പൗരോഹിത്യത്തില്‍ പരസ്പരം താങ്ങ് & തണല്‍

വില്‍ & വിന്‍:
പൗരോഹിത്യത്തില്‍
പരസ്പരം താങ്ങ് & തണല്‍
Published on

ഇരട്ടക്കുട്ടികളുടെ അച്ഛനും ഇരട്ടക്കുട്ടികളുടെ അമ്മയും ചേര്‍ന്ന് അവര്‍ക്കു പേരിട്ടത് വില്‍ & വിന്‍ എന്നായിരുന്നു. ഇരട്ടകളൊരുമിച്ചു ജീവിത വിജയം ഇച്ഛിക്കുകയും നേടുകയും ചെയ്യണം. അതിനായി ആഗ്രഹിച്ചു, ആലുവ, ചുണങ്ങംവേലി ഇടവകയിലെ കുരീക്കല്‍ കെ സി ജോയിയും മേരിയും.

ഒരേദിനം പിറന്ന്, ഒരുമിച്ചു വളര്‍ന്ന ഇരട്ടക്കുട്ടികള്‍ ഇപ്പോള്‍ വൈദികരായി അഭിഷിക്തരായിരിക്കുകയാണ്. സഹോദരന്മാരായ വൈദികര്‍ പലരും ഉണ്ടെങ്കിലും ഇരട്ട പിറന്ന വൈദികര്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി പട്ടമേല്‍ക്കുന്നത് ഇതാദ്യമാണ്.

"ഇരട്ടത്വം" എങ്ങനെയാണ് ഇവരുടെ പൗരോഹിത്യയാത്രയെ സഹായിച്ചത് എന്നൊരു ചോദ്യമുണ്ടാകാം. അഥവാ, അതെങ്ങനെയാകും ഇനിയും ഈ യാത്രയില്‍ അവരെ സഹായിക്കുക?

സെമിനാരിയില്‍ ചേരുന്ന വിദ്യാര്‍ഥികളെല്ലാവരും വൈദികരായി പുറത്തു വരാറില്ല. അങ്ങനെ വരേണ്ടതുമില്ല. കാരണം, വൈദികരാകാന്‍ ആത്മാര്‍ഥമായ ആഗ്രഹമുണ്ടോ, ദൈവവിളി യഥാര്‍ഥമാണോ എന്നെല്ലാം വിവേചിച്ചറിയുന്ന വര്‍ഷങ്ങള്‍ കൂടിയാണ് സെമിനാരി പഠനത്തിന്റേത്. വലിയ സന്ദേഹങ്ങളും മാനസിക സംഘര്‍ഷങ്ങളും രൂപപ്പെടുന്ന വര്‍ഷങ്ങള്‍.

"വില്‍ മങ്ങുമ്പോള്‍ വിന്‍ തിളക്കം പകരും, വിന്‍ കണ്‍ഫ്യൂഷനടി ക്കുമ്പോള്‍ വില്‍ ഗ്യാരണ്ടി നില്‍ക്കും. അതെല്ലാം പൗരോഹിത്യത്തിന്റെ തുടര്‍ന്നുള്ള വര്‍ഷങ്ങളെയും പ്രത്യാശയോടെ നോക്കാന്‍ ഇരട്ട വൈദികരെ പ്രേരിപ്പിക്കുന്നു."

ആ ഘട്ടങ്ങളിലൂടെയെല്ലാം വിജയകരമായി കടന്നുപോരുന്നതിനു പരസ്പരം പിന്തുണ നല്‍കാന്‍ തങ്ങള്‍ക്കു കഴിഞ്ഞതായി ഫാ. വില്‍ മാത്യു കുരീക്കലും ഫാ. വിന്‍ തോമസ് കുരീക്കലും ഓര്‍ക്കുന്നു. വില്‍ മങ്ങുമ്പോള്‍ വിന്‍ തിളക്കം പകരും, വിന്‍ കണ്‍ഫ്യൂഷനടിക്കുമ്പോള്‍ വില്‍ ഗ്യാരണ്ടി നില്‍ക്കും. അതെല്ലാം പൗരോഹിത്യത്തിന്റെ തുടര്‍ന്നുള്ള വര്‍ഷങ്ങളെയും പ്രത്യാശയോടെ നോക്കാന്‍ ഇരട്ട വൈദികരെ പ്രേരിപ്പിക്കുന്നു.

കിഴക്കമ്പലം സെന്റ് ജോസഫ്സ് സ്കൂളില്‍ നിന്നാണ് ഇരുവരും പത്താം ക്ലാസ് പാസ്സായത്. തുടര്‍ന്നുള്ള ആറു വര്‍ഷങ്ങളും ഒരുമിച്ച് തൃക്കാക്കര മൈനര്‍ സെമിനാരിയില്‍ പഠിച്ചു.

ഫാ. വിന്‍ വടവാതൂരിലും പൂനെയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. ഫാ. വില്‍ കുന്നോത്ത്, മംഗലപ്പുഴ സെമിനാരികളിലാണു തുടര്‍ന്നു പഠിച്ചത്. ഡിസംബര്‍ 27 സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടിലും ആര്‍ച്ചുബിഷപ് ജോസഫ് പാംപ്ലാനിയും മുഖ്യകാര്‍മ്മികരായ ചടങ്ങില്‍ ഒരുമിച്ചു തിരുപ്പട്ടം സ്വീകരിച്ചു. ഫാ. വില്‍ ഇടപ്പള്ളി ഫൊറോന പള്ളിയിലും ഫാ. വിന്‍ പള്ളിപ്പുറം ഫൊറോന പള്ളിയിലും കൊച്ചച്ചന്മാരായി സേവനമാരംഭിക്കും.

താങ്ങും തണലുമാകാന്‍ പരസ്പരം സാധിക്കുക എന്നതാണ് ഏതു ബന്ധങ്ങളുടെയും മനോഹാരിത. സാഹോദര്യത്തിലും സൗഹൃദത്തിലും ഇതു നല്‍കാനും സ്വീകരിക്കാനും ഉള്ള മനോഭാവം കുട്ടിക്കാലം മുതലേ നമുക്കു വളര്‍ത്തിയെടുക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org