ഈശോ 'ആയിരിക്കുന്നവന്‍'

സുവിശേഷഭാഷ്യം അല്മായവീക്ഷണത്തിൽ
Jesus
Published on

ജനുവരി 11, 2026

ദനഹാ  രണ്ടാം ഞായര്‍ 

പുറപ്പാട് 3:9-16, പ്രഭാഷകന്‍ 18:1-14, വെളിപാട് 1:4-8

യോഹന്നാന്‍ 8:21-30 

ഈശോ 'ആയിരിക്കുന്നവന്‍'

- ജോസ് തട്ടില്‍

ഇടപ്പള്ളി 

ഈശോ വെളിപാടിന്റെ പൂര്‍ണ്ണതയാണ്. അവിടുന്നാണ് പിതാവിനെ വെളിപ്പെടുത്തിയത്. യഹൂദരോടുള്ള സംഭാഷണത്തിനിടയില്‍ ഈശോ തന്റെ ദൈവിക വ്യക്തിത്വം വെളിപ്പെടുത്തുന്നുണ്ട് (8:25), ഈശോ ദൈവമാണ്; ദൈവം മനുഷ്യരൂപം പൂണ്ടതാണ്. പിതാവിനെക്കുറിച്ചുള്ള തന്റെ വെളിപ്പെടുത്തല്‍ മനസ്സിലാക്കാത്ത യഹൂദരോട് ഈശോ പറയുന്നു: 'നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കും' (8.28) 'ഞാന്‍ ഞാന്‍ തന്നെ' എന്ന പ്രയോഗം ദൈവനാമത്തെ സൂചിപ്പിക്കുന്നു. 

ഈശോയിലൂടെ ദൈവം സ്വയം വെളിപ്പെടുത്തുന്നു. 'മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍' എന്ന പ്രയോഗം കുരിശിലുള്ള ഉയര്‍ത്തലിനെയും അതോടൊപ്പം ഉത്ഥാനത്തെയും സൂചിപ്പിക്കുന്നു. മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമാണ് ഈശോ തന്റെ വെളിപ്പെടുത്തലുകള്‍ പൂര്‍ത്തീകരിച്ചത്. ഈശോയുടെ മരണവും ഉത്ഥാനവും അവിടുത്തെ ദൈവത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളാണ്. ഈശോയുടെ ഉത്ഥാനം ദൈവികശക്തിയുടെ അടയാളമെന്നതിലുപരി ദൈവത്തിന്റെ രക്ഷാകരമായ സ്‌നേഹം വെളിപ്പെടുത്തുന്ന അടയാളമാണ്. അതായത്, ദൈവത്തിനു പുത്രനായ ഈശോയോടും ഈശോയ്ക്ക് പിതാവിനോടും, അതോടൊപ്പം ദൈവത്തിനു മനുഷ്യനോടുമുള്ള സ്‌നേഹത്തിന്റെ അടയാളം. ദൈവത്തിനു മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ പരമകാഷ്ഠയാണ് കുരിശുമരണത്തിലും ഉത്ഥാനത്തിലും കാണുന്നത്. മിശിഹായുടെ വെളിപ്പെുത്തലുകള്‍ക്ക് പിതാവ് മുദ്ര ചാര്‍ത്തിയതാണ് ഉത്ഥാനം. 

 ലോകത്തിന്റെ പ്രകാശം

ദനഹാ തിരുനാളില്‍ നാം സഭയില്‍ യേശുക്രിസ്തുവിന്റെ മാമ്മോദീസായിലൂടെ ത്രിത്വം വെളിപ്പെട്ടതിനെയും ലോകത്തിന്റെ പ്രകാശമായി അവിടുന്നു ഉദിച്ചുയര്‍ന്നതിനെയും  (Epiphany) അനുസ്മരിക്കുന്നു. അതുകൊണ്ടുത്തന്നെ പിണ്ടി പെരുന്നാളും രാക്കുളി പെരുന്നാളും നമുക്കേറെ പ്രിയപ്പെട്ടതായി മാറി. വിശ്വാസികളെല്ലാവരും ദൈവജനം മുഴുവനായും പ്രകാശത്തിന്റെ മക്കളാണെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. (യോഹന്നാന്‍ 12:36, അപ്പ.പ്ര 26:23, കൊളോ 1:12, 1 തെസ 5:5, 1 പത്രോസ് 2:9) അവന്‍ ലോകത്തിന്റെ പ്രകാശമാണ്. പഴയനിയമത്തില്‍ പ്രകാശം മൂലമുണ്ടാകുന്ന ഫലങ്ങള്‍ക്കു പ്രധാന്യം നല്‍കുമ്പോള്‍ പുതിയ നിയമത്തില്‍ പ്രകാശം ലഭിച്ചവര്‍ക്കുള്ള ഉത്തരവാദിത്വത്തിനാണ് പ്രധാന്യം നല്‍കുക (മത്തായി 6:22-23), ലൂക്കാ 11:34-36, യോഹന്നാന്‍ 9:4;12:46-46, 2 കൊറി 6:14, 1തെസലോനിക്ക് 5:4-8, 1 യോഹ 2:10). പ്രകാശം അന്ധകാരത്തിനെതിരായുള്ള യുദ്ധത്തില്‍ ആയുധമായി ഉപയോഗിക്കാന്‍ പൗലോസ് ശ്ലീഹാ ഉദ്‌ബോധിപ്പിക്കുന്നുണ്ട് (റോമ 13:12, എഫോ 6:12, 1 തെസ 5:8). അതുവഴി പ്രകാശത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുവാനും (എഫേ 5:9) മനുഷ്യരാശിയുടെമേല്‍ പ്രകാശം ചൊരിയുവാനും ക്രൈസ്തവന് സാധിക്കും.

