മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ദീപ്തസ്മരണകള്‍ തണലും ശക്തിയും പകരുന്നതാണെന്ന് സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാര്‍ മങ്കുഴിക്കരിയുടെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂമന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍. തന്‍റെ സെമിനാരി അധ്യാപകനായിരുന്ന മാര്‍ മങ്കുഴിക്കരി പരിശീലന ഘട്ടത്തിലും പൗരോഹിത്യ ശുശ്രൂഷയിലും ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണെന്ന് കര്‍ദിനാള്‍ അനുസ്മരിച്ചു. മികച്ച അധ്യാപകനായിരുന്ന മാര്‍ മങ്കുഴിക്കരി എപ്പോഴും ഒരു വിദ്യാര്‍ത്ഥിയുമായിരുന്നു. അഗാധമായ പാണ്ഡിത്യത്തിനുടമയായ അദ്ദേഹം ഭാഷാനിപുണനുമായിരുന്നു. പുരോഗമന സാഹിത്യകാരന്മാര്‍ക്കൊപ്പം വിമര്‍ശനാത്മക വിഷയങ്ങളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. സഭാകാര്യങ്ങളില്‍ ഏറെ തത്പരനായിരുന്ന മങ്കുഴിക്കരി പിതാവ് മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സഭാവിശ്വാസികള്‍ക്കുമെല്ലാം എന്നും മാര്‍ഗദര്‍ശിയാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
എറണാകുളത്ത് പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കെസിബി സി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് സൂസപാക്യം അധ്യക്ഷനായിരുന്നു. തന്‍റെ ഗുരുനാഥനായിരുന്ന മങ്കുഴിക്കരി പിതാവ് പലപ്പോഴും പ്രായക്കുറവിന്‍റെ അപകര്‍ഷതയില്‍ പെട്ടിരുന്ന തനിക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കിയിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ് സൂസപാക്യം അനുസ്മരിച്ചു. വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു മാര്‍ മങ്കുഴിക്കരി. സ്വന്തം മക്കളെപ്പോലെ അദ്ദേഹം വിദ്യാര്‍ത്ഥികളെ സ്നേഹിച്ചു. അറ്റുപോകാത്ത സ്നേഹത്തിന്‍റെ പ്രതീകമായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ ബലഹീനതകള്‍ കണ്ടറിഞ്ഞ് അവരെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ശക്തി പകരുകയും ചെയ്തിരുന്ന മങ്കുഴിക്കരി പിതാവ് ഉള്ള കാര്യങ്ങള്‍ ആരുടെ മുഖത്തു നോക്കിയും പറയുമായിരുന്നു. ഉള്ളുതുറന്ന് അദ്ദേഹം എല്ലാവരെയും സ്നേഹിച്ചു – ആര്‍ച്ച്ബിഷപ് സൂസപാക്യം പറഞ്ഞു.
മാവേലിക്കര രൂപതാധ്യക്ഷന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. ആടുകളെ അടുത്തറിഞ്ഞ ഇടയാനായിരുന്നു മാര്‍ മങ്കുഴിക്കരിയെന്ന് അദ്ദേഹം പറഞ്ഞു. താമരശ്ശേരി രൂപതയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ മാര്‍ മങ്കുഴിക്കരി ആദ്യം ചെയ്തത് തന്‍റെ രൂപതയിലെ എല്ലാ ഭവനങ്ങളും സന്ദര്‍ശിക്കുക എന്നതായിരുന്നു, ഒരു വര്‍ഷം കൊണ്ട് ആ ദൗത്യം അദ്ദേഹം പൂര്‍ത്തീകരിച്ചു. അനുകരണീയമായ മാതൃകയാണത്, സഭയുടെ പ്രബോധനങ്ങള്‍ വ്യഖ്യാനിച്ചു പ്രവാചക ദൗത്യത്തോടെ തന്‍റെ ഇടയധര്‍മ്മം നിര്‍വഹിച്ച വ്യക്തിയായിരുന്നു മങ്കുഴിക്കരി പിതാവെന്നും മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. ക്രൈസ്തവ പുരോഹിതനായിരുന്നെങ്കിലും ലോകത്തിലെ വിവിധ മതദര്‍ശനങ്ങളെ ആദരിച്ചിരുന്ന വ്യക്തിയായിരുന്നു മാര്‍ മങ്കുഴിക്കരിയെന്ന് അനുസ്മരണ പ്രസംഗത്തില്‍ പ്രഫ. എം.കെ. സാനു സൂചിപ്പിച്ചു. സ്വന്തം വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് തനിക്കു യോജിക്കാന്‍ പറ്റാത്ത ആശയങ്ങളുമായും അദ്ദേഹം സംവദിച്ചു.
പ്രഫ. എം തോമസ് മാത്യു, ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് പി.കെ. ഷംസുദീന്‍, സിസ്റ്റര്‍ സിബി സിഎംസി, ഷാജി ജോര്‍ജ്, ഡോ. കെ.എം. മാത്യു, ജോസഫ് ആഞ്ഞിപ്പറമ്പില്‍, സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു.