National

വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയയില്‍ തിരുവസ്ത്രത്തിന്റെഅന്തസ്സ് കാത്തുസൂക്ഷിക്കണം; സിസിബിഐ

Sathyadeepam

ബാംഗ്ലൂര്‍: വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പുലര്‍ത്തേണ്ട അച്ചടക്കത്തെയും ഉത്തരവാദിത്തത്തെയും കുറിച്ച് കര്‍ശന നിര്‍ദ്ദേശങ്ങളുമായി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിസിബിഐ).കത്തോലിക്കാ സഭയിലെ വൈദികരും സമര്‍പ്പിതരും സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട അടിയന്തര പാസ്റ്ററല്‍ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഇഇആകയുടെ വൊക്കേഷന്‍സ്, സെമിനാരികള്‍, വൈദികര്‍, സന്ന്യസ്തര്‍ എന്നിവര്‍ക്കായുള്ള കമ്മീഷന്‍ (വിഎസ് സിആര്‍) ചെയര്‍മാനും കോഴിക്കോട് അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പുറപ്പെടുവിച്ചു. സഭ അടുത്തിടെ പ്രസിദ്ധീകരിച്ച 'ഡിജിറ്റല്‍ പരിസ്ഥിതിയിലെ ദൗത്യം: സോഷ്യല്‍ മീഡിയ ഇടപെടലുകളും ഭാരതത്തിലെ കത്തോലിക്കാ സഭയ്ക്കുള്ള എസ്ഒപികളും' എന്ന ധവളപത്രത്തിലെ പൊതുനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സുപ്പീരിയര്‍മാര്‍ക്കും റെക്ടര്‍മാര്‍ക്കും ആര്‍ച്ച്ബിഷപ്പ് നിര്‍ദ്ദേശം നല്‍കി.

ഡിജിറ്റല്‍ ലോകം സുവിശേഷവല്‍ക്കരണത്തിന് വലിയ സാധ്യതയാണെങ്കിലും, പലപ്പോഴും വിവേചനമില്ലാതെയുള്ള ഉപയോഗം വൈദിക-സന്ന്യാസ ജീവിതത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്:

1) തിരുവസ്ത്രം ധരിച്ചുള്ള റീലുകളും വീഡിയോകളും: കസക്കും സന്ന്യാസ വസ്ത്രങ്ങളും സമര്‍പ്പണത്തിന്റെ വിശുദ്ധ അടയാളങ്ങളാണ്. വിലകുറഞ്ഞ ജനപ്രീതിക്കോ വിനോദത്തിനോ വേണ്ടിയുള്ളതും, അന്തസ്സിന് നിരക്കാത്തതുമായ റീലുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ തിരുവസ്ത്രം ധരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് കര്‍ശനമായി ഒഴിവാക്കണം. ദൃശ്യങ്ങള്‍ പാസ്റ്ററല്‍, ആരാധനാക്രമ ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കണം ഉപയോഗിക്കേണ്ടത്.

2) വൈദികരുടെയും സന്ന്യസ്തരുടേയും സോഷ്യല്‍ മീഡിയ സാന്നിധ്യം ഒരിക്കലും വെറും വ്യക്തിപരം മാത്രമല്ല. പങ്കുവെക്കുന്ന എല്ലാ ഉള്ളടക്കങ്ങളും സഭയുമായുള്ള കൂട്ടായ്മയെയും വിശ്വാസ്യതയെയും പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ഓരോ പോസ്റ്റും വിശ്വാസത്തെ വളര്‍ത്തുന്നതാകണം.

