National

മലയാളികള്‍ അമേരിക്കയുടെ പുളിമാവ് കര്‍ദിനാള്‍ തിമോത്തി ഡോളന്‍

sathyadeepam

അമേരിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ അമേരിക്കന്‍ സംസ്ക്കാരത്തെ അതീവ സമ്പന്നമാക്കുന്ന പുളിമാവുപോലെയാണെന്ന് ന്യൂയോര്‍ക്ക് ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ തിമോത്തി ഡോളന്‍. മാവിനുളളില്‍ പ്രവര്‍ത്തിച്ച് അതിനെ വികസിപ്പിക്കുകയും മൃദുവാക്കുകയും രുചിപ്രദമാക്കുകയും ചെയ്യുന്ന ഈസ്റ്റുപോലെയാണു മലയാളികള്‍. സുദൃഢമായ കുടുംബബന്ധങ്ങളും അയല്‍പക്കബന്ധങ്ങളും വിശ്വാസവും പ്രാര്‍ത്ഥനയും ഭക്തിയും പുലര്‍ത്തുന്ന മലയാളികള്‍ ആ മൂല്യങ്ങള്‍ അമേരിക്കന്‍ സമൂഹത്തില്‍ സന്നിവേശിപ്പിക്കുന്നതിലൂടെ വലിയ സേവനമാണ് അമേരിക്കയ്ക്ക് ചെയ്യുന്നത്. കേരള സന്ദര്‍ശനത്തിനിടെ ആലുവ മംഗലപ്പുഴ സെമിനാരിയിലെ വൈദികാര്‍ത്ഥികളെ അഭിസംബോധന ചെയ്തുപ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.
കേരളത്തെ "പുതിയ അയര്‍ലണ്ട്" എന്നാണ് കര്‍ദിനാള്‍ തന്‍റെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. അമേരിക്കയില്‍ കത്തോലിക്കാ വിശ്വാസം കെട്ടിപ്പടുക്കുന്നതിനു പണ്ട് മിഷനറിമാര്‍ എത്തിയിരുന്നത് അയര്‍ലണ്ടില്‍നിന്നായിരുന്നു. എന്നാല്‍, ഇന്ന് അമേരിക്കന്‍ ജനതയുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന് നിസ്തുലമായ സംഭാവനകള്‍ നല്കുന്നത് മലയാളികളായ മിഷനറിവൈദികരാണ്. കേരളം പുതിയ അയര്‍ലണ്ടാണ്, ഐറിഷ് കുടുംബവേരുകളുളള കര്‍ദിനാള്‍ ഡോളന്‍ വിശദീകരിച്ചു.
കുടിയേറ്റക്കാരോടുളള അമേരിക്കന്‍ മനോഭാവം വിശദീകരിച്ചുകൊണ്ട് കര്‍ദിനാള്‍ പറഞ്ഞു: 'അമേരിക്കയിലേയ്ക്കു വന്ന കുടിയേറ്റക്കാരെ എക്കാലവും രണ്ടു കൈയും നീട്ടി സ്വീകരിച്ചിട്ടുളളത് രണ്ടു സ്ത്രീകളാണ് – സ്വാതന്ത്ര്യ പ്രതിമയും (Statue of Liberty) കത്തോലിക്കാസഭയും." മണ്ണിന്‍റെ മക്കള്‍വാദം ഏറിയും കുറഞ്ഞും എക്കാലത്തും അമേരിക്കയില്‍ ഉണ്ടായിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ അത് ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സങ്കടകരമായ അവസ്ഥയാണുളളതെന്നും കര്‍ദിനാള്‍ നിരീക്ഷിച്ചു.
ആഗോളജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെന്നും ബോംബോ കത്തിയോ വിദേശ ഇടപെടലുകളോ മറ്റെന്തങ്കിലുമോകൊണ്ട് പരിഹരിക്കാനാകില്ലെന്ന് മനസ്സിലാക്കിയ മനുഷ്യന്‍ ഇന്നു പ്രശ്നപരിഹാരത്തിനായി ദൈവത്തിലേക്കു തിരിയുന്ന കാഴ്ചയാണ് കാണുന്നതെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്