National

ഒഡീഷയില്‍ കത്തോലിക്ക വൈദികരെ പൊലീസ് മര്‍ദിച്ചു

Sathyadeepam

ഒഡീഷയിലെ ബെറാംപൂര്‍ രൂപത ജുബ ഇടവക വികാരി ഫാ. ജോഷി ജോര്‍ജിനെയും സഹവികാരി ഫാ. ദയാനന്ദിനെയും കത്തോലിക്കരായ പെണ്‍കുട്ടികളെയും പൊലീസ് ആക്രമിച്ചു. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ഗ്രാമത്തില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായിരുന്നു ഇത്.

ഞായറാഴ്ച കുര്‍ബാനയ്ക്കുള്ള ഒരുക്കമായി തലേന്ന് പള്ളി വൃത്തിയാക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്കിടയിലേക്ക് കടന്നുവന്ന പൊലീസ് പൊടുന്നനെ അക്രമം അഴിച്ചുവിടുകയായിരുന്നു. കുട്ടികള്‍ സഹായത്തിനായി വൈദികരെ വിളിച്ച് പള്ളിമേടയിലേക്ക് ഓടുകയായിരുന്നു.

പള്ളിമേടയില്‍ വിശ്രമിക്കുകയായിരുന്ന ഫാ. ജോഷിയേയും സഹവികാരി ഫാ. ദയാനന്ദിനെയും പൊലീസ് തുടര്‍ന്ന് മര്‍ദിച്ചു. അവരെ അടിക്കുകയും റോഡിലേക്ക് വലിച്ചിഴയ്ക്കുകയും അത്യന്തം നിന്ദ്യമായ തെറിവിളി നടത്തുകയും ചെയ്തു.

നിങ്ങള്‍ പാക്കിസ്ഥാനികള്‍ ആണെന്നും മതംമാറ്റത്തിന് വന്നവരാണെന്നും പറഞ്ഞു കൊണ്ടായിരുന്നു മര്‍ദനം. വികാരിയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചുവാങ്ങി. അസി. വികാരി ഫാ. ദയാനന്ദിനാണ് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

ഭയം മൂലം അന്ന് ആശുപത്രിയില്‍ പോയില്ല. പിറ്റേന്നാണ് അദ്ദേഹത്തെ ബെറാംപൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചതെന്ന് ഫാ. ജോഷി അറിയിച്ചു. അദ്ദേഹത്തിന്റെ തോളെല്ല് ഒടിഞ്ഞിരുന്നു.

വൈദികരെ പുറത്താക്കിയശേഷം പള്ളിമേടയുടെ ഡൈനിംങ് റൂമില്‍ കയറി വെള്ളം കുടിച്ച പൊലീസുകാര്‍ ബെഡ്‌റൂമുകളിലും കയറിയിറങ്ങി. ഇടവകയുടെ ഓഫീസ് മുറിയില്‍ നിന്ന് 40,000 രൂപ അവര്‍ കവര്‍ന്നു.

വിവരങ്ങള്‍ സഭയുടെ അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ അവര്‍ സ്വീകരിക്കുമെന്നും ഫാ. ജോഷി ജോര്‍ജ് പറഞ്ഞു.

എന്തൊക്കെ അക്രമങ്ങള്‍ ഉണ്ടായാലും ഇടവകയിലെ തങ്ങളുടെ പൗരോഹിത്യ സേവനം തുടരുമെന്നും നോമ്പുകാലത്ത് ക്രിസ്തുവിന്റെ സഹനത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതാണ് തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്