പ്രകാശം ക്രിസ്തുവിലാണെന്ന സത്യം പുതിയ നിയമം ശക്തിയുക്തം പ്രഘോഷിക്കുന്നു (മത്തായി 4:16, യോഹന്നാന്‍ 1:7,9, 8:12, 9:5, 12:46, എഫേ 5:14, ഹെബ്രായര്‍ 1:3), യേശു ലോകത്തിന്റെ പ്രകാശമാണെന്ന്  പറയുന്നത് അവിടുന്ന് ലോകത്തിന്റെ രക്ഷയാണ് എന്ന അര്‍ത്ഥത്തിലാണ്. ഈ പ്രകാശം സുവിശേഷത്തിലൂടെയാണ് ജനതകള്‍ക്ക് ലഭ്യമാകുക. ക്രിസ്തുവിന്റെ വരവോടുകൂടി രാത്രിയിലുണ്ടാകാത്ത പുതിയ യുഗം ഉദയം ചെയ്തിരിക്കുന്നു. (വെളി 21:23, 22:5), 

അന്ധകാരം രണ്ടുവിധേന സംഭവിക്കാം, പ്രകാശം ലഭിക്കാതിരിക്കുന്നതിനാലും (യോഹന്നാന്‍ 1:4-5, 12:35, എഫേ 5:14), പ്രകാശത്തില്‍നിന്നു മുഖം തിരിക്കുന്നതിനാലും (യോഹന്നാന്‍ 3:19-20). ഇതില്‍ രണ്ടാമത്തെ അവസ്ഥ പിശാചിന്റെ പ്രവൃത്തിയായതിനാല്‍, ഇതില്‍ നിലനിന്നാല്‍ നിത്യനാശമായിരിക്കും ഫലം. 

 വെളിപ്പെടുത്തുന്ന ദൈവം

ദൈവത്തെ ആരും നേരിട്ട് കണ്ടിട്ടില്ല. ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. പുറപ്പാട് ഗ്രന്ഥത്തില്‍ മോശയോട് പറയുന്നു: 'നീ എന്റെ മുഖം കണ്ടുകൂടാ, എന്തെന്നാല്‍ എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കയില്ല,' (പുറ 33:20, നിയമ 4:12). പഴയനിയമത്തിലും ഗ്രീക്കു ചിന്തയിലും ദൈവത്തെ ആര്‍ക്കും നേരിട്ട് കാണാനാവില്ല എന്നു ഉറച്ച വിശ്വാസിച്ചിരുന്നു. എന്നാല്‍ യോഹന്നാന്‍ ശ്ലീഹാ പറയുക യേശുവിലൂടെ ദൈവത്തെ കാണാം എന്നാണ്. 

ദൈവം തന്നെയായ ഏകജാതനായ ക്രിസ്തു, തന്നില്‍ തന്നെ പ്രത്യേകതയുള്ളയാളാണ്, യേശു മാത്രമാണ് ദൈവത്തെ മനുഷ്യരിലേക്കും മനുഷ്യരെ ദൈവത്തിലേക്കും എത്തിക്കുക. അതോടൊപ്പം യേശു ദൈവം തന്നെയാണ്, നിരന്തരം പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്നയാളുമാണ്. ഏറ്റവും അടുത്ത ബന്ധമുള്ള ആള്‍. ദൈവവുമായി ഒന്നായിരുന്നുകൊണ്ട് യേശു ലോകത്തിനു പിതാവിനെ വെളിപ്പെടുത്തുന്നു. 