3) ആശയവിനിമയത്തില്‍ ക്രിസ്തീയ ചൈതന്യമുണ്ടാകണം: അധിക്ഷേപകരമായ ഭാഷ, പരിഹാസം, നിന്ദിക്കല്‍, പ്രത്യയശാസ്ത്രപരമായ ആക്രമണങ്ങള്‍, ഭിന്നതയുണ്ടാക്കുന്ന കമന്റുകള്‍ എന്നിവ ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

4) വൈദികരും സന്ന്യസ്തരും വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും കാരുണ്യത്തോടും സത്യത്തോടും കൂടി കാര്യങ്ങള്‍ പ്രകടിപ്പിക്കുകയും വേണം.

5) ധനസമ്പാദനവും സ്വയം പരസ്യപ്പെടുത്തലും പാടില്ല: പ്രശസ്തിക്കോ വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ വേണ്ടിയുള്ള ഓട്ടം സന്ന്യാസ ശൈലിക്ക് വിരുദ്ധമാണ്. സ്വയം പരസ്യപ്പെടുത്തല്‍, ട്രെന്‍ഡുകളെ പിന്തുടരല്‍, ധനസമ്പാദനം, അല്ലെങ്കില്‍ സെന്‍സേഷണല്‍ ഉള്ളടക്കങ്ങള്‍ എന്നിവയ്ക്കായുള്ള സോഷ്യല്‍ മീഡിയ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തലാക്കണം.

6) ഡിജിറ്റല്‍ ആശയവിനിമയത്തില്‍ അതിരുകള്‍ വേണം: സ്വകാര്യ ചാറ്റുകളും ഓണ്‍ലൈന്‍ ഇടപെടലുകളും പരിമിതവും അനുയോജ്യവും സുതാര്യവുമായിരിക്കണം. വൈകാരികമായ ആശ്രയത്വത്തിലേക്കോ ദൈവവിളിയുടെ തകര്‍ച്ചയിലേക്കോ നയിച്ചേക്കാവുന്ന സംഭാഷണങ്ങള്‍ ഒഴിവാക്കണം.

7) തുടര്‍ച്ചയായ രൂപീകരണവും സ്വയം നിയന്ത്രണവും: സോഷ്യല്‍ മീഡിയ ആശയക്കുഴപ്പങ്ങള്‍ക്കോ അപവാദങ്ങള്‍ക്കോ ഉള്ള വഴിയാകാതെ, സുവിശേഷവല്‍ക്കരണത്തിനുള്ള ഉപകരണമായി മാറാന്‍ വൈദികര്‍ക്കും സന്ന്യാസികള്‍ക്കും മാധ്യമ ഉപയോഗത്തില്‍ തുടര്‍ച്ചയായ രൂപീകരണവും അച്ചടക്കവും ഉറപ്പാക്കണം. നമ്മുടെ സാക്ഷ്യത്തിന്റെ വിശ്വാസ്യത ഇന്ന് ഡിജിറ്റല്‍ ലോകത്തേക്കും വ്യാപിച്ചിരിക്കുകയാണെന്നും, ഓണ്‍ലൈനില്‍ നമ്മെ കണ്ടുമുട്ടുന്നവര്‍ ക്രിസ്തുവിനെ ദര്‍ശിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആര്‍ച്ച്ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചു.

ഈ സർക്കുലർ ഇന്ത്യയിലെ എല്ലാ കത്തോലിക്ക ബിഷപ്പുമാരെയും സന്യാസ മേലധികാരികളെയും സെമിനാരി റെക്ടർമാരെയും അഭിസംബോധന ചെയ്താണ് അയച്ചിരിക്കുന്നത്.

നാടക ശില്പശാല സമാപനം

കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ : റവ. ഫാ. ജോണ്‍ വര്‍ഗീസ് പ്രസിഡന്റ്, റവ. ഫാ. ആന്റണി അറയ്ക്കല്‍ സെക്രട്ടറി

മാര്‍പാപ്പ ഫ്രാന്‍സും യുനെസ്‌കോ ആസ്ഥാനവും സന്ദര്‍ശിക്കും

വിശുദ്ധ റീത്ത (കാഷിയാ) (1381-1457) : മെയ് 22

'Home' Skit