National

സ്ത്രീകള്‍ക്കെതിരായ വിഷയങ്ങളില്‍ സഭയുടെത് ദുര്‍ബല സമീപനം -ക്രിസ്ത്യന്‍ വിമെന്‍സ് മൂവ്മെന്‍റ്

Sathyadeepam

സഭയില്‍ സ്ത്രീപങ്കാളിത്തം സംബന്ധിച്ചും സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളടക്കം നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും ഭാരത സഭയുടെ നിലപാടുകള്‍ ദുര്‍ബലമാണെന്ന് പൂന ജ്ഞാനദീപ വിദ്യാപീഠത്തില്‍ സമ്മേളിച്ച ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്‍റ് (ഐസി ഡബ്ള്യുഎം) അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം സമര്‍പ്പിതരും വനിതാ നേതാക്കളും പങ്കെടുത്തു. 2014-ല്‍ ബാംഗ്ലൂരില്‍ രൂപീകൃതമായ ഈ സംഘടനയുടെ പ്രഥമ ദേശീയ സമ്മേളനമാണ് പൂനയില്‍ നടന്നത്.

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസര്‍ വിഭൂതി പട്ടേല്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യാ ചരിത്രത്തിലെ സ്ത്രീ മുന്നേറ്റത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ വനിതാ സംഘടനകളുടെ പ്രസക്തിയെയും ശക്തീകരണ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അവര്‍ വിശദീകരിച്ചു.

സഭാ സംവിധാനങ്ങളില്‍ വനിതകളുടെ ശബ്ദം ഇല്ലാതാകുന്നതിനെക്കുറിച്ചും സഭാ സമിതികളിലും തീരുമാനങ്ങെളടുക്കുന്ന പ്രധാന വേദികളിലും അവര്‍ തഴയപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചും സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു. നീതി, തുല്യത, അന്തസ്സ് എന്നിവയ്ക്കു വേണ്ടിയും സ്ത്രീകള്‍, കുട്ടികള്‍, ദളിതര്‍, പിന്നോക്കക്കാര്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ തുടങ്ങിയവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയും ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത സമ്മേളനം പ്രഖ്യാപിച്ചു.

സ്ത്രീ പീഡനങ്ങളിലും മറ്റും നീതി നിഷേധിക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ട പിന്തുണ നല്‍കാന്‍ പൊതുസമൂഹത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമ്മേളനം തീരുമാനിച്ചു. വനിതാ പ്രാതിനിധ്യത്തിനും പങ്കാളിത്തത്തിനും വേണ്ടി ശബ്ദമുയര്‍ത്തും. സഭാ സമിതികളിലും മറ്റു രംഗങ്ങളിലും സ്ത്രീകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള പരിശ്രമങ്ങളില്‍ കൂടുതല്‍ ശക്തിയോടെ വ്യാപരിക്കുമെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കി.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