾക്ക് ക്രിസ്തുവിനെ കാണാനാ കില്ല.” വി. ബേസിൽ ഇതിന് സമാന മായ ഒരു പ്രസ്താവന നടത്തുന്നുണ്ട്: “നിങ്ങൾ ആഹരിക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന അപ്പം വിശക്കുന്നവന്റേ താണ്; നിങ്ങൾ ധരിക്കാതെ അലമാരയിൽ സൂക്ഷിക്കുന്ന വസ്ത്രം നഗ്നരായ മനുഷ്യരുടേതാണ്; നിങ്ങൾ ധരിക്കാതെ വച്ചിരിക്കുന്ന ചെരുപ്പ് നഗ്നപാദന്റേതാണ്.”
സെന്റ് അഗസ്റ്റിൻ പറയുന്നത് എത്രയോ അർഥവത്താണ്: “നിങ്ങൾ ദരിദ്രന് ദാനം നൽകുമ്പോൾ അവന് നൽകുന്നത് നിങ്ങളുടെ ഔദാര്യമല്ല, അവന്റെ അവകാശമാണ്.” ദൈവത്തെ തേടുന്നു എന്ന് അവകാശപ്പെടുമ്പോഴും പാവപ്പെട്ടവനായി ഒരു പിടി അരിപോലും മാറ്റിവയ്ക്കാത്ത എല്ലാ മനുഷ്യരും ഉള്ളിലേറ്റേണ്ട നോമ്പുകാല ചിന്തയാണിത്.
സഹിക്കുന്ന മനുഷ്യരെ കാണുമ്പോൾ നമ്മൾ എവിടെയാണ് നിലയുറപ്പിക്കുക? കുരിശെടുക്കു ന്നവനെ കൂക്കുവിളിക്കുന്ന ആൾക്കൂട്ടത്തോടൊപ്പമോ അതോ, ആൾക്കൂട്ടധാർഷ്ട്യത്തെ അലിവുകൊണ്ട് തോൽപിക്കുന്ന വെറോനിക്കമാർക്കൊപ്പമോ? ഈ നോമ്പുകാലത്ത് കയ്യിലൊരു കരുണയുടെ തൂവാല കരുതാം. അപമാനങ്ങൾക്ക് മധ്യേ ജീവിത കാൽവരി കയറുന്ന അനേകരുടെ മുഖം തുടക്കാൻ ഈ തൂവാല ഉപകരിച്ചേക്കാം!
വിധിപറയുന്ന പീലാത്തോസു മാരേക്കാൾ മുഖം തുടയ്ക്കുന്ന വെറോനിക്കമാരാണ് അനശ്വരത യുടെ ചുവരുകളിൽ കടുംചായ ങ്ങളിൽ രേഖപ്പെടുത്തപ്പെടുന്നത്. കാരണം, ഹൃദയത്തിൽ കരുണ യുടെ ഒരു തൂവാല സൂക്ഷിക്കുന്നവ രാണ് ദൈവത്തിന്റെ “ഫെയ്സ്ബു ക്കിൽ” സുവർണാക്ഷരങ്ങളിൽ രേഖപ്പെടുത്തപ്പെടുന്നത്. കുരിശിന്റെ വഴികളിൽ അവർക്ക് മരണമില്ല. കരുണയുടെ തൂവാലയിൽ പതിയുന്നതെല്ലാം ദൈവമുഖങ്ങളാണല്ലോ!
പിൻകുറിപ്പ്:
“ധാർമ്മികതയും സാകല്യവും” (Ethics and Infinity) എന്ന തന്റെ കൃതിയിൽ എമ്മാനുവേൽ ലെവിനാസ് ഇപ്രകാരം എഴുതി: The first word of the face is “Thou shalt not kill.” എല്ലാ മുഖങ്ങളുടേയും ആദ്യ വാക്ക് “നീ എന്നെ കൊല്ലല്ലേ” എന്നാണ്. കൊല്ലപ്പെടുന്നവരെല്ലാം ദൈവപുത്രന്മാരാണ് എന്നല്ലേ വെറോനിക്കയുടെ തൂവാലയും പറയുന്നത്! അത് ആബേലായാലും ഐലാൻ കുർദി ആയാലും!