ദളിത് കത്തോലിക്ക വിഭാഗങ്ങളില്‍ നിന്നു കൂടുതല്‍ ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കാന്‍ ദളിത് നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് മുംബൈ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആഹ്വാനം ചെയ്തു. ഇതു സഭയില്‍ ദളിതരുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുമെന്നും വിവേചനം കുറയ്ക്കാനിടയാക്കുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ദളിതരുടെ ഇടയില്‍ നിന്നുള്ള ദൈവവിളി പ്രോത്സാഹനം സഭയെയും സമൂഹത്തെയും പരിവര്‍ത്തിപ്പിക്കാന്‍ സഹായകമാകുമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിശദീകരിച്ചു. മുംബൈയില്‍ നടന്ന ദളിത് ക്രൈസ്തവരുടെ ദേശീയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവം മനുഷ്യരെ തുല്യരായിട്ടാണ് സൃഷ്ടിച്ചത്. എന്നാല്‍ സ്വാര്‍ത്ഥതയ്ക്കുവേണ്ടി മനുഷ്യന്‍ പരസ്പരം വേര്‍തിരിച്ചു. ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി നില്‍ക്കാനും വിവേചനങ്ങള്‍ അവസാനിപ്പിക്കാനും ഭാരതത്തിലെ മെത്രാന്മാര്‍ മുന്‍നിരയിലുണ്ടെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.
ദളിതരോട് ആഭിമുഖ്യമുള്ള കത്തോലിക്കാ സഭയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ദളിത് ക്രൈസ്തവരുടെ ദേശീയ ജനറല്‍ സെക്രട്ടറി എസ്.എസ്. വാഗ്മേര്‍ പറഞ്ഞു. ഭാരതത്തിലെ 27 ദശലക്ഷം ക്രൈസ്തവരില്‍ 30 ശതമാനവും ദളിത് വംശജരാണെങ്കിലും സഭയില്‍ നിന്നു പോലും പലപ്പോഴും അവര്‍ വിവേചനം നേരിടുന്നുണ്ട്. ഇതുസംബന്ധിച്ച് 2013-ല്‍ ഭാരതത്തിലെ ദളിത് മെത്രാന്മാര്‍ മാര്‍പാപ്പയ്ക്കു നിവേദനം നല്‍കിയിരുന്നു. സവര്‍ണ ക്രൈസ്തവര്‍ ഒന്നിച്ചുള്ള ഭക്ഷണവും അവരുമായുള്ള വിവാഹബന്ധവും ദളിതര്‍ക്കു മരീചികയാകുന്ന അവസ്ഥയാണെന്ന് നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു. സെമിനാരിയിലും പരിശീലന ഭവനങ്ങളിലും വിദ്യാര്‍ത്ഥികള്‍ വിവേചനം നേരിടുന്നുണ്ട്. ദളിത് നേതാക്കളെയും ദളിത് വൈദികരെയും സഭയുടെ ഉന്നത സമിതികളില്‍ ഉള്‍പ്പെടുത്താത്ത അവസ്ഥയുണ്ടെന്നും ചില ഇടവകകളില്‍ ഇപ്പോഴും ദളിതര്‍ക്കായി പ്രത്യേകം സിമിത്തേരികള്‍ വരെയുണ്ടെന്നും ദളിത് നേതാക്കള്‍ സൂചിപ്പിച്ചു.