അകലെയായിരുന്ന, അറിവില്ലാതിരുന്ന, കാണാന്‍ പറ്റാത്ത, എത്തിച്ചേരാന്‍ പറ്റാത്ത ദൈവം യേശുവിലൂടെ മനുഷ്യരിലേക്ക് എത്തുന്നു. യേശുവിലൂടെ ദൈവം മനുഷ്യന് സുപരിചിതനാകുന്നു. പിതാവിനെ പൂര്‍ണ്ണമായും ലോകത്തിന് വെളിവാക്കുകയാണ് മനുഷ്യാവതാരത്തിന്റെ ലക്ഷ്യം. നിത്യതയില്‍ വചനമായി ദൈവത്തോടൊത്തായിരുന്നവന്‍ മനുഷ്യനായി അവതരിച്ചപ്പോള്‍ നാളതുവരെയുള്ള ദൈവസങ്കല്‍പ്പങ്ങള്‍ തിരുത്തി എഴുതപ്പെടുകയായിരുന്നു. അതുവരെയും അവിടുന്ന് വചനമായിരുന്നപ്പോള്‍ കേള്‍വിയുടെ മാത്രം വിഷയമായിരുന്നു. എന്നാല്‍ മനുഷ്യവതാരത്തിലൂടെ ദൈവം മനുഷ്യന്റെ കാഴ്ചയുടെ വിഷയമായിത്തീര്‍ന്നു. ഇനിമേല്‍ ദൈവത്തെ മനഉഷ്യരൂപത്തില്‍ കാണാം. ഒരമ്മയുടെ ഉദരത്തില്‍ ഭ്രൂണമായി വളര്‍ന്ന് ശിശുവിന്റെ സര്‍വ്വ ദൈന്യതയോടും കൂടി പിറക്കുന്ന ദൈവത്തെ കാണാം, കൈകളിലെടുക്കാം, താലോലിക്കാം. 

ജറുസലെം ദേവാലയത്തില്‍ ദൈവസാന്നിധ്യത്തിന്റെ അടയാളമായിരുന്നത് കൃപാസനത്തിനുമുകളില്‍ നിഴല്‍ വീഴ്ത്തുന്ന ദൈവമഹത്വമായിരുന്നു. മാംസം ധരിച്ച മനുഷ്യപുത്രനില്‍ യോഹന്നാന്‍ അപ്പസ്‌തോലന്‍ കാണുന്നത് കൃപയും സത്യവും നിറഞ്ഞ ഏകജാതന്റെ മഹത്വമാണ്. ദൈവം മനുഷ്യനായി പിറന്നത് ദൈവത്തിന്റെ കരുതലും കാരുണ്യവുമാണ്. മനുഷ്യനായി പിറന്നവനില്‍ ദൈവത്തെ കാണാന്‍ കഴിയുന്നതാണ് രക്ഷയുടെ അടയാളം. മനുഷ്യാവതാരത്തിലൂടെ ദൈവം നമ്മുടെ ശരീരങ്ങളെ മഹത്വമണിയിച്ചു. ദൈവിക മഹത്വമാണ് ക്രിസ്തുവില്‍ വെളിവായത്. കര്‍ത്താവിന്റെ ഭൗമികജീവിതത്തില്‍ കാനായിലെ അത്ഭുതം മുതല്‍ കുരിശുമരണം വരെ ആ മഹത്വം തെളിഞ്ഞുനിന്നു. ദൈവഹിതം നിറവേറ്റുന്നതിനുവേണ്ടി സ്വയം മരണത്തിനു സമര്‍പ്പിച്ച കാല്‍വരിബലിയിലാണ് ആ മഹത്വം ഏറ്റവുമധികം പ്രകാശിച്ചത്. 

മനുഷ്യവതാരത്തിലൂടെ വചനമായ ദൈവം, പ്രവൃത്തിയായി മാറി. ഈ പരിവര്‍ത്തനം മനുഷ്യനിലെത്തുമ്പോള്‍, ദൈവം നമ്മോടാവശ്യപ്പെടുന്നത്, നാം വാക്കുകളില്‍ നിന്നും പ്രവൃത്തികളിലേക്ക് വരാനാണ്. വാക്കുകളേക്കാള്‍ നാം പ്രവൃത്തികളിലൂടെ സുവിശേഷം പ്രഘോഷിക്കണം. അപ്പോള്‍ നമ്മിലൂടെ മറ്റുള്ളവര്‍ ദൈവമഹത്വം ദര്‍ശിക്കും. വാക്കുകള്‍കൊണ്ട് ദൈവത്തെ വിളിക്കുന്നവനല്ല, പ്രവൃത്തികള്‍കൊണ്ട് പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തിന്റെ യഥാര്‍ത്ഥ അവകാശി (cfr മത്തായി 7:21). മാംസമായി നമ്മുടെയിടയില്‍ വസിച്ച വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, നമ്മുടെ വാക്കുകളും പ്രവൃത്തികളാകണമെന്നാണ്, അതായത്, വചനം മാംസമാകണം. അപ്രകാരം ദൈവമഹത്വം നമ്മിലൂടെയും ലോകമെങ്ങും ദര്‍ശിക്കാനിടവരട്ടെ. അങ്ങനെ ക്രിസ്തുവിന്റെ 'ദനഹ' നമ്മിലൂടെയും പൂര്‍ത്തിയാകട്ടെ. 

..........................................

Publisher: Fr Paul Kottackal (Sr)

Email: frpaulkottackal@gmail.com 

 *Homilieslaity.com*

- ജോസ് തട്ടില്‍

ഇടപ്പള്ളി 

(ഫാക്ട് റിട്ട. ജനറൽ മാനേജരും എഴുത്തുകാരനും ആണ് ലേഖകൻ)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org