ആയിരക്കണക്കിനു ക്രൈസ്തവര്‍ അവരുടെ മതവിശ്വാസത്തിന്റെ പേരില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട ഒഡിഷയിലെ കാന്ദമാല്‍ കലാപത്തിന്റെ പതിനാലാം വാര്‍ഷികം ഒഡിഷയില്‍ ആചരിച്ചു. തലസ്ഥാനമായ ഭുവനേശ്വറില്‍ ഇതോടനുബന്ധിച്ചു നടന്ന സമാധാന-സദ്ഭാവനാ സമ്മേളനത്തില്‍ രാഷ്ട്രീയനേതാക്കളും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും വൈദികരും സന്യസ്തരും മറ്റും പങ്കെടുത്തു. ചൂഷിതവിഭാഗങ്ങളോടു ചെയ്യുന്ന അനീതികള്‍ അറിയപ്പെടാതെ പോകുകയാണെന്നു സമ്മേളനത്തില്‍ പ്രസംഗിച്ച പ്രകാശ് യശ്വന്ത് അംബേദ്കര്‍ ചൂണ്ടിക്കാട്ടി. ഭരണഘടനാപിതാവായ ബിആര്‍ അംബേദ്കറുടെ പൗത്രനാണ് മുന്‍ എംപിയായ പ്രകാശ് യശ്വന്ത് അംബേദ്കര്‍. ചൂഷിതവിഭാഗങ്ങളുടെ സംര ക്ഷണത്തിനായി നിരവധി നിര്‍ദേശങ്ങള്‍ ഭരണഘടനയില്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇന്നത്തെ ഭരണകൂടം അതെല്ലാം ലംഘിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യത്ത് മനുഷ്യാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ഗുരുതരമായ ലംഘനങ്ങളാണു നടന്നു വരുന്നതെന്ന് ഫാ. അജയ്കുമാര്‍ സിംഗ് ചൂണ്ടിക്കാട്ടി. കാന്ദമാല്‍ കലാപങ്ങളില്‍ 56000 ജനങ്ങള്‍ ഭവനരഹിതരായതായി ഫാ. സിംഗ് പറഞ്ഞു. ഇവരില്‍ 18,000 പേര്‍ ഇപ്പോഴും ഭുവനേശ്വറിലെ വിവിധ ചേരികളില്‍ കഴിഞ്ഞു വരികയാണ്. അന്ന് ഇരകള്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന 50,000 രൂപ പോലും ഇനിയും കിട്ടാത്തവരാണ് ഏറെയും. കലാപനാളില്‍ ആറായിരം വീടുകളും 400 പള്ളികളും സഭാസ്ഥാപനങ്ങളും തീവച്ചു നശിപ്പിക്കപ്പെട്ടു. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ നാല്‍പതിലേറെ സ്ത്രീകള്‍ ക്രൂരമായ അതിക്രമങ്ങള്‍ക്കു വിധേയരായി. ആര്‍ക്കും നീതി ലഭിച്ചില്ല. മുപ്പതു കൊലപാതകങ്ങള്‍ നടന്നുവെങ്കിലും രണ്ടു കേസ് മാത്രമാണ് കോടതിയിലെത്തിയത് - ഫാ. സിംഗ് ചൂണ്ടിക്കാട്ടി. കാന്ദമാല്‍ കലാപത്തിലെ ഇരകളില്‍ നിരവധി പേര്‍ ഒഡിഷ വിട്ടുപോയെന്നും കേരളത്തിലും തമിഴ് നാട്ടിലുമായി കഴിയുകയാണ് അവരില്‍ മിക്കവരുമെന്നും അദ്ദേഹം പറഞ്ഞു.