National

സുപ്രീം കോടതി വിധി പ്രതിസന്ധിയുണ്ടാക്കും -കെ സി ബി സി

Sathyadeepam

ഐപിസി 497 വകുപ്പ് റദ്ദാക്കിക്കൊണ്ട് വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീംകോടതി വിധി പ്രത്യക്ഷത്തില്‍ സ്വാഗതാര്‍ഹവും സ്ത്രീപക്ഷ കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കുന്നതുമാണെങ്കിലും കുടുംബ-സാമൂഹിക ജീവിതങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണവും ക്ലേശപൂര്‍ണ്ണവുമാക്കുമോ എന്ന് ആശങ്കയുണ്ടെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. വിധി ലൈംഗിക അരാജകത്വം മാത്രമല്ല കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്കും വിവാഹമോചനത്തോത് വര്‍ദ്ധിക്കുന്നതിനും വിവാഹജീവിതത്തില്‍ കുഞ്ഞുങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതിനും ഇടനല്കിയേക്കും. സ്ത്രീ-പുരുഷ ലൈംഗികബന്ധത്തിന്‍റെ പരമപ്രധാനലക്ഷ്യം തന്നെയായ ദാമ്പത്യസ്നേഹവും കുട്ടികള്‍ക്ക് ജന്മം നല്കി വളര്‍ത്തലും എന്നതിനെ അവഗണിക്കുന്നതാണ് ഈ വിധയെന്നും കെസിബിസി അഭിപ്രായപ്പെട്ടു.

വിവാഹമെന്ന സ്ഥാപനത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് കോടതിവിധിയില്‍ നിഴലിക്കുന്നത.് ദമ്പതികള്‍ തമ്മിലുള്ള പരസ്പര വിശ്വസ്തതയും ജീവിതാവസാനംവരെ നീണ്ടുനില്ക്കുന്ന പരസ്പര സമര്‍പ്പണവുമാണ് കുടുംബത്തിന്‍റെ ഐക്യത്തിനും അവിഭാജ്യതയ്ക്കും അടിസ്ഥാനം. ദമ്പതികള്‍ തമ്മിലുള്ള സ്നേഹം അന്യര്‍ക്കു പ്രവേശനമില്ലാത്തതും കുഞ്ഞുങ്ങളുടെ ജനനത്തിലേക്കും ഉത്തരവാദിത്വപൂര്‍ണ്ണമായ രക്ഷാകര്‍തൃത്വത്തിലേക്കും അവരെ നയിക്കുന്നതുമാണ്.

വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാതാകുമ്പോള്‍, പ്രായപൂര്‍ത്തിയായ ഏതു പുരുഷനും സ്ത്രീയും ഉഭയസമ്മതപ്രകാരം പുലര്‍ത്തുന്ന ലൈംഗികബന്ധം സാമൂഹികമായും ധാര്‍മികമായും തെറ്റല്ല എന്ന ധാരണയുണ്ടാകും. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള എല്ലാത്തരം ലൈംഗിക ബന്ധങ്ങളും, അതായത് വിവാഹപൂര്‍വബന്ധം, വിവാഹേതരബന്ധം, സ്വവര്‍ഗരതി എന്നിവ അനുവദനീയമാണ് എന്ന അവസ്ഥ ലൈംഗിക അരാജകത്വത്തിനു വഴിവയ്ക്കുന്നതാണ്. മനുഷ്യവംശത്തിന്‍റെ നിലനില്പിനുതന്നെ കാരണമായ ലൈംഗികത, വിവാഹം, കുടുംബം എന്നിവയെ ബാധിക്കുന്ന നിയമങ്ങള്‍ സമൂഹത്തിന് ധാര്‍മ്മികമായ മാര്‍ഗ്ഗദര്‍ശനം നല്കുന്നവയല്ലെങ്കില്‍ അതുണ്ടാക്കുന്ന സാമൂഹികവും ധാര്‍മ്മികവുമായ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. ഒരു കുടുംബവും സുരക്ഷിതമല്ല എന്ന സ്ഥിതിവരുന്നത് നിയമപരമായ അരക്ഷിതാവസ്ഥയുണ്ടാക്കുമെന്നും പത്രക്കുറിപ്പില്‍ കെസിബിസി വിശദീകരിച്ചു.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും